ഞാന്‍ എന്റെ സിനിമയുടെ സ്വേഛാധിപതി : ജോണ്‍ ഓര്‍മ്മയില്‍..
” ഞാന്‍ എന്റെ സിനിമയുടെ സ്വേഛാധിപതി എന്ന ജോണിന്റെ വാദവും അതിന് കലാസ്വാദകരുടെ മറുപടിയും..” സംവിധായിക വിധു വിന്‍സെന്റ് ജോണ്‍ എബ്രഹാമിനെ കുറിച്ചുള്ള മനോജ് കുമാറിന്റെ ഓര്‍മ്മ കുറിപ്പിന് കൊടുത്ത അടിക്കുറിപ്പാണിത്. മനോജ്കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ജോണ്‍ ഓര്‍മ്മകളെ തട്ടിയുണര്‍ത്തുകയാണ്. മികച്ച സൃഷ്ടിയായിട്ടും അമ്മ അറിയാന്‍ സിനിമയ്ക്ക് അവാര്‍ഡ് നിഷേധിച്ചതിന് അന്നത്തെ ജൂറി കണ്ടെത്തിയ കാരണം പൊടിതട്ടിയെടുത്താണ് മനോജ് തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോണ്‍ ഓര്‍മ്മകള്‍ തുളുമ്പുന്ന നിരവധി കമന്റുകളും ഇതിന് വന്നിട്ടുണ്ട്. ‘അച്ചടക്കം ഇല്ലാത്ത സിനിമ’ എന്ന് അമ്മ അറിയാന്‍ സിനിമയെ കുറിച്ച് ജൂറി അഭിപ്രായപ്പെട്ടതായാണ് വേണുഗോപാല്‍ ഓര്‍ക്കുന്നത്. ധീരനായ കലാകാരന് ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മകള്‍ക്ക് എപ്പോഴും പലമുഖങ്ങള്‍ കണാം. ഇന്നും മലയാളികള്‍ മറക്കാതെ സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ജോണിന് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്.. കലാ സ്നേഹികള്‍ക്കിടയില്‍ ജോണിനെ വീണ്ടും ഓര്‍മ്മിച്ചെടുത്ത മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
” ജോണിന്റെ ‘അമ്മ അറിയാനെ കുറിച്ച് അന്നത്തെ സംസ്ഥാന ജൂറി പ്രത്യേക കുറിപ്പ് നല്കിയതെന്താണ് Sasikumar Vasudevan കഴിഞ്ഞ ദിവസം വിളിച്ചു ചോദിച്ചിരുന്നു. അന്ന് രാത്രി തന്നെ പരതി അത് കണ്ടു പിടിച്ചു. എന്നാൽ ശശിയുടെ വിളി പിന്നെ വന്നില്ല. എന്നാലും നാട്ടുകാർ അറിയേണ്ട കാര്യമാണത്. ഒരു സിനിമയ്ക്ക് എന്ത് കൊണ്ട് അവാർഡ് കൊടുക്കുന്നില്ല എന്ന് സ്ഥാപിക്കാൻ അരപ്പേജ് ആണ് റിപ്പോർട്ടിൽ ഇടംപിടിച്ചത്. ചലച്ചിത്ര കലയിൽ നിലനിന്നിരുന്ന പാരമ്പരഗത രീതികളെ അപനിര്മിച്ചതിലൂടെ അവഗണിക്കാൻ കഴിയാത്ത ശബ്ദമായി മാറിയിരുന്നു ജോൺ എബ്രഹാം എന്നതിന്റെ അടയാളം കൂടിയാണ് ഈ കമ്മിറ്റി റിപ്പോർട്.
” കമ്മിറ്റിയുടെ പരിഗണക്കുവന്നതിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ‘അമ്മ അറിയാൻ എന്ന ചലച്ചിത്രത്തിന് വേണ്ടിയാണു. അസാധാരണവും ശ്രദ്ധേയമായതുമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്. അതിന്റെ നിര്‍മാണമാകട്ടെ ഇന്ത്യയിൽ ആദ്യമായി ബഹുജന പങ്കാളിത്തത്തോടുമാണ് നിർവഹിച്ചത്. പക്ഷെ ഈ ചിത്രം നൽകുന്ന ശക്തമായ വികാരം സിനിമയെപോലെ സങ്കിർണവും കഠിനാധ്വാനവും ഏകാഗ്രതയും ആസൂത്രണവും ഒന്നിലേറെ വ്യക്തികളുടെ സാമർഥ്യങ്ങളും ഒത്തൊരുമിക്കേണ്ട ഒരു മാധ്യമത്തെ കൈകാര്യം ചെയ്യാൻ സദുദ്ദേശവും ആദർശ ധീരതയും മാത്രം പോരാ, സംവിധായകന്റെ പ്രായോഗിക തലത്തിലുള്ള നിരന്തരവും കോട്ടമില്ലാത്തതുമായ ശ്രദ്ധയും അച്ചടക്കവും വേണമെന്നാണ്.ദാര്‍ശനിക തലത്തിലുള്ള ആശയ മാഹാത്മ്യവും അർപ്പണവും മാത്രം സിനിമയെ വിശ്വസനീയമാക്കുന്നില്ല. ”
(സക്കറിയ, പുനത്തിൽ, ടി ജെ എസ ജോർജ് , എസ ജയചന്ദ്രൻ നായർ തുടങ്ങിയ നിരയാണ് ജൂറി എന്നോർക്കുക.)
ഞാൻ എന്റെ സിനിമയുടെ സ്വേച്ഛാധിപതി എന്ന ജോണിന്റെ നിലപാടിനുള്ള മറുപടി പോലെ തോന്നും അല്ലെ. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാടുകളുണ്ടായിരുന്നു. ചെന്നായ്ക്കൾ ചെന്നായ്ക്കൾ നാടകത്തിന്റെ പോസ്റ്റർ ഒട്ടിക്കാൻ ഞാനും ഇതുപോലെ കൂടിയിട്ടുണ്ട്. എന്നാൽ മായാതെ കിടക്കുന്ന ഓര്മ. സ്റ്റാച്യു വിൽ നിന്ന് കാര്യവട്ടത്തേക്കു എനിക്ക് ലിഫ്റ്റ് നൽകിയതാണ്. അവസാനത്തെ യൂണിവേഴ്സിറ്റി ബസ് പിടിക്കാൻ ഓടുമ്പോൾ കമ്പി തപാൽ ഓഫിസിനു മുന്നിൽ നിന്ന് പിടികൂടി. രണ്ടര രൂപയുണ്ടോ. ആകെയുണ്ടായിരുന്ന അഞ്ചു രൂപ ഞാൻ പുറത്തെടുത്തു. കമ്പിയാപ്പീസിൽ കയറി അവിടെ നൽകാനുള്ള പണം കൊടുത്തു. രണ്ടര രൂപ തിരിച്ചുതന്നു. വാ നിന്നെ കാര്യവട്ടത്തെ വിടാം. ഞാൻചുറ്റും നോക്കി വണ്ടിയൊന്നുമില്ല . ബസ് പോകുകയും ചെയ്തു. വാ പോകാം. പിന്നെ ഒരു നടത്ത ആയിരുന്നു. കുന്നുകുഴി ഉള്ളൂർ പാങ്ങപ്പാറ വഴി കാര്യവട്ടത്. അവിടെ ചെന്നപാടെ , അന്ന് ക്യാമ്പസിന്റെ മഹാസംഭവമായിരുന്ന ആർ മനുവിലോ അതോ തിരിച്ചോ അദ്ദേഹം വിലയം പ്രാപിച്ചു..”