സിനിമയാണ് എന്റെ രാഷ്ട്രീയം : മനസ്സുതുറന്ന് മമ്മൂട്ടി
വെബ് ഡസ്ക്
രാഷ്ട്രീയപ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന് മമ്മൂട്ടി. തെലുങ്ക് സിനിമ യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
തെലുങ്ക് രാഷ്ട്രീയത്തില്‍ നിര്‍ണായക നേതൃസ്ഥാനനം വഹിച്ച ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഢിയുടെ ജീവിതം പറയുന്ന സിനിമയാണ് യാത്ര. അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പദയാത്രയുമായി ബന്ധപ്പെട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന സിനിമയില്‍ ആ വേഷം അവതരിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ രാഷ്ട്രീയത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നത്.
“38 വര്‍ഷമായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയത്തില്‍ ചേരണം.?” മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരരാജക്കളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് തന്നെ ഉയര്‍ന്നുവന്നിരുന്നു. സുരേഷ്ഗോപി നിലവില്‍ രാഷ്ട്രീയത്തില്‍ തുടരുന്ന ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മോഹന്‍ലാലിനെ പരിഗണിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. അതേ സമയം എറണാകുളത്ത് മമ്മൂട്ടി സിപിഐഎം സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രചരണം വന്നു. മോഹന്‍ലാല്‍ നേരത്തെ ഇത് നിഷേധിച്ച് രംഗത്തെത്തിയെങ്കിലും സ്ഥാനാര്‍ത്തിത്വം ബിജെപി നേതൃത്വം ഇതുവരെ പൂര്‍ണമായി തള്ളിയിട്ടില്ല. മമ്മൂട്ടിയുടെ കാര്യത്തില്‍ സിപിഐഎം നേതൃത്വം ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.