ഇതാണ് തല : ഇന്ത്യയിലെ ആദ്യത്തെ പറക്കും കാറുമായി അജിത്ത്
വെബ് ഡസ്ക്
ആദ്യത്തെ പറക്കും കാര്‍ നിര്‍മ്മിച്ച് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ തല അജിത്ത്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡ്രോണ്‍ പ്രൊജക്ട് ആയ ദക്ഷയുടെ യുഎവി സിസ്റ്റം അഡ്വൈസറാണ് അജിത്ത്. ദക്ഷയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അജിത്തിന്റെ ടീം ഇന്ത്യയിലെ ആദ്യത്തെ പറക്കും കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്നട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പറക്കും കാര്‍ ശ്രദ്ധേയമായി. ഇന്ത്യയില്‍ തന്നെ ആദ്യമെന്ന് പലരും അത്ഭുതത്തോടെ പറഞ്ഞു. നിരവധി കമ്പനികള്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് ഓഫറുകളുമായി സമീപിച്ചിരിക്കുകയാണെന്ന് ദക്ഷ ടീം പറയുന്നു. നിക്ഷേപസംഗമത്തില്‍ ആദ്യ ദിവസം തന്നെ താരമായി മാറിയ ഈ കാര്‍ ഇന്ത്യന്‍ വ്യവസായ ലോകത്ത് വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടാക്കുമെന്നാണ് സംരംഭകര്‍ പറയുന്നത്.
ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും വിധമാണ് ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുക്കാല്‍ മണിക്കൂറോളം തുടര്‍ച്ചയായി കാറില്‍ കയറി പറക്കാം. 90 കിലോ വരെ ഭാരവും വഹിക്കും. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒന്നരവര്‍ഷത്തെ പരിശ്രമത്തിലൊടുവിലാണ് ദക്ഷ ടീം ഈ കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പറന്നുയരാനും ടേക്ക് ഓഫ് ചെയ്യാനും ആയിരം സ്ക്വയര്‍ ഫീറ്റ് സ്ഥലമാണ് ആവശ്യം. വയറുകളും മരങ്ങളും കണ്ടെത്താന്‍ കാറില്‍ പ്രത്യേക സെന്‍സറും ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ യാത്ര ചെയ്യാനും സാധനങ്ങള്‍ എത്തിക്കാനും ഈ പറക്കും കാറുകള്‍ ഉപയോഗിക്കാം. ഭാവിയില്‍ റോഡ് ട്രാഫിക് കുറയ്ക്കുന്നതിന് വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഡ്രോണ്‍ കാറുകളെന്നും ഇന്ത്യന്‍ വ്യവസായ ലോകത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പോവുകയാണ് ഇവയെന്നും എയ്റോസ്പേസ് റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞന് വസന്ത രാജ് പറഞ്ഞു.
2018 മെയിലാണ് അജിത് ദക്ഷയുടെ യുഎവി സിസ്റ്റം അഡ്വൈസറായത്. ഒരു വര്‍ഷത്തിനുള്ളില്‍ ദക്ഷ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. “സാങ്കേതികവിദ്യയില്‍ അറിവുള്ളയാളാണ് അജിത്. ഞങ്ങളുടെ പൈലറ്റ്. എല്ലാ സിസ്റ്റങ്ങളും കൃത്യമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.” ദക്ഷയുടെ ഒരു മെമ്പര്‍ പറഞ്ഞതാണിത്.
ഇന്ത്യയില്‍ തന്നെ പൈലറ്റ് ലൈസന്‍സുള്ള അപൂര്‍വ്വം നടന്മാരില് ഒരാളാണ് തല അജിത്ത്. ചെന്നൈ ഫ്ളൈയിംഗ് ക്ലബ്ബിലെ നിത്യസന്ദര്‍ശകനാണ് ഈ സൂപ്പര്‍സ്റ്റാര്‍. റിമോട്ട് കണ്ട്രോള് ഡ്രോണുകള്‍ സ്വയം പ്രവര്‍ത്തിപ്പിച്ച് പരിശീലിച്ചിട്ടുണ്ട്. ബൈക്ക്-കാര്‍ റേസര്‍ പ്രിയന് എന്ന നിലയിലും അജിത് പ്രസിദ്ധനാണ്. വാഹനങ്ങളോടുള്ള അതേ കമ്പം മെഷീനുകളോടും യന്ത്രോപകരണങ്ങളോടും ഉണ്ട്. ഈ മേഖലയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം കണക്കിലെടുത്താണ് ദക്ഷയുടെ യുഎവി സിസ്റ്റം അഡ്വൈസറായി അജിത്തിനെ തെരഞ്ഞെടുത്തത്. ആ തീരുമാനം വെറുതായിയില്ല.
മെഡിക്കല്‍ എക്സ്പ്രസ് യുഎവി ചലഞ്ച് എന്ന ഇന്റര്‍നാഷണല്‍ എക്സ്പോയിലെ വിവിധ രാജ്യങ്ങളോട് മത്സരിച്ച് ദക്ഷ ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കിയത് അജിത്തിന്റെ അരങ്ങേറ്റത്തോടെയാണ്. മത്സരത്തിന് മുന്‍പ് തന്നെ ആറ് മണിക്കൂറോളം ഡ്രോണ്‍ പറത്തിച്ച് എക്സ്പോയിലെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ദക്ഷയ്ക്ക് സാധിച്ചു. ഓസ്ട്രേലിയയില്‍ നടന്ന എക്സോപിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതോടെ അജിത്തും ദക്ഷ ടീമും സോഷ്യല്‍മിഡിയയില്‍ വൈറലായി. ട്രാഫിക് ബ്ലോക്കുകളില്‍ പെടാതെ മെഡിക്കല്‍ സേവനം ആവശ്യസ്ഥലങ്ങളിലെത്തിക്കുക എന്നതാണ് ഈ ഡ്രോണുകളിലൂടെ ലക്ഷ്യമിടുന്നത്.