അബ്ബാസ് കിയാരോസ്തമി – സിനിമയും കവിതയും

Sharing is caring!

അബ്ബാസ് കിയാരോസ്തമി Abbas Kiarostami(1940-2016) – സിനിമയുടെ ചരിത്രത്തിൽ മൗലികത കൊണ്ടു വേറിട്ടു നില്ക്കുന്ന സംവിധായകരുടെ കൂട്ടത്തിൽ പെടുന്നയാളാണ്‌ ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയാരോസ്തമി. ചുരുക്കം ചലചിത്രകാരന്മാർക്കു മാത്രം സാദ്ധ്യമായതൊന്നാണ്‌ സിനിമയിൽ അദ്ദേഹം കൈവരിച്ചത്: സ്വന്തം സിനിമാശൈലിയിലൂടെ ഒരു ദേശീയസ്വത്വം സൃഷ്ടിക്കുക. സാമൂഹ്യശാസ്ത്രപരമായ അർത്ഥത്തിൽ മാത്രമല്ല, കലാപരമായും സിനിമാചരിത്രത്തെ വിപുലമാക്കിയ ആദ്യത്തെ ഇറാനിയൻ സംവിധായകനാണ്‌ അദ്ദേഹം. സുധീരവും അക്ഷമവുമായ ഒരു മൗലികത കൊണ്ട് ഇറാനിയൻ സിനിമയിലേക്ക് ലോകശ്രദ്ധ തിരിക്കുക മാത്രമല്ല, തന്റെ വഴി പിന്തുടർന്ന മറ്റു സംവിധായകർക്കായി ഇറാനിയൻ സിനിമയെ തുറന്നുകൊടുക്കുകയും ചെയ്തു അദ്ദേഹം.
Abbas Kiarostami

മനോഭാവത്തിന്റെയും ചുറ്റുപാടിന്റെയും സംഗമത്തിൽ നിന്നാണ്‌ കല ജനിക്കുക. ഇറാനിയൻ ഭരണകൂടത്തിന്റെ മതപരവും രാഷ്ട്രീയവുമായ വിലക്കുകൾക്കിടയിൽ കിടന്നും  തന്റെ ഇഷ്ടം പോലെ ഇത്രയധികം ജോലി ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്‌. അതിനദ്ദേഹത്തെ സഹായിച്ചത് വിരുദ്ധോക്തിയും പ്രതീകാത്മകതയുമാണെന്നു തോന്നുന്നു. ഭരണകൂടം പ്രതീക്ഷിക്കുന്ന പോലെ മാമൂലുകൾക്കു വഴങ്ങിക്കൊടുക്കുകയാണെന്നു തോന്നുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ സൃഷ്ടികൾ മുന്നോട്ടു വയ്ക്കുന്നത് മഹത്തായ ദാർശനികാശയങ്ങളാണ്‌, അവ ചിത്രീകരിക്കുന്നത് സ്വതന്ത്രാത്മാക്കളായ കഥാപാത്രങ്ങളെയാണ്‌.

1970കളിൽ കിയാരോസ്തമി തന്റെ സിനിമാജീവിതം തുടങ്ങുന്നത് Kanun (കുട്ടികളുടെയും ചെറുപ്പക്കാരുടെയും ബൗദ്ധികോന്നമനത്തിനു വേണ്ടിയുള്ള സ്ഥാപനം)നു വേണ്ടി സിനിമകൾ എടുത്തു കൊണ്ടാണ്‌. അവ പ്രബോധനപരമായിരുന്നു, യുവാക്കളെക്കുറിച്ചും അവർക്കു വേണ്ടിയുള്ളതുമായിരുന്നു. ഇസ്ലാമികവിപ്ളവത്തിനു ശേഷവും അദ്ദേഹം വിദ്യാഭാസപരമായ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. അവയിലും (1981ലെ Orderly or Disorderly ഒരുദാഹരണം) തന്റെ ഉല്പതിഷ്ണുത്വം കൗശലപൂർവ്വം കടത്തിവിടാൻ അദ്ദേഹം ശ്രമിച്ചു.
kiarostami-4

കിയാരോസ്തമിയുടെ കലാജീവിതത്തിലെ ഒന്നാമത്തെ വൈരുദ്ധ്യമെന്നു പറയാവുന്നത് ഡോക്യുമെന്ററി സ്വഭാവവും നാടകീയാംശവും തമ്മിലുള്ള ഇടച്ചിലാണ്‌- എന്തും കാണുന്നതും എന്തു കാണണമെന്നു തീരുമാനിച്ചിട്ടു കാണുന്നതും തമ്മിലുള്ള വ്യത്യാസമാണ്‌, ഷൂട്ടിങ്ങിന്റെ അടഞ്ഞ ലോകവും ക്യാമറയ്ക്കു പിന്നിലെ തുറന്ന ലോകവും തമ്മിലുള്ള സംഘർഷമാണ്‌. 1987ൽ അദ്ദേഹം നിർമ്മിച്ച “കൂട്ടുകാരന്റെ വീടെവിടെയാണ്‌?” (Where Is the Friend’s Home?) എന്ന ചിത്രം കോക്കർ എന്ന ഗ്രാമത്തിലെ ഒരു സ്കൂൾ കുട്ടി തന്റെ സഹപാഠിയ്ക്ക് ഒരു പുസ്തകം കൊടുക്കാനായി മറ്റൊരു ഗ്രാമത്തിലേക്കു യാത്ര ചെയ്യുന്ന കഥ പറയുന്നു. അവന്റെ ഈ യാത്ര രക്ഷിതാക്കളുടെ അധികാരത്തെ ധിക്കരിക്കുന്ന ഒരു പ്രക്രിയയാണെന്ന പോലെ മറ്റധികാരങ്ങളെയും അതു ധിക്കരിക്കുന്നുണ്ട്. ഈ സ്ഥലം 1990ലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. 1992ലെ “ജീവിതം, അതല്ലാതൊന്നുമില്ല” (Life and Nothing More) എന്ന ചിത്രം ആദ്യചിത്രത്തിലെ ബാലനായ നായകനെ തേടി തകർന്നടിഞ്ഞ കോക്കർ ഗ്രാമത്തിലേക്കു യാത്ര ചെയ്യുന്ന കിയാരോസ്തമിയെ അവതരിപ്പിക്കുന്നു; സംവിധായകനായി ഒരു നടനാണ്‌ വേഷമിടുന്നത്. ഈ ചിത്രത്തിലെ ഒരു നിർണ്ണായകസന്ദർഭമാണ്‌ ഭൂകമ്പം കഴിഞ്ഞു തൊട്ടടുത്ത ദിവസം വിവാഹിതനാവുന്ന ഒരു യുവാവുമായുള്ള കൂടിക്കാഴ്ച. തുടർന്നു വന്ന  “ഒലീവുമരങ്ങൾക്കിടയിലൂടെ” ആധാരമാക്കുന്നത് “ജീവിതം, അതല്ലാതൊന്നുമില്ല”യിൽ പുതുമണവാളനായി അഭിനയിച്ച നാട്ടുകാരനായ ഒരു കല്പണിക്കാരന്റെ ജീവിതമാണ്‌. സംവിധായകനും ഒരു കഥാപാത്രമാവുന്നുണ്ട്. ഒരു സിനിമയ്ക്കു വേണ്ടി നായികയെ അന്വേഷിച്ച് ഗ്രാമത്തിലെത്തിയ ഒരു സംവിധായകന്റെ ഭാഗമാണ്‌ താനെടുക്കുന്നതെന്ന് കാണിയെ നോക്കി ഒരു നടൻ പറയുന്നതോടെയാണ്‌ ചിത്രം തുടങ്ങുന്നത്.

കിയാരോസ്തമിയുടെ ഇറാനിയൻ സിനിമകളിൽ വച്ചേറ്റവും മഹത്തായത് 1999ലെ “കാറ്റ് നമ്മളെ കൊണ്ടുപോകും” (The Wind Will Carry Us) എന്ന ചിത്രമാണ്‌;  വിദൂരമായ ഒരു കുർദ്ദിഷ് ഗ്രാമത്തിലേക്ക് തന്റെ ക്രൂവുമായി യാത്ര ചെയ്യുന്ന നഗരവാസിയായ ഒരു ഡോക്യുമെന്ററി സംവിധായകന്റെ കഥയാണത്. അപ്രദേശത്തുകാർക്ക് സവിശേഷമായിട്ടുള്ള ശവസംസ്കാരച്ചടങ്ങുകളാണ്‌ അയാൾക്ക് ചിത്രീകരിക്കാനുള്ളത്. ഒരു വൃദ്ധ ആസന്നമരണയായി കിടക്കുന്നുവെന്നറിഞ്ഞിട്ട് അയാൾ ക്രൂവിനെയും കൂട്ടി ചെല്ലുന്നു. പക്ഷേ വൃദ്ധയ്ക്ക് മരിക്കാൻ വലിയ തിടുക്കമില്ല. സ്വാഭാവികമായും സിനിമാക്കാരന്‌ നാട്ടുകാരുടെ ജീവിതത്തിൽ പങ്കാളിയാകേണ്ടി വരികയാണ്‌. അയാൾ അവിടെ കണ്ടെത്തുന്നത് രതിയാണ്‌- അതു പക്ഷേ അമേരിക്കൻ സിനിമയിലോ യൂറോപ്യൻ സിനിമയിലോ ഉള്ള ഒരു കഥാപാത്രം കണ്ടെത്തുന്നപോലെ അനുഭവത്തിലൂടെയല്ല, താൻ കണ്ടുമുട്ടുന്നവരുടെ സൂചനകളിലൂടെയാണ്‌.

രാഷ്ട്രീയസമ്മർദ്ദം അസഹനീയമായതോടെ അടുത്ത കാലത്തെടുത്ത രണ്ടു ചിത്രങ്ങളും വിദേശത്തു വച്ചാണ്‌ അദ്ദേഹം ചിത്രീകരിച്ചത്: 2010ൽ ഇറ്റലിയിൽ വച്ച് “സാക്ഷ്യപ്പെടുത്തിയ പകർപ്പ്” (Certified Copy), 2012ൽ ജപ്പാനിൽ വച്ച് “പ്രേമിക്കുന്നൊരാളെപ്പോലെ” (Like Someone In Love.) അവയിലും വൈയക്തികസംഘർഷത്തിന്റെ ഉറവിടങ്ങളായി അദ്ദേഹം കാണുന്നത് രതിയും അധികാരവും തന്നെ; പ്രകൃതി, ജൈവപ്രകൃതിയും മനുഷ്യപ്രകൃതിയും, സാമൂഹികാചാരങ്ങൾക്കെതിരു നില്ക്കുന്നതായും അദ്ദേഹം കണ്ടെത്തുന്നു.

KIAROSTAMI

സിനിമാസംവിധായകനെന്നപോലെ കവി കൂടിയായിരുന്നു അദ്ദേഹം. വൃത്തമോ താളമോ ഇല്ലാത്ത, സംസാരഭാഷയോടടുത്ത ഒരു കാവ്യരൂപമാണ്‌ അദ്ദേഹം സ്വീകരിച്ചത്. ജാപ്പനീസ് ഹൈക്കുവുമായി പല തരത്തിലും സമാനമാണത്. ഭാഷ കാവ്യാത്മകമല്ല, നിരീക്ഷണമാണ്‌ പ്രധാനം. ഭാഷ ലക്ഷ്യമല്ല, വായനക്കാരനെ ആഖ്യാനത്തിന്റെ മർമ്മത്തു കൊണ്ടുനിർത്താനുള്ള ഉപകരണം മാത്രമാണ്‌. “തഞ്ചം നോക്കുന്ന ചെന്നായ” (A Wolf Lying in Wait), “കാറ്റിനോടൊത്തു നടക്കുമ്പോൾ” (Walking with the Wind)എന്നിവയാണ്‌ അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങൾ.

Kiarostami-1940
കിയാരോസ്തമിയുടെ കവിതകൾ

ജലത്തിൽ പ്രതിഫലിക്കുന്ന
പൂർണ്ണചന്ദ്രൻ,
കിണ്ണത്തിനുള്ളിലെ
ജലം,
ഗാഢനിദ്രയിലായ
ദാഹാർത്തൻ.
*

4fec7505a1e4711e28b23415a1767cf6
എത്ര ഖേദകരം,
കണ്ണിമയിൽ വന്നുതങ്ങിയ
മഞ്ഞലകിന്‌
നല്ലൊരാതിഥേയനായില്ല
ഞാനെന്നത്!
*
വെള്ളക്കുതിരക്കുട്ടി
മുട്ടോളം ചുവന്ന്,
പോപ്പിപ്പാട-
ത്തോടിക്കളിച്ചതില്പിന്നെ.
*
പ്രഭാതം വെളുത്തിട്ട്,
രാത്രി കറുത്തിട്ട്,
ഒരു നരച്ച ശോകം
രണ്ടിനുമിടയിൽ.
*
ചീറിയടുക്കുന്ന തീവണ്ടി
പെട്ടെന്നു നിശ്ചലമാകുന്നു
പാളത്തിന്മേൽ
ഒരു പൂമ്പാറ്റ മയങ്ങുന്നു
*
മഞ്ഞു പൊതിഞ്ഞ ശവപ്പറമ്പ്
മൂന്നു സ്മാരകശിലകളിൽ മാത്രം
മഞ്ഞലിയുന്നു
മൂന്നും കുഞ്ഞുങ്ങളുടേത്
*
6e5b3723751afd98bffc103dade504e5
വിറ കൊള്ളുന്ന കൈകൾ
തൊടുത്തുപിടിച്ച അമ്പ്
കിളിയുടെ മോചനമുഹൂർത്തം…?
*
ഒരു ശരല്ക്കാലസായാഹ്നം
ഒരത്തിയില
സാവാധാനമടരുന്നു
സ്വന്തം നിഴലിലടിയുന്നു
*
ഒരു മഴത്തുള്ളി
ഇലയിൽ നിന്നുരുണ്ടിറങ്ങുന്നു
ചെളിവെള്ളത്തിലേക്കു വീഴുന്നു
*
കാനൽ ജലത്തിനു പിന്നാലെ പോയി
ജലാശയത്തിൽ ഞാനെത്തി
എനിക്കു ദാഹമില്ലായിരുന്നു.
വിവര്‍ത്തനം : വി രവികുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com