40 വര്‍ഷം പഴക്കമുള്ള ബുള്‍ബുളിൽ ഏഴ് വയസ്സുകാരിയുടെ മാന്ത്രികസംഗീതം

വെബ് ഡസ്ക്

വീട്ടിലെ സോഫയിലിരുന്ന് ഏഴ് വയസ്സുകാരി ഏഞ്ചല്‍ സംഗീതം പൊഴിക്കുന്ന വീഡിയോ ഇന്ന് സോഷ്യല്‍മിഡിയയില്‍ വൈറലാണ്. എന്നാല്‍ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നത് അവള്‍ നിഷ്പ്രയാസം വായിക്കുന്ന ആ സംഗീതോപകരണത്തെയും.

ബുള്‍ബുള്‍ എന്ന് കേട്ടാല്‍ ആദ്യം ഒരു കിളിനാദമാണ് ഓര്‍മ്മയിലെത്തുക. മധുരമുള്ള സംഗീതം പൊഴിക്കുന്ന കിളിയെ ഓര്‍മ്മവരുന്നവര്‍ക്ക് പക്ഷെ ബുള്‍ ബുള്‍ എന്ന സംഗീതോപകരണത്തെ ഓര്‍മ്മകാണില്ല. പുതിയതലമുറ കേട്ടിട്ടില്ലാത്ത പഴയതലമുറയില്‍ തന്നെ മലയാളികള്‍ക്കിടയില്‍ അത്ര പരിചിതമല്ലാത്ത സംഗീതോപകരണമാണ് ബുള്‍ ബുള്‍. ഗസല്‍ സംഗീതത്തിന്‍റെ ആഘോഷരാവുകള്‍ക്ക് ഹരംപകര്‍ന്ന പാക്കിസ്ഥാനിലെയും ഉത്തരേന്ത്യയിലെയും സംഗീതജ്ഞര്‍ ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന സംഗീതോപകരണം. ഏറെ പ്രയാസമാണ് ഇത് ഉപയോഗിക്കാന്‍. എന്നാല്‍ പഠിച്ചെടുത്ത് വായിച്ചാല്‍ മനോഹരമായ സംഗീതം തന്നെ കേള്‍ക്കാം. ഏഴ് വയസ്സുകാരി ഏഞ്ചലിന്‍ മരിയ ഏബിള്‍ നിഷ്പ്രയാസം ഈ ഉപകരണത്തെ കൈക്കലാക്കിയിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ ബുള്‍ ബുള്‍ പഠിച്ചെടുത്ത് ഏഞ്ചല്‍ മരിയ മലയാളികളുടെ തന്നെ അഭിമാനമാവുകയാണ്. ഇത്ര ചെറിയപ്രായത്തില്‍ ഈ ഉപകരണം വായിച്ച മറ്റൊരാള്‍ വേറെയുണ്ടാകാന്‍ സാധ്യതയില്ല.

എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയാണ് ഏഞ്ചല്‍ മരിയ. കോതമംഗലം ചേലാട് സെന്‍റ് സ്റ്റീഫന്‍ ബസ് അനിയാ പബ്ലിക് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി. ചിത്രകലയിലും ബുള്‍ ബുള്‍ വായനയിലും അത്ഭുതങ്ങള്‍ തീര്‍ക്കുന്ന മിടുക്കി. മാര്‍ അത്തനേഷ്യസ് കോളേജ് ബയോ സയന്‍സ് വിഭാഗം ലാബ് അസിസ്റ്റന്‍റ് ഏബിള്‍ സി അലക്സിന്‍റെയും ചേലാട് സെന്‍റ് സ്റ്റീഫന്‍ ബസ് അനിയാ സ്കൂള്‍ അദ്ധ്യാപിക സ്വപ്ന പോളിന്‍റെയും മകള്‍. മുത്തച്ഛനാണ് ഏഞ്ചലിന്‍റെ ഗുരുനാഥന്‍.

ബുള്‍ ബുള്‍ വായിക്കാന്‍ അറിയാവുന്ന ചിത്രകലയില്‍ അദ്ധ്യാപനം നടത്തുന്ന മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സി കെ അലക്സാണ്ടറാണ് മുത്തച്ഛന്‍. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ചുറ്റാനിറങ്ങിയ അലക്സാണ്ടര്‍ കൊല്‍ക്കത്തയില്‍ നിന്നും സ്വന്തമാക്കിയതാണ് ഏഞ്ചല്‍ വായിക്കുന്ന ബുള്‍ ബുള്‍.
ഇലക്ട്രോണിക് മ്യൂസിക് ഇന്‍സ്ട്രുമെന്‍റായ കീ ബോര്‍ഡുകള്‍ വന്നതോടെ ബുള്‍ ബുള്‍ സംഗീതലോകത്ത് വേണ്ടാതായി. ഇന്ന് ഇന്ത്യയില്‍ അപൂര്‍വ്വമായി മാത്രമേ ഈ ഉപകരണം കാണാന്‍ സാധിക്കു. സംഗീതവേദികളില്‍ ഇത് ഉപയോഗിക്കുന്നതും കുറവാണ്. അതുകൊണ്ട് തന്നെ ഒരു ചരിത്ര-പുരാ വസ്തുകൂടിയാണ് അലക്സാണ്ടര്‍ പൊന്നുപോലെ സൂക്ഷിച്ച ഈ ബുള്‍ബുള്‍. ഏറെ കൈവഴക്കം ആവശ്യമുള്ളതിനാലായിരിക്കാം കീബോഡുകള്‍ പ്രിയങ്കരമായതും ബുള്‍ബുള്‍ അപ്രത്യക്ഷമാകാനും കാരണം. പക്ഷെ, ഏഞ്ചല്‍ മരിയയ്ക്ക് ഇന്ന് ബുള്‍ബുള്‍ പ്രിയപ്പെട്ട സംഗീതോപകരണമാണ്. മുത്തച്ഛന്‍റെ ശിഷ്യത്വം സ്വീകരിച്ച ഏഞ്ചല്‍ ഇപ്പോള്‍ 40 വര്‍ഷത്തെ പഴക്കമുള്ള ഈ സംഗീതോപകരണം നിഷ്പ്രയാസം വായിക്കും.

സംഗീതം പൊഴിക്കുന്ന ബുള്‍ ബുള്‍ കിളിയില്‍ നിന്നാണ് ഈ ഉപകരണത്തിന് പേരിട്ടത്. അത്രയേറെ മധുരമാണ് ഇതില്‍ നിന്നും വരുന്ന സംഗീതത്തിന്. പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലും പ്രചാരത്തിലുണ്ടായിരുന്ന ബുള്‍ ബുള്‍ ചെറിയ വ്യത്യാസങ്ങളോടെ മറ്റ് രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. രണ്ട് കൂട്ടം കമ്പികളും പിയാനോയിലേത് പോലെ കീകളും ഗിറ്റാറിന്‍റേത് പോലെ സ്ട്രിംഗുമാണ് ഇതിലുള്ളത്. തെക്കന്യേഷ്യയില്‍ 1930 കളില്‍ പ്രചാരത്തിലെത്തിയ ബുള്‍ബുള്‍ പിന്നീട് ഇന്ത്യന്‍സംഗീതത്തിന്‍റെ പ്രിയങ്കരനായി. ജപ്പാന്‍ ബാന്‍ജോ, ഇന്ത്യന്‍ ബാന്‍ജോ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *