ഐഎഫ്എഫ്കെ ഒരുങ്ങുകയായി.. ഇവയാണ് കാണേണ്ട ചിത്രങ്ങൾ
വെബ് ഡസ്ക്

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തിന് റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും കേരളത്തിലെ മേളയില്‍ നടക്കുക.
12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ഡോണ്‍സോള്‍’ ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കര് നാമനിര്‍ദേശം നേടുകയും ‘ഡെത്ത് മാര്‍ച്ച്’, ‘മനില’ എന്നീ ചിത്രങ്ങള്‍ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’, ‘ഹൈവേ’, ‘വടചെന്നൈ’ എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. രാജ്യാന്തര മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’, ‘ദ കളര്‍ ഓഫ് പാരഡൈസ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ മജീദ് മജീദിയാണ് ജൂറി ചെയര്മാന്. പ്രവാചകന് മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്കരിക്കുന്ന മജീദി ചിത്രം ‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’ ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രമാണ്. മുംബൈ-പൂനെ എക്സ്പ്രസ്സ് വേ പശ്ചാത്തലമായ റോഡ് മൂവി ആണ് ഉമേഷ് കുല്‍ക്കര്‍ണിയുടെ മറാത്തി ചിത്രം ‘ഹൈവേ’ . വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വടചെന്നൈ’.

ജൂറിയുടെ മുന്പിലെത്തിയ 93 ചിത്രങ്ങളില്‍ 12 ചിത്രങ്ങള്‍ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നിവ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ ഇന്ന് വിഭാഗത്തിലെ പത്ത് ചിത്രങ്ങളും നവാഗത സംവിധായകരുടേതാണ് എന്നതാണ് ഈ പാക്കേജിലെ സവിശേഷത.

പ്രമുഖ തമിഴ് സംവിധായകന് വസന്ത് എസ്. സായിയുടെ ‘സിവരഞ്ജനിയും ഇന്നും സിലപെണ്ഗളും’ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് കാലയളവുകളില്‍ ജീവിക്കുന്ന വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്ന സ്ത്രീകളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. നിശബ്ദത ക്രിയാത്മകമായ ഒരു സങ്കേതമായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ ഒറ്റപ്പെടല്‍ പ്രതീകത്മകമായി ആവിഷ്കരിക്കാന്‍ സഹായിച്ചിട്ടുണ്ട്. മേളയില്‍ ‘ഇന്ത്യന്‍ സിനിമ ഇന്ന്”വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ലോകമെങ്ങും സ്വീകാര്യത നേടിയ കലാമൂല്യമുള്ള ഒരുപിടി ഇറാനിയന്‍ സിനിമകള്‍ ഇക്കുറി മേളയിലുണ്ട്. ജാഫര്‍ പനാഹിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ത്രീ ഫേസസാണ് ഇവയില്‍ ശ്രദ്ധേയം. സ്ത്രീകളുടെ വര്‍ത്തമാനകാല അവസ്ഥയെ വേറിട്ട വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. 20 വര്‍ഷത്തോളം സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്നും വിലക്കു നേരിട്ട വ്യക്തിയാണ് ഇറാനിയന്‍ നവതരംഗ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയവരില് ഒരാളായ ജാഫര്‍ പനാഹി. ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഡ്രസ്സേജ് എന്ന ചിത്രവും മേളയിലുണ്ട്. പൂയ ബദ്കൂബേയാണ് ചിത്രത്തിന്റെ സംവിധാനം. 16-ാം വയസ്സില്‍ കൂട്ടുകാരുമായി തമാശയ്ക്ക് ഏര്‍പ്പെടുന്ന മോഷണത്തില്‍ നിന്നും പിടിക്കപ്പെടാതെ രക്ഷപ്പെടുന്ന ഗോല്‍സ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിന്റെ കേന്ദ്രം. ചുറ്റുമുള്ള ലോകത്തിന്റെ സ്വാര്‍ത്ഥത തിരിച്ചറിയുന്ന ഗോല്‍സ അനുഭവിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയിലൂടെ കുറ്റത്തെയും ശിക്ഷയേയും കുറിച്ച് സംസാരിക്കുകയാണ് ചിത്രം. റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാര്‍ക്ക് റൂം, മുസ്തഫ സെറിയുടെ ദി ഗ്രേവ്ലെസ്സ്, ബെഹ്മാന്‍ ഫര്‍മനാരയുടെ ടേല് ഓഫ് ദി സീ എന്നിവയാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ഇറാനിയന്‍ ചലച്ചിത്രങ്ങള്‍.