നീലി : കാലത്തിന്റെ തീപ്പന്തം
ഒരു കാലഘട്ടത്തിന്റെ അടയാളമാണ് യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘നീലി’ മ്യൂസിക് വീഡിയോ. ജാതീയ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് ദളിതന്റെ അവസ്ഥ എന്തായിരുന്നു എന്ന് നീലി ദൃശ്യാവിഷ്കരിക്കുന്നു. കാലവും ദേശവും മാറിയെങ്കിലും അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന സന്ദേശമാണ് ‘നീലി’ നൽകുന്നത്.
സിത്താര കൃഷ്ണകുമാർ പാടിയ ‘നീയും കണ്ടോ പെണ്ണേ പുഞ്ചവയൽ പാടത്തവളേ’ ഗാനത്തിലൂടെ സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപും അനുഭവിച്ച പീഢനങ്ങളും നാല് മിനിട്ടിൽ നീലി പറഞ്ഞുതരുന്നുണ്ട്.
ഇതിനകം അഞ്ചു ലക്ഷത്തിലധികംപേരാണ് യൂട്യൂബിൽ നീലിയെ കണ്ടത്. മഹാരാജാസ് കോളേജ് പൂർവ്വ വിദ്യാർഥി എൽദോസ് നെച്ചൂരും സിനിമാ സ്വപ്നം കാണുന്ന ഒരുസംഘം ചെറുപ്പക്കാരും ചേർന്നാണ് നീലിയെ അണിയിച്ചൊരുക്കിയത്. ഗാനരചന നിർവഹിച്ച എൽദോസ് 2017ൽ മഹാരാജാസിൽ പഠിക്കുമ്പോഴാണ് നീലി എഴുതിയത്. കൃപ ഉണ്ണിക്കൃഷ്ണനാണ് സംഗീത സംവിധാനം.
നായിക നീലിയായി എത്തുന്നത് നയൻതാരയുടെ ഐറ സിനിമയിൽ അഭിനയിച്ച ചെന്നൈ സ്വദേശിനിV ഗബ്രിയേല സെല്ലസ് ആണ്. ശ്യാം കാർഗോസ്, കിരൺ രാജ്, വിനോദ്, അഖിൽ നമ്പൂലൻ, മനോജ് കുമാർ, അനുജിത്ത് വി നായർ, ശ്രീജിത്ത് ഗ്രീൻ പെറ്റൽസ്, രോഹിത്ത് രാധാകൃഷ്ണൻ, ജോർജ്ജ് കുട്ടി എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്റ്റിജിൻ സ്റ്റാർവ്യൂവാണ് ക്യാമറ. രാഹുൽ രാജു, മിഥുൻ സ്യാം എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. എറണാകുളത്തുള്ള മാസ്ക് മീഡിയ പ്രൊഡക്ഷൻസാണ് നിർമാണം. പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം.