അസീനയെന്നും ഗായത്രിയെന്നും പേരുള്ള രണ്ടു പെൺകുട്ടികൾ : ശിവ കുളപ്പുറം എഴുതുന്നു..
നൂറ് ദിനം നൂറ് ചെറുകഥകൾ ചലഞ്ചിന്റെ ഭാഗമായി ശിവ കുളപ്പുറം എഴുതിയ 41 ാമത്തെ ചെറുകഥയാണ് അസീനയെന്നും ഗായത്രിയെന്നും പേരുള്ള രണ്ട് പെൺകുട്ടികൾ. നമുക്ക് ചുറ്റും കാണുന്ന കാഴ്ചകളിലൂടെ കഥകളും കവിതകളും എഴുതുന്ന കണ്ണൂർ സ്വദേശി ശിവ കുളപ്പുറം രാജ്യത്ത് നടക്കുന്ന വർഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ എഴുതിയിരിക്കുന്നത്. ഏത് നിമിഷവും നമ്മുടെ വീട്ടിലേക്ക് വന്നേക്കാവുന്ന മത വിദ്വേഷത്തെ ഓർമ്മപ്പെടുത്തുന്നുണ്ട് അസീനയും ഗായത്രിയും. ലളിതമായ ഭാഷയിൽ നാടൻ ശൈലി ഉപയോഗിച്ചുള്ള ഈ സാധാരണ കഥ വാനക്കാരന്റെ ഉള്ളുപൊള്ളിക്കും.
അസീനയെന്നും ഗായത്രിയെന്നും പേരുള്ള രണ്ടു പെൺകുട്ടികൾ

“ഹേയ്…അസീന നീ വരുന്നില്ലേ…”
അസീനയുടെ വീടിന്റെ മുന്നിൽ കെട്ടിയ മരം കൊണ്ടു പണിത ഗേറ്റിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു…
“ആ ഞാൻ വരുവാ… ഉമ്മാ.. ഞാൻ ഗായത്രീടെ കൂടെ പോവേന്ന്.. ഇങ്ങള് ഉപ്പ വന്നിട്ട് അല്ലെ ബെര്ന്നുള്ളൂ..?”
“ഉപ്പ പണിം കഴിഞ്ഞ് അങ്ങോട്ട് ബന്നോളും.. ഞാൻ സുനിതയുടെ കൂടെ ബന്നോളാ… ഇങ്ങള് പോയ്ക്കോ..”
“ഗായത്രി അയിന് അമ്മ പോയില്ലേ..?”
“ഇല്ലെടി.. ഉമ്മയ്ക്കൊപ്പം വരും എന്ന പറഞ്ഞേ..”
“എന്ന ഉമ്മാ നമ്മ പോവാ…”
അവർ രണ്ടു പേരും വയൽവരമ്പിലൂടെ കാവിലെ ഉത്സവം കാണുവാനായി നടന്നു നീങ്ങി…
ഈ നാട് ഇങ്ങനെയാണ്. ഈ നാട്ടുകാരും. ഏത് ആഘോഷവും ഒന്നിച്ചു ഒരു മനസോടെ ആഘോഷിക്കുന്ന നന്മയുള്ളവരുടെ നാട്. ഈ നാടിന്റെ രാഷ്ട്രീയം പോലും മതേതരത്വമുള്ളതാണ്. ഒരു മതത്തിനെയും പ്രതിനിധികരിക്കുന്ന ഒരു കൂട്ടായ്മ പോലും ഇല്ലാത്ത നാട്ടിൽ. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരാണ് ബാലനും റഷീദും. ഒരു വീടിന്റെ ഇരു ഭാഗങ്ങളിലായാണ് റഷീദും ബാലനും വളർന്നത്. ഉമ്മയുടെ പത്തിരിയും അമ്മയുടെ ചോറും ഒന്നുച്ചുണ്ട് വളർന്നവർ. അവരുടെ മക്കളാണ് അസീനയും ഗായത്രിയും. കാലം മാറിയപ്പോൾ വ്യത്യസ്ത വീടുകളിലേക്ക് മാറിയെങ്കിലും ഒരു വിളിപ്പാട് അകലെ മാത്രമാണ് അവർ വീട് പണിതത്. രണ്ടു വീട് ആണെങ്കിലും ഒരു കുടുംബമായി അവർ ജീവിക്കുകയായിരുന്നു.
ഇന്നാണ് കാവിലെ ഉത്സവത്തിന്റെ കൊടിയേറ്റ്. കൊടിയേറ്റം മുതൽ മൂന്ന് നാൾ ആ നാട് ഉത്സവമുഖരിതമാവും. പുറത്തു നിന്നുള്ള കച്ചവടക്കാരും മറ്റു നാട്ടുകാരും എല്ലാം എത്തിച്ചേരും. കൊടിയേറ്റം മുതൽ അവസാന നാളുകൾ വരെ ഗായത്രിയും അസീനയും അവിടെ മുടങ്ങാതെ പോയിരുന്നു. ചന്തകൾ തോറും കയറി ഇഷ്ടമുള്ള സാധനങ്ങളും കളി പാട്ടങ്ങളും അച്ഛനും ഉപ്പയും വാങ്ങി കൊടുത്തു. ഉത്സവത്തിന്റെ അവസാന ദിവസം രണ്ടു കുടുംബവും ഏറെ വൈകിയാണ് വീടുകളിലേക്ക് തിരിച്ചത്. മുന്നിൽ ബാലൻ ടോർച്ചും തെളിച്ചു നടക്കുകയാണ് പിന്നാലെ ഗായത്രിയും അസീനയും അതിനു പിറകിലായി വാങ്ങി കൂട്ടിയ സാധനങ്ങളെല്ലാം കൈകളിൽ ഒതുക്കി ബഷീറും. ഏറ്റവും പിറകിൽ സീരിയൽ കഥകൾ പറഞ്ഞു കൊണ്ട് അവരുടെ ഭാര്യമാരും ആ വയലിന്റെ വരമ്പിലൂടെ നടക്കുകയാണ്.
“അച്ഛാ കാല് വേദനിക്കുന്നു..”
അസീനയുടെ പരിഭവം പറച്ചിൽ കേട്ട് ബാലൻ അവളെ ചുമലിലേറ്റി. അതു കണ്ട് ചെറിയ കുശുബ് തോന്നിയ ഗായത്രിയും ഉപ്പയോട് തന്നെയും ചുമലിൽ ഏറ്റാൻ പറഞ്ഞു. അങ്ങനെ ചുമലുകളിലേറി അവർ വീട്ടിലെത്തി.
നേരം ഇരുട്ടി വെളുത്തപ്പോൾ ബാലൻ തെല്ലൊരു പരിഭ്രമത്തോടെ റഷീദിന്റെ വീട്ടിലെത്തി.
“റഷീ.. “
“എന്താടാ..”
“കാവിൽ ഇന്നലെ രാത്രി ആരോ ആക്രമണം നടത്തി പോലും.. വിളക്കും വിഗ്രഹങ്ങളും എല്ലാം നശിപ്പിച്ചു..”
“ന്റെ റബ്ബേ.. ഏത് ഇബലീസാണ് ഈ ചെറ്റത്തരം കാണിച്ചത്..”
“അറിയില്ല മുസ്ലിംങ്ങളാണ് എന്നാണ് ഭക്തി സേന പ്രവർത്തകർ പറഞ്ഞു പറത്തുന്നത്..”
“അതിന് നമ്മുടെ നാട്ടിൽ ആ പാർട്ടിക്കാർ ഇല്ലല്ലോ..?”
“ഇത് പുറത്ത് നിന്നെത്തിയവരാണ്..”
“അവരുടെ അടവൊന്നും ഈ നാട്ടിൽ വില പോവില്ല..”
“ഉം.. അതെനിക്കും ഈ നാട്ടുകാർക്കും അറിയാം പക്ഷെ പുറത്തു നിന്നുള്ളവർ സംഘടിക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്..”
“ഹാ നീ എന്തേലും ഉണ്ടേൽ പറ..”
“ഉം..”
മനസ്സിൽ വല്ലാത്തൊരു വേവലാതിയോടെ ബാലൻ വീട്ടിലേക്ക് നടന്നു. എന്തോ ആലോചിച്ചു സങ്കടപ്പെട്ടു വരുന്ന അച്ഛനെ കണ്ടപ്പോൾ സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന ഗായത്രി കാര്യം തിരക്കി.
“അച്ഛനെന്താ ആലോചിക്കുന്നെ..?”
“ഒന്നുമില്ല.. മോൾക്ക് ഇന്ന് പരീക്ഷ അല്ലേ..?”
“അതേ അച്ഛാ..”
“ഹാ പിന്നെ.. അസീനയെ വരുമ്പോഴും പോകുമ്പോഴും കൂടെ കൂട്ടണം..”
“അമ്മേ ഈ അച്ഛനെന്താ പരപ്പ് പറയുന്നത് നമ്മ എന്നും ഒന്നിച്ചല്ലേ പോവാറ്.. ഒരേ ക്ലാസ്സിൽ അല്ല എന്നല്ലേ ഉള്ളു അവൾ എട്ട് എയിലും ഞാൻ ബി ഡിവിഷനിലും..”
അതിന് മറുപടി പറയാതെ അയാൾ അകത്തേക്ക് പോയി. സ്കൂൾ വിട്ടു മക്കൾ വരുന്നത് വരെ അയാൾ ഉമ്മറത്ത് ഇരുന്നു. ബാലന്റെ ഇരിപ്പ് കണ്ടിട്ട് ഭാര്യ പലകുറി കാര്യം തിരക്കിയെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. അവർ തിരിച്ചു വന്നതിന് ശേഷം അകത്തേക്ക് കയറി. ബാലന്റെ സങ്കടം തിരിച്ചറിഞ്ഞ റഷീദ് കുടുബസമ്മേതം ബാലന്റെ വീട്ടിലേക്ക് വന്നു.
“ബാലാ… ഇന്ന് രാത്രി ഭക്ഷണം ഇവിടുന്ന് മതി എന്ന് അസീന പറഞ്ഞു.. എന്ന നമ്മളും ഇവിടുന്ന് കഴിക്കാം എന്നു കരുതി..”
“ഹാ നന്നായി..”
ചെറു പുഞ്ചിരിയോടെ ബാലൻ പറഞ്ഞു. അവർ കുറെ നേരം സംസാരിച്ചിരുന്നു. ആ നേരം ഭാര്യമാർ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലും അസീനയും ഗായത്രിയും കളിക്കുകയുമായിരുന്നു. ഒടുവിൽ ഭക്ഷണം കഴിച്ചു ഇറങ്ങാൻ തുനിഞ്ഞ റഷീദിനോട് ബാലൻ ചോദിച്ചു, “റഷീ ഇന്ന് ഇവിടെ കിടക്കുന്നോ..?”
“ഇല്ലടാ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ.. ഇത് നമ്മുടെ നാട് അല്ലെ..?”
മനസ്സില്ലാ മനസ്സോടെ അവൻ തലയാട്ടി. വാതിലടച്ചു അവർ കിടന്നു. കിടക്കാൻ നേരം റഷീദിന്റെ വീട്ടിലേക്ക് നോക്കി അവരും കിടന്നു എന്നുറപ്പിച്ചു ലൈറ്റ് ഓഫാക്കി.
റഷീദിന്റെയും ഭാര്യയുടെയും അലറി വിളിക്കുന്ന ശബ്ദം കേട്ട് ബാലന്റെ വീട്ടുകാർ ഞെട്ടി ഉണർന്നു. അവർ വേഗം റഷീദിന്റെ വീട്ടിലേക്ക് ഓടി അടുത്തു. അവിടെ അപരിചിതരായ കുറച്ചു പേർ മുഖം മറച്ചു കൈകളിൽ ആയുധവും എന്തി നിൽപ്പുണ്ടായിരുന്നു. അവർക്ക് നടുവിൽ ചോരയിൽ കുളിച്ചു രണ്ടു മൃതദേഹങ്ങളും. റഷീ… എന്നുറക്കെ നിലവിളിച്ചു അവൻ കരഞ്ഞു. പെട്ടന്നാണ് അവൻ അസീനയെ ഓർത്തത്
“ഹേയ് എവിടെ എന്റെ കുഞ്ഞ്..”
ഒരൽപം അമറി കൊണ്ട് അവൻ ചോദിച്ചു..
“അച്ഛാ രക്ഷിക്ക് ഇവർ എന്നെ എന്തോ ചെയ്യുന്നു.. “
ആ വിളിയിൽ വേദനയും നിസ്സഹായതയും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. രക്ഷിക്കാനായി അകത്തേക്ക് ഓടിയ ബാലനെ അവർ തടഞ്ഞു. ഭയപ്പെടുത്തുന്ന കാഴ്ചകൾ കണ്ട് ഗായത്രിയും അമ്മയും ബോധരഹിതയായി. ബാലൻ സർവ്വ ശക്തിയും എടുത്ത് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചു. ശ്രമം വിഫലമായപ്പോൾ അയാൾ കെഞ്ചി പറഞ്ഞു
“ഞാൻ നിങ്ങളുടെ കാലു പിടിക്കാം എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ..?”
അപ്പോൾ ആ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. “നിന്റെ കുട്ടിയോ.. ഇത് മുസ്ലിം കുട്ടിയാണ്..”
“ആ ബോധം പോയി കിടക്കുന്ന എന്റെ മകൾ ഒരു ഹിന്ദുവാണ്.. അവൾക്കില്ലാത്ത എന്താണ് നിങ്ങൾ ഇവളിൽ കണ്ടത്…..”
അയാൾ ഉച്ചത്തിൽ അലറിവിളിച്ചു പറഞ്ഞു..
“നമ്മളെ മാത്രമായി ബാക്കി വെക്കേണ്ട നമ്മളെയും കൊല്ലു..”
അയാളുടെ കണ്ണീർ കലർന്നൊഴുകിയ ദയനീയമായ ഒരു വാക്ക് പോലും അവർ ചെവി കൊണ്ടില്ല. നിസ്സഹായ ഭാവത്തിൽ തർന്നിരുന്ന അയാളുടെ ചെവികളിലേക്ക് വേദന കൊണ്ട് പിടയുന്ന അസീനയുടെ നില വിളികൾ തൊട്ടു വിളിച്ചു കൊണ്ടിരുന്നു…