ഇതുഞാന്‍ കരിന്തുമ്പ – പി.കെ. ഉണ്ണികൃഷ്ണന്
തുമ്പ ചോദിക്കുന്നു….
എവിടെയെന്‍ പൂ തേടിയെത്തുന്ന പൂവിളി ?
എവിടെന്റെ വെണ്പൂവുറങ്ങുന്ന പൂക്കളം ?
എവിടെയാ സ്മൃതി തീര്ക്കുമാനന്ദകേളികള് ?
എവിടെയാ ശൈശവപ്പൊന്നോണ കൗതുകം ?
ഇതു ഞാന്‍,കരിന്തുമ്പ ചോദിക്കയാണീ-
ത്തമോഭൂവില് നിന്നെന് വിഷാദമൗനങ്ങളാല്‍…
വളരുവാന്‍ മോഹിച്ച ഭ്രൂണമായമ്മതന്
കളവു പൊയ്പ്പോയ ഗര്‍ഭാശയം തേടി ഞാന്‍….
ഇതു ഞാന്‍, വെറും തണ്ടുമിലയും,മെലിഞ്ഞു നീര്
തിരയുന്ന വേരിന് നിശ്ശബ്ദദാഹങ്ങളും…
എവിടെ ?
എവിടെന്റെയമ്മ തന് പൂപ്പാത്ര,മിന്നലെ-
ത്തലചായ്ച്ചു സ്വപ്നമായ്
വാണ വാഴ്വിന്നിടം….?
ഇതു ഞാന്‍, കരിന്തുമ്പ, സ്മൃതി തന് ശവം വെന്ത
ചുടുകാട്ടിലൊരു പൂക്കുടം കൊത്തു-
മോര്‍മ്മ തന്
പകുതിയും മാഞ്ഞോരടയാളസസ്യമായ്…..
ഇതുഞാന്‍….
കരിന്തുമ്പ…
പി . ഉണ്ണികൃഷ്ണന്