പുറത്തിറങ്ങാത്തവർ അകത്തളത്തിലേക്ക് പോയപ്പോൾ കണ്ടത്.. ആതിരയുടെ കവിത
ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആതിര ലോക്ക് ലോക്ക്ഡൗൺ കാലത്തിൽ എഴുതിയ കവിത ശ്രദ്ധേയമാകുന്നു. മുൻപും നിരവധി കവിതകൾ ഫേസ്ബുക്കിലെഴുതി കയ്യടി നേടിയിട്ടുണ്ട് ആതിര. ലോക്ക്ഡൗണില് ബാംഗ്ലൂരിലെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടയിലാണ് കവിത കുറിച്ചത്.
ഇപ്പോൾ എല്ലാവർക്കും ഒരു യാത്രപോകാനുള്ള സമയമാണ്. വീടിന്റെ അകത്തളങ്ങളിലേക്കും ചുറ്റുപാടിലേക്കും കണ്ണോടിക്കാനും നാം ഇതുവരെ ശ്രദ്ധിക്കാത്തതും കാണാത്തതും തൊട്ടുനോക്കാനും ലഭിച്ച അവസരം. ഒന്ന് ചുറ്റുപാടും നടന്നുനോക്കി കഴിയുമ്പോൾ, വീടിന്റെ അകത്തളത്തെ കാര്യങ്ങൾ അന്വേഷിച്ചു കഴിയുമ്പോൾ.. ഹാ.. എന്തൊരു മന:സ്സമാധാനം..
ആതിരയുടെ കവിത വായിക്കാം..

യാത്ര
“പുറത്തിറങ്ങായ്മ”
അസഹ്യമായപ്പോഴാണ്,
അകത്തളത്തിലേക്ക്
ഞാനൊരു യാത്ര പോയത്.
വീടിന്റെ തെക്കേയറ്റത്താണ്
അപ്പൂപ്പന്റെ കിടപ്പ് ;
കുഴലിലൂടെ
പുറത്തേക്കൊഴുകിപ്പോകുന്ന മൂത്രത്തിലേക്കും,
ഇടയ്ക്കെപ്പൊഴെങ്കിലും
തുറക്കപ്പെടുന്ന ജനലിലൂടെ
അമ്മൂമ്മയെത്തിന്നു-
കൊഴുത്തുയർന്ന വാഴയിലേയ്ക്കും,
കുഴിഞ്ഞ കണ്ണുകൾ
വേച്ചുകൊണ്ട് യാത്ര ചെയ്യാറുണ്ട്.
അച്ഛനെപ്പൊഴും നടുത്തളത്തിലാണിരിക്കാറ്;
കുട്ടികളുടെ സമ്മാനങ്ങളും
കത്തുകളും നിറഞ്ഞ
ചുവരലമാരിക്കടുത്ത്.
മറവി ബാധിച്ച കോശങ്ങളവധിയെടുക്കുമ്പോൾ
നിറഞ്ഞ ക്ലാസുകളിലെ ഇംഗ്ലീഷ്
പിരിയഡുകളിലേക്കഛൻ ഓർമ്മകളിലൂടൊന്നു പോയ്വരാറുണ്ട്.
ഒടുവിലായ് പോയതടുക്കളയിലാണ്;
രാവിലത്തെ കടുംകാപ്പിയിൽ നിന്നി- ഡ്ഡലിയിലേക്കും അവിടുന്നുച്ചത്തെ ചോറിലേക്കും
അന്തിക്ക് കഞ്ഞിയിലേക്കും
അമ്മ ദിനംതോറും യാത്ര ചെയ്യാറുണ്ടെന്നറിഞ്ഞു.
പുകയുന്ന അടുപ്പിന്റെ ചൂടും
കരിപിടിച്ച അഴുക്കുപാത്രങ്ങളും നടുവേദനയും
തട്ടിയിടയ്ക്ക്
കാൽ തെറ്റി തെറ്റി വീഴാറുണ്ടെന്നുമറിഞ്ഞു.
തിരിച്ചുമ്മറത്തെത്തി.
ഇറയത്തു തൂക്കിയ കിളിക്കൂടിന്റെ
വാതിൽ തുറന്നിട്ടു
പുറത്ത് നല്ല വെളിച്ചം കണ്ടു
കിളികളുടെ ചിലപ്പു കേട്ടു.
പ്രിയപ്പെട്ട പക്ഷികൾ
ബാക്കി നൽകിപ്പോയ
തൂവലിലെ നിറങ്ങളോർത്തു ഞാൻ
ചാരു കസേരയിൽ മലർന്നു കിടന്നു.
എന്തൊരു മന:സ്സമാധാനം!
-ആതിര-