ഇര
കോളേജ് പ്രവേശനത്തിന് വന്നപ്പോഴാണ് അവള് ആദ്യമായി കുണ്ടത്തറക്കാവിലെത്തിയത്. കാവിനോളം തന്നെ പഴക്കമുണ്ട് കോളേജിന്. നല്ല മാര്‍ക്കോടെ പ്ലസ്ടു പാസായത് കൊണ്ട് രമ്യശ്രീയുടെ കോളേജ് പ്രവേശനവും വേഗത്തിലായി. മികച്ച കോളേജെന്ന ഖ്യാതിയുള്ള കുണ്ടത്തറയില് തന്നെ ആദ്യ പ്രവേശനം. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി അച്ഛനും അമ്മയും രമ്യശ്രീയും കോളേജിന് പുറത്തേക്ക് നടന്നു. കേട്ടറിഞ്ഞ കാവിനടുത്തേക്കാണ് യാത്ര.
ചെറിയദൂരമായതിനാല് നടന്നാണ് കാവിലേക്ക് എത്തിയത്. ദൂരെ പുഴയും പരന്ന് കിടക്കുന്ന പച്ചപ്പുല്ലുകള്‍ നിറഞ്ഞ ഭൂമിയും മരങ്ങളും കാടും വള്ളിപ്പടര്‍പ്പും അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് നടക്കുന്ന അവളുടെ മനസിനെ സ്പര്‍ശിച്ചില്ല. പ്ലസ്ടു സുഹൃത്തുക്കളും അധ്യാപകരുമെല്ലാം ചേര്‍ത്ത് പിടയ്ക്കുകയാണ് കൗമാര മനസ്. കൂറ്റന്‍ ഗേറ്റും കടന്ന് കാവിന്റെ അകത്ത് എത്തിയപ്പോഴേക്കും സമയം 11 ആയിരുന്നു. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാവില്‍ വിഭവ സമൃദ്ധമായ ഭക്ഷണമുണ്ടാകും. ഇന്ന് തിങ്കളായതോണ്ടാ, ഭക്ഷണുള്ളതാണേല് തിരക്കായിരിക്കുന്നാ വാസു പറഞ്ഞെ.. അച്ഛന് പറഞ്ഞത് കേട്ടപ്പോഴാണ് അവള് ചുറ്റുപാടും നോക്കിയത്. പറഞ്ഞപോലെ എത്ര ആള്‍ക്കാരാണ്, ഭക്ഷണം കൂടിയുള്ള ദിവസാണെങ്കില്‍ വാസ്വേട്ടന് പറഞ്ഞപോലാകും. കുറച്ച് സമയം തൊഴുത് ചുറ്റുപാടൊക്കെ നടന്ന് കണ്ടാണ് അവര്‍ മടങ്ങിയത്. മാക്കാച്ചിക്കുന്നിലേക്കുള്ള ബസില്‍ ഇരിക്കുമ്പോഴേക്കും അവളുടെ മനസില്‍ നിന്നും കൂട്ടുകാരും അധ്യാപകരുമൊക്കെ ഇറങ്ങിപ്പോയിരുന്നു. കാവിന്റുള്ളിലെ പ്രത്യേക തണുപ്പ് വല്ലാതെ ആകര്‍ഷിച്ചു. പ്രകൃതിയെ അവള് മനസ്സറിഞ്ഞ് തൊഴുതു.
മാക്കാച്ചിക്കുന്നിലാണ് അവളുടെ വീട്. ഒറ്റമകളെ മറ്റൊരാളുടെ കയ്യില്‍ പിടിച്ചുകൊടുക്കും വരെയുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിയെടുക്കുന്ന അച്ഛന്. ..കാശായിട്ട് കുറച്ച് സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്. വീട് പണിയും കഴിച്ചു.. ഇതുവരെ കടമില്ലാതെ മുന്നോട്ട് പോയി. കല്ല്യാണച്ചിലവിന് ബാങ്കിന്ന് കടം എടുക്കേണ്ടി വരും.. ഇതൊക്കെയാണ് അയാളെ അലട്ടുന്ന ചിന്തകള്‍. ഈ പെണ്‍കുട്ടികള്‍ എത്ര പെട്ടെന്നാ വളരണെ.. ഒരു ദീര്‍ഘനിശ്വാസത്തോടെ ഭാര്യയോട് അയാള്‍ ഇടക്കിടക്ക് പറയും. എല്ലാ സാധാരണ കുടുംബങ്ങളിലെയും പോലെ കഥയിലെ അമ്മയും നിത്യ രോഗിയായ വീട്ടമ്മയാണ്. അച്ഛനും അമ്മയും നല്ല സുഹൃത്തുക്കളാണ് അവള്‍ക്ക്. ദൂരെ കോളേജിലേക്ക് അയക്കേണ്ട ആശങ്ക ഉണ്ടെങ്കിലും അവളുടെ ഇഷ്ടത്തിന് പഠിക്കട്ടെന്നാണ് അയാള്‍ പറഞ്ഞത്.
ബസ് മാക്കാച്ചിക്കുന്നെത്തി. സ്റ്റോപ്പിന് മുട്ടിയാണ് വാസുവിന്റെ കട. ഇവിടെയെത്തിയാല്‍ അച്ഛന് സിഗരറ്റ് നിര്‍ബന്ധാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. അച്ഛന് അതാ നേരെ വാസുവിന്റെ കടയിലേക്ക് നടക്കുന്നു. അമ്മയുടെ കൂടെ അവളും സ്റ്റോപ്പിന് അരികെ നിന്നു. അച്ഛന് വാസുവിനോട് സംസാരിക്കുകയാണ്. കോളേജ് അഡ്മിഷന്റെ കാര്യായിരിക്കും. വാസുവേട്ടന്റെ വാക്കുകളില്‍ മയങ്ങിയാണ് അച്ഛന് എന്നെ കുണ്ടത്തറയിലേക്ക് പഠിക്കാനയക്കുന്നത്. ദാ, അച്ഛന് വരുന്നുണ്ട്…. അവള് പറഞ്ഞു. അമ്മ മകളും വീട് ലക്ഷ്യമാക്കി നടന്നു. പിറകെ ഒരു സിഗരറ്റും കത്തിച്ച് ഇടക്ക് ഓരോ പുകയും വിട്ട് അച്ഛനും. സിഗരറ്റ് വലിക്കുമ്പോള്‍ അയാള്‍ മകളുടെ അടുത്ത് നിക്കാറില്ല. അവള് ജനിച്ചത് മുതല്‍ സിഗരറ്റ് വലിയുടെ അളവില്‍ തന്നെ വലിയ കുറവ് സംഭവിച്ചിരുന്നു.
പോയ കാര്യം എന്തായി മോളേ…? അയല്പക്കത്തെ രമണി ചേച്ചി അടുക്കളഭാഗത്തിരുന്ന് പാത്രങ്ങള്‍ കഴുകുന്നതിനിടയിലാണ് ചോദ്യം ഉന്നയിച്ചത്. നാളെ മുതല്‍ ഇവള്‍ക്ക് പോണം രമണ്യേ.. അമ്മയാണ് മറുപടി പറഞ്ഞത്. മറുപടി പറയാന്‍ അവസരം കൊടുക്കാത്ത അമ്മയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് അവള് ഒരു പടി മുന്നില്‍ നടന്നു. അമ്മേ, താക്കോലെവിടെ..? കയ്യിലെ ബാഗില്‍ നിന്നും താക്കോലെടുത്ത് അമ്മ അവള്‍ക്ക് കൊടുത്തു. ആ കൊച്ചു കൊട്ടാരം തുറന്നു.
പ്ലസ്ടു കഴിഞ്ഞതിന് ശേഷം അവളെ സ്ഥിരമായി അടുക്കളയില്‍ കയറ്റി ഭക്ഷണം ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയിരുന്നു അമ്മ. അതിരാവിലെ എണീറ്റ് അമ്മയെ സഹായിക്കുന്നത് അവള്‍ക്ക് ശീലമായി. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ അടുക്കളയോടുള്ള പ്രതിഷേധ സൂചകമായി കുറച്ച് സമയം മയങ്ങും അമ്മയും മകളും. കഴിഞ്ഞ രണ്ട് മാസത്തിലധികം അവള് ചിലവഴിച്ചത് ഇങ്ങനെയായിരുന്നു. അച്ഛന് ടി വിയില്‍ വാര്‍ത്ത കാണുകയാണ്. അമ്മയ്ക്ക് സീരിയലാണിഷ്ടം. രമ്യയ്ക്കാണെങ്കില് സിനിമയും രസകരമായ പരിപാടികളും മാത്രമാണിഷ്ടം. അതുകൊണ്ട് മൂന്ന് പേരും ഒരുമിച്ച് ടിവിക്ക് മുന്പിലിരിക്കാറില്ല. എന്നാല്‍ ഭക്ഷണം ഒരുമിച്ചെ കഴിക്കു. നാളെ മുതല്‍ അമ്മയെ സഹായിക്കാന്‍ ഞാനുണ്ടാവില്ലെന്ന തിരിച്ചറിവില്‍ അവള് ഒറ്റയ്ക്ക് എല്ലാം പാകം ചെയ്തു. അച്ഛാ.. ഭക്ഷണം റെഡിയാണ്. വാ..
അയാള്‍ ചോറുണ്ണാനിരുന്നു. അമ്മ അടുക്കളയിലേക്ക് വന്നപ്പോള്‍ അവള് അവരെ നോക്കി.. ഇന്ന് ഞാന്‍ വിളമ്പി തരും, അമ്മ പോയി ഇരിക്ക്.. ആ വാക്കുകളില്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മയും ഇരുന്നു. അവള് അവരുടെ പാത്രങ്ങളില്‍ ചോറും കറിയും വിളമ്പി. ഒരു പാത്രത്തില്‍ അവളും വിളമ്പി മൂവരും ഇരുന്ന് കഴിച്ചു. മോള് നാളെ രാവിലെ പോവില്ലേ.. അച്ഛന് വരണോ… കഴിക്കുന്നതിനിടയിലാണ് അച്ഛന് ചോദിച്ചത്. അവള് വേണ്ടെന്ന് പറഞ്ഞു. അറിയാത്ത നാടാണ്.. സൂക്ഷിക്കണട്ടോ.. അമ്മയുടെ വാക്കുകളായിരുന്നു അത്. ഇതുവരെ ഒറ്റയ്ക്ക് ഇത്രയും ദൂരം സഞ്ചരിച്ചിട്ടില്ലാത്ത അവള്‍ക്ക് സങ്കടം അണപൊട്ടുന്നുണ്ടായിരുന്നു. ഞാന്‍ കരഞ്ഞാല്‍ അച്ഛനും അമ്മക്കും പിടിച്ച് നില്‍ക്കാനാകില്ലെന്ന് അറിയാവുന്നത് കൊണ്ട് അവള് സ്വയം നിയന്ത്രിച്ചു.
അവള് അതിരാവിലെ എണീറ്റു. പുതിയ കോളേജിലേക്ക് ഒറ്റയ്ക്ക് പോകണം. അമ്മ അടുക്കളയില്‍ എനിക്ക് തരാനുള്ള ഭക്ഷണം ഉണ്ടാക്കുകയാണ്. അവള് പ്രഭാത കര്‍മങ്ങള്‍ കഴിച്ച് പുതിയ ചൂരിദാറൊക്കെ ധരിച്ച് അടുക്കളയിലേക്ക് ചെന്നപ്പോള്‍ അമ്മ തിരക്കിട്ട പണിയിലാണ്. ഏതാനും മാസങ്ങള്‍ക്ക് ശേഷം അമ്മ പഴയ തിരക്കുകളിലേക്ക് മടങ്ങുകയാണെന്ന് അവള് ഓര്‍ത്തു. ഗ്യാസടുപ്പിന് അടുത്തായി വെച്ചിരുന്ന പാത്രം തുറക്കാനൊരുങ്ങിയപ്പോള്‍ അമ്മ അവളെ തടഞ്ഞു. നീ പോയി അപ്പുറത്ത് ഇരിക്ക്, അമ്മ ചായ തരാം.. അത് പറഞ്ഞപ്പോഴേക്കും അവള് പ്ലേറ്റെടുത്ത് ഇരുന്നുകഴിഞ്ഞിരുന്നു. ഇഡലിയും സാമ്പാറും വിളമ്പി അമ്മ അവളുടെ അടുത്തിരുന്നു. അമ്മയുടെ ഭക്ഷണത്തിന് ഇന്ന് പ്രത്യേക സ്വാദ് അവള്‍ക്കനുഭവപ്പെട്ടു. മോളേ.. നോക്കി പോകണം കെട്ടോ.. അറിയാത്ത നാടല്ലേ.. അവളെ നോക്കി കൊണ്ട് അമ്മ പറഞ്ഞു. കഴിക്കുന്നതിനിടിയില്‍ അവള് അമ്മയെ ഒരു നോക്ക് നോക്കി.. ഞാന്‍ ശ്രദ്ധിച്ചോളാം അമ്മേ.. അവളുടെ മറുപടിയിലും അമ്മയുടെ പേടി മാറിയിരുന്നില്ല. ദിവസും ഓരോ വാര്‍ത്ത നീയും കേള്‍ക്കുന്നില്ലേ മോളേ.. അമ്മയ്ക്ക് പേടിയാ.. അറിയാത്ത ആളുകളോടെ അടുത്തൊന്നും നിക്കണ്ടട്ടാ.. ഈ ഭാഗത്ത് നിന്നും വരുന്ന കുട്ടികള്‍ ആരെങ്കിലും അവിടെ ഉണ്ടോന്ന് പോയ ഉടനെ തിരക്കണം.. അമ്മയുടെ ആശങ്കയ്ക്ക് ഇത്രേം വലിയ അളവുകോല്‍ ഉണ്ടായിരുന്നു. വിഷമം ഉള്ളിലൊതുക്കി അവള് അമ്മയെ സമാധാനിപ്പിച്ചു.
ആദ്യ ദിവസം ക്ലാസൊന്നും ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ ഒരു നോട്ബുക്ക് മാത്രം ബാഗിലെടുത്ത് വെച്ച് അവള് ഇറങ്ങുകയായി. ഗ്ലാസില്‍ ചായയും വെച്ച് പത്രം വായിച്ചിരിക്കുകയാണ് അച്ഛന്. ഞാന്‍ ഇറങ്ങട്ടേ അച്ഛാ.. എതോ വാര്‍ത്തയില്‍ മുഴുകിയ അയാള്‍ പെട്ടെന്നാണ് മകളുടെ ചോദ്യം കേട്ടത്. അവിടെ നില്ക്ക് മോളേ.. അയാള്‍ പത്രം മടക്കിവെച്ച് എണീറ്റ് വീടിനുള്ളിലേക്ക് നടന്നു. അവള് ആ പത്രം എടുത്ത് നോക്കി.
ഇന്ത്യയുടെ മകള്‍ക്ക് രണ്ട് വയസ്… കുട്ടിക്കുറ്റവാളിയുടെ ശിക്ഷ എന്ത്…?? മുന്‍ പേജ് വാര്‍ത്തകള്‍ ഇതായിരുന്നു.
ദാ ഇത് വെച്ചോ.. പത്രത്തില്‍ നിന്നും തല ഉയര്‍ത്തി നോക്കിയപ്പോള്‍ അച്ഛന് നൂറ് രൂപ എന്റെ നേരെ നീട്ടി പിടിച്ചിരിക്കുന്നു. കയ്യില്‍ ഉണ്ട് അച്ഛാ.. അവളുടെ മറുപടി അയാളെ തൃപ്തിപ്പെടുത്തിയില്ല. അറിയാത്ത നാടല്ലേ.. എന്തെങ്കിലും ആവശ്യം വന്നാലോ.. കയ്യില്‍ വെച്ചോ.. അച്ഛന് നിര്‍ബന്ധിച്ചു.. അവള് അത് വാങ്ങി, പത്രം മടക്കി അച്ഛന് തിരികെ നല്കി, പുറത്തേക്ക് നടന്നു.
2012 ഡിസംബര്‍ 16. ബസിലിരിക്കുമ്പോള്‍ അവളുടെ ചിന്ത രണ്ട് വര്‍ഷം മുന്പെയുള്ള ഇതേ ദിവസമായിരുന്നു. രാവിലെ ആ വാര്‍ത്ത കേട്ടാണ് സ്കൂളിലേക്ക് പോയത്. ഇന്ത്യയുടെ മകള്‍ മനസില്‍ മായാതെ നില്ക്കുന്നു. അന്ന് ഞങ്ങളുടെ ഇടയിലെ പ്രധാന ചര്‍ച്ച വിഷയവും അധ്യാപകര്‍ ക്ലാസില്‍ പറഞ്ഞതും ഇതു തന്നെ. എന്നെ പോലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അസ്വസ്ഥത മാത്രം സമ്മാനിച്ച സംഭവം. അമ്മയ്ക്ക് കേള്‍ക്കാന്‍ തന്നെ പേടിയായിരുന്നു. വീട്ടില്‍ വാര്‍ത്ത വെക്കാന്‍ പോലും സമ്മതിക്കുമായിരുന്നില്ല. ഓര്‍മകള്‍ അവളെ തട്ടിയുണര്‍ത്തുകയാണ്. സംഭവം നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നലെ കണ്മുന്നില് നടന്ന പോലെയുണ്ടെന്ന് അവള് ഓര്‍ത്തു..
പെട്ടെന്ന് മുന്നോട്ടേക്കാഞ്ഞ് പോയപ്പോഴാണ് ചിന്തകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. ബസ് ബ്രേക്കിട്ടതാണ്. ആരോ ഡ്രൈവറോട് ഉച്ചത്തില്‍ ദേഷ്യത്തോടെ സംസാരിക്കുന്നു. ഏതോ സ്ത്രീ റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇടിച്ചോ.. എല്ലാ യാത്രക്കാരെയും പോലെ അവളും ഏന്തി വലിഞ്ഞ് നോക്കി. ആരോ റോഡില്‍ വീണ് കിടക്കുന്നു. ആളുകള്‍ ഓടിക്കൂടുന്നുണ്ട്. ആരായിരിക്കും അപകടത്തില്‍ പെട്ടത്.? എന്തെങ്കിലും പറ്റി കാണുമോ.? ബസ് അത്രയ്ക്ക് വേഗത്തിലാണോ പോയത്..? അതോ ആ സ്ത്രീ നോക്കാതെ റോഡ് മുറിച്ച് കടന്നതായിരിക്കുമോ..? എന്തെക്കെയോ ചിന്തകള്‍ അവളിലൂടെ കടന്ന് പോയി.. എല്ലാവരും ഇറങ്ങണം. ബസ് പോകില്ല. കണ്ടക്ടര്‍ ബസിന്റെ ബോഡിയില്‍ അടിച്ചായിരുന്നു ഇത് പറഞ്ഞത്. അയ്യോ.. ഇനി എന്ത് ചെയ്യും.. അവള് ചിന്തയില്‍ നിന്നും ഞെട്ടി..
എല്ലാവരോടും കൂടെ അവളും വെപ്രാളപ്പെട്ട് ഇറങ്ങി.. കണ്ടക്ടര്‍ ടിക്കറ്റിന്റെ പൈസ തന്നു.. ഇനി കുണ്ടത്തറയിലേക്ക് ബസ് ഉണ്ടോ.. അവള് കണ്ടക്ടറോടായി ചോദിച്ചു.. ഇവിടെ 9.15 ന് എത്തുന്ന ഒന്ന് വരാനുണ്ട്. എല്ലാവര്ക്കും പൈസ കൊടുക്കുന്നതിനിടയിലാണ് അയാള്‍ ഇത് പറഞ്ഞൊപ്പിച്ചത്. അവള് നേരെ കാണുന്ന ബസ്റ്റോപ്പിലേക്ക് നടന്നു. ഇടയ്ക്കാണ് അപകടത്തെ കുറിച്ച് ഓര്‍ത്തത്. തിരിഞ്ഞ് നോക്കി.. ബസിന്റെ താഴെ ചോരപ്പാടൊന്നുമില്ല. അവള്‍ക്ക് ആശ്വാസമായി. ബസ്റ്റോപ്പില്‍ ഭൂരിഭാഗവും അവളുടെ കൂടെ ഇറങ്ങിയവരായിരുന്നു. എല്ലാവര്ക്കും പോകേണ്ടത് കുണ്ടത്തറയിലോട്ട് തന്നെ.
സമയം 9.15 ആയിരിക്കുന്നു. ബസ് വരുന്നത് കാണാതെ അവള് ആകെ വിയര്‍ത്തു. ആദ്യ കോളേജ് ദിവസത്തെ പ്രാകി. 9.20 ആയപ്പോഴാണ് ശ്രീകുണ്ടത്തറക്കാവിലമ്മ എന്ന ബോര്‍ഡെഴുതിയ ബസ് നീട്ടി ഹോണടിച്ചത്. ചെവി പൊട്ടുന്ന ആ ഹോണ്‍ അവളുടെ മനസില്‍ കുളിര്‍മഴയായിരുന്നു. സ്റ്റോപ്പില്‍ ഒരുപാട് ആള്‍ക്കാരെ കണ്ടതിന്റെ സന്തോഷത്തിലാകണം, കുണ്ടത്തറക്കാവിലമ്മ ബ്രേക്ക് ആഞ്ഞ് ചവുട്ടി..
കുണ്ടത്തറ ബസ് സ്റ്റാന്റിലെത്തുമ്പോള് സമയം 9.40 ആയിരുന്നു. ഉരുട്ടിയുരുട്ടിയാണ് ബസ് അവിടെയെത്തിയത്. ബ്രേക്കിനും ഹോണിനും മാത്രമെ ആക്കമുള്ളു. അവളുടെ ക്ഷമ നശിപ്പിച്ച ആ ബസിനെ തുറിച്ചൊന്ന് നോക്കി. അധികം നോക്കി നില്ക്കാന് സമയം ഇല്ലാത്തത് കൊണ്ട് വേഗത്തില്‍ നടന്നു. ബസ് സ്റ്റേന്റില് നിന്നും 15 മിനുട്ടോളം നടക്കാനുള്ള് കോളേജിലേക്ക്. ആദ്യ ദിവസം തന്നെ ഒരു പാട് വൈകി. ക്ലാസില്‍ എന്തായിരിക്കും ഇപ്പോള്‍,, അല്ലാ.. ഏത് ക്ലാസെന്ന് വിചാരിച്ചാ പോകുവാ.. നേരത്തെ എത്തിയിരുന്നേല്‍ വേഗം ക്ലാസ് കണ്ടുപിടിച്ച് ഒരു മൂലയ്ക്ക് ഇരിക്കാമായിരുന്നു. ഇത് വിചാരിച്ച് തന്നെയാണ് പതിവിലും നേരത്തെ അവള് വീട്ടില്‍ നിന്നും ഇറങ്ങിയതും. അച്ഛന് തന്നെ നൂറ് രൂപയുടെ കാര്യം അപ്പോഴാണ് ഓര്‍ത്തത്.
ഓട്ടോ റിക്ഷകള്‍ നിരത്തി വെച്ചിരിക്കുന്നു. അവള് വേഗത്തില്‍ നടന്ന് ആദ്യം കണ്ട ഓട്ടോയില്‍ കയറി. ഡ്രൈവര്‍ ഒരു മധ്യവയസ്കനായിരുന്നു. മോളേ.. ഇത് പോവില്ല. ഏറ്റവും മുന്പിലുള്ളതില് കയറിക്കോ.. അവളുടെ മനസില്‍ തീ ആളിക്കത്തി. സമയമില്ലാ സമയത്ത് ഓരോ പരീക്ഷണം.. എന്റെ കുണ്ടത്തറക്കാവിലമ്മേ.. മനസില്‍ ഉറക്കെ വിളിച്ച് അവള് ഇറങ്ങി. നിരയില്‍ മുന്‍പിലുള്ള ഓട്ടോയില്‍ കയറി.. കുണ്ടത്തറ കോളേജ്.. അവള് പറഞ്ഞു. അവളുടെ അച്ഛന്റെ അത്രയും പ്രായം തോന്നിക്കുന്ന ആളാണ് ഡ്രൈവര്‍. അയാള്‍ ഓട്ടോ സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തു. തലമുടി അങ്ങിങ്ങാടി നരച്ച് ഇരുണ്ട നിറമുള്ള ഡ്രൈവര്‍. അവള് അയാളെ ഒന്നു വീക്ഷിച്ചു.
കോളേജിലെ ക്ലാസ് മുറിയായിരുന്നു മനസ് മുഴുവന്‍.. വലിയ ദൂരമൊന്നും ഇല്ലല്ലോ.. എത്താറായില്ലേ.. അവള് പുറത്തേക്ക് കണ്ണോടിച്ചു.. മനസ് ഒന്നു പിടഞ്ഞു.. ഇതു തന്നെയാണോ വഴി.. ഇന്നലെ വന്നത് ഇതിലേ അല്ലല്ലോ.. ഇതെന്താ കുറുക്കു വഴിയാണോ.. ഓട്ടോ മുന്പോട്ട് പോകുംതോറും വഴി ഇടുങ്ങുന്നു. ആള്‍താമസം ഇല്ലാത്ത സ്ഥലം പോലെ. കാട് മൂടിക്കിടക്കുന്ന പ്രദേശം പോലെ.. കോളേജിലേക്ക് ഇങ്ങനെ വഴിയുണ്ടോ.. അവള് വിയര്‍ക്കാന്‍ തുടങ്ങി. കണ്ണുകളില്‍ ഇരുട്ട് കയറുംപോലെ. അയാള്‍, ഓട്ടോ ഡ്രൈവര്‍ കൂസലില്ലാതെ വണ്ടി ഓടിക്കുന്നു.
പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് അയാള്‍ തിരിഞ്ഞ് നോക്കിയത്. മേളേ.. അയാള്‍ അലറി വിളിച്ച് ഓട്ടോ നിര്‍ത്തി. അവള് ഓട്ടോയില്‍ നിന്നും എടുത്ത് ചാടിയിരിക്കുന്നു. അയാള്‍ ഓടിയെത്തി. ആ ഇടുങ്ങിയ വഴിയില്‍ ബോധരഹിതയായി കിടക്കുകയാണവള്‍. സഹായിക്കാന്‍ ആരെങ്കിലും ഉണ്ടോയെന്ന് ആയാള്‍ ചുറ്റും നോക്കി. അവളെ കൈകളില്‍ വാരിയെടുത്തു. തലയില്‍ നിന്നും ചോര ഒഴുകുകയാണ്. കാലിലും കയ്യിലും പൊട്ടലുണ്ട്. വെപ്രാളം കൊണ്ട് എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് അതുവഴി ഒരു ബൈക്ക് വന്നത്. അയാള്‍ വേഗം ബൈക്ക് തടഞ്ഞ് നിര്‍ത്തി.. രാവിലെ കാവിലേക്കെന്നും പറഞ്ഞ് വണ്ടിയില്‍ കയറിയതാ.. ദാ, ഇവിടെ എത്തിയപ്പോള്‍ ചാടിയിരിക്കുന്നു. ഇപ്പൊ ബോധവുമില്ല. ഒന്നു ആശുപത്രിയിലെത്തിക്കാന്‍ സഹായിക്ക്വോ.. എനിക്ക് തടി വിറച്ചിട്ട് പാടില്ല.. ഒറ്റ ശ്വാസത്തില്‍ അയാള്‍ ബൈക്കുകാരനായ യുവാവിനോട് ഇത്രയും പറഞ്ഞു. രണ്ട് പേരും അവളെ എടുത്ത് ഓട്ടോയില്‍ കയറ്റി.
അവള് മെല്ലെ കണ്ണുതുറക്കുകയാണ്. തലയില്‍ അസഹ്യമായ വേദനയുണ്ട്. കൈകള്‍ അനക്കാന്‍ പറ്റാത്ത പോലെ. ആശുപത്രിയിലാണുള്ളത്. ആരാ എന്നെ ഇവിടെ എത്തിച്ചത്, ഒരു കൈ കൊണ്ട് അവള് തന്റെ ശരീരത്തില്‍ തടവി നോക്കി. മാറിലും വയറിലും തടവി. മോളേ.. ആ ശബ്ദത്തിനടുത്തേക്ക് അവള് മെല്ലെ നോക്കി. അമ്മയാണ്.. അച്ഛനും ഉണ്ടല്ലോ.. അവളുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മ കരയുകയാണ്. എന്താ മോളേ പറ്റിയേ..? എന്തിനാ ഓട്ടോയില്‍ നിന്നും ചാടിയേ..? കരഞ്ഞുകൊണ്ടുള്ള അമ്മയുടെ ചോദ്യത്തെ അച്ഛന് തടഞ്ഞു നിര്‍ത്തി. അവളെ വിഷമിപ്പിക്കാതെ. മോള് ഉറങ്ങിക്കോ.. വേദനയും ക്ഷീണവും കുറയട്ടേ.. അച്ഛന്റെ വാക്കുകള്‍ക്ക് അവളെ നിയന്ത്രിക്കാനായില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
മോള് കരയണ്ട.. എന്താ സംഭവിച്ചത്. ? ആശുപത്രി കിടക്കയുടെ മറുഭാഗത്ത് കസേരയില്‍ ഇരിക്കുന്ന എസ്ഐ ഷിബുവാണ് അത് ചോദിച്ചത്. അയാളുടെ കണ്ണുകളിലെ സ്നേഹവും സംസാരത്തിലെ സുരക്ഷിതത്വവും അവള്‍ക്ക് ആശ്വാസമേകി. അവള് പറഞ്ഞുതുടങ്ങി. അച്ഛനും അമ്മയും പേടിയോടെ അവളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. സമയം വൈകി സ്റ്റാന്റിലെത്തി ഓട്ടോ പിടിച്ചതും കോളേജിലേക്ക് പോകാതെ ഓട്ടോ ഇടവഴിയിലേക്ക് പോയതും പറഞ്ഞപ്പോള്‍ അവളുടെ വാക്കുകള്‍ ഇടറി.. മോള് പേടിക്കേണ്ട. എസ്ഐ പറഞ്ഞു.. ഒരു പ്രശ്നവുമില്ല. സമയം വൈകിയ ടെന്ഷനില് മോള് കുണ്ടത്തറ കോളേജെന്ന് പറഞ്ഞപ്പോള്‍ ഓട്ടോ ഡ്രൈവര്‍ കേട്ടത് കുണ്ടത്തറ എന്ന് മാത്രമാണ്. എസ്ഐ അച്ഛനെയും അമ്മയെയും നോക്കി സംസാരം തുടര്‍ന്നു. സാധാരണ കുണ്ടത്തറ എന്ന് പറഞ്ഞ് സ്റ്റാന്റില്‍ നിന്നും ഓട്ടോ പിടിക്കുന്നവര്‍ കാവിലേക്കാണ് പോകാറുള്ളത്. കാവിലേക്കുള്ള കുറുക്ക് വഴിയാണ് അത്. സ്റ്റാന്റിലെ എല്ലാ ഓട്ടോക്കാരും കാവിലേക്ക് ആ വഴിയാണ് പോകാറുള്ളത്. ഡ്രൈവറെ ഞങ്ങള്‍ ശരിക്കും ചോദ്യം ചെയ്തു. എസ്ഐ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ് സംസാരം തുടര്‍ന്നു.. ഡ്രൈവര്‍ രാഘവന് സ്റ്റാന്റിലെ തൊഴിലാളി യൂണിയന് നേതാവ് കൂടിയാണ്. അയാളുടെ ഭാഗത്ത് നിന്നും അങ്ങിനെ ഉണ്ടാകില്ല. മാത്രമല്ല ഉടനെ മോളെ ആശുപത്രിയില്‍ എത്തിച്ചതും വീട്ടിലും പോലീസിലും അറിയിച്ചതും അയാള്‍ തന്നെ. ഒന്നും പേടിക്കണ്ടാട്ടോ.. അസുഖമൊക്കെ മാറിട്ട് ഇനി കോളേജില്‍ പോയാല്‍ മതി.
ആ വാക്കുകളില്‍ അവളുടെ മനസ് നിറഞ്ഞു. എന്തോ ഒന്ന് മനസില്‍ നിന്നും കുത്തിയൊലിച്ച് പോയത്പോലെ. എസ്ഐ പുറത്തേക്കിറങ്ങാനൊരുങ്ങുകയാണ്. അയാള്‍ അവളുടെ അച്ഛനെ നോക്കി. ഒന്നു വരാമോ.. അച്ഛന് എസ്ഐയുടെ കൂടെ നടന്നു.. നിങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്യാം.. പരാതിയില്ലെന്ന് അച്ഛന് പറഞ്ഞു. പെണ്‍കുട്ടിയുടെ ഭാവിയെ പേടിച്ച് പരാതി തരാത്ത എത്രയോ മാതാപിതാക്കളുണ്ട്.. അങ്ങിനെയല്ലല്ലോ..? എസ്ഐയുടെ ചോദ്യത്തിന് അല്ലെന്ന് അച്ഛന് മറുപടി അറിയിച്ചു.
ഇത് നമ്മുടെ പെണ്‍കുട്ടികള്‍ക്കുള്ള സ്ഥിരം പേടിയാണ്. എസ്ഐ തുടര്‍ന്നു.. ഇങ്ങനെ എത്രയോ കേസുകള്‍ ദിവസേന സ്റ്റേഷനില്‍ വരുന്നു. ഭൂരിഭാഗവും തെറ്റിദ്ധാരണയാണ്. അത് പെണ്‍കുട്ടികളുടെ കുഴപ്പം കൊണ്ടല്ല, നമ്മുടെയൊക്കെ കുഴപ്പം കൊണ്ടാണ്. അവള് ഇരയല്ല.. ഭയപ്പെടേണ്ടവളല്ല.. ആ ബോധം ഓരോ പെണ്‍കുട്ടിയിലും ഉണ്ടാക്കാന്‍ മാതാപിതാക്കള്‍ക്ക് മാത്രമെ സാധിക്കു. അങ്ങിനെ തന്നെ അവളെ വളര്‍ത്തണം, ഇനിയെങ്കിലും.. ഇത്രയും പറഞ്ഞ് എസ്ഐ നടന്നു നീങ്ങി..
കുറ്റംബോധം കൊണ്ട് തല കുനിഞ്ഞുപോയി ആ അച്ഛന്റെ. അവളുടെ കുട്ടിക്കാലം മുതല്‍ അയാളുടെ മനസിലേക്ക് കടന്നു വന്നു. ഒരു പെണ്‍കുട്ടിയെന്ന അതിര് വെച്ചായിരുന്നു ഞാന്‍ അവളെ വളര്‍ത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പോലും അവളുടെ അമ്മ സൂക്ഷിക്കണം എന്നാണ് പറഞ്ഞത്.. അവള് ഇരയല്ല.. എന്റെ മകള്‍ ഇരയല്ല.. അയാളുടെ മനസ് മന്ത്രിച്ചു..