മാധ്യമങ്ങളുടെ പൊലിപ്പിക്കലിസം, കെഎസ്ആർടിസി ബസ് തടഞ്ഞ കാമുകന്‍റെ ‘ഷോ’: ഇതുകൂടി കേള്‍ക്കണം..

Sharing is caring!

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഒരു സംഭവത്തിന്‍റെ വാര്‍ത്തകള്‍ ഇല്ലാതാക്കിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്. വായിച്ച വാര്‍ത്തകളിലെ വരികളില്‍ ചില അസ്വാഭാവികതകള്‍ തോന്നിയപ്പോഴാണ് ഓണ്‍മലയാളം യാഥാര്‍ത്ഥ്യം തേടിയിറങ്ങിയത്. പെണ്‍കുട്ടിയോടും മറ്റ് സഹയാത്രികരോടും സംഭവത്തെ കുറിച്ച് അന്വേഷിച്ചു. വന്ന വാര്‍ത്തകളും പെണ്‍കുട്ടിയുടെ വാക്കുകളും ചില സംശയങ്ങളുമാണ് ഫാക്ട് ചെക്കിലൂടെ പങ്കുവെക്കുന്നത്. ശരിയും തെറ്റും നിങ്ങള്‍ക്ക് തീരുമാനിക്കാം..

കാമുകിയുടെ മുന്നില്‍ ഷോ കാണിക്കാന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ തല്ലിയ കാമുകന്‍റെ വാര്‍ത്ത കേരളം ആഘോഷിച്ച് തീര്‍ന്നിട്ടില്ല. കാമുകന്‍ പ്രാണസഖിക്ക് മുന്നില്‍ സ്റ്റാറാകാന്‍ കാട്ടിക്കൂട്ടിയ ചെയ്തികളെന്ന പേരില്‍ ദിനപത്രങ്ങള്‍ ഒന്നാം പേജില്‍ ഗ്രാഫിക്സടക്കം ചേര്‍ത്ത് നിരത്തിയ വാര്‍ത്തയിലെ യാഥാര്‍ത്ഥ്യം എന്താണ് ?

കോഴിക്കോടുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതി ഓടുന്ന ബസില്‍ ഡ്രൈവറുടെ സീറ്റില്‍ കാല്‍ കയറ്റിവച്ചുവെന്നും ഡ്രൈവര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ കാമുകനെ വിളിച്ചുവരുത്തി തല്ലിച്ചെന്നും, കാമുകന്‍ വന്ന് കെഎസ്ആര്‍ടിസി ബസ് ഒറ്റയ്ക്ക് മറിച്ചിട്ടുവെന്നുമൊക്കെയാണ് വാര്‍ത്ത വായിച്ചാല്‍ തോന്നുക. ആറടിയിലധികം ഉയരമുള്ള ഡ്രൈവറുടെ കഴുത്തിന് കാമുകി നിന്ന നില്‍പില്‍ ചവിട്ടിയെന്ന് ഒരു നാണവുമില്ലാതെ ചൂണ്ടികാണിക്കുന്ന ഡ്രൈവറുടെ ചിത്രമടക്കം കണ്ടു. എന്നാല്‍ വാര്‍ത്തയിലുടനീളം കണ്ടക്ടറുടെയും ഡ്രൈവറുടെയും ഭാഗങ്ങള്‍ മാത്രം നിരത്തിയ മാധ്യമങ്ങള്‍ വിവാഹമുറപ്പിച്ച പെണ്‍കുട്ടിക്കും യുവാവിനും പറയാനുള്ളത് എന്താണെന്നെങ്കിലും അന്വേഷിച്ചോ ?.

പെണ്‍കുട്ടിക്ക് പറയാനുള്ളത് ഇതാണ്.

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന താന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റോപ്പില്‍നിന്നുമാണ് ബസില്‍ കയറിയത്. ബസില്‍ ഡ്രൈവറുടെ തൊട്ടടുത്തുള്ള സീറ്റാണ് ലഭിച്ചത്. നല്ല ക്ഷീണമുണ്ടായിരുന്ന താന്‍ കാല്‍ സീറ്റിന് സമീപത്തുള്ള കമ്പിയിലേക്ക് കയറ്റിവച്ചു, ഇടക്ക് ഉറങ്ങിപ്പോയി. കുറ്റിപ്പുറം എത്തിയപ്പോള്‍ കാലില്‍ എന്തോ തൊടുന്നതായി തോന്നി. എണീറ്റ് നോക്കിയപ്പോള്‍ ഡ്രൈവര്‍ വണ്ടിയോടിക്കുന്നതിനിടയില്‍ കാലില്‍ തടവുന്നതാണ് കണ്ടത്. പെട്ടെന്ന് കാല്‍വലിച്ചു. പിന്നീട് ഓരോസ്റ്റോപ്പ് എത്തുമ്പോഴും തനിക്കുനേരെ ഇയാള്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ഉദ്ദേശം മോശമാണെന്ന് മനസിലായി. കുന്നംകുളമെത്തിയപ്പോള്‍ ചെരിപ്പൂരി കാല്‍ നീട്ടിവച്ച് വിശ്രമിച്ചോളൂ എന്നും ഡ്രൈവര്‍ പറഞ്ഞു.
തൃശൂര്‍ എത്താന്‍ ഒരു മണിക്കൂര്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. വീട്ടുകാര്‍ തമ്മിലുറപ്പിച്ച കല്യാണമാണ് എന്‍റെയും തൃശൂര്‍ സ്വദേശിയായ നിധിന്‍റെയും. ബസില്‍ യാത്രയ്ക്കിടെ പെട്ടെന്ന് ഉറങ്ങുന്ന ശീലമുള്ള തന്നെ ബസ് തൃശൂരെത്താറാകുന്ന സമയമായപ്പോള്‍ നിധിന്‍ വിളിച്ചു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ ആകെ പേടിച്ചുപോയ ഞാന്‍ അവനോട് കാര്യങ്ങള്‍ പറഞ്ഞു. ഒരിക്കലും ഞാനങ്ങോട്ട് വിളിച്ചു എന്‍റെ കാമുകനെ വരുത്തിയതല്ല. ഞാന്‍ പറയുന്നത് കേട്ട ദേഷ്യത്തിലാണ് തൃശൂരില്‍ ആ സമയത്തുണ്ടായിരുന്ന നിധിന്‍ വന്നത്.
തൃശൂര്‍ ഡിപ്പോയില്‍ കാത്തുനിന്ന് അവനും കൂട്ടുകാരുംകൂടി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. സീറ്റില്‍നിന്നും ഇറങ്ങാതിരുന്ന ഡ്രൈവറോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടു. തയാറാകാതിരുന്ന ഡ്രൈവര്‍ അവനെ തല്ലാനോങ്ങി. ഡോറിനുപുറത്തുനിന്നും നിധിനും അകത്തുനിന്നും ഡ്രൈവറും തമ്മില്‍ വഴക്കായി. ഇതെല്ലാം നാട്ടുകാരില്‍ പലരും കാണുന്നുണ്ടായിരുന്നു.
ഇതിനിടയ്ക്ക് ഞാന്‍ അവനോട് പ്രശ്നമുണ്ടാക്കേണ്ടെന്നും മറ്റും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഹൈഡ്രോളിക് ഡോര്‍ ആയിരുന്നു ബസിന്. ഇത് ഡ്രൈവര്‍ക്ക് മാത്രമേ തുറക്കാനാകൂ. യുവാവ് ബസിനുള്ളില്‍ കയറുമെന്ന് ഭയന്ന് ഡ്രൈവര്‍ ഡോര്‍ തുറന്നിരുന്നില്ല. അതാണ് എനിക്ക് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. വഴക്ക് നീണ്ടപ്പോള്‍ യാത്രക്കാരായ മറ്റുള്ളവര്‍ അക്ഷമരാകാന്‍ തുടങ്ങി. പലര്‍ക്കും ബസ് വൈകുന്നതില്‍ ദേഷ്യം വരുന്നുണ്ടായിരുന്നു. ഇതോടെ ഡ്രൈവര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലേക്കെടുത്തു. പുറകെ യുവാവും സ്റ്റാന്‍ഡിലേക്ക് വന്നു. ഇതിനിടെ പോലീസടക്കം സ്ഥലത്തെത്തിയിരുന്നു. സ്റ്റാന്‍ഡില്‍വച്ച് പ്രശ്നമായപ്പോള്‍ സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് ഞങ്ങള്‍ രണ്ടുപേരെയും വിളിപ്പിച്ചു. അല്ലാതെ അവനും ഞാനും മാധ്യമങ്ങള്‍ പറയുന്നതുപോലെ സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നില്ല.
ഇതിനിടയ്ക്ക് ബസിന്‍റെ താക്കോല്‍ യുവാവ് പൊട്ടിച്ചെന്നും അതാണ് ഡോര്‍ തുറക്കാത്തതെന്നും ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു, എന്നാല്‍ ഇതേ താക്കോല്‍ ഉപയോഗിച്ച് അയാള്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് സ്റ്റാന്‍ഡിന് അകത്തേക്ക് കയറ്റിവെച്ചു. അവിടെവച്ച് ഡോര്‍ തുറക്കുകയും ചെയ്തു. പിന്നീട് മെക്കാനിക് എത്തിയാണ് ഡോര്‍ തുറന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
മാധ്യമവാര്‍ത്തകളാണ് ഞങ്ങളെ തകര്‍ത്തുകളഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകരും എനിക്കോ അവനോ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചില്ല. പകരം ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പറയാനുള്ളകഥകള്‍ മാത്രമാണ് കേട്ടത്. നടന്ന സംഭവങ്ങളും, പോലീസ് കേസെടുത്തതും ഒന്നും അല്ല പ്രശ്നമായത്, മാധ്യമങ്ങളുടെ പൊലിപ്പിച്ച വാര്‍ത്തകളാണ്. ഡ്രൈവറുടെ പരാതിയില്‍ യുവാവിനെതിരെയും എന്‍റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പക്ഷേ വാര്‍ത്തകളില്‍ ഷോ മാത്രമാണ് നിറഞ്ഞുനിന്നത്.

പെണ്ണിനെ തെറ്റായി നോക്കിയാല്‍ പോലും കേസെടുക്കാന്‍ നിയമമുള്ള ഇവിടെ ഒരു പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ത് അടിസ്ഥാനത്തിലാണ്.? വാര്‍ത്തകളുടെ ഇരുപുറവും കീറിമുറിച്ച് പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് പകരം നല്ല റീച്ച് ഉണ്ടാക്കുന്ന മസാലകള്‍ ചേര്‍ത്ത വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയിലേക്ക് നമ്മുടെ മാധ്യമ സംസ്കാരം തരംതാഴുകയാണോ.? വെറും ബിസിനസ് മാത്രമാണോ വാര്‍ത്ത.? ഒരു സംഭവം ഉണ്ടായാല്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും മൊഴികളും സാഹചര്യങ്ങളും വെച്ച് വേണ്ടേ വാര്‍ത്തയുണ്ടാക്കാന്‍.? ആ സംസ്കാരം നാം മറന്നുതുടങ്ങിയിരിക്കുന്നു. എവിടെയാണ് മാധ്യമങ്ങള്‍ക്ക് തെറ്റിയത്.? സംഭവത്തില്‍ വന്ന വാര്‍ത്തകള്‍ പരിശോധിക്കാം..

പെണ്‍കുട്ടി കാല്‍ കയറ്റിവച്ചത് ഡ്രൈവര്‍ ചോദ്യം ചെയ്തെന്നും, അപ്പോള്‍തന്നെ പെണ്‍കുട്ടി കാല്‍ ഇറക്കി വച്ചെന്നും വാര്‍ത്തകളിലുണ്ട്. എന്നാല്‍ ഓടുന്ന ബസിന്‍റെ ഡ്രൈവര്‍ സീറ്റില്‍ പെണ്‍കുട്ടി കാല്‍കയറ്റിവച്ചു എന്നത് കേട്ടപടി വിശ്വസിക്കുന്നത് ശരിയാണോ? പ്രത്യേകിച്ച് പകല്‍സമയത്ത്. അങ്ങനെയാണെങ്കില്‍ തന്നെ മറ്റ് യാത്രക്കാര്‍ പെണ്‍കുട്ടിയെ ഡ്രൈവര്‍ വഴക്ക് പറയുന്നക് കേള്‍ക്കാതിരിക്കുമോ.?

ബസ് തൃശൂര്‍ സ്റ്റാന്‍റ് കവാടത്തിലെത്തിയപ്പോള്‍ കാമുകന്‍ പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്ന് വന്നു, ബസ് തടഞ്ഞു, പിടിയും വലിയും ഉണ്ടായി. ഇതിനിടയ്ക്ക് ബസിന്‍റെ താക്കോല്‍ പൊട്ടിപ്പോയെന്നും, അതുകൊണ്ട് ബസിനുള്ളില്‍നിന്നും യുവതിയുമായി പോകാനുള്ള പദ്ദതി പാളിയെന്നും ബസ് ജീവനക്കാര്‍ പറയുന്നതില്‍ അസ്വാഭാവികതയില്ലേ.? പ്രത്യേകിച്ച് പിടിയും വലിയും ഉണ്ടായപ്പോള്‍ പൊട്ടിയ താക്കോല്‍ ഉപയോഗിച്ച് ബസ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് സ്റ്റാന്‍ഡിനുള്ളിലേക്ക് കയറ്റിയിട്ടു എന്നുകൂടി പറയുമ്പോള്‍.!! ഈ വൈരുദ്ധ്യം വാര്‍ത്തയില്‍ വരാമോ.?
ഡോര്‍ തുറക്കാന്‍ മെക്കാനിക് വന്നുവെന്നും അയാള്‍ ഡോര്‍ തുറന്നിട്ടാണ് എല്ലാവരും പുറത്തിറങ്ങിയതെന്നും പോലീസിന് ബസ് ജീവനക്കാര്‍ നല്‍കിയ മൊഴിയുണ്ട്. എന്നാല്‍ വാര്‍ത്തയില്‍ സ്റ്റാന്‍ഡിനകത്തെത്തിയ ബസിന്‍റെ ഡോര്‍ തുറന്ന് യുവതി കാമുകനോടൊപ്പം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും, നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പിച്ചെന്നും പറയുന്നു. ഇതെങ്ങനെ ശരിയാകും.? മെക്കാനിക് വരാതെ എങ്ങനെയാണ് യുവതിക്കും കാമുകനും ഓടിരക്ഷപ്പെടാന്‍ സാധിച്ചത്.? ഇതിലൊന്നും ഒരു അസ്വാഭാവികതയും തോന്നിയില്ലേ ? അതോ അതൊരു മാജിക് ഡോര്‍ ആണോ.?

പെണ്‍കുട്ടിയുമായി കടന്നുകളയാനുള്ള യുവാവിന്‍റെ ഗൂഢശ്രമം എന്നു പ്രയോഗിക്കുമ്പോള്‍ ആ ഗൂഢത എന്താണെന്ന് മനസിലാകുന്നില്ല. ഒരു പെണ്‍കുട്ടിക്ക് കാല്‍ കയറ്റിവെക്കാന്‍ അധികാരമില്ലാത്ത നാടാണോ ഇത്.? കാല്‍ കയറ്റിവെച്ച പെണ്‍കുട്ടിക്ക് മറ്റേ ഉദ്ദേശമാണ്, അതുകൊണ്ട് തടവാലും പിടിക്കലുമാകാം എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവരെ ന്യായീകരിക്കുന്ന നാടാണോ ഇത്.? അതിനെ ചോദ്യം ചെയ്താല്‍ അത് ഷോ ആകുന്നത് എങ്ങനെയാണ്.? പെണ്‍കുട്ടി കാല്‍കയറ്റിവച്ചെന്നിരിക്കട്ടെ, അതിന് ദേഷ്യം പിടിച്ച ഡ്രൈവറോട് പെണ്‍കുട്ടികളോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറയാന്‍ കാമുകന് തോന്നിയേക്കാം. അതിലെന്താണ് നിഗൂഢത?.
ആറടിയിലേറെ ഉയരമുള്ള കണ്ടക്ടര്‍ യുവതിയുടെ ചവിട്ടേറ്റ പാട് കഴുത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചിത്രമുണ്ട്. ഈ ബഹളത്തിനിടയ്ക്ക് യുവതി കണ്ടക്ടറുമായി തല്ലുകൂടിയെന്ന് വിശ്വസിക്കാമോ? അതും യാത്രക്കാരുള്ള ബസിനുള്ളില്‍വച്ച്. താന്‍ അഭ്യാസിയല്ലെന്ന് യുവതി ആവര്‍ത്തിച്ചു പറയുന്നു. കേസിന് ബലം കൂട്ടാനുള്ള മറ്റൊരു അടവാണോ ഇത്.?

ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. പക്ഷേ പെണ്‍കുട്ടിയെ ഏറ്റവും വിഷമിപ്പിച്ച സംഭവത്തെകുറിച്ച് പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ മര്‍മം പിടികിട്ടുക. “നമ്മള്‍ പെണ്‍കുട്ടികള്‍ ഇത്തരം പെരുമാറ്റമൊക്കെ അല്‍പം സഹിക്കണം, ഇങ്ങനെ എല്ലാവരെയും അറിയിക്കാനൊന്നും പാടില്ല” ഒപ്പമുണ്ടായിരുന്ന ഒരു യാത്രക്കാരി പെണ്‍കുട്ടിയോട് പറഞ്ഞതാണ് ഇത്. പെണ്‍കുട്ടിയുടെയും കാമുകന്‍റെയും ഭാഗം ഒരിടത്തും വ്യക്തമാകാതിരുന്നത് ഈ ബോധം സമൂഹത്തില്‍ ഊറിയടിഞ്ഞതുകൊണ്ടാണ്. ഒരിടത്തും പെണ്‍ശബ്ദം ആണ്‍ശബ്ദത്തോളം ഉയരരുതെന്ന ബോധം. തൊടലും തലോടലും തടവലും സഹിച്ചോളണമെന്ന ഡ്രൈവറുടെ ആണ്‍കോയ്മയാണ് മാധ്യമള്‍ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com