കോമര കല്‍പനകളുടെ ഇര : യാഥാർത്ഥ്യമെന്താണ് ?

Sharing is caring!

സംസ്ഥാനം ഞെട്ടലോടെ കേട്ട വാർത്തയാണ് തൃശൂർ മണലൂരില്‍  കോമരത്തിന്‍റെ കല്‍പനയെതുടർന്ന് വീട്ടമ്മയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ ശ്യാംഭവിയോട് ഇരുന്നൂറിലധികം പേർ നോക്കിനില്‍ക്കെ ചെയ്യാത്ത തെറ്റിന് മാപ്പുപറയണമെന്ന് കോമരം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറച്ചുപറഞ്ഞ ശ്യാംഭവി പക്ഷേ വീട്ടില്‍തിരിച്ചെത്തി ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണുണ്ടായത്.

തൃശൂര്‍ മണലൂര്‍ പാലാഴി സ്വദേശി കാരണത്ത് ജോബിയുടെ ഭാര്യ ശ്യാംഭവിയാണ് കഴിഞ്ഞ ബുധനാഴ്ച ജീവനൊടുക്കിയത്. കുടുംബ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ഉറഞ്ഞുതുള്ളിയ കോമരം ശ്യാംഭവി തെറ്റു ചെയ്തതായി ജനമധ്യത്തില്‍ ഉച്ചത്തില്‍ പറഞ്ഞത് മനോവിഷമമുണ്ടാക്കിയെന്നാണ് പരാതി. തെറ്റു ചെയ്തതിന് പരിഹാരമായി മാപ്പു പറയാന്‍ കോമരം നിര്‍ദ്ദേശിച്ചു. ഇതേചൊല്ലി വീട്ടമ്മ മാനസിക വിഷമത്തിലായിരുന്നു. കുടുംബക്ഷേത്രത്തിലെ ചടങ്ങിനു ശേഷം സ്വന്തം വീട്ടില്‍ പോയി തൂങ്ങിമരിക്കുകയായിരുന്നു.

ഉയരുന്ന ചോദ്യം ഇങ്ങനെ, കുറ്റ വിചാരണ ചെയ്യാന്‍ കോമരത്തിനെന്തധികാരം.?

ഹിന്ദുമത വിശ്വാസങ്ങളുടെ മറവില്‍ കാട്ടികൂട്ടുന്ന തോന്ന്യവാസങ്ങളുടെ ബാക്കിയാണ് ഈ കോമര കല്‍പനകളെന്ന് പറയാതെവയ്യ. പ്രകൃതിശക്തികളെ ഉപാസിച്ചുപോന്നിരുന്ന ആരാധനാ കേന്ദ്രങ്ങളായ കാവുകളില്‍ ഉറഞ്ഞു തുള്ളുന്ന കോമരം ദൈവങ്ങളുടെ പ്രതീകമായല്ല മറിച്ച് പിതൃക്കളുടെ (മരിച്ചുപോയവരുടെ ) പ്രതീകമായാണ് കണ്ടുപോന്നത്. പ്രത്യേക അവസരങ്ങളില്‍ ദേവിയുടെയും ദേവന്‍റെയുമൊക്കെ ഇഷ്ടം , ഇച്ഛ എല്ലാം അറിയുന്ന പിതൃക്കള്‍  പറയുന്നതാണ് കല്‍പനകളായി കണക്കാക്കുന്നത്. എന്നാല്‍ ദൈവത്തിന്‍റെ ഏജന്റായി കോമരങ്ങളെ കാണുന്ന തരത്തിലേക്ക് പിന്നീട് സമൂഹം മാറി.

യഥാർത്ഥത്തില്‍ കോമരങ്ങള്‍ക്ക് ഹിന്ദുമതത്തില്‍ എന്ത് അസ്ഥിത്വമാണുള്ളത് ?

ഹിന്ദുമതത്തിലൊരിടത്തും ദൈവത്തിന് ഏജന്‍റുമാരില്ല എന്നതാണ് യാഥാർത്ഥ്യം. ദിവ്യ ഗുണങ്ങളുള്ള മനുഷ്യരായി കൃത്യമായ ജീവിത ചര്യകളിലൂടെ സാധിക്കുമെന്ന് മതഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. പക്ഷേ അതൊരിക്കലും ഈശ്വരനോളം പോന്നവനായി മാറാന്‍ മനുഷ്യനെ പ്രാപ്തനാക്കില്ല. അദ്ഭുത പ്രവർത്തികളിലും ഹിന്ദുമതം വിശ്വസിക്കുന്നില്ല.

ലോകം കണ്ട എക്കാലത്തെയും മികച്ച ഹിന്ദു ദാർശനികനും സ്വാതന്ത്ര്യ സമര സേനാനിയും ആര്യസമാജ സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി പറഞ്ഞ ഒരു കാര്യംമാത്രം ചുവടെ സൂചിപ്പിക്കുന്നു.

‘’ഈശ്വരന് ഇച്ഛയുണ്ടോ ?

ഈശ്വരന് ജീവാത്മാക്കളില്‍ കാണും വണ്ണമുള്ള ഇച്ഛയൊന്നും ഇല്ല. അപ്രാപ്തവും വിശേഷസുഖം നല്‍കുന്നതുമായതിനാലാണ് ഇച്ഛയുണ്ടാകുന്നത്. അങ്ങനെയൊന്നില്‍ ഈശ്വരന് എങ്ങനെയാണ് ഇച്ഛയുണ്ടാകുക ?. ഈശ്വരന് അലഭ്യമോ ശ്രേഷ്ഠമോ ആയ യാതൊന്നുമില്ല. സന്പൂ ർണ സുഖയുക്തനാകയാല്‍ സുഖത്തിലും അഭിലാഷമില്ല. അതിനാല്‍ ഈശ്വരനില്‍ ഇച്ഛയുണ്ടാവു സംഭവ്യമല്ല.’’ ( സത്യാർത്ഥ പ്രകാശം, മഹർഷി ദയാനന്ദ സരസ്വതി ).

നിലവില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കോമരത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കോമരം റിമാന്‍ഡിലുമാണ്. വിദേശത്തായിരുന്ന ശാംഭവിയുടെ ഭർത്താവ് ജോബി കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com