ഇത് മറ്റൊരു നാടകമോ.? നാടകവണ്ടിക്ക് ചുമത്തിയത് 2400 രൂപ മാത്രം..!!
ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും സിനിമാ താരങ്ങളും പ്രമുഖ നാടക-സാംസ്കാരിക പ്രവര്‍ത്തകരും ഏറ്റെടുക്കുകയും ചെയ്ത ഒരു വാര്‍ത്ത വെറും പൊലിപ്പിക്കല് സൃഷ്ടി മാത്രമാണെന്ന് തെളിയുന്നു. സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ യാതൊരു അന്വേഷണവും കൂടാതെ വലിയ പ്രാധാന്യത്തോടെയും വൈകാരികമായും നല്കുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഒരു ബോര്‍ഡ് വെച്ചതിന് എന്തിനാണ് 24000 രൂപ എന്നത്എല്ലാവരുടെയും സംശയമാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഇതുവരെയില്ലാത്ത ഒരു നടപടി എങ്ങനെ സംഭവിച്ചു.? യാഥാര്‍ത്ഥ്യം അറിഞ്ഞവരാരും തിരുത്തിയില്ല.
ആലുവ അശ്വതി നാടക സമിതിയുടെ വാഹനമാണ് ചേറ്റുവ പാലത്തിന് സമീപം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. ബ്ലാങ്ങാട് നാടകം കളിക്കാനായി പുറപ്പെട്ടതായിരുന്നു സംഘം. വാഹനം പരിശോധിച്ചപ്പോള്‍ നിയമപരമായി ഫീസ് അടച്ചിട്ടല്ല പരസ്യ ബോര്‍ഡ് വെച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. ബോര്‍ഡ് വെക്കുന്നതിന് ആവശ്യമായ പെര്മിഷന് ഫീസ് അടച്ച് രസീത് കൈപ്പറ്റി അത് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ ബോര്‍ഡ് അളക്കില്ലായിരുന്നു.
എഴുതിയ പരസ്യമാണെങ്കില്‍ നൂറ് സ്ക്വയര്‍ സെന്റി മീറ്ററിന് 20 രൂപ വെച്ചാണ് ഈടാക്കുന്നത്. ഇലക്ട്രോണിക് പരസ്യമാണെങ്കില്‍ ഇത് 40 രൂപയാകും. ആറ് മാസത്തേക്കോ ആറ് മാസത്തില്‍ താഴെ ഏതെങ്കിലും ഒരു തീയ്യതിയിലേക്കോ പരസ്യം ചെയ്യുന്നതിന് നൂറ് സ്ക്വയര്‍ സെന്റിമീറ്ററിന് 10 രൂപയും ഇലക്ട്രോണിക് പരസ്യമാണെങ്കില്‍ 20 രൂപയുമാണ് ഈടാക്കേണ്ടത്. വാഹനങ്ങളില്‍ പരസ്യം ചെയ്യുമ്പോള്‍ നിയമപ്രകാരം ഈ ഫീസ് അടച്ചിരിക്കണം. ഇത് കൂട്ടിയാല്‍ 24000 രൂപ വരില്ലല്ലോ എന്നാണ് അടുത്ത ചോദ്യം.
യഥാര്‍ത്ഥത്തില്‍ 24000 സ്ക്വയര്‍ സെന്റീമീറ്റര്‍ ഏരിയ വണ്ടിയില്‍ പരസ്യമായി ഉപയോഗിച്ചെന്നും ഇതിന് നിയമപ്രകാരം ഫൈനായി 2400 രൂപ വരുമെന്നുമാണ് മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിച്ചത്. ഉദ്യോഗസ്ഥര്‍ ഈടാക്കിയ ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് :

വാഹനത്തിന്റെ പുറകിലും മുന്‍പിലുമായി 1.60 സെന്റി മീറ്റര്‍ നീളത്തിലും 1.50 സെന്റിമീറ്റര്‍ വീതിയിലുമായി ആലുവ അശ്വതി എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആയതിന്റെ പരസ്യ ചാര്‍ജ് അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. Voilation of Kerala Motor Vehicle Rule 191. 160×150 = 24000 സെന്റി മീറ്ററിന്റെ ഫീസ് ഈടാക്കേണ്ടതാണ്.
ഇത് പ്രകാരം 2400 രൂപ മാത്രമാണ് ഈടാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേ സമയം ഈ തുക ഇതുവരെ അടപ്പിച്ചിട്ടില്ലെന്നും മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ പുനരന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം പരിശോധിച്ചത് മുതല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചിരുന്നതായും ആരോപണമുണ്ട്.
ചാര്‍ജ് ഷീറ്റില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നിരിക്കെ എന്തിനാണ് 24000 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ട് പ്രചരണം നടത്തിയതെന്ന് അന്വേഷിക്കേണ്ടതാണ്. സംഭവം നാടക-സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖര്‍ ഏറ്റെടുക്കുകയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ഇടപെട്ട് പുനരന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. 2400 രൂപ മാത്രമാണ് ഫൈൻ ആയി പറഞ്ഞിട്ടുള്ളതെങ്കിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രവർത്തനമാണ് ഇന്ന് ഒരു ദിവസം നടന്നതെന്ന് അടിവരയിട്ട് പറയാം. മന്ത്രിമാര്‍ പറഞ്ഞതുപോലെ പുനരന്വേഷണം നടക്കട്ടെ. നിയമപ്രകാരം കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ.