സ്പ്രിംഗ്ളര്‍ മാത്രമല്ല.. കൊറോണ പ്രതിരോധത്തിന് രാജ്യത്ത് 19 ആപ്പുകള്‍.. സ്വകാര്യത രാജ്യവ്യാപക പ്രശ്നമോ.?
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ പത്തൊന്‍പതോളം ആപ്പുകള്‍ ഉപയോഗിക്കുന്നതായി വിവരം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉള്‍പ്പെടെയാണിത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഡ് 19 വ്യാപനം മനസിലാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഏറെ സഹായകരമാകുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. അതേസമയം ഇത് സ്വകാര്യതയുടെ ചോര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നും ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
ഫോണ്‍ നമ്പര്‍, ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയവ ഉപയോഗിച്ച് രോഗി സഞ്ചരിച്ച സ്ഥലം കണ്ടെത്തുകയാണ് പ്രധാനമായും ആപ്പുകള്‍ ഉപയോഗിച്ച് ചെയ്യുന്നത്. കൊറോണ പോസിറ്റീവായ രോഗികളെയാണ് ഇത്തരത്തില്‍ നിരീക്ഷിക്കുന്നത്. അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ വഴികള്‍ പെട്ടെന്ന് കണ്ടെത്താനാകും എന്നതാണ് ഇതിന്റെ ഗുണം. വൈകുന്ന ഓരോ നിമിഷവും കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇത്തരം ആപ്പുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം കൂടി വന്നതോടെ ആരോഗ്യസേതു ആപ്പ് ഇതിനകം കോടിക്കണക്കിന് ജനങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇതൊരു ബിസിനസ് കൂടിയാണെന്നാണ് മറ്റൊരു വാദം. ഡാറ്റാ ചോര്‍ച്ച ഉണ്ടായേക്കാമെന്ന ആശങ്ക പങ്കുവെക്കുന്നവരും ഉണ്ട്. സാമൂഹ്യമാധ്യമ രംഗത്ത് അറിയപ്പെടുന്ന ഏറ്റവും വലിയ എത്തിക്കല്‍ ഹാക്കര്‍മാരില്‍ ഒരാളായ എലിയറ്റ് ആള്‍ഡേര്‍സണ്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പിനെ ഒരു തമാശകൊണ്ട് ഉപമിച്ചാണ് ട്വീറ്റ് ചെയ്തത്. ആരോഗ്യസേതു എന്തൊക്കെ വ്യക്തി വിവരങ്ങളാണ് ചോര്ത്തിയെടുക്കുന്നതെന്ന് ഇദ്ദേഹം തമാശ രൂപേണ പറഞ്ഞിട്ടുണ്ട്. മോദിയുടെ ആധാര്‍ നമ്പര്‍ തന്നാല്‍ മുഴുവന്‍ വിവരങ്ങളും തിരിച്ച് തരാം എന്ന് പറഞ്ഞുകൊണ്ട് വെല്ലുവിളി നടത്തുകയും ആധാറിന്റെ ഡാറ്റാ ചോര്‍ച്ച തെളിയിച്ചയാളുമാണ് ഇദ്ദേഹം.

ഇന്നെഫു എന്ന കമ്പനിയാണ് ഇന്ത്യയില്‍ പ്രധാനമായും ആപ്പുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ഡാറ്റാ അനലൈസിസ് സ്റ്റാര്‍ട്ട് അപ് കമ്പനിയാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയവരെ കണ്ടെത്താന്‍ ഇന്നെഫു കമ്പനിയുടെ ആപ്പ് ആണ് ഡല്‍ഹി പോലീസ് ഉപയോഗിച്ചത്. ബള്‍ഗേറിയ ആസ്ഥാനമായുള്ള സൈബര്‍ സിസ്റ്റംസ് ആന്റ് സൊല്യൂഷന്‍സ് വഴി യുഎസ്, യുകെ, യുഎഇ, ബഹ്റിന്, കെനിയ, നൈജീരിയ, തുര്‍ക്കി, സ്പെയിന് എന്നിവിടങ്ങളില്‍ ഇന്നെഫുവിന്റെ ആപ്ലിക്കേഷന്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഈ രാജ്യങ്ങളിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായത്.
ഇന്നെഫു ആപ്പ് ഉപയോഗിച്ചാണ് കേരളത്തില്‍ കാസര്‍ഗോഡെ കോവിഡ് 19 ഹോട്ട്സ്പോട്ടുകള്‍ പോലീസ് കണ്ടെത്തിയത്. കാസര്‍ഗോഡ് രോഗം പടരാതെ പിടിച്ചുനിര്‍ത്താനും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ അതിവേഗം കണ്ടെത്തി നിരീക്ഷണത്തിലാക്കാനും ജില്ലാ ഭരണകൂടത്തിന് സാധിച്ചത് ഇങ്ങനെയാണ്. കോവിഡ് സേഫ്റ്റി ആപ്പ് എന്നാണ് കാസര്‍ഗോഡ് പോലീസ് ഇന്നെഫു ആപ്പിന് നല്കിയ പേര്. രോഗിയുടെ സഞ്ചാരപഥങ്ങളും സ്ഥലങ്ങളുടെയും വിവരങ്ങളാണ് ആപ്പ് വഴി ശേഖരിക്കാന്‍ സാധിക്കുന്നത്. ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കേരളം ഈ സമയത്ത് ആപ്പ് ഉപയോഗിച്ചിരുന്നു.

ഇത് കൂടാതെ സര്‍വ്വെകളും മറ്റും നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു ആപ്പും ഉപയോഗിക്കുന്നുണ്ട്. കോവിഡ് 19 ന്റെ സാമൂഹ്യപ്രതികരണം കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചത് ഇത് വഴിയായിരുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഇത് കേന്ദ്ര സര്‍ക്കാരിനെ ഏറെ സഹായിച്ചു. രോഗികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിന് പുറമെ ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അറിയാന്‍ കര്‍ണാടക സര്‍ക്കാരും ഒരു ആപ്പ് ഉപയോഗിച്ചിരുന്നു. ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, തെലുങ്കാന, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഗോവ എന്നിങ്ങനെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രാജ്യത്ത് കോവിഡ് പ്രതിരോധം തീര്‍ക്കുന്നത്.
ഇത് വ്യക്തികളുടെ വിവരം ശേഖരിച്ചുവെക്കലാണെന്നും പിന്നീട് ദുരുപയോഗം ചെയ്തേക്കാമെന്നും ഇതിനകം തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഫ്രീഡം നിയമ സെന്ററാണ് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.
“സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വിവര ശേഖരണത്തിലാണെങ്കില് മാത്രമാണ് വ്യക്തികളുടെ വിവരങ്ങളില്‍ ചോര്‍ച്ചയുണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിനായി രോഗികളുടെ സഞ്ചാരപഥം കണ്ടെത്താനും സാമൂഹ്യവ്യാപനം തടയാനുമാണ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. ഇത് വിവര ശേഖരണമല്ല. ശേഖരിച്ചുവെക്കുന്നുമില്ല. ഡാറ്റാ പ്രൊസസിംഗ് മാത്രമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.”
“സ്വകാര്യതയ്ക്ക് സംരക്ഷണം ഉറപ്പാക്കിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. മെഡിക്കല്‍ നടപടികള്‍ സുഗമമായി നടപ്പിലാക്കി കഴിയും വരെ ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും മെഡിക്കല്‍ ആവശ്യം കഴിയുന്നത് വരെ മാത്രം സൂക്ഷിക്കുകയും ചെയ്യും.” കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനകളാണിത്.
കേരളത്തില്‍ സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ടാണ് ഇത്തരം വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എന്ത് തന്നെ ആയാലും ഒരു അടിയന്തിര ഘട്ടത്തില്‍ സര്‍ക്കാര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആ ഘട്ടത്തെ പ്രതിരോധിക്കാവുന്നതാണ്. ആളുകള്‍ കൂടുതല്‍ മരണപ്പെടാതിരിക്കാനും സാമൂഹ്യവ്യാപനം ഇല്ലാതാക്കാനും രാജ്യമാകെ ആധുനിക സാങ്കേതിക വിദ്യ വലിയ സംഭവന നല്‍കിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. രാജ്യത്തെ നിലവിലുള്ള സ്വകാര്യതാ സംരക്ഷണ നിയമങ്ങള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാരുകള്‍ ശേഖരിച്ച വിവരങ്ങള്‍ ചോരുകയോ വില്‍ക്കപ്പെടുകയോ ഇല്ലെന്ന് പ്രത്യാശിക്കാം. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യത പ്രശ്നത്തിലുണ്ടായ വിവാദങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ട്.