എന്താണ് ഫെമിനിസം : സനുജ് സുശീലന്‍ എഴുതുന്നു..

Sharing is caring!

ഇപ്പോഴത്തെ സിനിമക്കാരിൽ കണ്ട ഒരേയൊരു യഥാർത്ഥ സ്ത്രീപക്ഷ സിനിമാ പ്രവർത്തക അഞ്ജലി മേനോൻ ആണെന്നാണ് എന്റെ പക്ഷം.

ചില സിനിമാ – ഫെമിനിസ്റ്റ് ചിന്തകൾ – സനുജ് സുശീലന്‍

പാർവതി തിരുവോത്തും സംഘവും നടത്തിയ ചില പ്രസ്താവനകളുടെ പേരിൽ പുള്ളിക്കാരിയെ മലയാളികൾ ഒന്നടങ്കം പഞ്ഞിക്കിട്ടിട്ടു അധിക ദിവസങ്ങളായിട്ടില്ല. 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം ഇറങ്ങിയ സമയത്തു ബ്ലോഗിൽ എഴുതിയ ചില സംഗതികൾ ഓർമ വന്നു. ഒരു ഫീമെയിൽ ഫൈറ്ററുടെ കഥയായിട്ടാണ് ആഷിക് അബു അന്ന് ആ ചിത്രത്തെ അവതരിപ്പിച്ചത്. ഒരു പരിധി വരെ ആഷിക് അതിനോട് നീതി പുലർത്തുകയും ചെയ്തു. പക്ഷെ പുരുഷാധിപത്യം നിലനിൽക്കുന്ന നമ്മുടെ സിനിമയിൽ ( മലയാള സിനിമ ) ഫെമിനിസത്തിന്റെ നിർവചനം പലതാണ്. ഫിലിം ഫെസ്റ്റിവലിൽ വിചിത്രമായി വസ്ത്രം ധരിച്ചു വന്ന കുറെ പെൺകുട്ടികളുടെ ചിത്രം വോട്ട്സ് ആപ്പിൽ വളരെ മോശമായ വിവരണങ്ങളോടെ കിട്ടിയിരുന്നു. പരമ്പരാഗത രീതികളിൽ നിന്ന് അല്പം മാറിനടക്കുന്ന സ്ത്രീകളെ നമ്മുടെ “ബൗദ്ധിക” സമൂഹം കാണുന്നത് ബാലിശമായിട്ടാണ് എന്ന് തോന്നുന്നു.

എന്താണ് സത്യത്തിൽ ഫെമിനിസം ?

Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a “person whose beliefs and behavior are based on feminism.”

എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന തലക്കെട്ടിനു കീഴില്‍ വരും.

നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ്‌ ഫെമിനിസം എന്ന വാക്ക് . കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. എന്നാൽ യഥാർത്ഥ ജീവിതത്തിൽ സ്ട്രോങ്ങ്എന്നവകാശപ്പെടുന്ന സ്ത്രീകളുടെ പ്രതിശ്ചായ പലയിടത്തും പലതാണ് എന്ന് തോന്നുന്നു. ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു കണ്ടൻറ്റ് സ്ട്രീമിംഗ് കമ്പനിയില്‍ ഒരുസുഹൃത്തിനെ കാണാൻ ഞാൻ പോയിട്ടുണ്ട്. ഇന്ത്യയിലെ വമ്പൻ ന്യൂസ് ചാനലുകൾക്കും ഡിജിറ്റൽ പത്രങ്ങൾക്കുമെല്ലാം വേണ്ടി ന്യൂസ് സപ്ലൈ ചെയ്യുന്നതാണ് അവരുടെ ബിസിനസ്സ്. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ്‌ നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് അവരുടെ മുദ്രാവാക്യം. സിനിമയിലെ ഫെമിനിസ്റ്റുകളുടെ രൂപം എന്നാൽ മറ്റു ചിലതാണ് എന്ന് തോന്നുന്നു.

മേൽപറഞ്ഞ പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന്‍ / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ്‌ ഗ്ലാസ്‌ വച്ചസൊസൈറ്റി ലേഡികൾ. വേറൊരെണ്ണം പോലീസ്വേഷങ്ങളാണ് . വാണി വിശ്വനാഥ് ഒക്കെ അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും അഭിനയിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വച്ച് നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ്‍ പെണ്‍ സൗഹൃദം വളരെ “ഉയര്‍ന്ന” തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക് ആന്‍ഡ്‌ റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ്‌ ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര്‍ എഴുതിയിട്ടുണ്ട്.

ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ്‌ നിർമിച്ചിട്ടുള്ള ചില കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു . ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ്‍ കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര്‍ കാഴ്ച ആണ് നമ്മുടെ സിനിമയും.

ഇപ്പോഴത്തെ സിനിമക്കാരിൽ കണ്ട ഒരേയൊരു യഥാർത്ഥ സ്ത്രീപക്ഷ സിനിമാ പ്രവർത്തക അഞ്ജലി മേനോൻ ആണെന്നാണ് എന്റെ പക്ഷം. വളരെ മികച്ച രീതിയിൽ ഉപരിപ്ലവമായി ആ വിഷയം കൈകാര്യം ചെയ്യാതെ , എന്നാൽ പ്രേക്ഷകനുമായി നേരിട്ട് ആശയവിനിമയം ചെയ്യുന്ന രീതിയിൽ ആ കഥ ആവിഷ്കരിക്കാൻ അവർക്കു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ഈ ലോകത്തെ അദ്ധ്വാനം വേണ്ട ജോലികളുടെ അറുപതു ശതമാനത്തോളം സ്ത്രീകളാണ് ചെയ്യുന്നത് ( ഓഫിസ് / ഹാർഡ് ലേബർ ജോലികളല്ല ഉദ്ദേശിച്ചത്. വീട്ടു ജോലികൾ, കുട്ടികളെ നോക്കുക തുടങ്ങിയതും ഒരു ജോലി തന്നെയാണല്ലോ ) . എന്നാൽ ലോകത്തുള്ള ആസ്തികളുടെ പത്തു ശതമാനം പോലും സ്ത്രീകളുടെ പേരിലല്ല താനും. അഞ്ജലി ഒരു അഭിമുഖത്തിൽ പറഞ്ഞ ഈ വാചകം മുന്നോട്ടു വയ്ക്കുന്ന ചിന്തകളാണ് യഥാർത്ഥ ഫെമിനിസ്റ്റ് ചിന്ത എന്ന് എനിക്ക് തോന്നുന്നു. ഉസ്താദ് ഹോട്ടൽ , ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങളിൽ ഇഴുകി ചേർത്തിട്ടുള്ള അത്തരം ചിന്തകളിലേക്ക് സാധാരണ പ്രേക്ഷകന് പോയിട്ടുണ്ടോ എന്നും സംശയമുണ്ട്. കാരണം അതെ ചിത്രങ്ങളിൽ തന്നെ വേറെയിടത്ത് ക്ളീഷേ ആയ ആൺ ചിന്തകളും അവർ കാണിക്കുന്നുണ്ട് ( ജനറേഷൻ ഗ്യാപ്പ് അതാണതിന്റെ കാരണമെന്നു അഞ്ജലി വിശദീകരിച്ചിട്ടുണ്ട് ) . കാലിന്മേൽ കാൽ കയറ്റി ഇരുന്നു വളരെ പെരിഫെറൽ ആയ വാചകമേള നടത്തുന്ന ഒരാളല്ല അഞ്ജലി എന്നത് കൊണ്ട് തന്നെ അവരുടെ എഴുത്തുകളും അഭിമുഖങ്ങളും കുറെയേറെ കണ്ടിട്ടുണ്ട്.

സ്വന്തം ജീവിതത്തെ കുറിച്ചുള്ള ഓർമകളിൽ താൻ ഒരു സംവിധായകയായി മാറുന്നതിലേയ്ക്ക് കടന്നു പോകേണ്ടി വന്ന വഴികളെ പറ്റി വളരെ രസകരമായി അവർ പറഞ്ഞിരുന്നു. കുടുംബത്തിന്റെ നല്ല സപ്പോർട്ട് അക്കാര്യത്തിൽ അവർക്കുണ്ടായിരുന്നു. വിദ്യാഭ്യാസവും വിവരവും ഒക്കെയുണ്ട്. പക്ഷെ എന്നിരുന്നാലും ഒരു സ്ത്രീയ്ക്ക് ഒരു വലിയ സിനിമ ചെയ്യാൻ കഴിയുമോ എന്ന ചോദ്യങ്ങളെ എങ്ങനെ നേരിട്ടുവെന്നതിനു അഞ്ജലി നൽകിയ മറുപടിയാണ് യഥാർത്ഥ ഫെമിനിസം എന്ന് തോന്നുന്നു. അത്തരം സംശയങ്ങളെ വാചകമടി കൊണ്ടല്ല മറിച്ചു അവരെ അമ്പരപ്പിക്കുന്ന ഒരു സിനിമയെടുത്തു കാണിച്ചു വേണം നേരിടാൻ എന്നായിരുന്നു അഞ്ജലി അഭിപ്രായപ്പെട്ടത്. സ്വന്തം കാര്യത്തിൽ അവർ അത് തന്നെ പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു.

 തുടരും.. 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com