അന്നക്കൊരടാവും മുളകാപുളിയും.. വൃന്ദാമ്മയുടെ നൊസ്റ്റാള്‍ജിക് സ്പെഷ്യല്‍..

Sharing is caring!

വൃന്ദ ഉണ്ണി

സുകുമാര മേനോന്‍. അതാണ് വൃന്ദാമ്മയുടെ അച്ഛന്‍റെ പേര്. 83 വര്‍ഷം പിറകോട്ട് ചിന്തിച്ചപ്പോള്‍ അമ്മയ്ക്ക് ഓര്‍മ്മവന്നത് അന്നക്കൊരടാവിന്‍റെ രുചിക്കൂട്ടാണ്. ഒപ്പം അച്ഛന്‍റെ ഓര്‍മ്മകളും.

ചീറ്റൂരും കൊടുവായൂരും ഒക്കെയാണ് അന്ന് പച്ചക്കറി മാര്‍ക്കറ്റ് ഉണ്ടായിരുന്നത്. ഇന്നത്തെ പോലെ സുലഭമായി പച്ചക്കറി കിട്ടുന്ന കാലമൊന്നും അല്ലല്ലോ. മാര്‍ക്കറ്റിലേക്ക് കിലോമീറ്ററുകളോളം നടന്ന് പോയി പച്ചക്കൊത്തമല്ലി കെട്ട് കെട്ടായി വാങ്ങിക്കൊണ്ടുവരുമായിരുന്നു വൃന്ദാമ്മയുടെ അച്ഛന്‍ സുകുമാര മേനോന്‍. അന്നക്കൊരടാവ് ഇല്ലാത്ത ഒരു ഊണ് സുകുമാരമേനോന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ എന്ന് പോലും അമ്മയ്ക്ക് സംശയമാണ്. സുകുമാര മേനോനും വിശാലാക്ഷി അമ്മയ്ക്കും 10 മക്കളാണ്. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. വൃന്ദാമ്മ ഒമ്പതാമത്തെ മകളാണ്. സുകുമാരമേനോന് തന്‍റെ പെണ്‍മക്കള് വെച്ച അന്നക്കൊരടാവ് തന്നെ വേണം കഴിക്കാന്‍. മരിക്കുന്നത് അടുത്തനാളുകള്‍ വരെ ചോറിനൊപ്പം അദ്ദേഹം അന്നക്കൊരടാവ് കഴിച്ചിട്ടുണ്ടെന്ന് വൃന്ദാമ്മ ഓര്‍ക്കുന്നു.

സുകുമാര മേനോനും കുടുംബവും (ആൽബം ഫോട്ടോ)

ചോറിന്‍റെ കൂടെ കഴിക്കാവുന്ന രുചിയൂറും വിഭവമാണ് അന്നക്കൊരടാവ്. സുകുമാരമേനോന്‍റെ കാലത്ത് ഒരുമാസത്തേക്കുള്ള അന്നക്കൊരടാവ് അരച്ച് സൂക്ഷിക്കാറുണ്ടെന്ന് അമ്മ ഓര്‍ക്കുന്നു. കൃഷിരീതികളൊക്കെ മാറിയത് കൊണ്ട് ഇന്നത്തെ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയത് ഒരുമാസത്തേക്ക് നില്‍ക്കുമോ എന്ന് സംശയമാണെന്നും അമ്മ പറയുന്നു. ഇന്ന് വൃന്ദാമ്മയുടെ നൊസ്റ്റാള്‍ജിക് സ്പെഷ്യല്‍ അന്നക്കൊരടാവും മുളകാപുളിയുമാണ് ഓണ്‍മലയാളം പ്രസിദ്ധീകരിക്കുന്നത്.

അന്നക്കൊരടാവ്
ആവശ്യമായ സാധനങ്ങള്‍
മല്ലിയില – ഒരു കെട്ട്
ചെറുനാരങ്ങ – രണ്ടെണ്ണം
പച്ചമുളക് – 5 എണ്ണം
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മല്ലിയിലയും പച്ചമുളകും നല്ലപോലെ കഴുകുക. ശേഷം ഉപ്പ് ചേര്‍ത്ത് മിക്സിയിലോ കല്ലിലോ അരയ്ക്കുക. അരയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കരുത്. നല്ലപോലെ അരഞ്ഞ ശേഷം അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് ചൂടാക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു ടീസ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിയശേഷം അരച്ചുവെച്ചതില്‍ ചേര്‍ക്കുക. അന്നക്കൊരടാവ് റെഡി. ഇത് സദ്യയ്ക്കും മറ്റും ഉപയോഗിക്കാന്‍ സാധിക്കുന്ന വിഭവമാണ്.

മുളകാപുളി
ആവശ്യമായ സാധനങ്ങള്‍
പച്ചമുളക് – 10
ഉഴുന്ന് പരിപ്പ് – ഒരു ടേബിള്‍പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ഉലുവ – ഒരു ടീസ്പൂണ്‍
എള്ള് – 3 ടേബിള്‍ സ്പൂണ്‍
ശര്‍ക്കര – ഒരു കഷ്ണം
മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
നല്ലെണ്ണ – രണ്ട് ടീസ്പൂണ്‍
വാളന്‍പുളി – ചെറിയ ചെറുനാരങ്ങയുടെ വലുപ്പത്തില്‍

ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, ഉലുവ, ഉഴുന്ന് പരിപ്പ് എന്നിവ ഇടുക. കടുക് പൊട്ടിയതിന് ശേഷം പച്ചമുളക് കഴുകി ഇടുക. പച്ചമുളക് നല്ലപോലെ ആയതിന് ശേഷം പുളി പിഴിഞ്ഞ് ഒഴിക്കുക. നല്ലപോലെ തിളച്ച് വെന്തതിന് ശേഷം ശര്‍ക്കരയും എള്ള് വറുത്ത് പൊടിച്ചതും ചേര്‍ക്കുക. കറിവേപ്പിലയും ഇടാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. കറികളുടെ കൂടെ രണ്ടാംകറിയായി ഇത് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com