സ്വന്തം കൃഷി, നാടന്‍ രുചിക്കൂട്ടുകള്‍.. വൃന്ദാമ്മ പൊളിയാണ്..

സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങളാണ് 83 ാം വയസ്സിലും വൃന്ദാമ്മയുടെ രുചിക്കൂട്ടുകള്‍ക്ക് മിഴിവേകുന്നത്. വെണ്ടയ്ക്ക, ചീര, വഴുതന, കോളിഫ്ളവര്‍, കാബേജ്, പച്ചമുളക്, പയറ്, കുമ്പളങ്ങ, മുരിങ്ങക്കായ, കറിവേപ്പില തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം അമ്മയുടെ വീട്ടിലുണ്ട്. ടെറസിന്റെ മുകളില്‍ ഗ്രോബാഗ് കൃഷിയും വീടിന് ചുറ്റും ലഭ്യമായ സ്ഥലങ്ങളില്‍ മറ്റ് പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. അധികം വിളവെടുക്കുന്നവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. പച്ചക്കറികള്‍ പുറത്ത് നിന്നും വാങ്ങുന്നത് അപൂര്‍വ്വമാണ്. നാടന്‍ രീതിയില്‍ പഴയകാലത്ത് സുലഭമായിരുന്ന രുചിക്കൂട്ടുകളാണ് അമ്മയുടെ പാചകരീതി.

ഇന്ന് വൃന്ദാമ്മ പരിചയപ്പെടുത്തുന്നത് രസകാളനാണ്. കാളന് ഇന്നും കേരളത്തില്‍ എല്ലാ വീട്ടിലും തയ്യാറാക്കുന്നതാണ്. എന്നാല്‍ രസകാളന്‍ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമായിരിക്കില്ല. രസകാളന്‍ ഉണ്ടാക്കി നോക്കാം..
രസകാളന്‍

ആവശ്യമായ സാധനങ്ങള്‍
എളവന് (കുമ്പളങ്ങ) – അര കിലോ
തേങ്ങ 1 – ചേറുത് (അല്ലെങ്കില്‍ അര മുറി)
മുളക്പൊടി – മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
കടുക്
വറ്റല്‍മുളക്
കറിവേപ്പില
ഉലുവ
തൈര് – രണ്ട് കപ്പ്
ഉണ്ടാക്കുന്ന വിധം
കുമ്പളങ്ങ കഴുകി ചെറു കഷ്ണങ്ങളാക്കി അരിയുക. ഒരു പാത്രത്തിൽ കഷ്ണങ്ങൾ ഇട്ട് മഞ്ഞള്‍പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങ ചിരകിയ ശേഷം മുളക്പൊടിയും ജീരകവും ചേര്‍ത്ത് നന്നായി അരയ്ക്കുക. വെന്ത കഷ്ണങ്ങളിലേക്ക് ഈ അരവും രണ്ട് കപ്പ് തൈരും ചേര്‍ത്ത് തിളപ്പിക്കുക. തൈര് ഉടച്ച് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ലപോലെ തിളപ്പിച്ച ശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റല്‍മുളക്, വേപ്പില എന്നി താളിച്ച് കറിയിലേക്ക് ചേര്‍ക്കുക. രസകരമായ രസകാളന്‍ റെഡി.