ചീര മുളകൂഷ്യം കഴിച്ചിട്ടുണ്ടോ..? വായിക്കാം ഇന്നത്തെ വൃന്ദാമ്മ സ്പെഷ്യല്‍..

ചീര ഉപയോഗിച്ച് ഉപ്പേരി ഉണ്ടാക്കും. ചിലരൊക്കെ കറികളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതുവരെ ചീര മുളകൂഷ്യം ഉണ്ടാക്കിയിട്ടുണ്ടോ.? റവ കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ അറിയാമോ.? ഏത്തപ്പഴം സാലഡ് കഴിച്ചിട്ടുണ്ടോ.? ഇന്നത്തെ വൃന്ദാമ്മ സ്പെഷ്യല്‍ ഇതൊക്കെയാണ്..
ചീര മുളകൂഷ്യം
ആവശ്യമായ സാധനങ്ങള്‍
ചീര – ഒരു കെട്ട്
നാളികേരം – 1/4 മുറി
ജീരകം – ഒരു ടീസ്പൂണ്‍
ഉഴുന്മ്പരിപ്പ് – രണ്ട് ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
ചെറുപയര്‍പരിപ്പ് – 100 ഗ്രാം
വറ്റല്‍ മുളക് – 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചീര കഴുകി ചെറുതായി അരിയുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചെറുചൂടോട് കൂടി ചെറുപയര്‍ പരിപ്പ് ചൂടാക്കുക. ചൂടായ ശേഷം കുക്കറില്‍ വേവിക്കുക. മൂന്ന് വിസില്‍ വരുമ്പോഴേക്കും പരിപ്പ് വേവുന്നതാണ്. നാളികേരം ചിരവിയതും വറുത്തുവെച്ച ഉഴുന്നുപരിപ്പും മുളകും ജീരകവും ചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. കുക്കറില്‍ വേവിച്ച ചെറുപയര്പരിപ്പിലേക്ക് അരിഞ്ഞുവെച്ച ചീര ഇടുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇവ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അരയ്പ്പ് അതിലേക്ക് ഒഴിക്കുക. നല്ലപോലെ തിളച്ച് പാകമാകുമ്പോള്‍ വാങ്ങിവെക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. വേണമെങ്കില്‍ കടുകും അരിയും എണ്ണയില്‍ വറുത്ത് ചേര്‍ക്കാവുന്നതാണ്. ചീര മുളകൂഷ്യം റെഡി.
എത്തപ്പഴം സലാഡ്
ആവശ്യമായ സാധനങ്ങള്‍
ഏത്തപ്പഴം – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
കപ്പലണ്ടിപൊടി – 1 ടേബിള്‍ സ്പൂണ്‍
തൈര് – അര കപ്പ്
എണ്ണ – രണ്ട് ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പില്‍ വെച്ച് 2 ടീ സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ പച്ചമുളക് അരിഞ്ഞതും ഏത്തപ്പഴം അരിഞ്ഞതും ഇട്ട് വറുക്കുക. അതിന് ശേഷം കപ്പലണ്ടിപൊടി അതിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഇത് ആറിയതിന് ശേഷം തൈരും മല്ലി ഇല അരിഞ്ഞതും ചേര്‍ക്കുക. ഏത്തപ്പഴം സാലഡ് റെഡി.
റവകൊണ്ട് ഉണ്ണിയപ്പം
ആവശ്യമായ സാധനങ്ങള്‍
റവ – ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
പാല് (അല്ലെങ്കില്‍ തേങ്ങാപാല്‍) – ഒരു കപ്പ്
ഏലക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
റവയും പാലും പഞ്ചസാരയും മിക്സ് ചെയ്ത് അഞ്ച് മണിക്കൂര്‍ വെക്കുക. ശേഷം ഏലക്കാപൊടി ചേര്‍ക്കുക. ഉണ്ണിയപ്പം ഉണ്ടാക്കുന്ന അപ്പക്കരണ്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ ഓരോ കുഴിയിലും നെയ്യോ അല്ലെങ്കില്‍ ഓയിലോ ഒരു ടേബിള്‍ സ്പൂണ്‍ വീതം ഒഴിക്കുക. നെയ്യ് ചൂടായതിന് ശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മിക്സ് ചെയ്തുവെച്ച മാവ് ഒഴിച്ചുകൊടുക്കുക. ചെറിയ തീയില്‍ ഇവ വേവിക്കുക. സാധാരണ ഉണ്ണിയപ്പം പോലെ തന്നെ രണ്ട് ഭാഗവും മറിച്ചിട്ട് വേവിക്കാന്‍ ശ്രദ്ധിക്കണം. വെന്ത് കഴിയുമ്പോള്‍ വാങ്ങിയെടുക്കുക. ഓരോ പ്രാവശ്യവും ആദ്യ നെയ്യ് ഒഴിച്ചശേഷമേ മാവ് ഒഴിക്കാന്‍ പാടുള്ളു. ഉണ്ണിയപ്പം റെഡി.