ഇന്ന് ചായയ്ക്ക് മൈസൂര്‍പാവ് ആയാലോ..? വൃന്ദാമ്മ പറഞ്ഞുതരും രുചിക്കൂട്ടുകള്‍..

Sharing is caring!

വൃന്ദ ഉണ്ണി

ഇന്നത്തെ വൃന്ദാമ്മ സ്പെഷ്യല്‍ മൈസൂര്‍ പാവും (മൈസൂര്‍ പാക്ക്) പരിപ്പുവടയുമാണ്. പരിപ്പുവട സാധാരണ പരിപ്പുവടയല്ല. സ്പെഷ്യലാണ്. ഉണ്ടാക്കി നോക്കാം..

മൈസൂര്‍പാവ് (പാക്ക്)

ആവശ്യമായ സാധനങ്ങള്‍
കടല മാവ് – 1 കപ്പ്
പഞ്ചസാര – 3 കപ്പ്
നെയ്യ് – 3 കപ്പ്

തയ്യാറാക്കുന്ന വിധം
ഒരു കിണ്ണത്തില്‍ നെയ്യ് പുരട്ടി വെക്കുക. നല്ല കട്ടിയുള്ള ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക. അതിലേക്ക് പഞ്ചസാര ഇട്ടുകൊടുക്കുക. പഞ്ചസാര അലിഞ്ഞ ശേഷം അതില്‍ നിന്നും കുമിളകള്‍ വരും. തൊട്ടുനോക്കിയാല്‍ ഒട്ടുന്ന വിധത്തില്‍ പഞ്ചസാര അലിയണം. പകുതി നെയ്യ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാരയും നെയ്യും മിക്സായി വരുമ്പോള്‍ അതിലേക്ക് കടലമാവ് കുറെശ്ശെവീതം ഇട്ടുകൊണ്ടിരിക്കുക. അതിന് ശേഷം ബാക്കി നെയ്യും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം. നല്ലപോലെ ഇളക്കിയില്ലെങ്കില്‍ അടിക്കുപിടിക്കുവാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കണം. ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ പാത്രത്തില്‍ പിടിക്കാതെ ഉരുണ്ടപരുവത്തിലാവും. ഈ സമയത്ത് തീ കുറച്ചുവെക്കണം. ഉരുണ്ടുവന്ന ഉടനെ നെയ്യ് പുരട്ടിവെച്ച കിണ്ണത്തിലേക്ക് ഇത് ഒഴിക്കുക. ശേഷം സ്പൂണ് കൊണ്ടോ ചട്ടുകം കൊണ്ടോ ഇതിനെ സമനിരപ്പിലാക്കുക. ചൂടോട് കൂടി തന്നെ കത്തികൊണ്ട് മുറിച്ചുവെക്കുക. ചൂട് ആറിയതിന് ശേഷം പേപ്പറിലേക്ക് തട്ടിയിടുക. രുചിയേറും മൈസൂര്‍ പാവ് (പാക്ക്) റെഡി..

പരിപ്പുവട

ആവശ്യമായ സാധനങ്ങള്‍
പുഴുക്കലരി – രണ്ട് കപ്പ്
തുവര പരിപ്പ് – ഒരു കപ്പ്
കപ്പല്‍ മുളക് – നാല് എണ്ണം
നാളികേരം – ഒരു നാളികേരത്തിന്‍റെ ഭാഗം
കായപ്പൊടി – 1 ടീ സ്പൂണ്‍
കറിവേപ്പില കുറച്ച്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം അരിയും പരിപ്പും വെവ്വേറെ വെള്ളത്തിലിട്ട് വെക്കുക. അരി മൂന്ന് മണിക്കൂറും പരിപ്പ് ഒരു മണിക്കൂറും കുതിര്‍ക്കണം. ശേഷം അരി മിക്സിയില്‍ അരയ്ക്കുക. അരച്ച് പകുതിയായ ശേഷം പരിപ്പ്, മുളക്, കായം, തേങ്ങ, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും അരയ്ക്കുക. ആദ്യം അരി മാത്രം അരയ്ക്കുമ്പോള്‍ കുറച്ച് വെള്ളം ചേര്‍ക്കാവുന്നതാണ്. ശേഷം വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കാന്‍. റവ പാകത്തില്‍ അരച്ചാല്‍ മതിയാകും. ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. കൈകൊണ്ട് പരിപ്പുവട പാകത്തില്‍ അരപ്പ് ആക്കിയ ശേഷം എണ്ണയിലിട്ട് വേവിച്ചെടുക്കുക. പരിപ്പുവട റെഡി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com