വയലട, ഇപ്പോഴും മന്ത്രിക്കുന്ന മലനിരകള്‍
മലനിരകള്‍ ഭൂമിയെ ചുംബിക്കുന്നുണ്ട്..നിഗൂഢമായ എന്തൊക്കെയോ..ഒളിപ്പിച്ചു വെച്ച കാട്..നിശബ്ദതയുടെ സംഗീതം….തണുത്ത കാറ്റ്..ആകാശം കൈയെത്തും ദൂരത്ത്…വിശേഷണങ്ങള്‍ തീരില്ല…അത്രയ്ക്ക് സുന്ദരിയാണ് വയലട….
രഞ്ജിമ കെ ആര്
മീശപ്പുലിമലയിലെ മഞ്ഞും മലബാറിന്റെ ഗവിയായ വയലടയുമാണ് ഇപ്പോഴത്തെ ടൂറിസ്റ്റ് ട്രെന്റ്. വായിച്ചറിഞ്ഞ വയലടയുടെ ഭംഗി കാണാനാണ് ബാലുശ്ശേരിയിലേക്ക് യാത്ര തിരിച്ചത്.വയലട സുന്ദരിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ യാത്ര തിരിച്ചിറങ്ങിയപ്പോള്‍ ആ സൗന്ദര്യത്തോടു ചോദിക്കാന്‍ ഒരു ചോദ്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ”എവിടെയായിരുന്നു ഇത്രയും കാലം..?”
വിനോദസഞ്ചാരത്തിന് ഇത്രയേറെ പ്രാധാന്യം നല്കുന്ന കേരളം വയലടയെ അവഗണിക്കുകയാണോ അതോ കാണാതെ പോവുകയാണോ എന്ന സംശയവും പേറിയാണ് വയലടയില്‍ നിന്ന് തിരിച്ചെത്തിയത്.
വയലടയിലേക്കുളള വഴി വളരെ ദുര്‍ഘടമാണ്. സര്‍ക്കസ് പഠിച്ചാല്‍ എളുപ്പംലക്ഷ്യത്തിലെക്കെത്താകുന്ന ഒരിടം . കുത്തനെയുള്ള കയറ്റങ്ങളിലൂടെയൊക്കെയാണ് യാത്ര.. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വയലട കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ക്ക് രൂപംകൊടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കി തുടങ്ങിയിട്ടില്ല..

ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്രയില്‍ മലകളുടെ പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാം. വെള്ളച്ചാട്ടങ്ങളും യാത്രക്ക് കുളിര് നല്‍കും. വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.
പാറക്കെട്ടുകളും പക്ഷികളും തണുത്ത കാറ്റും… വയലട വായിച്ചതിനേക്കാള്‍ മനോഹരമാണ്.. പരസ്പരമുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ പോലും കേരളത്തിന് ഇന്ന്അന്യമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വയലട നഷ്ടപ്പെടുന്ന നന്മകളുടെയൊക്കെ ഓര്‍മപ്പെടുത്തലാണ്.
മഴക്കാലത്ത് നിരവധി നീര്‍ച്ചാലുകള്‍ കാണാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രകൃതിയുടെ വശ്യമനോഹാരിത ഇഷ്ടപ്പെടുന്നവരെ വയലട ഒരിക്കലും നിരാശരാക്കില്ല എന്നതുറപ്പാണ്. പക്ഷികളുടെ ഗീതമാണ് വയലടയുടെ ശബ്ദം.. മഞ്ഞുകണങ്ങളാണ് വയലടയുടെ മുഖം.. പ്രകൃതിയുടെ പച്ചപരവതാനിയാണ് വയലടയുടെ സൗന്ദര്യം. പ്രകൃതിയിലേക്ക് മനുഷ്യന് മടങ്ങിപോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.സഞ്ചാരികളേ വരൂ ഈ വയലടയെ ഒന്ന് മെല്ലെ തൊട്ട് നോക്കൂ..

നിങ്ങള്‍ കാണാനിഷ്ടപ്പെടുന്നതൊക്കെയും ഇവിടെയുണ്ട് . യാത്ര തുടങ്ങുമ്പോള്‍ തന്നെ മലമുകളിലുള്ള പുല്‍മേടുകള്‍ കാണാം. ആശിക്കുന്നതൊക്കെയും ആകാശകാഴ്ചപോലെയെന്ന കാഴ്ചയാണ് വയലടയിലേക്കുള്ള വഴികള്‍ സമ്മാനിക്കുക. താഴെ നിന്നുള്ള പുല്‍മേടിന്റെ കാഴ്ചകള്‍ പോലും അത്രയും മനോഹരമാണ്
കോഴിക്കോടന്‍ ഗവി എന്നറിയപ്പെടുന്ന വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. നഗരത്തിന്റെ മടുപ്പില്‍ നിന്നും പ്രകൃതിയിലേക്കുള്ള തിരക്കാണ് വയലട. വന്നവര്‍ വീണ്ടും വീണ്ടും വയലടയിലേക്ക് വരുന്നു, എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വചിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തേയില, റബ്ബര്‍ കൃഷികളുമുണ്ട്.

യാത്രകള്‍ ഒരു സ്വപ്നത്തില്‍ നിന്ന് മറ്റൊരു സ്വപ്നത്തിലേക്കുള്ള ദൂരമാണ്. തിരിച്ചറിവിലേക്കുള്ള യാത്ര. മനസ്സിനെ തണുപ്പിക്കാന്‍ വയലടയുടെ കോടമഞ്ഞിനു കഴിയും… യാത്ര കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ബാക്കിയായത് ഒരു പിടി നല്ല ഓര്‍മകളാണ്..
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വയലട ഒരുക്കി വെച്ചത് വിസ്മയങ്ങളുടെ അപൂര്‍വ്വ സൗന്ദര്യമാണ്. ഈ മലയോരം കാത്തിരിക്കുന്നു… കൈയെത്തും ദൂരത്തെ അകാശകാഴ്ചയിലേക്ക്. ഭൂമിയിലെ എല്ലാ സൗന്ദര്യത്തിന്റെയും സമന്വയം.. കല്ലുകള്‍ പോലും കഥ പറയുന്ന വഴികള്‍. മഞ്ഞുകണങ്ങള്‍ നൃത്തം ചെയ്യുന്ന മലയോരം..

‘പാവമാമീ വൃക്ഷത്തിന് വേരുകള്‍ പരതിച്ചെന്നാ
വിശുദ്ധമാം ശോണ തീര്‍ഥത്തെ സ്പര്‍ശിക്കുമ്പോള്‍
ചില്ലകള്‍ തോറും ഉഷസ്സന്ധ്യ പോല്‍ വിടരുന്നു
നല്ല പൂവുകള്‍! ഞാനാ പൂക്കളെ സ്നേഹിക്കുന്നു..’
കവിതകള്‍ക്ക് ജീവനുണ്ട്.. ഒ.എന്‍.വി.പ്രകൃതിയെ കുറിച്ചാണെഴുതിയത്…പൂക്കളും കാറ്റും…….നഷ്ടപ്പെടുകയാണു നമുക്കീ പച്ചപ്പിന് കൊട്ടാരം…യാത്രകള്‍ തിരിച്ചറിവിന്റെതു കൂടിയാവട്ടെ…ശരിയാണ് ഈ..വയലട മലമുകളിലൊരു സ്വപ്നക്കൂടുണ്ട്..കാലമൊളിപ്പിച്ചു വച്ച പച്ച കവിതയാണീ വയലട.
ഫോട്ടോ : വിഘ്നേഷ് ടി കെ