യൂണിഫോം സിവില്‍ കോഡ് വീണ്ടും അരങ്ങിലെത്തുമ്പോള്‍ …?
ഒരിടവേളയ്ക്ക് ശേഷം യൂണിഫോം സിവില്‍ കോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് , ഈയിടെ നടന്ന ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനിലെ വിടുതലിനായുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം അവിടെയുള്ളവര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് യൂറോപ്യന്‍ യൂണിയന് (EU) എന്ത് ? എന്നതായിരുന്നു ,ഒരു കണക്കിന് യൂണിഫോം സിവില്‍ കോഡിനായി വാദിക്കുന്നവരുടെയും സ്ഥിതി ഇതുതന്നെയാണ് , അതിനാല്‍ എന്താണ് യൂണിഫോം സിവില്‍ കോഡ് എന്നത് വ്യക്തമായി ഓരോരുത്തരും മനസിലാക്കേണ്ടിയിരിക്കുന്നു.
ആദ്യമായി മനസിലാക്കേണ്ടത് ഇന്ന് ഈ വിഷയം ചര്‍ച്ചയ്ക്ക് വരാന്‍ കാരണം ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ 2014 ലെ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് യൂണിഫോം സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാക്കും എന്നുള്ളത് , അതുകൊണ്ട് തന്നെ എഴുപത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതകള്‍ തുറന്ന് കിടക്കുകയാണ് .
എന്താണ് യൂണിഫോം സിവില്‍ കോഡ് ?
രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ ബാധകമാവുന്ന ഒരുകൂട്ടം നിയമങ്ങളാണ് യൂണിഫോംസിവില് കോഡ് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നതെന്ന് വളരെ ലളിതമായി പറയാം .അവനവന്റെ മതങ്ങള്ക്കനുസരിച്ചുള്ള വ്യക്തിഗത നിയമങ്ങളാണ് ഇതുവരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്, ഇതില്‍ വിവാഹം , പിന്തുടര്ച്ചാവകാശം , ദത്തെടുക്കല്‍ ,വിവാഹം വേര്‍പിരിയല്‍ എന്നിവയെല്ലാം മതവിശ്വാസങ്ങള്ക്കനുസരിച്ചാണ് നിലനിന്നു പോന്നിട്ടുള്ളത് , എന്നാല്‍ യൂണിഫോം സിവില്‍ കോഡ് നിലവില്‍ വരുന്നതോടെ ഈ നിയമങ്ങളെല്ലാം എല്ലാ വ്യക്തികള്‍ക്കും മതങ്ങള്‍ക്കതീതമായി ഒന്നായി മാറും .ഭരണ ഘടന ഉണ്ടാക്കിയ കാലം തൊട്ടു അതിനോടൊപ്പമുള്ള നിര്‍ദേശക തത്ത്വ ങ്ങളില്‍ പ്രധാനമായുള്ളതാണ് ഈ നിയമങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശം .എന്നാല്‍ കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായി ഇതിനെപറ്റി ചര്‍ച്ചകള്‍ മാത്രം നടക്കുന്നു .
എന്തുകൊണ്ട് നടപ്പാക്കാന്‍ വൈകുന്നു ?
ഇന്ത്യയെന്ന രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംഹിത നനാവിധങ്ങളായ മതവിശ്വാസങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് നിലനിന്ന് പോരുന്നത് , ആരുടെയും മതപരമായ ആചാരങ്ങളിലോ വിശ്വാസങ്ങളിലോ അത് ഇടപെടുന്നില്ല , എന്നാല്‍ ഇന്നത്തെ ബിജെപിയുടെ പ്രാഗ് രൂപമായിരുന്ന ജനസന്ഘം ആണ് ഇതിനെതിരായി ആദ്യമായി എല്ലാവര്ക്കും ബാധകമായ ഒരു പൊതു നിയമവ്യവസ്ഥയെ കുറിച്ച് ആദ്യമായി വാദമുയര്ത്തിവിടുന്നത് , ഇതിനു കാരണം ഇവരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നെഹ്റു ഹിന്ദു വ്യക്തിഗത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയതെന്നത് അവര്‍ വാദിക്കുന്നു .അതുകൊണ്ട് അതിനുപരിയായി എല്ലാവര്ക്കും ബാധകമായ ഒരു സിവില്‍ കോഡ് വേണമെന്നും വാദം ആരംഭിച്ചു. എന്നാല്‍ മറ്റു മതങ്ങളുടെ വിശ്വാസങ്ങള്‍ ഇവരുടെ ” ഈ പൊതു “വാദങ്ങള്‍ക്ക് അനുസൃതമാല്ലായ്കയാല് ആരംഭകാലം തൊട്ടുതന്നെ എതിര്‍പ്പും ആരംഭിച്ചു .
എവിടെയെങ്കിലും ഇത് നടപ്പായിട്ടുണ്ടോ ?
ഉണ്ട് , ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നായ ഗോവയില്‍ യൂണിഫോം സിവില്‍ കോഡ് ആണ് പിന്തുടരുന്നത് .
എന്തിനു വേണ്ടിയാണ് ചില രാഷ്ട്രീയ പാര്‍ടികള്‍ യൂണിഫോം സിവില്‍ കോഡിനായി മുറവിളി കൂട്ടുന്നത് ?
ആദര്‍ശങ്ങള്‍ക്കു വേണ്ടി യൂണിഫോം സിവില്‍ കോഡിനായി മുറവിളി കൂട്ടുന്നുവെന്നു തോന്നുമെങ്കിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഈ വിഷയത്തിലും ഓരോരുത്തര്‍ക്കുമുണ്ട് , ഇത് ഏറ്റവും പ്രകടമായി ചര്‍ച്ചയില്‍ വരുന്നത് 1985 ല്‍ നടന്ന ഷബാനു കേസില്‍ ആണ് , ഇന്‍ഡോറില്‍ നിന്നുള്ള ഷബാനു എന്ന അമ്മയായ യുവതിക്ക് വിവാഹ ബന്ധം വേര്പെടുതിയത്തിനു ശേഷം ഭര്‍ത്താവ് ജീവനാംശം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ന് നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിഗത നിയമത്തിനെതിരായി കേസ് ഫയല്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ ശബാനുവിന്റെ ആവശ്യം പരിഗണിച്ചു കൊണ്ട് ജീവനാംശം നല്കാന് കോടതിവിധി വന്നു. നമ്മുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത് വഴി ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
കൂടാതെ ഈ വിഷയത്തില്‍ നടന്ന ഒരു സുപ്രധാന കേസാണ് 1999 ല്‍ നടന്ന ഗീത ഹരിഹരന് -റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേസ് , ഇത് പ്രകാരം 1956 ലെ ഹിന്ദു കുട്ടികളുടെ സംരക്ഷണാവകാശ നിയമപ്രകാരം സംരക്ഷണാവകാശം അതുവരെ അച്ഛനായിരുന്നു എന്നാല്‍ ഈ കേസോടെ അത് അമ്മയ്ക്കായി തീരുമാനിക്കപ്പെട്ടു.
ഇത്തരത്തില്‍ രാഷ്ട്രീയക്കാരുടെതിനേക്കാള് വിഷയത്തില്‍ ആവശ്യമുന്നയിച്ചു മുന്നോട്ടു വന്നിട്ടുള്ളത് സാധാരണക്കാരാണ് , അതും അവരുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി അവരൊന്നും യൂണിഫോം സിവില്‍ കോഡിന് വേണ്ടിയല്ല വാദിച്ചത് മറിച്ചു നീതിക്ക് വേണ്ടിയായിരുന്നു ഇതെല്ലാം കരുവാക്കി മുന്നില്‍ വച്ച് രാഷ്ട്രീയക്കാര്‍ വിവാദങ്ങള്‍ കെട്ടഴിച്ചു വിടുന്നു എന്നതാണ് പച്ചയായ സത്യം.
ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡ് ആവശ്യമോ ?
മതവിശ്വാസങ്ങള്‍ മാറ്റി നിര്‍ത്തിയാലും സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന അക്രമങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരുടെ കാലങ്ങളായുള്ള ആവശ്യമാണ് വ്യക്തിഗത നിയമങ്ങളില്‍ ഇന്നത്തെതിലും മെച്ചപ്പെട്ട പരിഗണന നിയമാനുസൃതമായി സ്ത്രീകള്‍ക്ക് നല്‍കണം എന്നത് , അതിനൊരു പരിഹാരം കൂടിയാണ് ഈ പൊതുനിയമം , കൂടാതെ മതവിശ്വാസികള്‍ അല്ലാത്തവരെയും ഭിന്നലിംഗക്കാരെയും എല്ലാം ഉള്‍പ്പെടുത്തിയാകണം വ്യക്തിഗത നിയമങ്ങള്‍ ഒരു രാജ്യത്ത് നിലനില്‍ക്കേണ്ടത് എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് അങ്ങനെയല്ല , അതിനും ഉത്തരം യൂണിയന് സിവില്‍ കോഡ് നല്കുന്നു എന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഇത്തരത്തില്‍ എല്ലാ വശങ്ങളെയും മാനിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.