അസഭ്യം പറഞ്ഞവനെതിരെ പരസ്യമായി പ്രതികരിച്ച് ഗായിക സിതാര
എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി, ആ മനുഷ്യൻ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !!
സ്ത്രീസമൂഹത്തില്‍ മാതൃകാപരമായ സമീപനങ്ങള്‍ കണ്ട് വരുന്ന കാലഘട്ടമാണിത്. പ്രതികരിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞ് മുഖ്യഥാരയിലേക്ക് വരുന്ന നല്ല നാളുകള്‍ ഇങ്ങെത്തിക്കഴിഞ്ഞു. അതിന് നേതൃത്വം നല്‍കുന്നത് നമ്മുടെ കലാ-സാംസ്കാരിക രംഗത്തുള്ളവരെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതാണ്. സ്ത്രീകളോട് അസഭ്യം പറഞ്ഞ് ആളാകുന്നവര്‍ നിരവധിയാണ്. ഉത്സവങ്ങളിലെ വേദികളില്‍ ആണെങ്കില്‍ മദ്യപിച്ചവരായിരിക്കും ഈ ആഭാസം കാണിക്കുക. മദ്യപിച്ചവരല്ലെ എന്ന് പറഞ്ഞ് മിണ്ടാതിരിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ പാടിക്കൊണ്ടിരിക്കുന്ന എന്നെ നോക്കി ഏറെ നേരം അസഭ്യം ചൊരിഞ്ഞ മാന്യനായ മദ്യപനെ വേദിയില്‍ വെച്ച് തന്നെ ഗായിക സിതാര ശകാരിച്ചു. മദ്യപാനം എന്നാല്‍ ആര്‍ക്കും ആരെയും അസഭ്യം പറയാനുള്ള ലൈസന്‍സായി സമൂഹം കല്പിച്ചുകൊടുക്കരുതെന്ന ശക്തമായ സന്ദേശം സിതാര പകര്‍ന്നു നല്‍കുകയാണ്.
സംഭവത്തെ കുറിച്ച് സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
ഇന്നിതാ തൃശ്ശൂര്‍ dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ !! ഞാനും എൻറെ കൂട്ടുകാരും അവിടെ പാടി ! പൂർണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകൾ , കരുതലോടെ പെരുമാറിയ സംഘാടകർ എല്ലാവർക്കും ഒരു കുന്ന് സ്നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യൻ മുൻ വരികളിൽ ഒന്നിൽ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് !!പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങൾ സ്ത്രീകളെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികൾ , ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഇരിക്കെയാണ് സധെെര്യം ഒരാൾ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യൻ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് !! ഞാൻ പറഞ്ഞ വാക്കുകളിൽ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാർ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം !! കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവൻ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം ! ആ മനുഷ്യൻറെ ധാർഷ്ട്യത്തൊട് മാത്രമാണ് എൻറെ കലഹം ! ഇത്തരം ആളുകൾ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവിൽ ആളുകൾ ഉപദേശവും തരുന്നു -” സ്റ്റേജിൽ നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ !!” സഹജീവികളോട് വ്യത്തികേട് പ്രവർത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കെെമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു !