ഗണദേവതയുടെ കാൽപാടുകൾ…

നീണ്ടു നീണ്ടുപോകുന്ന വഴികള്‍. കണ്ണെത്താത്ത നെല്‍പ്പാടങ്ങള്‍ ചക്രവാളത്തെ ചുംബിക്കുന്നു. വംഗനാടിന്റെ വീരഭൂമിയാണിത്; ബീര്‍ഭും… എട്ട് വർഷം മുൻപ് ബംഗാളിലെ അശാന്തമായ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയെക്കുറിച്ച് വി ജയിൻ എഴുതുന്നു..
ടാഗോറിന്റെ ശാന്തിനികേതനില്‍ നിന്ന് താരാശങ്കറിന്റെ ലാഭ് പൂരിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. ശാന്തിനികേതന്‍ മാത്രമല്ല, അതിന്റെ പരിസരങ്ങളും അതുള്‍ക്കൊള്ളുന്ന ബീര്‍ഭും ജില്ലയാകെയും ശാന്തമാണ്. പശ്ചിമ മേദിനിപ്പൂര്‍, പുരൂളിയ, ബാങ്കുറ എന്നീ മാവോയിസ്റ്റ് ബാധിത തെക്കുപടിഞ്ഞാറന്‍ ജില്ലകള്‍ക്ക് വടക്ക് ബര്‍ദ്ധമാന്‍. അതിനും വടക്കാണ് ബീര്‍ഭും.
പശ്ചിമബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെ കെടാതെ കാക്കുന്ന വീരഭൂമിയാണിത്. കലയും സാഹിത്യവും കാര്‍ഷികസംസ്കാരവും അലിഞ്ഞുചേര്‍ന്ന മണ്ണ്. പുല്ലുമേഞ്ഞ വീടുകള്‍. സജീവമായ കൃഷിയിടങ്ങള്‍. ചാണകവറളി പതിപ്പിച്ച ചുമരുകള്‍. എല്ലായിടവും നിശബ്ബ്ദമായ സംഗീതം വ്യാപിച്ചതുപോലെ.

താരാശങ്കര്‍ ബാനര്‍ജിയുടെ കഥാലോകത്തെ ദീപ്തമാക്കിയ ലാഭ് പൂര്. ജീവന്‍മശായ് ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ നടന്നുതീര്‍ത്ത വഴികളാണിവ. ഗണദേവത അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞ മണ്ണ്. ലാഭ് പൂര് ടൗണില്‍ തന്നെയാണ് താരാശങ്കറിന്റെ വീട്. പകലുറങ്ങുന്ന ഒരു ഇടുങ്ങിയ തെരുവിലൂടെ താരാശങ്കറിന്റെ വീടിനു മുന്നിലെത്തി. സംരക്ഷിത സ്മാരകമായ ആ വീട് പൂട്ടിയിട്ടിരിക്കുന്നു. താരാശങ്കര്‍ പിറന്ന വീടുണ്ട് തൊട്ടടുത്ത്.
താരാശങ്കറിന്റെ സഹോദരന് പാര്വതിശങ്കറിന്റെ മകന് ബാസുദേവ് ബാനര്‍ജി സ്വീകരിക്കാനെത്തി. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. താരാശങ്കര്‍ ജനിച്ച വീടിന് ഇരുനൂറിലധികം വര്‍ഷത്തെ പഴക്കമുണ്ട്. ആ മുറിയില്‍ താരാശങ്കറിന്റെ ചിത്രത്തിനു മുന്നില്‍ വിളക്ക് കത്തുന്നു. ചുവരുകളില്‍ താരാശങ്കറിന്റെ കുടുംബ, സാഹിത്യ ജീവിതങ്ങളുടെ ഏടുകള്‍. ദേശീയപ്രസ്ഥാനത്തിലൂടെ സാഹിത്യലോകത്തെത്തിയ താരാശങ്കര്‍ മരിക്കുംവരെ സാമൂഹ്യചലനങ്ങളെ സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നുവെന്ന് ബാസുദേവ് ബാനര്‍ജി ഓര്‍മ്മിച്ചു. 1952ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും 1960ല്‍ രാജ്യസഭയിലേക്കും താരാശങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.
അന്ധകാരത്തിലും ഭീതിയിലും ആഴ്ന്നുപോയിരുന്ന ഒരു ജനതയെ സംഘടിതശക്തിയുടെ അത്ഭുതലോകത്തേക്ക് ഉയർത്തിയതിന്റെ കഥ പറയുന്ന ‘ഗണദേവത’ ലാഭ് പൂരിലെയും പരിസരത്തെയും ജനജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്. വീടിനടുത്തുള്ള ചണ്ഡീമണ്ഡപം കണ്ടപ്പോള്‍ത്തന്നെ ‘ഗണദേവത’യിലെ നാട്ടുക്കൂട്ടത്തെ ഓര്‍മ്മിച്ചു. ചണ്ഡീമണ്ഡപം ഇന്നും നിശ്ചലം നിന്ന് കഥപറയുന്നു. മുന്നൂറ് വര്‍ഷം പഴക്കമുള്ളതാണ് ചണ്ഡീമണ്ഡപമെന്ന് ബാസുദേവ് ബാനര്‍ജി പറഞ്ഞു. ദേവുവും ജഗന് ഡോക്ടറും ശ്രീഹരിയും അനിരുദ്ധനും യതീനും രാംഗാ മുത്തശ്ശിയും ദുര്‍ഗ്ഗയുമെല്ലാം അവിടെയുണ്ടെന്ന് തോന്നി. സമീപത്തെ വീട്ടില്‍ നിന്ന് നേരിയ ശബ്ദത്തില്‍ രവീന്ദ്രസംഗീത പാഠങ്ങള്‍.

ഇനി ഒരു ബാവുല്‍ ഗായകനെ കാണണം. ശാന്തിനികേതനില്‍ ഉണ്ടായിരുന്നപ്പോള്‍ ബാവുല്‍ഗായകരുടെ സംഘത്തിനൊപ്പം ഒരു മണിക്കൂര്‍ ചെലവഴിച്ചിട്ടും തൃപ്തിയായില്ല. ശാന്തിനികേതന്‍ സന്ദര്‍ശിക്കുന്നവരുടെ ആധുനിക അഭിരുചികളെ തൃപ്തിപ്പെടുത്തി ശീലിച്ചുപോയ ആ ബാവുല്‍ ഗായകന് ബംഗാളിന്റെ ബാവുല്‍ സംഗീതപാരമ്പര്യത്തിന്റെ കാവല്‍ക്കാരനാണെന്നും തോന്നിയില്ല. ടാക്സി ഡ്രൈവര്‍ കേട്ടപാടെ നിഷേധിച്ചു. ലാഭ് പൂരില്‍ ബാവുല്‍ ഗായകരൊന്നുമില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇവിടെ ബാവുല്ഗായകരുണ്ടെന്ന കാര്യം അറിയാമെന്നും അന്വേഷിക്കാമെന്നും പറഞ്ഞപ്പോള്‍ ടാക്സിഡ്രൈവര്‍ പിന്‍വാങ്ങി. ലാഭ് പൂര് ടൗണിന്റെ അതിര്‍ത്തിയിലുള്ള ഒരു കവലയിലിറങ്ങി അന്വേഷിച്ചു. അന്വേഷണം ഒടുവില്‍ ഒരു ബാവുല്ഗായകന്റെ ബന്ധുവിലെത്തി. ചായക്കടക്കാരനായ അയാള്‍ ബാവുല്ഗായകനോട് ഫോണില്‍ സംസാരിച്ച് സന്ദര്‍ശനക്കാര്യം ഉറപ്പിച്ചു.
ലാഭ് പൂരിന്റെ സമീപത്തുള്ള ധന്ഡാംഗ ഗ്രാമം. പുല്മേഞ്ഞ വീടുകളുടെ കൂട്ടങ്ങള്‍. കാര്‍ത്തിക് ദാസ് ബാവുല്‍ വഴിയില്‍ കാത്തുനില്ക്കുന്നു. ചാണകവറളികളുണ്ടാക്കുന്ന സ്ത്രീകള്‍ തലയുയര്‍ത്തി നോക്കി. എല്ലാം കര്‍ഷകഭവനങ്ങള്‍. കാര്‍ത്തിക് ദാസ് ബാവുലും കര്ഷകന് തന്നെ. ബാവുല്‍ സംഗീതം കൊണ്ട് മാത്രം വയര്‍ നിറയില്ല. മക്കളും പേരക്കുട്ടികളുമുള്ള ഈ അറുപതുകാരന് ആകാശവാണിയുടെ എ ഗ്രേഡ് കലാകാരനാണ്.
സംഗീതോപകരണങ്ങള്‍ സൂക്ഷിക്കാനും സന്ദര്‍ശകരെ സ്വീകരിക്കാനും പ്രത്യേകം സ്ഥലമുണ്ട്. അതും ഒരു കുടില്‍ തന്നെ. കാര്‍ത്തിക് ദാസിന്റെ പുത്രവധു പഞ്ചസാര കലക്കിയ വെള്ളം തന്ന് ഞങ്ങളുടെ ദാഹമകറ്റി. ഞങ്ങളേക്കാള്‍ ആവേശത്തോടെ കാര്‍ത്തിക് ദാസ് ഏക്താരയും ദോതാരയുമെടുത്ത് തയ്യാറായി. എത്ര വേണമെങ്കിലും പാടാന്‍ തയ്യാറാണെന്ന് അദ്ദേഹം തുടങ്ങി. ഏക്താരയുടെ നാദം ബംഗാളിന്റെ ഗ്രാമീണപശ്ചാത്തലമൊരുക്കി.
ബംഗാള്‍ ഗ്രാമീണജനതയുടെ വിലാപവും ആര്‍ദ്രതയും ആറ്റിക്കുറുക്കിയ ഹൃദയഭേദകവും ചൈതന്യധന്യവുമായ അതിമനോഹര ശാരീരത്തില്‍ കാര്‍ത്തിക് ദാസ് പാടിത്തുടങ്ങി.
ഗ്രാമീണജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ബാവുല്‍ഗായകര്‍ കാവ്യവല്‍ക്കരിക്കുകയും സംഗീതവല്ക്കരിക്കുകയും ചെയ്യുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തുതുടങ്ങിയ ഈ സംഗീതപാരമ്പര്യത്തിന്റെ ആത്മസാക്ഷാത്കാരം സ്നേഹവും സമാധാനവുമാണ്. ഒന്നര മണിക്കൂറോളം പാടിക്കഴിഞ്ഞപ്പോള്‍ കാര്‍ത്തിക് ദാസ് ബാവുല്‍ വേഷമണിഞ്ഞ് പാടാമെന്നായി. കുങ്കുമവും മഞ്ഞയും നിറമുള്ള വേഷമണിഞ്ഞ് ഏക്താരയും ദോതാരയുമെടുത്ത് കുടുംബക്ഷേത്രത്തിനു മുന്നിലെത്തി രണ്ട് പാട്ടുകള്‍ കൂടി പാടി.

കാര്‍ത്തിക് ദാസ് ഫ്രാന്‍സിലും പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും തന്റെ ബാവുല്‍ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. എന്നാലും ബാവുല്സംഗീതത്തിന്റെ വിപണിസാധ്യതകളെ പ്രയോജനപ്പെടുത്താനായി നഗരങ്ങളിലേക്ക് കുടിയേറിയില്ല. ഇപ്പോഴും ഈ പാവപ്പെട്ട ധന്ഡാംഗ ഗ്രാമത്തെ സ്നേഹിച്ച് അവിടെത്തന്നെ കഴിയുന്നു.
ഊണ് കാലമായെന്ന് കാര്‍ത്തിക് ദാസിന്റെ പുത്രവധു വന്ന് അറിയിച്ചു. ചോറും പരിപ്പും വഴുതനങ്ങ പൊരിച്ചതും മധുരമുള്ള അമ്പഴങ്ങ ചട്നിയും കൂട്ടി രുചികരമായ നാടന്‍ ഭക്ഷണം. യാത്രപറയുമ്പോഴും കാര്‍ത്തിക് ദാസ് പാട്ടിനെക്കുറിച്ചാണ് സംസാരം. ഹിന്ദുസ്ഥാനിയിലെ ചില രാഗങ്ങള്‍ മൂളി. ഇനിയും കാണാമെന്ന് ആശംസിച്ച് അവിടെനിന്ന് പുറപ്പെടുമ്പോള്‍ നഷ്ടബോധം കനത്തുവന്നു.
ലാഭ് പൂരില്‍ നിന്ന് അഹമ്മദ് പൂരിലേക്കുള്ള യാത്ര നെല്പ്പാടങ്ങള്ക്കിടയിലൂടെ ഒരു തീര്‍ഥയാത്രയായിരുന്നു. മനസ്സിനും കണ്ണിനും അത് എന്ത് കുളിര്‍മയാണ് പകര്‍ന്നതെന്ന് പറയാനാകുന്നില്ല. ഒരേക്കറിലധികം വിസ്തൃതിയുള്ള പാടങ്ങള്‍ കുറവാണ്. പശ്ചിമബംഗാള്‍ നെല്ലുല്‍പ്പാദനത്തില്‍ മുന്നിലെത്തിയതിന് ജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ട്. ഭൂരഹിതരായ കര്‍ഷകര്‍ക്കെല്ലാം ഭൂമി കിട്ടി. സ്വന്തം ഭൂമിയില്‍ കൃഷിചെയ്യുന്നതിന്റെ ഉത്സാഹമുണ്ട് എല്ലായിടത്തും.
ചൗഹാത്തക്കടുത്ത് മനോഹരമായ കാവും കുളവും ഞങ്ങളെ പിടിച്ചുനിര്‍ത്തി. സ്ഫടികതുല്യമായ കുളം. തൊട്ടടുത്ത് പടര്‍ന്നുപന്തലിച്ച ആല്മരത്തിന് ചേര്‍ന്നുനില്‍ക്കുന്ന കാവ്. ജൈവവൈവിധ്യത്തിന്റെ ഉറവിടം. കുളത്തിനക്കരെ ശാന്തരായി വിശ്രമിക്കുന്ന കുരങ്ങിന്‍കൂട്ടം. അതിനുമപ്പുറത്ത് പരന്നുപരന്നുപോകുന്ന നെല്‍പ്പാടങ്ങള്‍.

വലിയൊരു കുട നിവര്‍ത്തിയപോലെ വലിയൊരു ഒറ്റാലുമായി ഒരു സ്ത്രീ. മീന്‍ പിടിക്കാനുള്ള വരവാണ്. വിഭൂതിഭൂഷന്റെ കഥാലോകത്തുനിന്ന് ഇറങ്ങിവന്നപോലെ. കുളത്തിലിറങ്ങി നിശ്ശബ്ദമായി നാലഞ്ചുവട്ടം ഒറ്റാലുകൊണ്ട് മീന്‍പിടിച്ചു. കയറിയപ്പോള്‍ ഒരു ഫോട്ടോയ്ക്കും നിന്നു. അത്യപൂര്‍വമായ ഒരു ഗ്രാമ്യചിത്രം. ഒറ്റാലില് നിന്ന് ചെറിയ കൂടയിലേക്കിട്ട മീനുകള്‍ നോക്കി. മിനുമിനുങ്ങുന്ന ചെറുമീനുകള്‍. വംഗഗ്രാമങ്ങളെ സംരക്ഷിക്കുന്ന ഗണദേവത ഇതുതന്നെയാണെന്ന് തോന്നി. താരാശങ്കര്‍ ബന്ദ്യോപാധ്യായയുടെ ഗണദേവത.
NB : താരാശങ്കർ ബന്ദോപാധ്യായ എഴുതിയ പ്രസിദ്ധ ബംഗാളി നോവലാണ് 1967 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗണദേവത. `ചണ്ഡീമണ്ഡപം` എന്ന ഗ്രാമത്തെ കേന്ദ്രമാക്കിയാണ് ഗണദേവത ആരംഭിക്കുന്നത്. ഗ്രാമീണ സംസ്കാരം സെമീന്ദാർമാരുടെ ചൂഷണം കൊണ്ട് നശിക്കുന്നതും ജനസേവകർ വൈദേശിക ഭരണവും മുതലാളിത്ത സംസ്ക്കാരവും സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ പെട്ട് തകർന്നടിയുന്നതും ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നു. മലയാളമുൾപ്പെടെ പല ഭാരതീയ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.