മധു, ഗൃഹലക്ഷമി, ഗിലു ജോസഫ്, പാര്‍വ്വതി.. ആള്‍ക്കൂട്ട അതിക്രമം മലയാളിയുടെ വിനോദമോ?

Sharing is caring!

”മലയാളികള്‍ക്കിടയില്‍ അരാജകത്വ രാഷ്ട്രീയം വളര്‍ന്നുവരുന്നതിന്‍റെ തെളിവാണ് മധുവിന്‍റെ മരണമെന്നും മലയാളിയുടെ സാമൂഹ്യ-സാംസ്കാരിക ബോധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്നും പറയാന്‍ ആരും തയ്യാറായില്ല. ഞങ്ങള്‍ക്ക് മുലയൂട്ടണം, തുറിച്ചുനോക്കരുത് എന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ മുദ്രാവാക്യം അവിടെ ഉയര്‍ന്നുവന്നത് ആരും ചര്‍ച്ച ചെയ്തില്ല. സോഷ്യല്‍മീഡിയയിലെ ആള്‍ക്കൂട്ടം കൊല്ലുന്നത് എത്രയോ മധുമാരെയാണ്..”

സനക് മോഹന്‍ എം  

മധുവിന്‍റെ ദാരുണ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ട അതിക്രമം മലയാളികളുടെ അരാജകത്വ ബോധത്തിന്‍റെ മുഖ്യതെളിവാണ്. എന്നാല്‍ മധുവിന് മുന്‍പും മധുവിന് ശേഷവും ആള്‍ക്കൂട്ടങ്ങള്‍ അതിക്രമം നടത്തിയിട്ടുണ്ട്. കസബയ്ക്കെതിരെ പറഞ്ഞ പാര്‍വ്വതി ഇപ്പോഴും ആള്‍ക്കൂട്ട അതിക്രമത്തിന്‍റെ ഇരയാണ്. റിമ കല്ലിങ്കല്‍ മറ്റൊരു ഉദാഹരണമാണ്. ഗൃഹലക്ഷ്മിയും ഗിലു ജോസഫുമാണ് ഇപ്പോഴത്തെ ഇരകള്‍. ഇനിയും തുടരണോ ഈ അരാജകത്വത്തിന്‍റെ രാഷ്ട്രീയം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഗിലു ജോസഫ് എന്ന സ്ത്രീ ഗൃഹലക്ഷ്മിയുടെ മുഖചിത്രമായി വന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന വിവാദം. ഭാരത സ്ത്രീകള്‍ക്ക് അപമാനം, ഇങ്ങനെയാണോ സ്ത്രീകള്‍ മുലയൂട്ടേണ്ടത്, സിന്ദൂരം വെച്ച സ്ത്രീയെ കാണിച്ചത് ഗൃഹലക്ഷ്മിയുടെ കച്ചവട തന്ത്രം, മുല കാണിച്ചിട്ട് കുഞ്ഞിനെ മുലയൂട്ടുന്നത് എന്തിനാണ്, കൂടുതല്‍ കോപ്പികള്‍ വിറ്റുപോകാനുള്ള ഗൃഹലക്ഷമിയുടെ തന്ത്രം എന്നിങ്ങനെ വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഇതിനിടയില്‍ ആ ഫോട്ടോയ്ക്ക് മോഡലായ ഗിലു ജോസഫിനെ കടന്നാക്രമിക്കാനും മറന്നില്ല ചിലര്‍. കുറച്ച് മുന്‍പ് സ്ത്രീകള്‍ക്ക് മൂത്രശങ്കയകറ്റാന്‍ ഇടം വേണം എന്ന ക്യാംപെയിനും നടന്നിരുന്നു. അന്നും ഇതേ പ്രചരണങ്ങളുടെ ആള്‍ക്കൂട്ടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

വളരെ വിചിത്രമായ രീതിയിലുള്ള അരാജകത്വത്തിന് മലയാളികള്‍ അടിയമപ്പെടുന്നുണ്ട് എന്ന് വേണം സംശയിക്കാന്‍. ഒരു കൂട്ടം ആളുകള്‍ മധുവിനെ കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. മധു കൊല്ലപ്പെട്ടപ്പോള്‍ പട്ടിണി മരണമാണെന്നും കേരളത്തിലെ ആദിവാസികളെല്ലാം പട്ടിണിയിലാണെന്നുമുള്ള പ്രചരണത്തിനായിരുന്നു മുന്‍തൂക്കം. മലയാളികള്‍ക്കിടയില്‍ അരാജകത്വ രാഷ്ട്രീയം വളര്‍ന്നുവരുന്നതിന്‍റെ തെളിവാണ് മധുവിന്‍റെ മരണമെന്നും മലയാളിയുടെ സാമൂഹ്യ-സാംസ്കാരിക ബോധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്നും പറയാന്‍ ആരും തയ്യാറായില്ല. കേരളത്തിലെ ആദിവാസികള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. പലതും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പട്ടിണിമരണം സമീപകാലത്തൊന്നും അവര്‍ക്കിടയിലുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുസമൂഹത്തിലേക്ക് പടര്‍ന്നുപിടിക്കുന്ന അരാജകത്വത്തിനെതിരെ ബോധവല്‍ക്കരണമായിരുന്നു മധുവിന്‍റെ ദാരുണ മരണത്തിന് ശേഷം വേണ്ടിയിരുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയിലെ മലയാളികള്‍ ഒരുകൂട്ടം പ്രചരണത്തിന് കീഴ്പ്പെടുകയായിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷമിക്ക് നേരെ സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്.

ഗൃഹലക്ഷ്മിയുടെ കച്ചവട തന്ത്രം എന്നാണ് പ്രധാന വാദം. എന്നാല്‍ ഞങ്ങള്‍ക്ക് മുലയൂട്ടണം, തുറിച്ചുനോക്കരുത് എന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ മുദ്രാവാക്യം അവിടെ ഉയര്‍ന്നുവന്നത് ആരും ചര്‍ച്ച ചെയ്തില്ല. ചില സ്ത്രീകള്‍ അത് പറഞ്ഞപ്പോള്‍ ഇങ്ങനെയാണോ മുലയൂട്ടേണ്ടത് എന്നായിരുന്നു ചോദ്യം. എങ്ങനെ മുലയൂട്ടണം എന്ന് പഠിപ്പിക്കാനല്ല ആ കവര്‍ ചിത്രം കൊടുത്തത് എന്ന് വ്യക്തമായിരിക്കെ എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നത് എന്ന് ചോദിച്ചാല്‍ വളരെ കൃത്യമായി പറയാനാകും, അത് സ്ത്രീ വിരുദ്ധതയുടെ ശബ്ദമാണ്. നടി പാര്‍വ്വതിക്കും റിമ കല്ലിങ്കലിനും തുടങ്ങി ഒട്ടേറെ പേര്‍ക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്‍റെ അതിക്രമമാണ് സോഷ്യല്‍മീഡിയയിലും നടക്കുന്നത്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്‍റെ അരജരത്വം കൊന്നത് ഒരു മധുവിനെയാണെങ്കില്‍ സോഷ്യല്‍മീഡിയയിലെ ആള്‍ക്കൂട്ടം കൊല്ലുന്നത് എത്രയോ മധുമാരെയാണ്. ഗിലു ജോസഫിനെതിരെയും ഗൃഹലക്ഷ്മി ഉന്നയിച്ച മുദ്രാവാക്യത്തെ കച്ചവട തന്ത്രത്തില്‍ കോര്‍ത്ത് ഇല്ലാതാക്കുന്ന കുടിലതയും ഒരുതരം ആള്‍ക്കൂട്ട അരാജകത്വം നടത്തുന്ന കൊലപാതകം തന്നെ. ഗൃലക്ഷ്മിയുടേത് കച്ചവടമെന്ന് മുറവിളി കൂട്ടുന്നവരോട് ഒരു ചോദ്യം മാത്രമെയുള്ളു. എന്താണ് കച്ചവടം അല്ലാത്തത്.? പ്രിയവാര്യരുടെ കണ്ണിറുക്കല്‍ ആ സിനിമയുടെ കച്ചവട തന്ത്രമല്ലെ.? മാധ്യമങ്ങളിലെ വാര്‍ത്തയിലും പരിപാടിയിലും ചര്‍ച്ചയിലും കച്ചവട തന്ത്രമില്ലേ.? എന്തിനധികം പറയുന്നു, നാം ഓരോരുത്തരും സോഷ്യല്‍മീഡിയയില്‍ നടത്തുന്ന പ്രതികരണങ്ങളില്‍ പോലും ഒരു കച്ചവടം ഇല്ലേ,? ഓണ്‍മലയാളം പ്രസിദ്ധീകരിക്കുന്ന ഈ വാര്‍ത്തയിലും കച്ചവടം ഇല്ലെ.? കച്ചവടം എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ നാം തിരസ്കരിക്കാറുണ്ടോ.? നാം ചര്‍ച്ച ചെയ്യേണ്ടത് ഗൃഹലക്ഷമിയുടെ ചരിത്രമോ, കച്ചവടമോ അല്ല. ആ മുഖചിത്രത്തിലെ ഗിലു ജോസഫിന്‍റെ തന്‍റേടവും അതിലൂടെ അവര്‍ ഈ ലോകത്തിന് മുന്നില്‍ വെച്ച പുതിയ ചര്‍ച്ചയുമാണ്. തുറിച്ചുനോക്കുന്നവര്‍ മലയാളി മാത്രമല്ല, ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. സ്ത്രീ സ്വാത്രന്ത്ര്യം മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തെല്ലായിടത്തും വേണം. അതുകൊണ്ട് തന്നെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ ഈ മുദ്രാവാക്യം ഒരു കാരണമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com