പിന്നില്‍ റോഡ് ഇടിഞ്ഞ് താഴുന്നത് ഒരു ഞെട്ടലോടെ വാഹനത്തിലിരുന്ന് കണ്ടു : വി ജയിൻ എഴുതുന്നു..

Sharing is caring!

വി  ജയിന്‍

സിക്കിമില്‍ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് കല്‍ക്കത്തയില്‍ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഭൂകമ്പത്തില്‍ സിക്കിം തകര്‍ന്നടിഞ്ഞെന്ന വാര്‍ത്ത കേട്ടത്. ഉടന്‍ ഗാങ്ടോക്കിലെ ‘പാന്‍ഡിം’ ഹോട്ടലിന്‍റെ മാനേജരായ കെസാങ് നോര്‍ബുവിനെ വിളിച്ചു. ഞങ്ങള്‍ അവിടെയാണ് താമസിച്ചത്. ഗാങ്ടോക്കില്‍ എല്ലാവരും കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളില്‍ നില്‍ക്കുകയാണെന്ന് കെസാങ് പറഞ്ഞു. വിളിച്ച് അന്വേഷിച്ചതിന് നന്ദിയും അറിയിച്ചു.

ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമായ മംഗനിലൂടെയാണ് ഞങ്ങള്‍ വടക്കന്‍ സിക്കിമിലെ ലാചുങ്ങിലേക്ക് പോയത്. സിക്കിമിലെ നാല് ജില്ലകളിലൊന്നായ വടക്കന്‍ സിക്കിമിന്‍റെ ആസ്ഥാനം കൂടിയാണ് മംഗന്‍. ജില്ലാ കലക്ടറേറ്റും മറ്റ് പ്രധാന സര്‍ക്കാര്‍ ഓഫീസുകളുമൊക്കെയുള്ള ഒരു ചെറുപട്ടണം. ഭൂകമ്പത്തില്‍ ഈ ചെറുപട്ടണത്തിന് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സാധാരണ സമയങ്ങളില്‍ തന്നെ സിക്കിമിലെ റോഡുകള്‍ ഭൂകമ്പത്തിന്‍റെ സ്വഭാവം കാട്ടുന്നവയാണ്. പടുകൂറ്റന്‍ മലകളുടെ പള്ളയില്‍ കൂടി കയറിപ്പോകുന്ന റോഡ് മിക്കയിടത്തും ഒരു സങ്കല്‍പ്പം മാത്രമാണ്. നാഥുലാ ചുരത്തില്‍ കൂടി ചൈനീസ് അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഞങ്ങളുടെ പിന്നില്‍ റോഡ് ഇടിഞ്ഞ് താഴേക്കു പോകുന്നത് ഒരു ഞെട്ടലോടെ വാഹനത്തിലിരുന്ന് കണ്ടു. കേരളത്തിലെ ഒരു ഡൈവ്രര്‍ക്കും സങ്കല്‍പ്പിക്കാനാവാത്തവിധം തകര്‍ന്ന റോഡുകളാണ് സിക്കിമിലേത്.

പശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്ന് സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കിലേക്കുള്ള ദേശീയപാത 31-എ മിക്കയിടങ്ങളിലും ഒരു ഗ്രാമീണ റോഡിന്‍റെ നിലവാരം പോലുമില്ലാത്തതാണ്. താഴെ കുത്തിയൊഴുകുന്ന ടീസ്റ്റ നദിയുടെ സൗന്ദര്യം കണ്ടുകണ്ട് യാത്ര മുന്നേറുന്നതുകൊണ്ട് റോഡിന്‍റെ നരകാവസ്ഥ അറിഞ്ഞില്ല. ചില സ്ഥലങ്ങളില്‍ ചെറു പുഴകള്‍ കടക്കണം, മണ്ണും പാറയും ഇടിഞ്ഞുവീണ് മൂടിപ്പോയ റോഡില്‍  ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള ഇടം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഒരുക്കിയിട്ടുണ്ടാകും. വലിയ പാറക്കഷണങ്ങളില്‍ കയറിയും ഇറങ്ങിയും നിന്നുമുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല.

ഒട്ടും ഉറപ്പില്ലാത്ത ഹിമാലയ പര്‍വതത്തിലെ മണ്ണിനിടയില്‍ ഒരുറപ്പുമില്ലാതെ നിലകൊള്ളുന്ന വലിയ പാറകള്‍ ചിലപ്പോള്‍ ഉരുണ്ട് താഴേക്കുവരും. പാര്‍ലമെന്‍ററി കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഒരു മാസം മുമ്പ് പി രാജീവ് എംപി നാഥുലാ അതിര്‍ത്തിയില്‍ പോയിവന്നപ്പോള്‍ ഈ മുന്നറിയിപ്പ് തന്നതാണ്. എപ്പോഴും മണ്ണിടിച്ചിലും റോഡ് തടസ്സവുമാണെന്ന്. എന്നാല്‍ യാത്ര മാറ്റിവെക്കേണ്ട എന്ന് തിരുവനന്തപുരത്തെ സുഹൃത്തുക്കളായ പ്രദീപും പ്രീതയും നിര്‍ബ്ബന്ധം പറഞ്ഞു.  അവര്‍ക്കൊപ്പം വടക്കും കിഴക്കും തെക്കും സിക്കിം ജില്ലകളില്‍ യാത്ര ചെയ്തപ്പോള്‍ രാജീവിന്‍റെ മുന്നറിയിപ്പുകള്‍ സത്യമാണെന്ന് തെളിഞ്ഞു.

വടക്കന്‍ സിക്കിം ജില്ലയിലെ യുംതങ് താഴ്വരയും മഞ്ഞുമലകള്‍ ഏറ്റവുമടുത്ത് കാണാന്‍ കഴിയുന്ന (മഞ്ഞുകാലത്താണെങ്കില്‍ യുംതങ് താഴ്വര മുഴുവന്‍ മഞ്ഞുമൂടും) സീറോ പോയിന്‍റും കാണാനായി ഞങ്ങള്‍ പോയി മടങ്ങിവരുമ്പോള്‍ നിരവധി സ്ഥലങ്ങളില്‍ പുതുതായി മണ്ണിടിഞ്ഞത് കണ്ടു. അതൊക്കെ ഒരുവിധം നീക്കി ബിആര്‍ഒ യാത്രക്ക് വഴിയൊരുക്കി. പടുകൂറ്റന്‍ മലകളെ പച്ചയുടുപ്പണിയിക്കുന്ന ഇടതൂര്‍ന്ന കാടുകള്‍ക്കിടയില്‍ പലയിടത്തും കാടിന്‍റെ കഷണങ്ങള്‍ അങ്ങനെതന്നെ തകര്‍ന്നിടിഞ്ഞ് താഴെ ടീസ്റ്റയില്‍ ചെന്നു പതിച്ചിരിക്കുന്നതും കണ്ടു.
ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിനും മറ്റ് രക്ഷാ പ്രവര്‍ത്തകര്‍ക്കുമെത്താന്‍ വഴിയടഞ്ഞുപോയിരുന്നു. ഒരു ദിവസം പൂര്‍ണ്ണമായും കഠിനാദ്ധ്വാനം ചെയ്താണ് സിലിഗുരി-ഗാങ്ടോക്ക് ദേശീയപാതയിലെ പതിനഞ്ചിടങ്ങളിലെ തടസങ്ങള്‍ നീക്കിയത്.

നിരവധി ദുര്‍ഘടങ്ങളുണ്ടെങ്കിലും സിക്കിം അതിമനോഹരമായ ഭൂപ്രദേശമാണെന്നതില്‍ സംശയമില്ല. ഞങ്ങളുടെ യാത്ര ഒരുക്കിയ സാഗ റെഞ്ഞ്യോങ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ പെഴ്സിസ് ലെപ്ച ആദ്യ ദിവസം പറഞ്ഞത് എത്ര സത്യം. ‘സിക്കിമിലെ റോഡുകളൊക്കെ മോശമാണ്. രണ്ട് മണിക്കൂര്‍ യാത്ര വളരെ കഷ്ടമായിരിക്കും. അതുകഴിഞ്ഞ് നിങ്ങള്‍ ഒരു സ്ഥലത്തെത്തുമ്പോള്‍  ആ സ്ഥലത്തിന്‍റെ മനോഹാരിത കണ്ട് യാത്രയിലെ വിഷമങ്ങളൊക്കെ മറക്കും’.

ഗാങ്ടോക്കില്‍ നിന്ന് സെപ്തംബര്‍ ആറിന് രാവിലെ എട്ടരക്ക് യാത്ര പുറപ്പെട്ട ഞങ്ങള്‍ സിക്കിമിന്‍റെ വന്യമായ സൗന്ദര്യത്തില്‍ മുഗ്ദ്ധരായിപ്പോയി. യാത്രയുടെ കഷ്ടപ്പാടുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും 32 കിലോമീറ്റര്‍ എത്തിയപ്പോള്‍ സെവന്‍ സിസ്റ്റേഴ്സ് എന്ന മനോഹരമായ വെള്ളച്ചാട്ടം കണ്ട് ഏറെനേരം സ്തംഭിച്ചുനിന്നുപോയി. പടുകൂറ്റന്‍ മലയുടെ ഉയരമത്രയും അളക്കുന്ന ഏഴ് വെള്ളച്ചാട്ടങ്ങള്‍. ഏഴ് വെള്ളച്ചാട്ടങ്ങള്‍ തുടര്‍ച്ചയാണ്. റോഡില്‍ നിന്നാല്‍ മൂന്ന് വെള്ളച്ചാട്ടം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. വെള്ളച്ചാട്ടം കാണാനായി കെട്ടിയിരിക്കുന്ന ഗാലറിയുടെ ഏറ്റവും മുകളിലേക്ക് പടവുകള്‍ കയറിയെത്തിയാല്‍ കാണാം. ഏഴ് തട്ടുകളായി നിപതിക്കുന്ന സഹോദരിമാരുടെ സൗന്ദര്യം. കടുകടുത്ത കാടുകള്‍ക്കിടയിലൂടെ ഈ വെള്ളക്കസവ് കാണാനും അതിന്‍റെ ശബ്ദം കേള്‍ക്കാനും കഴിഞ്ഞ നിമിഷങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണെന്ന് തോന്നി.

സെവന്‍ സിസ്റ്റേഴ്സ് കഴിഞ്ഞ് വീണ്ടും 32 കിലോമീറ്റര്‍ വടക്കോട്ട് യാത്ര ചെയ്യണം മംഗനിലെത്താന്‍. ഇടതൂര്‍ന്ന കാടുകള്‍ നിറഞ്ഞ മലകള്‍ക്കു നടുവിലൂടെ വളരെ താഴെക്കൂടി ഒഴുകുന്ന ടീസ്റ്റ നദി. വടക്കന്‍ സിക്കിമിന്‍റെ വടക്കറ്റത്തുനിന്ന് ഉത്ഭവിക്കുന്ന ഈ ജലറാണി സിക്കിമിന്‍റെ ജീവിതരേഖയാണ്. സിക്കിമിനെ നെടുകെ പിളര്‍ന്നൊഴുകി പശ്ചിമബംഗാളിന്‍റെ വടക്കന്‍ ജില്ലകളിലൂടെ ബംഗ്ലാദേശിലെത്തുന്ന ടീസ്റ്റയുടെ ജലസമൃദ്ധി വേണ്ടത്ര ഉപയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സിക്കിമിലെ കാടുകള്‍ക്കുമുണ്ട് സവിശേഷത. ഹിമാലയത്തിലെ മറ്റ് മേഖലകളിലെപ്പോലെ സ്തൂപികാഗ്രിത വനങ്ങളല്ല സിക്കിമില്‍. ആ വിഭാഗത്തില്‍ പെടുന്ന മരങ്ങളുമുണ്ടെന്നു മാത്രം. പൈന്‍ മരങ്ങളും മറ്റ് വൈവിധ്യമാര്‍ന്ന ഒട്ടേറെ മരങ്ങളും അടിക്കാടുമൊക്കെ നിറഞ്ഞ് സമൃദ്ധമായ കാടുകള്‍. മനുഷ്യരുടെ ആക്രമണങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ടില്ലാത്ത ഈ കാടുകള്‍ക്ക് ഇപ്പോഴും ഭീഷണിയായുള്ളത് ഹിമാലയത്തിലെ ഉറപ്പില്ലാത്ത മണ്ണാണ്. മരങ്ങളുണ്ടായിട്ടും തടയാനാവാത്ത മണ്ണൊലിപ്പാണ് സിക്കിമിലെ മലനിരകളിലുള്ളത്.

യുംതങ് താഴ്വരയിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ ഇടത്താവളം ലാചുങ് ആണ്. ശാന്തമായ ഒരു ചെറുഗ്രാമം. അത്യാവശ്യം കടകളൊക്കെയുണ്ട്. എല്ലാ കടകളിലും വിദേശമദ്യം വില്‍പ്പനയുമുണ്ട്. ടീസ്റ്റ വളരെയടുത്തുകൂടി കുതിച്ചൊഴുകുന്നതു കണ്ടു. വലിയ പാറക്കഷണങ്ങള്‍ ഒഴുകിവരുന്നുണ്ടാകുമെന്നും പുഴയിലിറങ്ങരുതെന്നും ഞങ്ങളുടെ ഡ്രൈവര്‍ ഉജ്ജല്‍ മുന്നറിയിപ്പ് തന്നു. ഞങ്ങളുടെ ഹോട്ടലിന്‍റെ നടത്തിപ്പ് മൂന്ന് പെണ്‍കുട്ടികളാണ്. രാത്രി കറിയുണ്ടാക്കാനുള്ള കോഴി ഗാങ്ടോക്കില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ഹോട്ടലിന്‍റെ തൊട്ടടുത്ത് അര കിലോമീറ്ററെങ്കിലും ഉയരമുള്ള ഒറ്റപ്പാറ. അതിലൂടെ  നേരിയ ഒരു വെള്ളച്ചാട്ടം.

ലാചുങില്‍ നിന്ന് യുംതങ് താഴ്വരയിലേക്കുള്ള യാത്ര അടുത്ത ദിവസം രാവിലെ തുടങ്ങി. റോഡില്‍ കയറിനിന്ന് ഒരു സ്ത്രീ വഴിതടഞ്ഞു. അവര്‍ ഡ്രൈവറോട് ആവശ്യമുന്നയിച്ചു. യുംതങ് വരെ അവരെയും കൊണ്ടുപോണം. അനുവാദത്തിനൊന്നും കാത്തുനില്‍ക്കാതെ അവര്‍ വാതില്‍ തുറന്ന് വണ്ടിയില്‍ കയറി വലിയൊരു ഭാണ്ഡം പ്രദീപിന്‍റെ മടിയിലിട്ടുകൊടുത്തു. ഇരിക്കാനുള്ള സ്ഥലം സ്വന്തം കൗശലം കൊണ്ട് ഉണ്ടാക്കി. യുംതങ്ങിലെത്തിയാല്‍ എല്ലാവര്‍ക്കും ചായ തരാമെന്നും പറഞ്ഞു. പിന്നെ കണ്ണുമടച്ച് ജപിക്കാന്‍ തുടങ്ങി. കയ്യിലൊരു മാലയുമുണ്ട്. യുംതങിലെത്തിയപ്പോള്‍ അവര്‍ ഇറങ്ങി. ഇവിടെ നിന്നാല്‍ മലകളുടെയും ടീസ്റ്റയുടെയും സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാം. സിക്കിം വനിത വാക്കുപാലിച്ചു. നല്ല ചൂടുചായ ഉണ്ടാക്കിത്തന്നു. ഞങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുവന്ന സിക്കിം മോമോ കഴിക്കാന്‍ പേപ്പര്‍ പ്ലേറ്റും തന്നു. ഒരു ചായക്ക് 12 രൂപയും ഒരു പ്ലേറ്റിന് മൂന്ന് രൂപയും വച്ച് വാങ്ങുകയും ചെയ്തു. ചായ സൗജന്യമായിരിക്കുമെന്ന തോന്നല്‍ പറപറന്നു.

യുംതങ് താഴ്വരയിലേക്ക് ഇവിടെനിന്ന് 23 കിലോമീറ്റര്‍ യാത്ര ചെയ്യണം. വനനിരകള്‍ അവസാനിക്കുകയാണ്. വേനലില്‍ പുഷ്പിക്കുന്ന ചെടികളുടെ മൈതാനങ്ങള്‍ നിരന്നുകിടക്കുന്നു. അവക്കിടയില്‍ യാക്കുകള്‍ മേയുന്നുണ്ട്. ടീസ്റ്റ നേര്‍ത്തുനേര്‍ത്തു വരുന്നു. എങ്കിലും ചൈതന്യത്തിന് കുറവൊന്നുമില്ല. ഒടുവില്‍ സീറോ പോയിന്‍റിലെത്തി. പലര്‍ക്കും ശ്വാസം കിട്ടുന്നില്ല. ചിലര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയതേയില്ല. മുന്നില്‍ കുറച്ച് ദൂരെയായി മഞ്ഞണിഞ്ഞ മലനിരകള്‍. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് സീറോ പോയിന്‍റില്‍ നിന്നാല്‍ മുന്നില്‍ ഒരു വെള്ളനിറമല്ലാതെ ഒന്നും കാണില്ലത്രേ. കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നതുകൊണ്ടാണ് സീറോ പോയിന്‍റ് എന്ന പേര്. മടക്കയാത്രയില്‍ യാക്കുകളെയും യാക്കിടയന്‍മാരെയും അടുത്തുകണ്ടു. ലാചുങില്‍ ഉച്ചഭക്ഷണവും കഴിഞ്ഞ് പുറപ്പെട്ടു. രാത്രി എട്ട് മണിയാവും ഗാങ്ടോക്കിലെത്താന്‍. മഴയും മണ്ണിടിച്ചിലും ഇടവേളയില്ലാതെ തുടരുന്നു. തലേദിവസം രാത്രി മണ്ണിടിഞ്ഞ സ്ഥലങ്ങള്‍ കണ്ടു. മുകളില്‍ തൂങ്ങിനില്‍ക്കുന്നതുപോലെ നിലകൊള്ളുന്ന വലിയ പാറകള്‍ക്കടിയിലൂടെ വാഹനം കടന്നുപോയപ്പോള്‍ കുട്ടികള്‍ കണ്ണടച്ചു.

ഗാങ്ടോക്കില്‍ നിന്ന് അടുത്ത ദിവസം നാഥുലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്കുള്ള യാത്രയിലും മഴ വില്ലനായി. എന്നാല്‍ പിന്‍വാങ്ങാന്‍ വയ്യ. ഒരിടത്ത് ഭാരം കയറ്റിയ ലോറി മണ്ണില്‍ കുതിര്‍ന്ന റോഡിലൂടെ കയറ്റം കയറാതെ നിന്ന് ഒന്നര മണിക്കൂര്‍ അപഹരിച്ചു. റോഡ് ഇവിടെ സങ്കല്‍പ്പം മാത്രമാണ്. 54 കിലോമീറ്റര്‍ താണ്ടാന്‍ നാല് മണിക്കൂറെടുത്തു. ഒരു കമ്പിവേലിക്കപ്പുറം അതാ ചൈന. മനസ്സില്‍ ഒരു വേലിയേറ്റം. മൂടല്‍മഞ്ഞിനിടയില്‍ ചെങ്കൊടി പാറുന്നതു കണ്ടു. ചൈന എത്ര പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍. വേലിക്കപ്പുറം നിന്നാണെങ്കിലും ചൈനീസ് ഭടന്‍മാര്‍ ഫോട്ടോക്ക് പോസ് ചെയ്തു. ഇന്ത്യന്‍ സൈനികരുമായും സ്നേഹം പങ്കിട്ടു. തണുത്തുവിറച്ച് കരയാന്‍ തുടങ്ങിയ മേഘക്ക് പട്ടാളക്കാര്‍ ബദാം നല്‍കി. ചൈനയിലേക്കുള്ള റോഡ് നീണ്ടുനീണ്ടു പോകുന്നു. കാഴ്ച കണ്ടുകഴിഞ്ഞതും മഴ കോരിച്ചൊരിഞ്ഞു. തണുപ്പ് ഇരട്ടിയായി. അതിര്‍ത്തിക്കടുത്തുള്ള ബാബാ ഹര്‍ഭജന്‍സിങ് മന്ദിര്‍ കാണാന്‍ പോയി. അവിടെ ചെന്നപ്പോള്‍ ഒരു പട്ടാളക്കാരന്‍ പറഞ്ഞു, “മണ്ണിടിഞ്ഞ് വഴി അടയാന്‍ തുടങ്ങിയിരിക്കുന്നു. വേഗം മടങ്ങിപ്പോകുന്നതാണ് നല്ലത്’. പിന്നെ വൈകിയില്ല. വഴിയില്‍ മഞ്ഞിടിഞ്ഞ് വഴി അടഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു. മറുഭാഗത്ത് റോഡ് താഴേക്ക് ഇടിയുന്നതും. പേടിയകറ്റാനും അന്തരീഷം ഊഷ്മളമാക്കാനും ഞങ്ങളുടെ സംഘത്തിലെ രാധാകൃഷ്ണന്‍റെ തകര്‍പ്പന്‍ തമാശകളും  അദ്ദേഹത്തിന്‍റെ ഭാര്യ രാധയുടെ പൊട്ടിച്ചിരികളും സഹായിച്ചു.

ഹിമാലയത്തിലെ മണ്ണുപോലെ ആര്‍ദ്രമാണ് സിക്കിംകാരുടെ മനസ്സും. സ്നേഹവും ആര്‍ദ്രതയും പെരുമാറ്റത്തില്‍ ഉടനീളം കണ്ടു. ഹോട്ടല്‍ പാന്‍ഡിമിന്‍റെ മാനേജര്‍ ചെറുപ്പക്കാരനായ കെസാങ് നോര്‍ബു ഒരു കുടുംബാംഗത്തെപ്പോലെയാണ് സ്നേഹം കാട്ടിയത്. ഗാങ്ടോക്കില്‍ നിന്ന് ന്യൂജല്‍പായ്ഗുരിയിലേക്ക് ഞങ്ങള്‍ മടക്കയാത്ര തുടങ്ങുമ്പോള്‍ ട്രാവല്‍സ് ഉടമ പെഴ്സിസ് ലെപ്ച എത്തി.  എല്ലാവര്‍ക്കും കൈകൊടുത്ത് യാത്രാമംഗളം നേര്‍ന്നു. ഞങ്ങളുടെ സംഘത്തിലെ എട്ടു വയസുകാരനായ കിച്ചു ഓരോ തവണയും കൈനീട്ടി. അവര്‍ നോക്കിയതേയില്ല. എല്ലാവര്‍ക്കും കൈകൊടുത്ത് കഴിഞ്ഞപ്പോള്‍  ആ സ്ത്രീ കിച്ചുവിനെ വാരിയെടുത്ത് ഉമ്മകൊടുത്തു. അതായിരുന്നു അവനുള്ള യാത്രാമംഗളം. എല്ലാവരുടെയും ചിരികള്‍ക്കിടയില്‍ അവരുടെ കണ്ണുകള്‍ തിളങ്ങുന്നതു കണ്ടു. 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com