ഞാൻ അവളെ വളച്ചുവെന്ന് വീരസ്യം പറയരുത്. ചിലപ്പോൾ തിരിച്ചായിരിക്കാം..

Sharing is caring!

പുരുഷൻമാരേ , വിവാഹം സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യമായി കണക്കാക്കിപ്പോരുന്ന ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്ന അനിവാര്യമായ ദുരന്തമാണ് നിങ്ങൾ അനുഭവിക്കുന്നത് . വിവാഹം കഴിക്കും എന്ന പ്രതീക്ഷയിൽ ഒരാളുമായി റിലേഷൻഷിപ്പിൽ ഏർപ്പെട്ട ശേഷം വിവാഹം നടക്കാതിരുന്നാൽ സ്ത്രീകൾക്ക് അത് വലിയ ജീവൻമരണ പ്രശ്നമായി മാറുന്ന ഒരു സമൂഹത്തെയാണ് നമ്മൾ സൃഷ്ടിച്ചത് .

ഷാഹിന നഫീസ

കേരളം മാറുകയാണ് എന്ന് കരുതാമോ എന്നുറപ്പില്ല . പക്ഷേ ഒരു കാര്യം വളരെ ശുഭസൂചകമാണ് .കൂടുതൽ പെൺകുട്ടികൾ /സ്ത്രീകൾ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളുമായി മുന്നോട്ടു വരുന്നു എന്നതാണത് . ഇനിയും കൂടുതൽ പേർ മുന്നോട്ടു വരട്ടെ . സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതും ചൂഷണം ചെയ്യുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതുമൊക്കെ ‘ഇത്ര വലിയ കാര്യമാണോ ‘ എന്ന ആൺബോധത്തിന് കനത്ത പ്രഹരമാവട്ടെ ഈ പരാതികൾ . രണ്ടു പേർ തമ്മിൽ ബന്ധത്തിലേർപ്പെടുകയും ബന്ധം മോശമായി കഴിയുമ്പോൾ, സ്ത്രീകൾ ബലാൽസംഗം ചെയ്തു എന്ന് പരാതി പറയുകയും ചെയ്യുന്നത് ഒരു വലിയ പ്രശ്നമായി പലരും ഇവിടെ ചർച്ച ചെയ്യുന്നത് കാണുന്നു .അക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ട് എന്ന് കണ്ടത് കൊണ്ട് ചില കാര്യങ്ങൾ പറയണം എന്ന് തോന്നുന്നു .
പ്രധാനമായും പരിഗണിക്കേണ്ടത് രണ്ടു പേർ തമ്മിലുള്ള ബന്ധം രൂപപ്പെടുന്നതിന്റെ മുന്നുപാധികൾ എന്തൊക്കെയാണ് എന്നതാണ് . ഇവർക്കിടയിൽ ഉണ്ടാവുന്ന ശരീരബന്ധത്തിൽ കൺസന്റ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതാണ് പരിശോധിക്കേണ്ടത് . ആ കൺസന്റ് വ്യാജമായോ ബലം പ്രയോഗിച്ചോ (by fraud or force) നേടിയതാണെങ്കിൽ അത് സമ്മതമായി കണക്കാക്കാൻ കഴിയുകയില്ല തന്നെ. വിവാഹം കഴിക്കാം എന്ന ഉറപ്പിന്മേൽ ഒരു പെൺകുട്ടി ലൈംഗികബന്ധത്തിന് തയ്യാറാവുകയും എന്നാൽ ആ വാഗ്ദാനം ലംഘിക്കപ്പെടുകയും ചെയ്‌താൽ അത് വ്യാജമായി നേടിയ സമ്മതമാണ് എന്ന് തന്നെ കരുതേണ്ടി വരും . consent ഇല്ലാതെ ഒരു സ്ത്രീയുമായി ലൈംഗികബന്ധം പുലർത്തിയാൽ അത് ബലാൽസംഗമാണ്. ‘ രണ്ടു പേരും സുഖിച്ചില്ലേ ‘ തുടങ്ങിയ വാദങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല .കാരണം വ്യാജമായി നേടിയ സമ്മതം സമ്മതമല്ല തന്നെ .

എന്റെ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമ ഞാൻ തന്നെയാണ് എന്ന അഭിമാനബോധത്തോടെ ജീവിക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞാൽ അവർ പിന്നെ നിങ്ങളെ ആശ്രയിക്കില്ല . ബുദ്ധിമുട്ടിക്കില്ല .ജീവിതം കുറേക്കൂടി മനോഹരമാകും

പുരുഷൻമാരേ , വിവാഹം സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യമായി കണക്കാക്കിപ്പോരുന്ന ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്ന അനിവാര്യമായ ദുരന്തമാണ് നിങ്ങൾ അനുഭവിക്കുന്നത് . വിവാഹം കഴിക്കും എന്ന പ്രതീക്ഷയിൽ ഒരാളുമായി റിലേഷൻഷിപ്പിൽ ഏർപ്പെട്ട ശേഷം വിവാഹം നടക്കാതിരുന്നാൽ സ്ത്രീകൾക്ക് അത് വലിയ ജീവൻമരണ പ്രശ്നമായി മാറുന്ന ഒരു സമൂഹത്തെയാണ് നമ്മൾ സൃഷ്ടിച്ചത് . അതേ സമയം പുരുഷന്മാർക്ക് അത് വലിയ പ്രശ്നമല്ല താനും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പാട്രിയാർക്കിയുടെ സർവ സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്നതിനു നിങ്ങൾ ഒടുക്കേണ്ടി വരുന്ന വിലയാണിത് . പരിഹാരം ഒന്നേയുള്ളൂ .സ്ത്രീകളെ നിങ്ങളോളം പോന്ന സ്വതന്ത്ര്യ വ്യക്തികളായി അംഗീകരിക്കുക .ബഹുമാനിക്കാൻ ശീലിക്കുക .കള്ളം പറഞ്ഞും പറ്റിച്ചും സ്വന്തം ലൈംഗികതാത്പര്യങ്ങൾ നടത്തിയെടുക്കാമെന്നും പിന്നീട് ഭയപ്പെടുത്തിയോ ,അപമാനിച്ചോ ഒഴിവാക്കാമെന്നും കരുതാതിരിക്കുക .

ഏതൊരു ബന്ധത്തിലും -അത് ഏതാനും രാത്രികളുടെ ബന്ധമാണെങ്കിൽ പോലും പുലർത്തേണ്ട പരസ്പരബഹുമാനവും മര്യാദയും ശീലിക്കുക . ‘ഞാൻ അവളെ വളച്ചു’വെന്ന് വീരസ്യം പറയരുത് .ആർക്കറിയാം ? ചിലപ്പോൾ തിരിച്ചായിരിക്കും .അവൾ നിങ്ങളെയായിരിക്കും വളക്കുന്നത്. പുരുഷൻമാരെ , നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സത്യമാണിത് .പാട്രിയാർക്കി നിങ്ങളെ തിരിഞ്ഞു കൊത്തുകയാണ് . അനുഭവിക്കാതെ എന്ത് ചെയ്യും ? പാട്രിയാർക്കിയുടെ സുഖ സൗകര്യങ്ങൾ വേണ്ടെന്നു വെക്കാനും നിങ്ങൾ അന്യായമായി കൈവശം വെച്ചിരിക്കുന്ന, സ്ത്രീകളുടെ പാതിയാകാശവും ഭൂമിയും അവർക്ക് വിട്ടു കൊടുക്കാനും തയ്യാറാവൂ .കാര്യങ്ങൾ മാറും .ആൺകുട്ടികളും പെൺകുട്ടികളും ഫെമിനിസ്റ്റുകളായി വളരട്ടെ .അപ്പോൾ ബന്ധങ്ങൾ ചൂഷണവിമുക്തമാകും . പ്രണയത്തിൽ പ്രണയമല്ലാതെ മറ്റുപാധികൾ ഇല്ലാതാകും .പ്രണയമായാലും ഇനി അതില്ലാത്ത ശാരീരികബന്ധമായാലും രണ്ടു തുല്യ വ്യക്തികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലായി മാറും .എന്റെ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമ ഞാൻ തന്നെയാണ് എന്ന അഭിമാനബോധത്തോടെ ജീവിക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞാൽ അവർ പിന്നെ നിങ്ങളെ ആശ്രയിക്കില്ല . ബുദ്ധിമുട്ടിക്കില്ല .

ജീവിതം കുറേക്കൂടി മനോഹരമാകും . പക്ഷേ അതിനു ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന കുറേ സുഖ സൗകര്യങ്ങൾ വേണ്ടെന്നു വെക്കേണ്ടി വരും .ലോകത്തിന്റെ ഉടമ എന്ന സ്ഥാനത്തു നിന്നും ഇറങ്ങി കൊടുക്കേണ്ടി വരും . ബുദ്ധിമുട്ടായി തോന്നുന്നുണ്ടല്ലേ ? അപ്പൊ വേറെ വഴിയില്ല .അനുഭവിക്കുക തന്നെ .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com