മതമാലിന്യങ്ങള്‍ തീണ്ടാതെ കുട്ടികളെങ്കിലും വളരട്ടെ : രവിചന്ദ്രന്‍ സി

Sharing is caring!

പൊതുഇടങ്ങളില്‍ മതംകയറുമ്പോള്‍..  രവിചന്ദ്രന്‍ സി എഴുതുന്നു.. 

(1) കരുനാഗപള്ളിയില്‍ ഒരു സ്‌ക്കൂള്‍ യൂണിഫോമില്‍ വീണയും സരസ്വതിയും ഉള്ള ചിത്രം ആലേഖനം ചെയ്തിരിക്കുന്നു! ചിറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ മുസ്ലീംനൊയമ്പിനോട് അനുഭാവം പ്രകടിപ്പിച്ച് ഒരു പകല്‍ പട്ടിണി ആചരിക്കുന്നു! പല വിദ്യാലയങ്ങളിലും ഓണാഘോഷവും ക്രിസ്മസും ഹോളിയുമൊക്കെ ദിവസങ്ങളോളം നീളുന്ന ആഘോഷപരമ്പരകളാണ്. വീട്ടിലുംനാട്ടിലും ആഘോഷിച്ച് മതിവരാതെ വിദ്യാലയങ്ങളിലും അവര്‍ മതം ആചരിക്കുന്നു. പകല്‍ പട്ടിണിക്ക് ശേഷം ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ പറഞ്ഞത് വിശപ്പ് സഹിക്കാന്‍ പ്രയാസമാണെങ്കിലും ഭക്ഷണത്തിന്റെ ‘വില’യറിയാനായും മതമൈത്രി പോഷിപ്പിക്കാനുമാണ് ഈ സാഹസികകൃത്യം നിര്‍വഹിച്ചത് എന്നായിരുന്നു. ഭക്ഷണത്തിന്റെ മഹത്വവും വിശപ്പിന്റെ യാതനയും അറിയാന്‍ പട്ടിണി കിടക്കുന്ന ഈ കുട്ടികള്‍ കണ്ണിന്റെയും വസ്ത്രങ്ങളുടെയും ‘വില അറിയാന്‍’ എന്തായിരിക്കും ചെയ്യുക?!

(2) നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മതങ്ങളുടെ കൃഷിയിടങ്ങളായി മാറിയിരിക്കുന്നു. എല്ലാവരും മാറി നിന്ന് കയ്യടിക്കുകയാണ്. മുക്രിയും വികാരിയും പൂജാരിയും കെട്ടിപ്പിടിക്കുമ്പോള്‍ പുറപ്പെടുന്ന രാസവസ്തുക്കളാണ് ‘മതേതരത്വം’ ഉദ്പാദിപ്പിക്കുന്നത് എന്ന് ഈ സമൂഹം മനസ്സിലാക്കി വെച്ചിരിക്കുന്നു. ഭിന്നമതങ്ങളില്‍ പെട്ട പിഞ്ചു കുഞ്ഞുങ്ങളെ ആലിംഗനബദ്ധരാക്കി നിര്‍ത്തി ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നതും പ്രചാരമുള്ള കലാപരിപാടിയാണ്. അതുമല്ലെങ്കില്‍ മുസ്ലീം വൃദ്ധയ്ക്ക് പെണ്‍കുട്ടികള്‍ കുട പിടിച്ചുകൊടുക്കുന്ന ചിത്രം! ഫോട്ടോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മാനസികപരിസരം കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ. ഭിന്ന മതങ്ങളില്‍ പെട്ടവര്‍ കെട്ടിപ്പിടിക്കുന്നതിലും നോക്കി ചിരിക്കുന്നതിലും എന്തെങ്കിലും പ്രത്യേകതയുണ്ടോ?! അങ്ങനെ ചെയ്യുന്നത് അസാധ്യവും അചിന്തനീയവുമാണെന്ന മുന്‍വിധിയുള്ള ഒരു സമൂഹത്തിന്റെ പൊതുബോധം ആതുരമാണ്. എന്തുകൊണ്ട് മനുഷ്യര്‍ പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ അത് വമ്പന്‍ വാര്‍ത്തയാകുന്നു? എന്തുകൊണ്ട് ഒരു ഗറില്ലയും മനുഷ്യനും സ്‌നേഹം പ്രകടിപ്പിക്കുന്ന ചിത്രത്തേക്കാള്‍ പ്രാധാന്യം അതിന് ലഭിക്കുന്നു? മതബോധം സമൂഹത്തെ എത്ര ആഴത്തില്‍ വിഭജിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യം ഇവിടെയുണ്ട്. ഇത്തരം മതമൈത്രി നമ്പരുകള്‍ വാഴ്ത്തിപ്പാടുന്നവര്‍ ഭിന്ന മതങ്ങളില്‍പെട്ട ചെറുപ്പക്കാര്‍ പ്രണയിച്ച് ഒന്നാകാന്‍ ആഗ്രഹിക്കുമ്പോള്‍ കലാപക്കൊടി ഉയര്‍ത്തും! സര്‍വ മതങ്ങളും ദൈവങ്ങളും ഒന്നാണെന്ന നരച്ച മതഫലിതം യാഥാര്‍ത്ഥ ജീവിതത്തില്‍ ഗ്രേഡ് കൂടിയ വിശ്വാസികള്‍ കൈവിടുന്നത് എന്തുകൊണ്ടായിരിക്കും?!

(3) ”പരസ്പരം വെറുക്കാനും വേറിട്ടുകാണാനും തമ്മില്‍ക്കണ്ടാല്‍ കടിച്ചുകീറാനും മതപരമായ ബാധ്യതയുണ്ടായിട്ടും ഞങ്ങള്‍ അന്യമതക്കാരനോട് മര്യാദയോടെ പെരുമാറുന്നത് കണ്ടില്ലേ..?” എന്നാണ് ഓരോ മതമൈത്രി കെട്ടിപ്പിടുത്തക്കാരനും പൊതുസമൂഹത്തോട് ചോദിക്കുന്നത്.  ഒരേ സ്പീഷിസില്‍ പെട്ട പക്ഷിമൃഗാദികള്‍ പൊതുവെ പരസ്പരം താലോലിച്ചും സ്‌നേഹിച്ചുമൊക്കെയാണ് ജീവിക്കുന്നത്. ഉപാധികളോ മഹത്വകാംക്ഷയോ അവിടെയില്ല. അവരെ സംബന്ധിച്ചിടത്തോളം എല്ലാവരും ഒന്നാണെന്ന ബോധം സഹജമാണ്, വെട്ടിയൊട്ടിക്കേണ്ട ഒന്നല്ല.

(4) ‘മതമൈത്രി’ സ്വാഭാവികമായി ഉണ്ടാകുന്ന കാര്യമാണ്. എങ്ങോട്ടൊക്കെ ഒഴുകിയാലും വെള്ളം അവസാനം താഴ്ന്ന നിലത്ത് വന്നു നിറയും. ബഹുസ്വരസമൂഹങ്ങളില്‍ പരസ്പരം മത്സരിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ പുറമെ പരസ്പരം സഹിക്കാനും ആദരിക്കാനും ബാധ്യസ്ഥരാണ്. There is no other option. അല്ലെങ്കില്‍ എല്ലാവര്‍ക്കും അതിജീവനം പ്രയാസമാകും. മതമൈത്രി മതങ്ങളുടെയോ വിശ്വാസികളുടെയോ ഔദാര്യമല്ല. അനിവാര്യമായും സംഭവിക്കേണ്ട വിട്ടുവീഴ്ച ആണത്. ബഹുമത സമൂഹങ്ങളില്‍ ഇടയ്ക്കിടെ വര്‍ഗ്ഗീയലഹളകളും ഏറ്റുമുട്ടലുകളും ഉണ്ടാകുമെങ്കിലും മിക്ക സമയത്തും മതസൗഹാര്‍ദ്ദം എന്ന അവസ്ഥ നിലനില്‍ക്കും. ആര്‍ക്കും വീട്ടില്‍ കിടന്നുറങ്ങാനാവില്ല എന്ന ഭീഷണി സമാധാനപരമായ സഹവര്‍തിത്വത്തിന് എല്ലാവരെയും പ്രേരിപ്പിക്കും. പരസ്പരം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അധോലോക സംഘങ്ങള്‍ പോലും എത്തിച്ചേരുന്ന പ്രായോഗിക സമവാക്യമാണ് ഇത്. ആയുധക്കൂമ്പാരത്തിന് മുകളിലിരിക്കുമ്പോഴും ലോകമെമ്പാടും യുദ്ധം അപൂര്‍വമാകുന്നതും ഇതേ കാരണത്താലാണ്. എന്തെന്നാല്‍, മനുഷ്യനെ സംബന്ധിച്ചിടത്തോളം സമാധാനവും സമുദായമൈത്രിയും വിജയംവരിച്ച അതിജീവന തന്ത്രങ്ങളാണ്.

(5) മതസ്പര്‍ദ്ധ തടയാന്‍ മതങ്ങള്‍ക്കോ ബാഹ്യശക്തികള്‍ക്കോ സാധിക്കില്ല. രണ്ട് മതലഹളകള്‍ക്ക് ഇടയിലുള്ള കാലദൈര്‍ഘ്യം കൂട്ടാനാണ് ഏവരും പരിശ്രമിക്കേണ്ടത്. ഇടപെടാന്‍ ആരുമില്ലെങ്കിലും മതങ്ങള്‍ തമ്മിലടിച്ച് സമാധാന സമവാക്യങ്ങള്‍ നിര്‍മ്മിക്കും. എല്ലാവരും ഇടപെട്ടാലും മതലഹളയും ഏറ്റുമുട്ടലുകളും കൃത്യമായ ഇടവേളകളില്‍ അരങ്ങേറും. അതിനുള്ള വെടിമരുന്ന് മതങ്ങളുടെ പക്കലുണ്ട്. ലഹള നിര്‍ത്താന്‍ മതങ്ങള്‍ തീരുമാനിക്കാന്‍ ബാധ്യസ്ഥരാകുമ്പോള്‍ മാത്രമേ സമാധാന ചര്‍ച്ചയ്ക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.

(6) പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ പട്ടിണി കിടക്കുക എന്നത് സ്വയംപീഢനമാണ്. അദൃശ്യനായ ഏതോ ആകാശമാമാന്റെ സമ്മാനം പ്രതീക്ഷിച്ച് ഉമിനീര് പോലും ഇറക്കാതെ പകല്‍ തള്ളിനീക്കുന്ന ചപലതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിന് പിന്നില്‍ എന്തൊക്കെ ലക്ഷ്യങ്ങളുണ്ടായാലും അത് പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ മോശമാണ്. ”പകല്‍ മുഴുവന്‍ തുപ്പിത്തീര്‍ക്കുക-അസ്തമനം മുതല്‍ പ്രഭാതംവരെ നഷ്ടപരിഹാരമായി കൂറ്റന്‍ തീറ്റ”-എന്ന രീതിയില്‍ ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിന്റെ വിളിപ്പേരാണ് ഉപവാസം! മതവുമായി ബന്ധപ്പെട്ട എന്തും സ്വകാര്യമായി ചെയ്യുന്നതിനും വിലക്കില്ലാത്ത രാജ്യമാണിത്. എല്ലാ മതങ്ങളും ഒന്നാണെന്ന് വിശ്വസിക്കുന്നവരുണ്ടാവാം. പരമത ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് ബഹുകേമമാണെന്നും വാദിക്കുന്നവരും കണ്ടേക്കാം. പക്ഷെ പൊതുവിടങ്ങളില്‍ നിന്ന് മതത്തെയും മതാചാരങ്ങളെയും മാറ്റി നിര്‍ത്തുക എന്നത് ഒരു മതേതര സമൂഹത്തിന് ഒഴിവാക്കാനാവാത്ത കാര്യമാണ്.

(7) വിദ്യാലയങ്ങള്‍ സര്‍വമതസമ്മേളനങ്ങളുടെയും പൊതുപ്രാര്‍ത്ഥനകളുടെയും പ്രദര്‍ശനവേദിയാക്കി മാറ്റുന്നത് ആത്മഹത്യാപരമാണ്. സ്വാര്‍ത്ഥലാഭത്തിനായി ഇവയൊക്കെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്വയംമഹത്വപ്പെടുന്നതായും രാഷ്ട്രീയ-സാമൂഹിക നേട്ടങ്ങള്‍ ഉണ്ടാകുന്നതായും അനുഭവപ്പെടുന്നുണ്ടാവാം. പക്ഷെ കിട്ടിയതിലും കറുപ്പിച്ചാണ് ഈ സമൂഹത്തെ അവര്‍ വരുംതലമുറകള്‍ക്ക് കൈമാറുന്നത് എന്നത് മറക്കരുത്. മതം പഴുത്തൊലിക്കുന്ന പൊതുവിദ്യാലയങ്ങള്‍ ‘മനുഷ്യന് ഇടമില്ലാത്ത നാടായി’ കേരളത്തെ മാറ്റുകയാണ്. ഒരു മതാചാരത്തെ അകത്തുകടത്തുമ്പോള്‍ ബാക്കിയുള്ളവ വാതിലില്‍ മുട്ടും എന്നറിയണം. ആനയ്ക്ക് പണിയുന്ന വാതിലിലൂടെ നായയും പൂച്ചയും അകത്തു കടക്കും. പൊങ്കാല ഇട്ട് മത്സരിക്കുന്ന അദ്ധ്യാപകര്‍ക്ക് നൊയമ്പിനെയും റാസയേയും എതിര്‍ക്കാനാവില്ല.

(8) നൊയമ്പും പൊങ്കാലയുമൊക്കെ വിദ്യാലയങ്ങളില്‍ ആഘോഷിക്കുന്നവര്‍ വാസ്തവത്തില്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധയും വിഭജനബോധവും വളര്‍ത്തുകയാണ്.
‘പരമതാചാരസഹനം’ ഭൂരിപക്ഷം വിശ്വാസികള്‍ക്കും വിഷസമാനമാണ്. മറിച്ചുളള കപടനിലപാടുകള്‍ക്കൊന്നും വലിയ ആയുസ്സില്ല. സമുദായ അംഗങ്ങല്‍ അന്യമത ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് സമുദായനേതൃത്വങ്ങളെ പ്രകോപിപ്പിക്കും. എതിര്‍പ്രചരണങ്ങളും ചെറുത്തുനില്‍പ്പുകളും പിന്നാലെയെത്തും. വീടുകയറിയുള്ള പ്രചരണങ്ങള്‍, പ്രതിഷേധ റാലികള്‍, അനാവശ്യ ചര്‍ച്ചകള്‍…! വര്‍ദ്ധിച്ച സാമുദായിക ധ്രൂവീകരണവും വിഭജനബോധവും സമൂഹത്തില്‍ പ്രകടമാകും എന്നതായിരിക്കും അനന്തരഫലം. കരുനാഗപ്പള്ളിയിലും ചിറ്റൂരിലും സംഭവിച്ചതും മറ്റൊന്നുമല്ല. മതനേതൃത്വങ്ങള്‍ക്ക് ശക്തിയും സ്വാധീനവും പ്രകടിപ്പിക്കാനുള്ള അവസരമായി ഇത്തരം സന്ദര്‍ഭങ്ങള്‍ പരിണമിക്കുന്നു. ഫലത്തില്‍ ഇത്തരം കോപ്രായങ്ങള്‍ മൂലം വിശേഷിച്ച് പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല അതുവരെ ഇല്ലാത്ത ഒരു പിടി പ്രശ്‌നങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

(9) എല്ലാവരും ചെയ്യുന്നത് കൊണ്ട് മാത്രം മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായ പ്രാകൃത ആചാരങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെടില്ല. മതമാലിന്യങ്ങള്‍ തീണ്ടാതെ കുട്ടികളെങ്കിലും വളരട്ടെ. പൊതുവിദ്യാഭ്യാസം മതേതരമായി മുന്നോട്ടുപോകണം. മതമൈത്രി തനിയെ ഉണ്ടാകുന്നതാണ്, അത് കൃത്രിമമായി ‘ഉണ്ടാക്കാനായി’ ഓവറാക്കി ചളമാക്കരുത്. യാഥാര്‍ത്ഥ മൈത്രി ഉണ്ടെങ്കില്‍ ജലത്തിന്റെ ‘ജലത്വം’പോലെ അത് സ്വയം പ്രകടമാകും. വിദ്യാലയങ്ങള്‍ മതവല്‍ക്കരിക്കുന്നതോടെ ഇതിനകം മതാധിഷ്ഠതമായി തീര്‍ന്ന നമ്മുടെ ദുര്‍ബല ജനാധിപത്യം കൂടുതല്‍ തളരുകയാണ്. മൈത്രി ഉണ്ടാക്കാനെന്ന പേരില്‍ പൊതുവിദ്യാലയങ്ങളിലേക്ക് മതാചാരങ്ങള്‍ ആനയിക്കുന്നത് എലിശല്യം കുറയ്ക്കാന്‍ പാമ്പിനെ വളര്‍ത്തുന്നതിന് തുല്യമാണ്. മതം ആഹരിക്കുന്ന പൊതുഇടങ്ങള്‍ തിരിച്ചു പിടിക്കാന്‍ പ്രയാസമായിരിക്കും. മതം സ്വകാര്യതലത്തിലും മതാനുഷ്ഠാനങ്ങള്‍ ആരാധനാലയങ്ങളിലും ആചരിക്കപ്പെടട്ടെ. ആരാധനലയങ്ങളില്‍ കണക്കും സയന്‍സും ഭാഷയും പഠിപ്പിക്കണമെന്ന് ആരും നിര്‍ബന്ധം പിടിക്കുന്നില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com