പെണ്നടനമാടി സന്തോഷ് കീഴാറ്റൂര്‍
” ലീല….
ആദര്‍ശധീരമായ സ്നേഹത്തിന്റെ അചഞ്ചല ഭാവമാണ് ആശാന്റെ ലീല…
ആത്മഹത്യയിലവസാനിക്കുന്ന പ്രണയം,
ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത പ്രണയ ജീവിതവും..
ആത്മസുഖസാധമാണ് പ്രണയമെന്ന് ലീല നമ്മോട് അവകാശപ്പെടുന്നു..
ആശാന്റെ ലീല..
ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍..
ആശാന്റെ സ്ത്രീകഥാപാത്രങ്ങള്‍..
എത്രയെത്ര വേദികള്‍..
എത്രയെത്ര രാവുകള്‍..
അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകള്‍..”
ഫേസ്ബുക്കിലെ ഒരു സുഹൃത്ത് ഷെയര്‍ ചെയ്തതായിരുന്നു ആ വീഡിയോ. കണ്ടപ്പോള്‍ പെണ്‍നടന്റെ ട്രെയ്ലറായിരുന്നു. നാടകത്തിനും ട്രെയ്ലറോ.. ആകാംക്ഷയോടെ ഞാനത് കണ്ടു. അതിലെ ഈ വാചകങ്ങള്‍ മനസിനെ സ്പര്‍ശിച്ചു. പെണ്നടനമാടിയത് സിനിമാ താരം സന്തോഷ് കീഴാറ്റൂരാണെന്നറിഞ്ഞപ്പോള് അത്ഭുതം വിട്ടുമാറിയില്ല. ആ വീഡിയോയിലെ നാടകനടി ഒരു പുരുഷനോ..?
സന്തോഷേട്ടനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് പെണ്‍നടനെ അടുത്തറിഞ്ഞത്. രണ്ട് മഹാ നടന്മാരെ ഞാന്‍ അവിടെ കണ്ടു. ഒന്ന് ഓച്ചിറ വേലുക്കുട്ടി ആശാനും മറ്റൊന്ന് സന്തോഷ് കീഴാറ്റൂരും.. പെണ്‍നടനിലൂടെ ഒരു യാത്ര..
അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. പോലീസ് തടഞ്ഞുനിര്‍ത്തിയ കാറിന്റെ പിന്‍സീറ്റില്‍ നല്ല ഉയരമുള്ള സുന്ദരനായ ഒരാളും സുന്ദരിയായ സ്ത്രീയും. സംശയത്തോടെ തന്നെ ഇന്‍സ്പെക്ടര്‍ അവരെ പോകാന്‍ അനുവദിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍സ്പെക്ടര്‍ ആയാളെ വീണ്ടും കണ്ടു. കാറില്‍ സ്ത്രീ ഉണ്ടായിരുന്നില്ല. “കഴിഞ്ഞ ദിവസം സുന്ദരിയായ ഒരു സ്ത്രീ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു, എന്നിട്ടും ഞാന്‍ വെറുതെ വിട്ടത് നിങ്ങളായത് കൊണ്ടാണ്. ഇപ്പോള്‍ താങ്കള്‍ കാറില്‍ ഒറ്റയ്ക്കിരിക്കുന്നു.” ഒരു പുഞ്ചിരിയോടെയാണ് ആ മനുഷ്യനോട് ഇന്‍സ്പെക്ടര്‍ ഇത് പറഞ്ഞത്. പക്ഷെ, ഇത് പറഞ്ഞ് തീര്‍ന്നതും അയാള്‍ ഇന്‍സ്പെക്ടറുടെ പുഞ്ചിരിയേക്കാള്‍ വലിയ ഉച്ചത്തില്‍ ചിരിച്ചു.
ആ ചിരിച്ചത് മലയാളികളുടെ ആരാധക നടന് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരായിരുന്നു. അന്ന് കൂടെ ഉണ്ടായത് സുന്ദരിയായ സ്ത്രീ ആയിരുന്നില്ല. അസാധാരണമാംവിധം സ്ത്രീകഥാപാത്രങ്ങളെ വേദിയില്‍ അവതരിപ്പിക്കുന്ന ഓച്ചിറ വേലുക്കുട്ടിയായിരുന്നു. കുമാരനാശാന്റെ കരുണ നാടകം അവതരിപ്പിച്ച് വരുന്ന വഴിയായിരുന്നു. ഭാഗവതരും ഓച്ചിറയും ഏഴ് വര്‍ഷം ഏഴായിരം വേദികളില്‍ കരുണയിലെ ഉപഗുപ്തനും വാസവദത്തയ്ക്കും ജീവന് നല്കി. അത്ഭുതമായ അഭിനയ മികവ് നാടെങ്ങും പ്രകീര്‍ത്തിക്കപ്പെട്ടു. ഓച്ചിറയെന്ന പെണ്നടന് അരങ്ങില്‍ മാത്രം തിളങ്ങി. അണിയറില്‍ ആരും തിരിച്ചറിഞ്ഞില്ല.
ഒരു കാലഘട്ടത്തിന്റെ ഓര്‍പ്പെടുത്തലുകളും ഇന്നിന്റെ പുനരാഖ്യാനവുമായി ‘പെണ്നടന്’ അരങ്ങിലെത്തുന്നു. പ്രശസ്ത സിനിമാ-നാടക നടന് സന്തോഷ് കീഴാറ്റൂരാണ് പെണ്‍നടനായി അരങ്ങിലെത്തുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ നിന്നും വിക്രമാദിത്യന് സിനിമയിലെ കുഞ്ഞുണ്ണിയെന്ന കള്ളനിലേക്കും പിന്നീട് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത താരമായും വളരുമ്പോള്‍ അഭിനയ ജീവിതം സമ്മാനിച്ച നാടകത്തെ ഉപേക്ഷിക്കാന്‍ സന്തോഷ് തയ്യാറല്ല. ഏകാംഗ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും എല്ലാം സന്തോഷ് തന്നെ. നാട്യങ്ങളില്ലാത്ത ഈ കലാകാരന് മലയാളി ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് പെണ്‍നടനിലൂടെ നമുക്ക് കാണിച്ച് തരുന്നത്.
ഓച്ചിറ ഒരു പെണ്നടനായിരുന്നു. 1930 കളില്‍ നാടക കൊട്ടകകളിലെ നിഞ്ഞുനിന്ന പെണ് ശബ്ദം. അരങ്ങിലും ജീവിതത്തിലും അത്ഭുതമായ ഓച്ചിറയുടെയും അനേകം കലാകാരന്മാരുടെയും ഓര്‍മ്മപ്പെടുത്തലാണ് സന്തോഷ് കീഴാറ്റൂരിന്റെ പെണ്നടന്. ഓച്ചിറയെ കുറിച്ച് സന്തോഷ് പലപ്പോഴായി കേട്ടിരുന്നു. കൊല്ലത്ത് ഒരു നാടകം അവതരിപ്പിക്കാന്‍ പോയപ്പോഴാണ് ഓച്ചിറ വേലുക്കുട്ടിയെ കുറിച്ച് കുറെക്കൂടി അറിയുന്നത്. അതിന് ശേഷം ജയറാം നായകനായ കമലിന്റെ നടന് സിനിമയിലൂടെ ഓച്ചിറയെന്ന നടനെ അടുത്തറിഞ്ഞു. അന്ന് മുതല്‍ സന്തോഷിനെ ഓച്ചിറ പിടികൂടി.
” മലയാളത്തിലെ ഏറ്റവും മികച്ച ഏകാംഗനാടമാണിത്. നാടകം മാത്രമല്ല, കുമാരനാശാന്റെ കവിതകളും ഏറ്റവും നന്നായി പഠിപ്പിക്കുന്നു. കേരളത്തിലെ ക്യാമ്പസുകള്‍ പെണ്‍നടനെ അറിയണം, പഠിക്കണം..” പ്രശസ്തരായ സാംസ്കാരിക പ്രവര്‍ത്തകര്‍ നാടകത്തെകുറിച്ച് പറഞ്ഞതാണിത്. സന്തോഷിന്റെ ജന്മനാടായ തളിപ്പറമ്പില്‍ സംഘടിപ്പിച്ച ഏകനാട്യ നാടകോല്‍സവത്തില്‍ ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ പെണ്നടന് കണ്ടത്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലും കണ്ണൂര്‍ ക്യൂബ് സംഘടിപ്പിച്ച പരിപാടിയിലും പെണ്നടന് കാണികളെ വിസ്മയിപ്പിച്ചു. രതിമൂര്ച്ചയുടെ രംഗം പോലും അങ്ങേയറ്റം വികാരപരമായും അതേസമയം അശ്ലീലതയിലേക്ക് വഴുതി വീഴാതെയും സന്തോഷ് നടനവൈഭവം കൊണ്ട് മികവുറ്റതാക്കി. ഏകപാത്ര നാടകം എന്നതിലുപരി ഒരു പൂര്‍ണ നാടകത്തിന്റെ അനുഭവമാണ് പെണ്നടന് കാണികള്‍ക്ക് നല്‍കുന്നത്.
ഓച്ചിറ വേലുക്കിട്ടിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് പെണ്നടന് അരങ്ങിലെത്തുന്നത്. കുമാരനാശാന്റെ കാവ്യം വരച്ചുവെച്ച കഥാപാത്രങ്ങളായിരുന്നു ഓച്ചിറയിലൂടെ അരങ്ങിലെത്തിയത്. ആ കാവ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കീഴാറ്റൂര്‍ ഓച്ചിറയുടെ ജീവിതം അരങ്ങിലെത്തിക്കുന്നതും.
കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും തുടച്ചുനീക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നവോത്ഥാനത്തിന്റെ പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്ന നാടകങ്ങളായിരുന്നു ഓച്ചിറയുടേത്. സ്ത്രീകള്‍ അന്ന് നാടക രംഗത്തേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്നത് കണ്ട് ഓച്ചിറ വേലുക്കുട്ടി സ്വയം സ്ത്രീയായി അരങ്ങിലെത്തുകയായിരുന്നു. ഒരു സത്രീ അരങ്ങില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഭംഗിയായി സ്ത്രീവേഷം ചെയ്ത് ഓച്ചിറ തിളങ്ങി. അന്നത്തെ നാടകകൊട്ടകകളില് ഇന്ന് കാണുന്ന മൈക്കോ, ലൈറ്റിംഗ് സംവിധാനങ്ങളോ ഇല്ല. ഏറ്റവും പിറകിലിരിക്കുന്ന ശ്രോതാവിനും മുന്പിലിരിക്കുന്ന ആളിനും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്നതും കേള്‍ക്കാന്‍ കഴിയുന്നതുമായ ശബ്ദം നടന്മാര് ഉപയോഗിക്കണമായിരുന്നു. അത്ര തന്നെ ആസ്വാദനരീതിയില്‍ പെണ്‍ശബ്ദം ഉപയോഗിക്കുകയെന്നാല്‍ ഓച്ചിറ വേലുക്കുട്ടിയെന്ന മഹാ നടനെ നമുക്ക് മസിലാക്കാന്‍ സാധിക്കും. ആയിരങ്ങളാണ് അന്ന് നാടക കൊട്ടകകളില്‍ ഉണ്ടാകുകയെന്ന് കൂടി ഓര്‍ക്കണം.
ഇത്രയും മഹാനായ കലാകാരന്റെ ഓര്‍മകള്‍ക്കായി എന്താണ് ഇവിടെ ഉള്ളതെന്ന് ചോദിച്ചാല്‍ സാംസ്കാരിക കേരളം തലകുനിക്കും. സ്വന്തം ജീവിതം ദുരന്തപൂര്‍ണമായി പര്യവസാനിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ മാത്രം ഓര്‍മയായി ഒതുങ്ങേണ്ടയാളല്ല ഓച്ചിറ വേലുക്കുട്ടി എന്ന മഹാപ്രതിഭ.
പെണ് സമൂഹം നേരിടുന്ന വെല്ലുവിളികളുടെ നേര് ചിത്രമാണ് പെണ്നടന്. സ്ത്രീകള്‍ പോലും മടിച്ചിരുന്ന അരങ്ങിനെ സ്ത്രീയായി കീഴ്പ്പെടുത്തിയ ഓച്ചിറയുടെ ജിവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ‘ഇയാള്‍ ശരിക്കും പെണ്ണാണോ’ എന്ന് വരെ സംശയങ്ങളുമായി മലയാളികളെത്തി. ഒളിഞ്ഞുനോട്ടത്തിനും കുത്തുവാക്കിനും ഇരയായി. വേദികളിലെ സ്ത്രൈണത ജീവിതത്തിലും എത്തിയതോടെ സ്വന്തം ഭാര്യയില്‍ നിന്നുപോലും വേലുക്കുട്ടി വേദനകള്‍ നേരിടേണ്ടി വന്നു. അരങ്ങില്‍ തിളങ്ങിയ അണിയറയില്‍ ദുരിതം തിന്ന ഓച്ചിറയുടെ ജീവിതത്തിലൂടെ ഒരു നടന്റെ ജീവിതവും പെണ്നടന് ആവിഷ്കരിക്കുന്നുണ്ട്. സംസ്കൃതവും കടുകട്ടി മലയാളവുമാണ് അന്നത്തെ നാടകങ്ങളുടെ ഭാഷ. ആശാന്റെ കവിതകളുടെ നാടകാവിഷ്കാരം ഊഹിക്കാമല്ലോ. ആ കാവ്യങ്ങളും നാടകങ്ങളും വിലയരുത്തി പഠിച്ചാണ് സന്തോഷ് കീഴാറ്റൂര്‍ പുതിയകാലത്തിന്റെ പെണ്‍നടനായി അരങ്ങിലെത്തുന്നത്.
” ഇത് ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമോ കഥയോ ചരിത്രമോ അല്ല, മലയാള സമൂഹം അവഗണിച്ച ഒരു കലാകാരനെ ഓര്‍മ്മപ്പെടുത്തുക എന്ന ദൗത്യമാണ് പെണ്നടന് നിര്‍വഹിക്കുന്നത്. അതുപോലെ കലയില്‍ ജീവിതം സമര്‍പ്പിച്ച കലാകാരനെയും കാണിക്കുന്നു.” ഇത് പറയുമ്പോള്‍ സന്തോഷ് കീഴാറ്റൂര്‍ എന്ന നടനെ നമുക്ക് വാക്കുകളില്‍ കാണാം.
മനസില്‍ പതിഞ്ഞ കഥാപാത്രവുമായി അലഞ്ഞ് നടന്ന് ഒടുവില്‍ സിനിമയില്‍ അഭിനയിച്ച് കിട്ടുന്ന കാശ് മുടക്കി സ്വന്തമായി ഏകാംഗ നാടകം തയ്യാറാക്കി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ വെമ്പുന്ന യഥാര്‍ത്ഥ കലാകാരന്റെ വാക്കുകളായിരുന്നു അത്. മൈക്കിന്റെ മുന്നില്‍ സംഭാഷണം വികാരപരമായി ഉരുവിടുന്ന നാടകങ്ങളില്‍ നിന്ന് മാറി, നാടകം എങ്ങനെ ദൃശ്യഭാഷയാകുന്നു എന്നും അതില്‍ നടന്റെ പ്രാധാന്യം എന്താണെന്നും അനുഭവിക്കുന്നതാണ് പെണ്നടന്.
സുഹൃത്ബന്ധങ്ങള്‍ മാത്രം കൈമുതലാക്കി ഇറങ്ങിത്തിരിച്ചാണ് സന്തോഷ് ഈ നാടകം ചെയ്തത്. സിനിമാ സുഹൃത്തുക്കളും ടെക്നീഷ്യന്മാരും സഹായിച്ചു. നാടകത്തിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ എഡിറ്റ് ചെയ്ത് സുഹൃത്തുക്കള്‍ ഒരുക്കിയ ട്രെയ്ലര് ഇപ്പോള്‍ യുട്യൂബില്‍ ഹിറ്റാണ്. ബാംഗ്ളൂര്‍, ദുബായ്, ഡല്‍ഹി, കോഴിക്കോട്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നാടകം അവതരിപ്പിക്കുന്നുണ്ട്. കണ്ടവര്‍ കണ്ടവര്‍ അവരവരുടെ നാടുകളിലേക്ക് നാടകം അവതരിപ്പിക്കാന്‍ ക്ഷണിക്കുന്ന അനുഭവമാണ് സന്തോഷിനുണ്ടായത്.
സുരേഷ് ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റൂരും ചേര്‍ന്നാണ് നാടകം രചിച്ചത്. തൃശൂര്‍ ഡ്രാമ സ്കൂളിലെ മധുസൂദനന് മാസ്റ്റര്‍ സംഗീതവും ഷെറിന് ലൈറ്റിംഗും നിര്‍വഹിക്കുന്നു. എറണാകുളത്തെ പി വി ജോയ് ആണ് വസ്ത്രാലങ്കാരം, പട്ടണം റഷീദ് മേയ്ക്അപ്.