വിദ്യാഭ്യാസം കൂടിപ്പോയവർക്ക് ഓസ്കാർ വൈൽഡിന്‍റെ ഉപദേശങ്ങൾ -വിവ : വി .രവികുമാര്‍

Sharing is caring!

Oscar wilde
Oscar Wilde

1. മഹാനാവുക എന്നാൽ തെറ്റിദ്ധരിക്കപ്പെടുക എന്നുതന്നെയാണ്‌.

2. യൌവനം തിരിച്ചുകിട്ടാൻ എന്തും ഞാൻ ചെയ്യാം, വ്യായാമം ചെയ്യുക, അതികാലത്തെഴുന്നേല്ക്കുക, മാന്യനാവുക ഇതെല്ലാമൊഴികെ.

3. എല്ലാറ്റിനും മിതത്വം വേണം, മിതത്വത്തിനു പോലും.

4. ശത്രുക്കൾക്ക് ഒരിക്കലും മാപ്പു കൊടുക്കാതിരിക്കരുത്; ഇതുപോലവരെ ഈർഷ്യ പിടിപ്പിക്കുന്നതൊന്നില്ല.

5. എനിക്കു സ്വർഗ്ഗത്തേക്കു പോകാൻ ഒരാഗ്രഹവുമില്ല. എന്റെ കൂട്ടുകാരാരും അവിടെയില്ലല്ലൊ.

6. ആളുകൾ എന്റെ അഭിപ്രായത്തോടു യോജിക്കുമ്പോൾ എനിക്കെന്തോ പിശകിയെന്ന തോന്നലാണെനിക്ക്.

7. സംസാരവിഷയമാകുന്നതിനെക്കാൾ മോശമായത് ഒന്നേയുള്ളു; സംസാരവിഷയമാകാതിരിക്കുക എന്നതാണത്.

8. അറ്റ്ലാന്റിക് സമുദ്രം കണ്ടപ്പോൾ എനിക്കാകെ ഇച്ഛാഭംഗം തോന്നി. വളരെ മെരുങ്ങിയ ഒരു സാധനം. ഗർജ്ജനത്തിന്റെ ഗാംഭീര്യവും കൊടുങ്കാറ്റുകളുടെ സൌന്ദര്യവുമാണ്‌ ഞാൻ പ്രതീക്ഷിച്ചത്. ഞാൻ നിരാശനായിപ്പോയി.

9. വിദ്യാഭ്യാസം ആദരണീയമായ ഒരു സംഗതിയാണെന്നു സമ്മതിച്ചു; ഒപ്പം, അറിയേണ്ടതായിട്ടൊന്നുണ്ടെങ്കിൽ അതു പഠിപ്പിച്ചാൽ പഠിക്കുന്നതല്ലെന്ന് ഇടയ്ക്കിടെ ഓർമ്മയുണ്ടാവുകയും വേണം.

10. ജീവിതത്തിൽ ഏറ്റവും പ്രധാനമായത് പണമാണെന്ന് ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നു; പ്രായമായപ്പോൾ എനിക്കതു മനസ്സിലാവുകയും ചെയ്തു.

11. നിങ്ങൾ ധരിക്കുന്നതാണ്‌ ഫാഷൻ; അന്യർ ധരിക്കുന്നത് ഫാഷനല്ലാത്തതും.

12. കാണാൻ സുന്ദരനായിരിക്കുകയും മോടിയായി വേഷം ധരിക്കുകയും ഒരാവശ്യമാണ്‌; ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായിരിക്കുക എന്നത് അങ്ങനെയല്ല.

13. നല്ലവനായിരിക്കുന്നതിനെക്കാൾ സുന്ദരനായിരിക്കുകയാണു ഭേദം. വിരൂപനാവുന്നതിനെക്കാൾ ഭേദം നല്ലവനാവുകയുമാണ്‌.

14. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് അയാളുടെ സൌന്ദര്യമോ വേഷമോ ഫാൻസി കാറോ കണ്ടിട്ടല്ല; നിങ്ങൾക്കു മാത്രം കാതിൽ പെടുന്നൊരു ഗാനം അയാൾ പാടുന്നു എന്നതുകൊണ്ടാണ്‌.

15. ഫാഷൻ എന്നു പറയുന്നത് വൈരൂപ്യത്തിന്റെ ഒരു രൂപമാണ്‌; അതുകൊണ്ടാണ്‌ ആറു മാസം കൂടുമ്പോൾ നാമതു മാറ്റുന്നത്.

16. പുരുഷന്റെ മുഖം അയാളുടെ ആത്മകഥയായിരിക്കും. സ്ത്രീയുടേത് അവളെഴുതിയ കല്പിതകഥയും.

17. പൊതുജനം നിരന്തരം ആവശ്യപ്പെടുന്നത് കല ജനപ്രിയമായിരിക്കണമെന്നാണ്‌, തങ്ങളുടെ അഭിരുചിയില്ലായ്മയെ അതു പ്രീതിപ്പെടുത്തണമെന്നാണ്‌, തങ്ങളുടെ യുക്തിരഹിതമായ പൊങ്ങച്ചത്തെ അതു സുഖിപ്പിക്കണമെന്നാണ്‌, കേട്ടതു തന്നെ പിന്നെയും തങ്ങളെ കേൾപ്പിക്കണമെന്നാണ്‌, കണ്ടു മടുത്തതു വീണ്ടും തങ്ങളെ കാണിക്കണമെന്നാണ്‌, വയറു നിറയെ തിന്ന് അനങ്ങാൻ പറ്റാതെ കിടക്കുമ്പോൾ തങ്ങളെ വിനോദിപ്പിക്കണമെന്നാണ്‌, സ്വന്തം മൂഢത്തരം കണ്ടു മടുക്കുമ്പോൾ തങ്ങളുടെ ശ്രദ്ധ തിരിക്കണമെന്നാണ്‌…

18. കലയിലൂടെയാണ്‌, കലയിലൂടെ മാത്രമാണ്‌ നമുക്കു പൂർണ്ണത നേടാനാവുക; കലയിലൂടെയാണ്‌, കലയിലൂടെ മാത്രമാണ്‌ നിത്യജീവിതത്തിലെ ദുഷിച്ച ചതിക്കുഴികളിൽ നിന്നു നാം സ്വയം രക്ഷപ്പെടുത്തുന്നതും.

19. പണ്ടുകാലത്ത് പുസ്തകങ്ങൾ എഴുതുന്നത് എഴുത്തുകാരും വായിക്കുന്നത് പൊതുജനവുമായിരുന്നു; ഇക്കാലത്ത് പൊതുജനം പുസ്തകമെഴുതുന്നു, വായിക്കാൻ ആളുമില്ല.

20. പ്രണയത്തേക്കാൾ ദാരുണമാണ്‌ സൌഹൃദം. അതിനായുസ്സു കൂടും.

21. സഹജമായിത്തന്നെ സുന്ദരമായ ഒരു വിഷയം കലാകാരനു പ്രചോദനമാകുന്നില്ല. അപൂർണ്ണതയുടെ ഒരു കുറവ് അതിനുണ്ട്.

22. ശിഷ്യന്മാരെക്കൊണ്ടുകൂടി ഉപയോഗമുണ്ടാവും. അയാൾ നിങ്ങളുടെ സിംഹാസനത്തിനു പിന്നിൽ നില്ക്കുന്നു; നിങ്ങളുടെ വിജയമുഹൂർത്തത്തിൽ അയാൾ നിങ്ങളുടെ കാതിൽ മന്ത്രിക്കുകയും ചെയ്യുന്നു, നിങ്ങൾ അമരത്വം പ്രാപിച്ചിരിക്കുന്നുവെന്ന്.

23. ഒരു പോലീസുകാരനു പോലും കാണാവുന്നത്ര നമ്മൾക്കടുത്താണ്‌ കുറ്റവാളികൾ. ഒരു കവിയ്ക്കു മാത്രം മനസ്സിലാകാവുന്നത്ര അകലെയുമാണവർ.

V. Ravikumar
V. Ravikumar

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com