ഞാന്‍ കുടിച്ചത് എന്‍റെ കുടുംബത്തിന്‍റെ കണ്ണുനീരായിരുന്നു

Sharing is caring!

എന്നിലൂടെ നാടുനന്നാകുമെന്ന  അഹങ്കാരം എനിക്കില്ല , പക്ഷേ ഗ്ലാസ്സിലേക്ക്‌ മദ്യംപകരുന്ന ഒരാളെങ്കിലും എന്‍റെ അനുഭവങ്ങളിലൂടെ മാറി ചിന്തിക്കാന്‍ ഇടയായാല്‍ ഒരു കുടുംബത്തിന്‍റെ സന്തോഷംകൂടി കാണാനായേക്കും…

alcohol2

“ഇതെന്‍റെ രണ്ടാം ജന്മമാണ് ,  ഒരുവര്‍ഷവും മൂന്നുമാസവും ഇരുപതുദിവസവും തികഞ്ഞു  ഞാന്‍ പുനര്‍ജനിച്ചിട്ട്. പതിനാറാം വയസില്‍  കൂടെകൂടിയ മദ്യപാനശീലം ഇന്നെനിക്ക് പേടിപ്പെടുത്തുന്ന സ്വപ്നമാണ് .

സാമ്പത്തികമായും സാംസ്കാരികമായും ഭേദപെട്ട ഒരു കുടുംബത്തിലെ ഒറ്റ  മകനായാണ്‌  ഞാന്‍ ജനിച്ചത്‌ .  പതിനാറാം വയസ്സില്‍ അങ്ങാടിയിലെ സുഹൃത്തിന്‍റെ ഒറ്റമുറിപീടികയിലിരുന്നു ആദ്യ പെഗ്ഗടിക്കുമ്പോള്‍  എന്തിനുംപോന്ന ആണായി എന്ന ചിന്തയും പിന്നീട്  വളര്‍ന്ന അഹങ്കാരാവും  എന്നെ  കീഴടക്കുകയായിരുന്നു .

പിന്നീടങ്ങോട്ട് മദ്യത്തില്‍  ആറാടിയ  ദിവസങ്ങളായിരുന്നു , ആണ്‍കുട്ടികളാകുമ്പോ അത്യാവശ്യം എല്ലാ കുരുത്തകേടുകളും  ഉണ്ടാകുമെന്ന സമൂഹത്തിന്‍റെ പതിവ് ഡയലോഗ്  കുപ്പിപൊട്ടിക്കാനുള്ള ധൈര്യം കൂട്ടി, അതാണ്‌ സത്യം  .  നാട്ടില്‍ അത്യാവശ്യം അറിയപെടുന്ന വീട്ടിലാണ് ജനിച്ചത്‌ എന്നുള്ളതുകൊണ്ട്  എന്‍റെ കാര്യത്തില്‍ നാട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും വലിയ പ്രതീക്ഷയായിരുന്നു . നാട്ടിലെ  എന്തിനും മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാരുടെ കൂട്ടത്തില്‍ എന്‍റെ പേരും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു . ആസമയത്താണ്  നാട്ടുപണികള്‍ക്ക്  ഇറങ്ങിതുടങ്ങുന്നത്  . ജോലി ചെയ്തുകിട്ടുന്ന  പൈസക്ക്  ബോധം പോകുന്നവരെ   കുടിക്ക്യാന്നുള്ളതായിരുന്നു അന്നത്തെ ചിന്ത . ആസമയത്താണ് വീട്ടുകാരും  സുഹൃതുക്കളും കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ച്തുടങ്ങിയത്  . ശെരിക്കുപറഞ്ഞാല്‍ അപ്പോള്‍  മുതല്‍ ഞാന്‍  എന്‍റെ നില തെറ്റിയ പോക്ക് തിരിച്ചറിഞ്ഞ് തുടങ്ങുകയായിരുന്നു. കല്യാണാലോചനകള്‍ ധാരാളം  നടക്കുന്ന സമയം , എന്നാല്‍ അന്വേഷിച്ചുവരുന്ന  പെണ്‍വീട്ടുകാര്‍ നിരന്തരം താല്പാര്യകുറവ് മാത്രം പ്രകടിപ്പിച്ച്ചുകൊണ്ടിരുന്നു   , ഒരു കല്യാണത്തെപറ്റി  മനസ്സുകൊണ്ടാഗ്രഹിച്ച  അവസരത്തില്‍  ഒറ്റപെടലുകള്‍ ധാരാളം അനുഭവിക്കെണ്ടിവന്നിട്ടുണ്ട് .പക്ഷേ എന്‍റെ മദ്യപാനമാണ്   ഇതിനെല്ലാം കാരണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ എന്നെകൊണ്ടായില്ല. അങ്ങാടിയിലെ ചില കച്ചവടക്കാര്‍ എന്‍റെ മദ്യപാനത്തെകുറിച്ച് വെളിപ്പെടുത്തിയ സത്യാവസ്തകളാണ് വിവാഹാലോചനകള്‍ മുടങ്ങാന്‍ കാരണമെന്ന് അറിഞ്ഞപ്പോള്‍ മൂക്കുമുട്ടെകുടിച്ച് ഒരു കട തല്ലിപൊളിച്ചു. ആ സംഭവത്തിനു ശേഷം ആരും പേടിച്ച് വാ തുറക്കാത്തതുകൊണ്ട് അടുത്ത ആഴ്ച്ച എന്‍റെ കല്യാണം നടന്നു . സന്തോഷവും സമാധാനവും എന്‍റെ ഭാര്യ അനുബവിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല .  എന്നും വഴക്കും  ബഹളവും . ഭാര്യയുമായുണ്ടായ ഒരു വഴക്ക് ചെന്നവസാനിച്ചത്‌ അവളുടെ ചെവിയുടെ പാടപോട്ടിയതിലായിരുന്നു . അങ്ങനെയും കുറെ കാശുചിലവായി . പൊലീസ് കേസുകള്‍ക്ക്  അന്ന് തീരെ കുറവില്ലായിരുന്നു , വെള്ളമടിച്ച് വണ്ടി  ഓടിച്ചതിന്  ഇഷ്ടംപോലെ ഫൈന്‍ അടക്കെണ്ടിവന്നിട്ടുണ്ട് . കുട്ടികളായാലെങ്കിലും എല്ലാം ശേരിയാകുമെന്നുവിചാരിച്ഛവര്‍ക്ക് വീണ്ടും തെറ്റി . പ്രശ്നങ്ങള്‍ കൂടിവന്നതല്ലാതെ തീരെ കുറഞ്ഞില്ല.

drinks1

 

മനസ്സില്‍ ഈ കുടിയൊന്നു നിര്‍ത്തണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു പക്ഷെ മദ്യത്തിന്‍റെ അളവ് കൂടിവന്നതല്ലാതെ കുറക്കാന്‍ പറ്റിയില്ല . വലിയ താമസമില്ലതെ ഞാന്‍ ഒറ്റപെട്ടു , എന്‍റെ കുടികാരണം എന്‍റെ വീട്ടുകാരും എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടു . ആരും വീട്ടിലെക്ക് വരാതെയായി ,സുഹൃത്തുക്കള്‍പ്പഴയ അടുപ്പം കാണിക്കാതെയായി.   ഒരു വിഷുവിനു അച്ഛന്‍ ആദ്യമായി എന്നോടൊരു ആഗ്രഹം പറഞ്ഞു ,  ഉച്ചക്ക് ഊണുകഴിക്കാന്‍ നിര്‍ബന്ധമായും എത്തണം . എന്തുച്ചെയ്യാനാ വീട്ടുകാര്‍ രണ്ടുമണിവരെ എന്നെയുംക്കാത്തുനിന്നു പക്ഷെ ഞാന്‍ മൂന്നുമണികഴിഞ്ഞിട്ടാണ് വീട്ടില്‍ ചെന്നുകയറുന്നത് , അതും നാലുകാലില്‍ . അച്ഛന്‍ വാച്ച്മാന്‍ പണിക്കുപോയിട്ടാണ് കുടുംബം നോക്കിയിരുന്നത് . മദ്യപാനം രാവിലെ  തുടങ്ങിയിരുന്ന നാളുകളില്‍  , വീട്ടിനടുത്തുതൂങ്ങി മരിച്ച ഒരാളുടെ ബോഡി അറുത്തുമാറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത് ഞാനാണ് . പക്ഷെ അന്നുപറ്റിയത് എന്‍റെ കൂടെ വന്നിരുന്ന ആളുടെ പേരും മരിച്ച ആളുടെ പേരും ഞാന്‍ ബോധാമില്ലാതെ മാറികൊടുത്തു , അങ്ങനെ മദ്യപാനംകൊണ്ട് മരിക്കാത്തോരാളെ ഞാനായിട്ട് മരിച്ചതായി ചിത്രീകരിച്ചു . ഒരുപാടുപ്രശ്നങ്ങള്‍ അതുമായി ബന്ധപെട്ടു ഉണ്ടായിട്ടുണ്ട് . അതോടുകൂടി ഒന്നും വിശ്വസിച്ച് എന്നെ ഏല്‍പ്പിക്കാന്‍ പറ്റില്ലായെന്ന സംസാരം പരന്നു .

ഇടയ്ക്കു പൊലീസ് കേസുകള്‍ വന്ന്‍  , നാട്ടിലിറങ്ങാന്‍ പറ്റാതെ ആയപ്പോള്‍ ഞാന്‍ ദൂരെ പണിക്കു പോകുന്നത് പതിവായിരുന്നു .  ഒരു ദിവസം പുലര്‍ച്ചയ്ക്ക് പോലീസുകാര്‍ വീട്ടില്‍വന്ന്‍  സ്റ്റേഷനിലേക്കെന്നെ കൊണ്ടുപോയി , ലോക്കപ്പിലിട്ടു . വെറും ഷെട്ടിയിട്ട് ഞാന്‍ സെല്ലില്‍ നില്‍ക്കുമ്പോള്‍ എസ്.ഐ സാര്‍ ചോദിച്ചു ” നായെ നിനക്ക് കുടിക്കുന്ന പൈസക്ക് ഒരു നല്ല ഷെട്ടി വാങ്ങി ഇട്ടൂടെന്നു “, അങ്ങനെ ചോദിക്കാന്‍ കാരണവും ഉണ്ടായിരുന്നു ഉപയോഗിച്ച് തുള വീണ ഒരു ഷെട്ടിയായിരുന്നു ഞാന്‍ ഇട്ടിരുന്നത് . നല്ലൊരു അടിവസ്ത്രം  വാങ്ങിയിടാന്‍പോലും  മറന്നുപോയിരുന്നു എന്നകാര്യം അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് . പത്തുരൂപകൈയ്യില്‍ കിട്ടിയാല്‍ അത് ഒരു  പെഗ്ഗടിക്കാന്‍ മാറ്റിവെക്കും . എല്ലാവരും എന്നെ സ്നേഹിച്ചിരുന്നു പക്ഷെ എനിക്കെല്ലാവരോടും വെറുപ്പായിരുന്നു .

download

അങ്ങനെയിരിക്കെയാണ് ആല്‍ക്കഹോളിക് അനോണിമസിന്‍റെ  ഒരു മീറ്റിങ്ങില്‍ എന്നെ പങ്ക്കെടുപ്പിക്കുന്നത് . അന്ന് മീറ്റിങ്ങില്‍ പങ്ക്കെടുക്കാന്‍ മുകളിലെ നിലയിലേക്ക് കയറാന്‍ ഞാന്‍  ഒരുപാട് കഷ്ട്ട്ടപ്പെട്ടു  , അന്നാണ് ശാരീരികമായും ഞാന്‍ തളര്ന്നുകൊണ്ട്ടിരിക്കുകയാനെന്നു ഞാന്‍ മനസിലാക്കിയത് . ആല്‍ക്കഹോളിക് അനോണിമസ് എന്ന പ്രസ്ഥാനമാണ് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.

എട്ടുമാസം മുന്‍പ് എന്‍റെ അച്ഛന്‍ മരിച്ചു.ക്യാന്‍സര്‍ രോഗിയായ അദ്ധേഹത്തിന്‍റെ അവസാന ദിവസങ്ങളില്‍ ഞാന്‍ കാരണം സങ്കടപെടേണ്ടിവന്നില്ല  എന്നോര്‍ക്കുമ്പോള്‍  കൂടുതല്‍ സന്തോഷമാണ് തോന്നുന്നത്  . അച്ചന്‍റെ മരണശേഷമാണ് ,പലപ്പോഴും അച്ഛന്‍ എന്‍റെ കാര്യങ്ങളോര്‍ത്ത് പൊട്ടിക്കരഞ്ഞിരുന്ന കാര്യം അമ്മ പറയുന്നത് . ഒരുപാട് നാശനഷ്ട്ടങ്ങള്‍ ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് , ഇന്നും എന്‍റെ ഭാര്യക്കെത്ത്ര സ്വര്‍ണാഭരണങ്ങള്‍ ശേഷിക്കുന്നുണ്ട് എന്നെനിക്കറിഞ്ഞുകൂട. പക്ഷെ ഇന്ന് ഞങ്ങളുടെ ഇല്ലായ്മകളിലും ഞങ്ങള്‍ സന്തോഷം കണ്ടെത്തുന്നു , ഇന്ന് എന്‍റെ കുട്ടികള്‍ കളിക്കുന്നതും ചിരിക്കുന്നതും ഞാന്‍ അറിയുന്നു , പുറത്ത് മഴ പെയ്യുന്നത്തും ഇടി വെട്ടുന്നതും അറിയുന്നു  . ഞാനിന്നെന്‍റെ കുടുംബത്തോടൊപ്പം പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തോടെയാണ് ജീവിക്കുന്നത് .

ഇപ്പോഴാണ് ഞാന്‍ ജീവിച്ച്തുടങ്ങുന്നത്..”

 

രണ്ടുപതിറ്റാണ്ടു നീണ്ടുനിന്ന പച്ചയായ  ജീവിത യാഥാര്‍ത്യങ്ങള്‍ കൂലിപ്പണിക്കാരനായ  പ്രജീഷ് ലോക ലഹരിവിരുദ്ധ ദിനത്തില്‍ ഓണ്‍മലയാളത്തോടൊപ്പം പങ്കുവച്ചപ്പോള്‍ .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com