ലൂയിസ് ബുനുവേൽ – ആത്മകഥ

Sharing is caring!


പ്രശസ്തനായ സ്പാനിഷ് സംവിധായകൻ ലൂയിസ് ബുനുവേലിന്റെ “എന്റെ അന്ത്യശ്വാസം” എന്ന ആത്മകഥയുടെ രണ്ടദ്ധ്യായങ്ങള്‍. ഇംഗ്ളീഷ് വിവർത്തനം= Abigail Israel , (translated by V Ravikumar)

മരിക്കുന്നതിനു മുമ്പുള്ള പത്തു കൊല്ലത്തിനിടയിൽ എന്റെ അമ്മയ്ക്ക് ഓർമ്മ ക്രമേണ നഷ്ടപ്പെട്ടു. എന്റെ സഹോദരന്മാരോടൊപ്പം അമ്മ താമസിച്ചിരുന്ന സാരഗോസ്സയിൽ അവരെ കാണാൻ ചെല്ലുമ്പോൾ അവർ ആഴ്ചപ്പതിപ്പുകൾ എടുത്തു വായിക്കുന്നത് ഞാൻ നോക്കിയിരിക്കും: ആദ്യം മുതൽ അവസാനം വരെ ഓരോ പേജും ശ്രദ്ധാപൂർവം മറിച്ച്. വായിച്ചുകഴിഞ്ഞാൽ ഞാനത് അവരുടെ കൈയിൽ നിന്നു വാങ്ങിയിട്ട് വീണ്ടും തിരിച്ചുകൊടുക്കും; അവർ പിന്നെയും അത് സാവധാനം പേജു മറിച്ചു വായിക്കുന്നതാണ്‌ ഞാൻ കാണുക.

656full-luis-buñuel

അവരുടെ ശാരീരികാരോഗ്യത്തിന്‌ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല; ആ പ്രായം വച്ചു നോക്കുമ്പോൾ നല്ല ചുറുചുറുക്കുമുണ്ടായിരുന്നു; പക്ഷേ ഒടുവിലായപ്പോൾ സ്വന്തം മക്കളെ അവർക്കു തിരിച്ചറിയാതായി. ഞങ്ങളാരാണെന്നോ, താനാരെന്നോ അവർക്കറിവുണ്ടായിരുന്നില്ല. ഞാൻ അവരുടെ മുറിയിലേക്കു ചെന്ന് ചുംബിച്ചിട്ട് ഒപ്പം അല്പനേരമിരിക്കും. ചിലപ്പോൾ പോകാനെന്നപോലെ ഇറങ്ങിയിട്ട് തിരിച്ചു വീണ്ടും ചെല്ലും. അതേ പുഞ്ചിരിയോടെ അവരെന്നെ നോക്കും, എന്നോടിരിക്കാൻ പറയും- ആദ്യമായിട്ടാണ്‌ അമ്മ എന്നെ കാണുന്നതെന്നപോലെ. എന്റെ പേരും അവർക്കോർമ്മയുണ്ടായിരുന്നില്ല.

സാരഗോസ്സയിൽ സ്കൂൾകുട്ടിയായിരിക്കുന്ന കാലത്ത് സ്പെയിനിലെ വിസിഗോത്ത് രാജാക്കന്മാരുടെ പേരുകൾ മുഴുവൻ എനിക്കു മനപ്പാഠമായിരുന്നു; അതുപോലെ യൂറോപ്പിലെ ഓരോ രാജ്യത്തിന്റെയും വിസ്തീർണ്ണവും ജനസംഖ്യയും. ഉപയോഗശൂന്യമായ വിവരങ്ങളുടെ ഒരു സ്വർണ്ണഖനിയായിരുന്നു ഞാൻ എന്നതാണു വസ്തുത. ഈ യാന്ത്രികമായ വെടിക്കെട്ടുകൾ എണ്ണമറ്റ തമാശകൾക്കു വിഷയവുമായിരുന്നു; ഇതിൽ മിടുക്കു കാണിച്ചിരുന്ന വിദ്യാർത്ഥികളെ memorione എന്നാണു വിളിച്ചിരുന്നത്; അങ്ങനെയൊരു കേമനായിരുന്നു ഞാനെങ്കിൽക്കൂടി അത്തരം അഭ്യാസങ്ങളെ എനിക്കു പുച്ഛവുമായിരുന്നു.

ഇന്നു പക്ഷേ അത്രയും അവജ്ഞ എനിക്കു തോന്നുന്നില്ല. ഒരായുസ്സിനിടയിൽ അബോധപൂർവ്വം നാം ശേഖരിച്ചുവയ്ക്കുന്ന ഓർമ്മകളെക്കുറിച്ച് രണ്ടാമതൊന്നു നാം ചിന്തിക്കുന്നത്, പെട്ടെന്നൊരു ദിവസം അടുത്തൊരു സ്നേഹിതന്റെയോ, ബന്ധുവിന്റെയോ പേരു നമുക്കോർമ്മിക്കാൻ പറ്റാതെ വരുമ്പോഴാണ്‌. അതു പോയിക്കഴിഞ്ഞു; നമുക്കതു മറന്നുകഴിഞ്ഞു. അതിസാധാരണമായ ഒരു പദം ഓർത്തെടുക്കാൻ നാമെത്ര കിണഞ്ഞു ശ്രമിച്ചിട്ടും അതു വിഫലമാവുകയാണ്‌. നമ്മുടെ നാവിൻ തുമ്പത്തതുണ്ട്; പക്ഷേ അവിടെ നിന്നു പോരാൻ അറച്ചുനിൽക്കുകയാണത്.

ഇതു വന്നുകഴിഞ്ഞാൽ പിന്നെ മറ്റു ഭ്രംശങ്ങൾ ഉണ്ടാവുകയായി; ഓർമ്മയുടെ പ്രാധാന്യം അപ്പോഴേ നമുക്കു മനസ്സിലാവുന്നുള്ളു, അപ്പോഴേ നാമത് അംഗീകരിച്ചു കൊടുക്കുന്നുമുള്ളു. ഈ തരം സ്മൃതിലോപം എന്നെ ആദ്യമായി ബാധിക്കുന്നത് എഴുപതോടടുക്കുമ്പോഴാണ്‌. പേരുകളിൽ നിന്നായിരുന്നു തുടക്കം; പിന്നെ ആസന്നഭൂതകാലത്തിൽ നിന്നും. ഞാനെന്റെ ലൈറ്റർ എവിടെ വച്ചു? ( അഞ്ചു മിനുട്ടു മുമ്പ് അതെന്റെ കൈയിൽ ഉണ്ടായിരുന്നതാണല്ലോ!) ഈ വാക്യത്തിനു തുടക്കമിടുമ്പോൾ എന്തു പറയാനാണ്‌ ഞാൻ ഉദ്ദേശിച്ചത്? അധികം വൈകേണ്ട, ചില മാസങ്ങൾക്കു മുമ്പോ വർഷങ്ങൾക്കു മുമ്പോ നടന്ന കാര്യങ്ങളിലേക്ക് ഈ സ്മൃതിലോപം പടരുകയായി- 1980ൽ മാഡ്രിഡിൽ ഞാൻ മുറിയെടുത്തു താമസിച്ച ഹോട്ടലിന്റെ പേര്‌, ആറു മാസം മുമ്പു മാത്രം അത്രയും രസം പിടിച്ചു ഞാൻ വായിച്ച ആ പുസ്തകം. തിരഞ്ഞുതിരഞ്ഞു പോവുകയാണു ഞാൻ; പക്ഷേ ഫലമില്ല; എന്നാണ്‌ അവസാനത്തെ ആ സ്മൃതിനാശം വരിക എന്നു നോക്കിയിരിക്കുകയേ വേണ്ടു ഞാനിനി; എന്റെ അമ്മയുടെ കാര്യത്തിലെന്നപോലെ ഒരു ജീവിതത്തെയപ്പാടെ തുടച്ചുമാറ്റുന്ന തൊന്നിനായി.

ആ അന്തിമാന്ധകാരത്തെ വിലക്കിനിർത്താൻ ഇതുവരെ എനിക്കു കഴിഞ്ഞിരിക്കുന്നു. എന്റെ വിദൂരഭൂതകാലത്തിൽ നിന്ന് എണ്ണമറ്റ പേരുകളും മുഖങ്ങളും വിളിച്ചുവരുത്താൻ ഇപ്പോഴും എനിക്കു കഴിയുന്നുണ്ട്; ഏതെങ്കിലുമൊന്നു മറന്നുപോയാൽ ഞാനങ്ങനെ വേവലാതിപ്പെടാറുമില്ല. എനിക്കറിയാം, അബോധമനസ്സിന്റെ ചില യാദൃച്ഛികതകളിലൂടെ പെട്ടെന്നതു പുറത്തേക്കു വരുമെന്ന്. നേരേ മറിച്ച്, തൊട്ടടുത്തു നടന്ന ഒരു സംഭവമോ, കഴിഞ്ഞ ചില മാസങ്ങൾക്കിടയിൽ ഞാൻ കണ്ടുമുട്ടിയ ഒരാളുടെ പേരോ, പരിചയമുള്ള ഒരു സാധനത്തിന്റെ പേരോ ഓർക്കാനാവാതെ വരുമ്പോൾ വല്ലാത്ത ഉത്ക്കണ്ഠയിൽ വീണുപോവുകയാണു ഞാൻ. എന്റെ വ്യക്തിസത്ത അങ്ങനെതന്നെ പെട്ടെന്നു പൊടിഞ്ഞുപോയതുപോലെ എനിക്കു തോന്നിപ്പോവുന്നു; അതെനിക്ക് ഒരൊഴിയാബാധയാവുന്നു; മറ്റൊന്നും എന്റെ ചിന്തയിൽ വരുന്നില്ല; എന്നാൽക്കൂടി എന്റെ യത്നങ്ങളും ക്ഷോഭവുമൊന്നും എന്നെ എവിടെയ്ക്കുമെത്തിക്കുന്നുമില്ല.

ഓർമ്മയാണ്‌ നമ്മുടെയൊക്കെ ജീവിതത്തെ ജീവിതമാക്കുന്നതെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെടണമെങ്കിൽ നിങ്ങൾക്കോർമ്മ നഷ്ടപ്പെട്ടു തുടങ്ങണം, പൊട്ടും പൊടിയുമായിട്ടെങ്കിലും. ഓർമ്മ വിട്ടുപോയ ജീവിതം ജീവിതമേയല്ല; ആവിഷ്കാരസാദ്ധ്യതയില്ലാത്ത പ്രജ്ഞ പ്രജ്ഞയല്ലെന്നു പറയുന്ന പോലെ തന്നെയാണത്. നമ്മുടെ ഓർമ്മ തന്നെയാണ്‌ നമ്മുടെ മാനസികഭദ്രത, നമ്മുടെ യുക്തി, നമ്മുടെ വികാരം, നമ്മുടെ പ്രവൃത്തി തന്നെയും. അതില്ലെങ്കിൽ ആരുമല്ല നാം.

ഇങ്ങനെയൊരു സിനിമാരംഗം മനസ്സിൽ കണ്ടുനോക്കുക ( ഞാൻ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്): തന്റെ സ്നേഹിതനോട് ഒരു കഥ പറഞ്ഞുകൊടുക്കുന്നയാൾക്ക് നാലു വാക്കിൽ ഒന്നു വീതം മറന്നു പോവുകയാണ്‌; കാറെന്നോ, തെരുവെന്നോ, പോലീസുകാരനെന്നോ ഉള്ള വെറും സരളമായ വാക്കുകൾ. അയാൾ വിക്കുകയാണ്‌, അറയ്ക്കുകയാണ്‌, വായുവിൽ കൈയിട്ടു വീശുകയാണ്‌, സമാനപദങ്ങൾക്കായി തപ്പുകയാണ്‌. ഒടുവിൽ ദേഷ്യം വന്ന സ്നേഹിതൻ അയാൾക്കിട്ടൊരടിയും കൊടുത്ത് സ്ഥലം വിടുന്നു. ചിലപ്പോൾ പരിഭ്രമം മറയ്ക്കാനുള്ള ഉപാധിയായി ഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഞാൻ ഇങ്ങനെ ഒരു കഥയും പറയാറുണ്ട്: തന്റെ ഓർമ്മപ്പിശകുകളുടെ കാര്യവും പറഞ്ഞുകൊണ്ട് മനോരോഗവിദഗ്ധനെ കാണാൻ പോവുകയാണൊരാൾ; പതിവുള്ള ഒന്നുരണ്ടു ചോദ്യങ്ങൾക്കു ശേഷം ഡോക്ടർ അയാളോടു ചോദിക്കുന്നു:
“അപ്പോൾ, ഈ ഓർമ്മപ്പിശക്?”
“എന്തോർമ്മപ്പിശക്?”

images


ഓർമ്മ സർവശക്തമായിരിക്കാം, അനിവാര്യവുമായിരിക്കാം, ഒപ്പം ഭയാനകമാം വിധം ദുർബ്ബലവുമാണത്. എവിടെയും ഭീഷണിയിലാണത്; ജന്മശത്രുവായ ഓർമ്മക്കുറവിൽ നിന്നു മാത്രമല്ല, വ്യാജമായ ഓർമ്മകളിൽ നിന്നും. 1930കളിൽ നടന്ന പോൾ നിസ്സാന്റെ വിവാഹത്തെക്കുറിച്ചുള്ള ഈ കഥ ഞാൻ പലപ്പോഴും ആവർത്തിച്ചിരിക്കുന്നു. അയാളുടെ വിവാഹം നടന്ന സാങ്ങ് ജർമൻ ഡി പ്രി (St. Germain-des-pres)പള്ളി സ്ഫടികം പോലെ ഇപ്പോഴും എന്റെ മനക്കണ്ണുകൾക്കു മുന്നിലുണ്ട്. വിവാഹം കൂടാൻ വന്നവരെ (കൂട്ടത്തിൽ ഞാനും) ഞാൻ കാണുന്നുണ്ട്; അൾത്താര, പുരോഹിതൻ, വരന്റെ സഹായിയുടെ വേഷത്തിൽ സാർത്രും. അപ്പോഴാണ്‌ കഴിഞ്ഞകൊല്ലം പെട്ടെന്നൊരു ദിവസം ഞാൻ എന്നോടു തന്നെ പറയുന്നത്- ഇതെന്തു കഥ! തീവ്രമാർക്സിസ്റ്റായ നിസ്സാനും, കുടുംബത്തോടെ അജ്ഞേയവാദികളായ അയാളുടെ ഭാര്യയും തമ്മിൽ പള്ളിയിൽ വച്ചു വിവാഹം കഴിക്കുകയോ! അചിന്ത്യമാണതെന്നതിൽ സംശയമേ വേണ്ട. അതു ഞാൻ ഉണ്ടാക്കിയെടുത്തതാണോ? മറ്റു വിവാഹങ്ങളുമായി ഞാനതു കൂട്ടിക്കുഴച്ചോ? ആരോ എന്നോടു പറഞ്ഞ ഒരു കഥയിലേക്ക് എനിക്കു നല്ലവണ്ണം പരിചയമുള്ള ഒരു പള്ളിയെ ഞാൻ പറിച്ചുനടുകയായിരുന്നോ? ഇന്നും എനിക്കൊരു ധാരണയുമില്ല, എന്താണു സത്യമെന്ന്, അതിനെക്കൊണ്ട് ഞാനെന്തു ചെയ്തുവെന്ന്.

നമ്മുടെ ഭാവന, നമ്മുടെ സ്വപ്നങ്ങളും, നമ്മുടെ ഓർമ്മകളിലേക്ക് നിരന്തരം കടന്നുകയറുകയാണ്‌; സ്വന്തം മനോരഥങ്ങളെ അവിശ്വസിക്കുകയെന്നതു നമുക്കു ശീലമല്ലാത്തതിനാൽ നാമൊടുവിൽ നമ്മുടെ വ്യാജങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റുകയുമാണ്‌. ശരി തന്നെ, യാഥാർത്ഥ്യവും ഭാവനയും ഒരേപോലെ വൈയക്തികമാണ്‌, അവ നമുക്കനുഭൂതമാകുന്നതിലും വ്യത്യാസമൊന്നുമില്ല; അതിനാൽ ഒന്നിനെ മറ്റൊന്നായി കാണുന്നതിന് ആപേക്ഷികമായ പ്രാധാന്യമേ കൊടുക്കേണ്ടതുള്ളു.

ആത്മകഥയെന്നു ഭാഗികമായി പറയാവുന്ന ഈ ഓർമ്മകളിൽ – ഒരു സാഹസികനോവലിലെ വഴിയാത്രക്കാരൻ അപ്രതീക്ഷിതമായ ഒരു കടന്നുകയറ്റത്തിന്റെ, മുൻകൂട്ടിക്കാണാത്ത ഒരു കഥയുടെ ചാരുതയിൽ ആകൃഷ്ടനായിപ്പോകുന്നതുപോലെ, പലപ്പോഴും ഞാൻ വിഷയത്തിൽ നിന്നു തെന്നുകയും ചെയ്യും- ചില വ്യാജസ്മൃതികൾ തീർച്ചയായും ശേഷിക്കുന്നുണ്ടാവും, എന്റെ ജാഗ്രതയൊക്കെ ഇരിക്കെത്തന്നെ. പക്ഷേ, ഞാൻ നേരത്തേ പറഞ്ഞപോലെ, അതിനെ അത്രയ്ക്കങ്ങു കാര്യമാക്കാനില്ല. എന്റെ തീർച്ചകളുടേതെന്നപോലെ, എന്റെ സ്ഖലിതങ്ങളുടെയും സന്ദേഹങ്ങളുടെയും കൂടി ആകെത്തുകയാണു ഞാൻ. ചരിത്രകാരനല്ല ഞാനെന്നതിനാൽ, കുറിപ്പുകളും വിജ്ഞാനകോശങ്ങളും എനിക്കില്ല; എന്നാൽക്കൂടി ഞാൻ ഈ വരച്ചിടുന്ന ഛായാചിത്രം എന്റേതു മാത്രമാണ്‌- എന്റെ സ്ഥിരീകരണങ്ങളും എന്റെ വികല്പങ്ങളുമായി, എന്റെ ആവർത്തനങ്ങളും എന്റെ സ്ഖലിതങ്ങളുമായി, എന്റെ നേരുകളും എന്റെ നുണകളുമായി. ആ വിധമാണ്‌ എന്റെ ഓർമ്മ.


പ്രണയങ്ങളും പ്രണയബന്ധങ്ങളും


images (1)

1920കളിൽ, ഞാൻ റസിഡെൻഷ്യയിൽ താമസിക്കുന്ന കാലത്ത്, മാഡ്രിഡിൽ നടന്ന അസാധാരണമായ ഒരാത്മഹത്യ വർഷങ്ങളോളം എന്റെ ഓർമ്മയിൽ നിന്നു മാറാതെ നിന്നിരുന്നു. അമേനിയെൽ എന്ന ഭാഗത്ത് ഒരു ഹോട്ടലിന്റെ പൂന്തോട്ടത്തിൽ വച്ച് ഒരു കോളേജ് വിദ്യാർത്ഥിയും കാമുകിയും ആത്മഹത്യ ചെയ്യുന്നു. അവർ തമ്മിൽ അത്ര തീവ്രമായ പ്രണയമാണെന്ന് എല്ലാവർക്കും അറിയാം; ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്‌; പോസ്റ്റ്മോർട്ടെം റിപ്പോർട്ടനുസരിച്ച് പെൺകുട്ടി കന്യകയുമായിരുന്നു.

അപ്പോൾ, പുറമേ ഒരു തടസ്സവും കാണാനില്ല; ശരിക്കു പറഞ്ഞാൽ, ഈ “അമേനിയെൽ കമിതാക്കൾ” മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ വിവാഹത്തെക്കുറിച്ച് പരസ്പരം സംസാരിക്കുകയും ചെയ്തിരിക്കുന്നു. എങ്കിൽ ഈ ഇരട്ട ആത്മഹത്യക്കു കാരണമെന്ത്? അതിനൊരുത്തരം എനിക്കിനിയും കിട്ടിയിട്ടില്ല; തികച്ചും അത്യുല്ക്കടമായ ഒരു പ്രണയം, തീവ്രതയുടെ മൂർദ്ധന്യമെത്തിയ ഒരുദാത്തപ്രണയം, ജിവിതവുമായി പൊരുത്തപ്പെട്ടുപോകില്ല എന്നതാവാം അതിനുള്ള ലളിതമായ ഉത്തരം. അതത്ര മഹത്തായതാവാം, അതത്ര പ്രബലമാവാം. മരണത്തിലേ അതിനു ജീവിതമുള്ളു എന്നുമാവാം.

കുട്ടിയായിരിക്കുമ്പോൾ ഞാൻ പലരെയും തീവ്രമായി പ്രേമിച്ചിരുന്നു; അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു; ലൈംഗികാകർഷണത്തിൽ നിന്നതു തീർത്തും മുക്തവുമായിരുന്നു. “എന്റെ ആത്മാവൊരു ബാലനാണ്‌, ഒരു ബാലികയും” എന്ന് ലോർക്ക പറഞ്ഞ പോലെ എന്റെ ആത്മാവ് ഒരു ഉഭയലിംഗജീവിയായിരുന്നു. ശാരീരികാകർഷണം തൊട്ടുതീണ്ടാത്ത, പ്ളേറ്റോണിക് എന്നു പറയാവുന്ന ഒരു വികാരമായിരുന്നു അത്. പരമഭക്തനായ ഒരു ക്രിസ്തീയസന്ന്യാസിക്ക് കന്യാമറിയത്തോടു തോന്നുന്ന പ്രേമമായിരുന്നു എന്റെ പ്രേമം. ഒരു സ്ത്രീയുടെ മാറിലോ വയറിലോ സ്പർശിക്കുക, അല്ലെങ്കിൽ അവളുടെ നാവ് എന്റെ നാവിൽ തൊടുക എന്നതൊക്കെ ആലോചിക്കുമ്പോൾത്തന്നെ അറപ്പുളവാക്കുന്ന കാര്യങ്ങളായിരുന്നു എനിക്ക്.

എന്റെ ആ പ്ളറ്റോണിക് പ്രണയബന്ധങ്ങൾ സരാഗോസ്സയിലെ വേശ്യാലയങ്ങളിൽ മാമ്മോദീസ മുങ്ങിയതോടെ അവസാനിച്ചു; പക്ഷേ എന്നിലെ പ്ളറ്റോണിക് വികാരങ്ങൾ ലൈംഗികതൃഷ്ണയ്ക്ക് പൂർണ്ണമായും വഴി മാറിക്കൊടുത്തിരുന്നില്ല. പലപ്പോഴായി പല സ്ത്രീകളോടും ഞാൻ സ്നേഹത്തിലായിട്ടുണ്ട്; എന്നാൽ അവരുമായി ശാരീരികാകർഷണത്തിൽ നിന്നു തീർത്തും മുക്തമായ ഒരു ബന്ധം സൂക്ഷിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. നേരേ മറിച്ച്, എന്റെ പതിനാലാം വയസ്സു മുതൽ ചില വർഷങ്ങൾ മുമ്പു വരെ, എന്റെ ലൈംഗികതൃഷ്ണ പ്രബലമായിത്തന്നെ നില നിന്നിരുന്നു; അതു വിശപ്പിനെക്കാൾ ശക്തമായിരുന്നു, അതിന്റെ ദാഹം തീർക്കുക വിശപ്പു ശമിപ്പിക്കുമ്പോലെ എളിപ്പവുമായിരുന്നില്ല. ഒരുദാഹരണം പറഞ്ഞാൽ, ട്രെയിനിൽ കയറി ഇരിക്കേണ്ട താമസം, രതിയുമായി ബന്ധപ്പെട്ട ബിംബങ്ങൾ എന്റെ മനസ്സിൽ തിക്കിത്തിരക്കുകയായി. അവയ്ക്കു വഴങ്ങുകയല്ലാതെ എനിക്കു ഗതിയില്ല; പക്ഷേ അതുകൊണ്ടവ ഒഴിഞ്ഞുപോകുന്നുമില്ല; പണ്ടത്തേക്കാൾ ശക്തമായി അവ തിരിച്ചുവരികയും ചെയ്യും.

കൗമാരത്തിൽ സ്വഭാവേന തന്നെ ഞങ്ങൾക്ക് സ്വവർഗ്ഗപ്രേമത്തോടു വെറുപ്പായിരുന്നു; ലോർക്കയെ ഉന്നം വച്ച ഒളിയമ്പുകൾക്ക് ഞാൻ കൊടുത്ത പ്രതികരണങ്ങളിൽ   നിന്ന് അതൂഹിക്കുകയും ചെയ്യാമല്ലോ. ഒരിക്കൽ മാഡ്രിഡിലെ ഒരു പൊതുമൂത്രപ്പുരയിൽ വച്ച് ഞാനൊരു സദാചാരപ്പോലീസിന്റെ ഭാഗം അഭിനയിക്കുകയും ചെയ്തിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ എനിക്കതിൽ വല്ലായ്മ തോന്നുന്നു, അതസംബന്ധമായിരുന്നുവെന്നു തോന്നുന്നു. എന്റെ സിൽബന്തികൾ പുറത്തു കാത്തുനില്ക്കുമ്പോൾ ഞാൻ ഉള്ളിൽ കയറി ഉള്ളിൽ ആരെങ്കിലും ഉണ്ടെങ്കിൽ അയാളെ ചൂണ്ടയിടാൻ നോക്കും. ഒരു ദിവസം വൈകിട്ട് ഒരാൾ അതിൽ വീണു; ഞാൻ നേരേ പുറത്തേക്കോടി; അയാൾ വെളിയിൽ വരേണ്ട താമസം, ഞങ്ങൾ അയാളെ കണക്കിനു പ്രഹരിച്ചു വിടുകയും ചെയ്തു.

സ്വവർഗ്ഗപ്രേമമെന്നാൽ അക്കാലത്തെ സ്പെയിനിൽ ഇരുണ്ടതും ഗൂഢവുമായ ഒരു സംഗതിയായിരുന്നു. മാഡ്രിഡിൽ പോലും സ്വർഗ്ഗപ്രേമികൾ എന്നു പുറമേ അറിയപ്പെടുന്നവർ മൂന്നോ നാലോ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരിൽ ഒരാളെ ട്രാം കാത്തുനില്ക്കുമ്പോൾ ഞാൻ പരിചയപ്പെട്ടു. അഞ്ചു മിനുട്ടു കൊണ്ട് ഇരുപത്തഞ്ചു പെസെറ്റ ഉണ്ടാക്കാമെന്ന് ഞാൻ ഒരു കൂട്ടുകാരനുമായി പന്തയം വച്ചിരുന്നു; അങ്ങനെ ഞാൻ അയാളുടെ അടുത്തു ചെന്നിട്ട് കൺപോളകൾ പിടപ്പിച്ചുകൊണ്ട് വർത്തമാനം തുടങ്ങി. പിറ്റേന്ന് തമ്മിൽ കാണാമെന്ന് ഞങ്ങൾ തീരുമാനമായി. ഞാൻ ചെറുപ്പമാണെന്നും പാഠപുസ്തകങ്ങൾക്കു വലിയ വിലയാണെന്നും ഞാനൊരു സൂചന കൊടുത്തപ്പോൾ അയാൾ എനിക്ക് ഇരുപത്തഞ്ചു പെസെറ്റ നല്കുകയും ചെയ്തു. ആ കൂടിക്കാഴ്ചയ്ക്കു ഞാൻ പോയില്ലെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം അതേ ട്രാമിൽ വച്ച്  അയാളെ ഞാൻ പിന്നെയും കണ്ടു; ഞാൻ വായിൽ വിരലിട്ടു കാണിച്ചിട്ട് ഓടിക്കളഞ്ഞു.

പല കാരണങ്ങളാലും- ഒന്നാമതായി ധൈര്യക്കുറവ്- എനിക്കിഷ്ടം തോന്നിയ സ്ത്രീകൾ എന്നിൽ നിന്നകന്നു നിന്നതേയുള്ളു. തീർച്ചയായും പലരും എന്നിൽ അത്ര കേമത്തമൊന്നും കാണാത്തവരായിരുന്നു; നേരേ മറിച്ച്, ജീവിതത്തിലെ ഏറ്റവും അരോചകമായ സന്ദർഭങ്ങളിൽ ഒന്നാണ്‌, നിങ്ങൾക്കു യാതൊരു താല്പര്യവുമില്ലാത്ത ഒരാൾ നിങ്ങളെ വിടാതെ പിന്നാലെ വരിക എന്നത്. എന്റെ കാര്യത്തിൽ ഒന്നിലധികം തവണ അങ്ങനെ ഉണ്ടായിട്ടുണ്ട്; എനിക്കത് തീരെ അരോചകമായിരുന്നു. എനിക്കിഷ്ടം പ്രേമിക്കാനായിരുന്നു, പ്രേമിക്കപ്പെടാനായിരുന്നില്ല.

മാഡ്രിഡിൽ വച്ചുണ്ടായ ഒരു ബന്ധം എനിക്കോർമ്മ വരുന്നു; അന്നു ഞാൻ നിർമ്മാതാവാണ്‌. നായികാപദവി സ്വപ്നം കണ്ടു വരുന്ന പുതുമുഖങ്ങളെ വീഴ്ത്താൻ തങ്ങളുടെ പദവി പ്രയോജനപ്പെടുത്തുന്ന വമ്പൻ നിർമ്മാതാക്കളെ ഞാനെന്നും വെറുത്തിട്ടേയുള്ളു. പക്ഷേ അത്തരമൊരവസ്ഥയിൽ ഒരിക്കൽ ഞാനും ചെന്നുപെട്ടു. 1935ൽ കാണാൻ വളരെ ചന്തമുള്ള ഒരു യുവനടിയെ ഞാൻ പരിചയപ്പെട്ടു; നമുക്കവളെ പെപിത എന്നു വിളിക്കാം. കൂടി വന്നാൽ അവൾക്കന്ന് പതിനെട്ടു വയസ്സായിക്കാണും; എനിക്കവളോടു പ്രേമമായി. അമ്മയോടൊപ്പം ചെറിയൊരു വാടകവീട്ടിലാണ്‌ അവളുടെ താമസം. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് തമ്മിൽ കാണാൻ തുടങ്ങി: മലകളിൽ ഒരു പിക്നിക്, മൻസനാരെസ്സിനടുത്തുള്ള ബോംബിയായിൽ ഒരു ഡാൻസ്; പക്ഷേ ഞങ്ങളുടെ ബന്ധം തീർത്തും കാമവിമുക്തമായിരുന്നു. എനിക്ക് അവളുടെ ഇരട്ടി പ്രായമുണ്ടായിരുന്നെങ്കിലും വെറി പിടിച്ച പ്രേമമാണ്‌ എനിക്കവളോടുണ്ടായിരുന്നതെങ്കിലും ഒരിക്കലും മര്യാദ വിട്ട് ഞാൻ അവളോടു പെരുമാറിയിട്ടില്ല. ഞാനവളുടെ കരം ഗ്രഹിക്കും, അവളെ കെട്ടിപ്പിടിക്കും, പലപ്പോഴും കവിളിൽ ചുംബിക്കുകയും ചെയ്യും; പക്ഷേ, എന്റെ തൃഷ്ണകളിരിക്കെത്തന്നെ, ഒരു വേനല്ക്കാലം മുഴുവൻ ഞങ്ങളുടെ ബന്ധം പ്ളറ്റോണിക് ആയിരുന്നു.

ഞങ്ങളൊരുമിച്ച് ഒരു യാത്രയ്ക്കു പോകുന്നതിന്റെ തലേ ദിവസം കാലത്ത് എന്റെയൊരു സിനിമാസ്നേഹിതൻ എന്നെ കാണാൻ വന്നു. ഉയരം കുറഞ്ഞ്, എടുത്തു പറയാൻ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ; ആളെന്നാൽ ഒരു പെണ്ണുപിടിയൻ എന്ന പേരു നേടുകയും ചെയ്തിട്ടുണ്ട്.

“നാളെ നിങ്ങൾ പെപിതയുടെ കൂടെ എവിടെയോ പോകുന്നെന്നു കേട്ടല്ലോ?” സിനിമാക്കാര്യം സംസാരിക്കുന്നതിനിടയിൽ അയാൾ പെട്ടെന്നു ചോദിച്ചു.

“അതു താനെങ്ങനെ അറിഞ്ഞു?” എനിക്കത്ഭുതമായി.

“ഇന്നു രാവിലെ ഞങ്ങൾ ഒരുമിച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞതാണ്‌.“

”ഇന്നു രാവിലെ?“

”അതെ. അവളുടെ വീട്ടിൽ വച്ച്. ഒരൊമ്പതരയോടെ ഞാൻ പോന്നു; നിങ്ങളുമൊത്ത് എവിടെയോ പോകുന്നതിനാൽ നാളെ എന്നെ കാണാൻ പറ്റില്ലെന്നും അവൾ പറഞ്ഞു.“

എന്റെ നാവിറങ്ങിപ്പോയി. ഈ വിശേഷം പറയാൻ വേണ്ടിത്തന്നെയാവാം അയാൾ വന്നത്; പക്ഷേ എനിക്കതു വിശ്വാസമായില്ല.

”അതെങ്ങനെ നടക്കാൻ,“ ഞാൻ ഉറപ്പിച്ചു പറഞ്ഞു. ”അവൾ അമ്മയുടെ കൂടെയല്ലേ താമസിക്കുന്നത്!“

”അവരുറങ്ങുന്നത് വേറേ മുറിയിലും,“ അയാൾ അക്ഷോഭ്യനായി പറഞ്ഞു.

”അവൾ കന്യകയാണെന്നു ഞാൻ കരുതി!“ ഞാൻ ഞരങ്ങി.

”അതെ,“ സ്വരത്തിൽ ഒരു വ്യത്യാസവുമില്ലാതെ അയാൾ പറഞ്ഞു. ”എനിക്കറിയാം.“

അന്നു വൈകിട്ട് പോകുന്ന വഴി പെപിത എന്നെ കാണാൻ വന്നു. അന്നു കാലത്ത് അവളുടെ കാമുകനുമായി ഞാൻ കണ്ടതിനെക്കുറിച്ച് യാതൊന്നും മിണ്ടാതെ ഞാൻ ഇങ്ങനെ ഒരോഫർ മുന്നോട്ടു വച്ചു.

”നോക്കൂ, പെപിത,“ ഞാൻ പറഞ്ഞു, ”ഞാനൊരു നിർദ്ദേശം വയ്ക്കട്ടെ. എനിക്കു നിന്നെ വളരെ ഇഷ്ടമാണ്‌; നീ എന്റെ കാമുകിയാവണം. ഞാൻ നിനക്ക് മാസം രണ്ടായിരം പെസെറ്റ തരാം, നിനക്ക് നിന്റെ അമ്മയുടെ കൂടെത്തന്നെ താമസിക്കാം; പക്ഷേ നീ എന്റെ കൂടെ മാത്രമേ കിടക്കാവൂ. എന്താ, സമ്മതമാണോ?“

അവളൊന്ന് ആശ്ചര്യപ്പെട്ടപോലെ തോന്നി; എന്നാലും അവളത് ചാടിക്കയറി സമ്മതിക്കുകയും ചെയ്തു. ഞാൻ അവളുടെ വസ്ത്രങ്ങളുരിയാൻ സഹായിച്ചു; പൂർണ്ണനഗ്നയായി നില്ക്കുന്ന അവളെ ഞാൻ കെട്ടിപ്പിടിച്ചു; പക്ഷേ അധൈര്യം കൊണ്ടു ഞാൻ മരവിച്ചപോലെയാവുകയായിരുന്നു. നമുക്ക് ഡാൻസിനു പോകാമെന്നു ഞാൻ പറഞ്ഞു; അവൾ വീണ്ടും വേഷം ധരിച്ചു; ഞങ്ങൾ കാറിൽ കയറി പുറപ്പെട്ടു; പക്ഷേ ബോംബിയായിലേക്കു പോകുന്നതിനു പകരം മാഡ്രിഡിനു പുറത്തേക്കാണ്‌ ഞാൻ കാറോടിച്ചത്. പ്യൂർത്താ ദെ ഹീറോയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്തെത്തിയപ്പോൾ ഞാൻ കാറു നിർത്തി അവളോടിറങ്ങാൻ പറഞ്ഞു.

“പെപിതാ,” ഞാൻ പറഞ്ഞു, “നീ മറ്റാണുങ്ങൾക്കൊപ്പം കിടക്കാറുണ്ടെന്ന് എനിക്കറിയാം. അങ്ങനെയല്ലെന്നു തർക്കിച്ചിട്ടിനി കാര്യമില്ല; അതിനാൽ ഇവിടെ വച്ച് നമുക്ക് പിരിയാം.”

പെപിതയെ അവളുടെ വിധിക്കു വിട്ടു കൊടുത്തിട്ട് ഞാൻ കാറു തിരിച്ച് നഗരത്തിലേക്കു പോന്നു. അതിനു ശേഷം പലപ്പോഴും ഞാനവളെ സ്റ്റുഡിയോയിൽ വച്ചു കാണാറുണ്ട്; പക്ഷേ ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. അങ്ങനെയാണ്‌ എന്റെ പ്രണയബന്ധം ഭ്രൂണാവസ്ഥയിൽ തന്നെ മരണമടഞ്ഞത്. അന്നത്തെ എന്റെ പെരുമാറ്റത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കിപ്പോഴും നാണക്കേടു തോന്നാറുണ്ടെന്നുകൂടി പറയട്ടെ.

നമ്മുടെ ജീവിതങ്ങളെ മാറ്റിത്തീർക്കാനും മാത്രം പ്രബലമാണു പ്രണയമെന്ന് ചെറുപ്പത്തിൽ നാം വിശ്വസിച്ചിരുന്നു. ഉടലിന്റെ തൃഷ്ണകൾ ഹൃദയങ്ങളുടെ അടുപ്പത്തിനും കീഴടക്കലിനും പങ്കു ചേരലിനുമൊപ്പം ചേർന്നുപോയിരുന്നു; ദൈനന്ദിനജീവിതത്തിലെ ക്ഷുദ്രതകൾക്കു മേലെ നമ്മെയതു കൊണ്ടുപോയിരുന്നു; മഹത്തായ ദൗത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാണു നാമെന്ന് നമ്മെയതു വിശ്വസിപ്പിച്ചിരുന്നു. ഇന്ന്, ആളുകൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ, പ്രണയം മതവിശ്വാസം പോലെയായിരിക്കുന്നു. അതു മറഞ്ഞുപോകാനുള്ള പ്രവണതയാണു കാണിക്കുന്നത്. പലരും അതിനെ കാണുന്നത് ചരിത്രപരമായ ഒരു പ്രതിഭാസം പോലെയാണ്‌, ഒരുതരം സാംസ്കാരികമിഥ്യ. പഠിക്കാനും വിശകലനം ചെയ്യാനും, കഴിയുമെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്താനുമുള്ള ഒന്ന്.

ഞാൻ വിയോജിക്കുന്നു. ഒരു മിഥ്യയുടെ ഇരകളായിരുന്നില്ല ഞങ്ങൾ. ഇക്കാലത്തുള്ളവർക്ക് വിചിത്രമായിട്ടാണതു തോന്നുക എങ്കിലും പറയട്ടെ, സത്യമായും ഞങ്ങൾ അന്നു പ്രേമിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com