കോഴിക്കോട്ടുകാര്‍ കണ്ടിട്ടില്ലാത്തവര്‍ ഇവിടെയുണ്ട്
സാംസ്കാരിക കേരളത്തിന്റെ സംഗമ ഭൂമിയായ കോഴിക്കോടിനെ കുറിച്ചും, സമൂഹത്തില്‍ ജീവിക്കുന്ന നിരാലംബരുടെ ജീവിതങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ പകര്‍ത്തിയും സാബി മുഗു എഴുതുന്നു..
കോഴിക്കോട് , അത് ബല്ലാത്തൊരു സംഭവമാണ്..
എല്ലാംകൊണ്ടും ഒത്തിണങ്ങിയ സ്ഥലം. സാഹിത്യകാരന്മാരായാലും രാഷ്ട്രീയക്കാരായാലും, വിനോദ കേന്ദ്രങ്ങളായാലും, രുചിക്കൂട്ടുകളായാലും അങ്ങനെ ഏതേത് മേഖല എടുത്ത് നോക്കിയാലും അവിടങ്ങളില്‍ കോഴിക്കോടിന്റെ തനതായ ശൈലികളും ഭാവുകത്വങ്ങളും കാണാന്‍ സാധിക്കും.. യാദൃശ്ചികമായിട്ടാണ് ഞാന്‍ ഇവിടെ എത്തിപ്പെട്ടത്. പിന്നീട് നിത്യേനയുള്ള കാഴ്ചകള്‍ക്ക് നിറം പകരുന്ന തിരക്കിലേക്ക്.. അങ്ങനെയാണ് തെരുവിലെ കോമരങ്ങളെക്കുറിച്ച് ആകൃഷ്ടനാവുന്നത്.
പല മുഖങ്ങളുമായി പലര്‍ക്കും മുന്നില്‍ കൈ നീട്ടുന്ന തെണ്ടികള് പലപ്പോഴും വ്യത്യസ്തരായിത്തോന്നിയിട്ടുണ്ട്.. പറയാതെ ഉള്ളില്‍ മൂടപ്പെട്ട് കിടക്കുന്ന ഒരുപാട് വേദനകളുടെ ഭാണ്ഢങ്ങളും പേറി നടക്കുകയാണവര്‍ എന്ന് പലപ്പോഴും തോന്നിയിട്ടണ്ട്.. അടുത്തിടപഴകാനും തമ്മില്‍ സംസാരിക്കാനുമുള്ള സാഹചര്യങ്ങള്‍ ഒത്തു വരുമ്പോഴൊക്കെ അവരുമായി ചങ്ങാത്തം കൂടും.. ക്രിസ്റ്റിചട്ടനും , പേരില്ലാ അമ്മൂമ്മയും, കുട നന്നാക്കുന്ന അപ്പൂപ്പനും, ലേട്ടറിക്കാരി പെണ്ണും, അങ്ങനെ അങ്ങനെ പലരുമായിട്ട്….
മഴക്കാലമായതിനാല്‍ മിക്കപ്പോഴും രാവിലെ മഴ ചാറുന്നുണ്ടാവും. നിത്യവും നടന്നു പോവാറുള്ള വഴി വക്കിലെ കാഴ്ചകള്‍ക്ക് ഭംഗം വന്നു തുടങ്ങിയത് മുതലാണ് പലതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. റെയില്‍വേ ക്രോസ്സ് കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ദയനീയ മുഖങ്ങളായിരുന്നു ഇത് വരെ കാണാന്‍ കഴിഞ്ഞിരുന്നത്. കൈ നീട്ടി തുട്ടുകള്‍ക്കായി യാചിക്കുന്ന വട്ടക്കണ്ണട വെച്ച വല്യമ്മയില്‍ നിന്ന് തുടങ്ങുന്നു, പിന്നീടങ്ങോട്ട് നിര തന്നെയാണ്. റെയില്‍വേക്ക് മുന്നിലുള്ള പാതയാണ് ഇവരുടെ സ്ഥിരതാവളം. പുറത്ത് നിന്ന് ടിക്കറ്റ് എടുക്കുന്നവരുടെ കൈയ്യില്‍ നിന്ന് കിട്ടുന്ന നാണയത്തുട്ടുകളും നടപ്പാതകളിലെ യാത്രക്കാര്‍ നല്കുന്ന നാണയങ്ങളും ചേര്‍ത്തു വെക്കുന്നത് കാണാം. എന്നാല്‍ പിന്നീടാ നാണയത്തുട്ടുകള്‍ എന്ത് ചെയ്യുന്നു എന്നത് അജ്ഞാതമാണ്. നന്നായിട്ടൊന്ന് ഉടുക്കുന്നതോ,നല്ല വണ്ണം കഴിക്കുന്നതോ കാണാറില്ല.. പിന്നെ അവര്‍ ആ പണം എന്ത് ചെയ്യുന്നു എന്നത് പിന്നാമ്പുറങ്ങളിലെ ചോദ്യഛിഹ്നമാണ്…!!
പലരും അന്യ സംസ്ഥാനത്ത് നിന്ന് വന്നവരാണ്. മക്കളെ നല്ല നിലയില്‍ കെട്ടിച്ച് കടമകള്‍ എല്ലാം നിറവേറ്റി വണ്ടി കയറിയവര്‍ . എന്നാല്‍ മറ്റു ചിലരാവട്ടെ മക്കളുടെ ആവശ്യാനുസരണം വീടൊഴിഞ്ഞ് തെരുവിലെറിയപ്പെട്ടവര് . നടപ്പാതയുടെ ഓരത്തെ നടകളിലിരുന്ന് കുട നന്നാക്കുന്ന ചേട്ടനെ കണ്ടത് കഴിഞ്ഞയാഴ്ചയാണ്.. വായില്ത്തോന്നിയതൊക്കെയും വിളിച്ച് പറയുന്നുണ്ടായിരുന്നു… മഴയയ്ക്കു മുന്നോടിയുള്ള ഒരുക്കമായിരുന്നു. മഴ ചാറിത്തുടങ്ങിയ മേഘങ്ങളെക്കാണുമ്പോള് അദ്ദേഹവും ഏതെങ്കിലും പീടികക്കോലായിലേക്ക് ഓടിയൊളിക്കുകയാണ്.
കൗതുകത്തിന് വേണ്ടിയാണ് ഇന്നലെ ഞാനീ തെരുവില്‍ വീണ്ടും പോയത്.. കനര്ത്തു പെയ്യുന്ന വഴകള്ക്കിടയില്ക്കൂടി കുട ചൂടി നടക്കുമ്പോള്‍ വിജനമായ പാതകളില്‍ മഴത്തുള്ളികള്‍ വൃത്താകാരത്തില്‍ കുളങ്ങള്‍ തീര്‍ക്കുകയായിരുന്നു..
ആരേയും കാണാത്തപ്പോള്‍ ചുറ്റുമുള്ള പീടികക്കോലായും പരതി അവിടയും ആരുമുണ്ടായിരുന്നില്ല..
ഇടക്കിടെ എത്തി നോക്കുന്ന കാഷ്യര്മാരൊഴിച്ച്.
പിന്നീടങ്ങോട്ട് അവരെക്കുറിചുള്ള അന്വേഷണം.. അവസാനം ചെന്നെത്തിയത് റെയില്‍വ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് കൗണ്ടറിന്റെ നീണ്ട ക്യൂവിന് പിന്നിലുള്ള ഒഴിഞ്ഞയിടത്തും, പിന്നെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പുറം സ്പേസിലുമായിരുന്നു. പുതപ്പിട്ട് മൂടിയും ഭാണ്ഡത്തിന്മേല് തലവെച്ചും അവരവിടെക്കിടപ്പുണ്ടായിരുന്നു.
ചിലര്‍ കാല് കൊണ്ട് തൊഴിച്ചിട്ട് പോവാനും മടിച്ചില്ല. ചിലര്‍ ദയനീയ നോട്ടം കൊണ്ടവരെ നന്നായൊന്നുഴിഞ്ഞു.
പെട്ടെന്നോര്‍മ്മ വന്നത് ഒരു സിനിമയില്‍ ദൈവത്തെക്കുറിച്ച് നായകനോട് പള്ളീലച്ചന് കുടി നിര്‍ത്താന്‍ ഉപദേശിച്ചപ്പോള്‍ തിരിച്ച് പറയുന്ന ഡയലേഗാണ്.
‘പട്ടിണിയും കഷ്ടപ്പാടുമായിട്ട് നരകിച്ച് ജീവിക്കുന്ന ഒരു നീതിമാനെ ചൂണ്ടിക്കാണിച്ച് തന്നാല്‍ നിങ്ങള്‍ പറയും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമാണെന്ന്. കള്ളനും കൊലപാതകിയും എല്ലാം സൗഭാഗ്യങ്ങളോട് കൂടി ജീവിക്കുന്നത് കാണിച്ച് തന്നാലും അതിനുമുണ്ട് ഒരുത്തരം. ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തുമെന്ന്. ഇതാണ് നിങ്ങടെ ദൈവത്തിന്റെ നീതിയെങ്കില്‍ ആ ദൈവത്തിലെനിക്ക് വിശ്യാസമില്ലച്ചോ..’
ഇതൊക്കെ കാണുമ്പോള്‍ നമ്മളും വിചാരിച്ച് പോവും പാവങ്ങള്‍ ഇവരെ എന്തെ ദൈവം കാണുന്നില്ലേ എന്ന്…
സത്യത്തില്‍ ഇതൊന്നും നമ്മള് കാണാഞ്ഞിട്ടല്ല, കണ്ടിട്ടും കാണ്ടില്ലെന്ന് നടിക്കുകയാണ് …. നമ്മളെല്ലാരും ഒത്തു ചേര്‍ന്നാല്‍ കര കയറ്റാന്‍ പറ്റാവുന്നതേയുള്ളൂ.. ഇന്നാളൊരിക്കല് മിച്ചം വന്ന ഭക്ഷണം പൊതിക്കെട്ടുകളാക്കി ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ രാത്രി തെരുവിലേക്കിറങ്ങിയതായിരുന്നു.. രാത്രി ഒന്നാം ദര്സിലിരുന്ന് ശാക്കിറിന്റെ ആശയത്തെ ഏറ്റ് പിടച്ചായിരുന്നു അത്. സുലൈമാനും, ഹിഷാമും, ഇസ്മായീലും, ആരീഫും ഒക്കെ നല്ല ആവേശത്തില്‍ തന്നെയായിരുന്നു.. കൈകള്‍ നീട്ടി സ്വീകരിക്കുന്നതിനിടയില്‍ ഞങ്ങളുടെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.. വിശക്കുന്നവന്റെ ദൈവം ഭക്ഷണം നല്കുന്നവനാണെന്ന് അപ്പോഴാണെനിക്ക് മനസ്സിലായത്.. കാല്ക്കല് വീണ് നമസ്കരിക്കുന്നവരും കൈകള്‍ കൂപ്പി നന്ദി പറഞ്ഞും അവര്‍ സ്നേഹ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.. ഒട്ടു മിക്ക പൊതിക്കെട്ടുകളും വിതരണം ചെയ്ത് കഴിഞ്ഞപ്പോഴാണ് ഒരു പോലീസ് ജിപ്പ് ഞങ്ങളെ മുറിച്ച കടന്നത്.. എന്തോ അവരുടെ സംശയ ദൃഷ്ടി കാരണം ജിപ്പ് പിന്നോട്ടടിച്ച് ഞങ്ങള്ക്കഭിമുഭമായി നിന്നിട്ടവര്‍ എന്താ കാര്യമെന്ന് ചോദിച്ചു.. കൂട്ടതിതല് മുതിര്‍ന്നവരെന്ന് പറയാന്‍ പാകത്തില്‍ മിദ്ലാജും ഞാനും മാത്രമായിരുന്നു.. ഞങ്ങള്‍ കാര്യം പറഞ്ഞു.. കുറച്ച് ഭക്ഷണം ബാക്കിയുണ്ടായിരുന്നു.. രാത്രിപ്പട്ടിണിക്കാരെങ്കിലുമുണ്ടെങ്കില് എന്ന് വിജാരിച്ച് വിതരണം ചെയ്യാനിറങ്ങിയതാ എന്ന്..
കൂട്ടത്തില്‍ തല തൊട്ടപ്പനായ പോലീസ് കാരന് അയഞ്ഞ മട്ടില്‍ പ്രതികരിച്ചു.. നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ…
ഈ കുടിയന്മാര്ക്ക് ഭക്ഷണം നല്‍കിയിട്ട് വല്ല കാര്യവുമുണ്ടോ എന്ന്.. അവര്‍ നീങ്ങിയപ്പോള്‍ മറ്റുള്ളവരുടെ ചര്‍ച്ചയ്ക്ക് വിരാമമിട്ട് ഞ്ന് പറഞ്ഞു.. ഇവരാരും കുടിയന്മാരായിട്ടല്ലല്ലോ ജനിച്ചത്.. ഇവര്‍ക്കും നമ്മളെപ്പോലെത്തന്നെ ബാല്യവും യൗവ്വനവും ഉണ്ടായിട്ടുണ്ടാവില്ലേ.. ഇവര്‍ക്കും ഒരു പാട് സ്വപ്നങ്ങളുണ്ടായിട്ടുണ്ടാവില്ലേ.. ആരായിരിക്കും ഇവരെ തെരുവിലേക്കെറിഞ്ഞത്…
സത്യത്തില്‍ ഇവരെ ഇങ്ങനെ കുടിയന്മാരാക്കുന്നതില് നല്ലൊരു പങ്കും സമൂഹത്തിനല്ലേ… തിരക്കിട്ട് ജീവിതത്തില്‍ സേവിങ്ങ്സ് കൂട്ടാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ നാം കാണാതെ പോവുന്ന ജന്മങ്ങളില് ചിലര്‍ മാത്രമാണിവര്‍ …
കൈ പിടിച്ചുയര്‍ത്താന്‍ ഒരു പക്ഷെ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇവരിങ്ങനെ ആവുമായിരുന്നോ…
ഒരു പക്ഷെ നാളെ ഇവര്‍ നമ്മുടെ ഏതെലും സല് പ്രവൃത്തി കാരണം മനം മാറി നല്ലൊരു ജീവിതത്തിലേക്ക് വരില്ലെന്നാര് കണ്ടു.. അതായിരിക്കില്ലേ നമുക്ക് കിട്ടുന്ന ജീവിതത്തിലെ ഏറ്റവും വല്യ ക്രഡിബിലിറ്റി.. എല്ലാം കേട്ടും തലയാട്ടിയും ബാക്കിയുള്ള പൊതികള്‍ കൂടി വിതരണം ചെയ്ത് ഞങ്ങള്‍ മടങ്ങി.. ഇടക്കിടെ മിച്ചം വരാറുള്ള ഭക്ഷണം പൊതികളിലാക്കി തെരുവിലേക്കിറങ്ങാന്‍ പിന്നീടെല്ലാവരും ഉത്സാഹം കാണിക്കാന്‍ തുടങ്ങി.. സിറ്റി സംരക്ഷണത്തിനായ് ഒരുപാട് നല്ല നല്ല പ്രോജക്ടുകളാണ് ഇടക്കാലത്ത് കളക്ടര്‍ സാര്‍ പുറപ്പെടുവിച്ചിരുന്നത്.. എല്ലാം അഭിനന്ദനാര്‍ഹം..
എന്നാല്‍ ഇക്കാര്യം കൂടി ശ്രദ്ധ ചെലുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.. മാത്രമല്ല.. മഴക്കാലമാവുമ്പോള്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ നമ്മുടെ എക്സിക്യൂട്ടുകളില് തങ്ങുന്ന ഇവര്‍ നമ്മുടെ നാടിന്റെ പോരായ്മയല്ലേ ചൂണ്ടിക്കാണിക്കുന്നത്..?
യാചന മാത്രമല്ല ഇവിടത്തെ പ്രശ്നം, തെരുവില്ക്കഴിയേണ്ടി വരുന്ന അസംഘടിത മേഖലയിലെ തെഴിലാളി വര്‍ഗങ്ങള്‍ക്കും പ്രാഥമികമായ് നമുക്കെന്ത് ചെയ്യാനാവും എന്ന പഠനം അത്യാവശ്യമാണ്..
ഇത്തരം കാര്യങ്ങള്‍ അധികാരികള്‍ കാര്യ ഗൗരവത്തോടെത്തന്നെ കാണുമെന്ന് പ്രതീക്ഷിക്കാം..
Author : Sabi MUgu , freelance journalist , kasaragod.