60-ലെങ്കിലും ഓര്‍ക്കുമോ ഈ കേസരിയെ?…

Sharing is caring!

കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍… എവിടെയോ കേട്ടറിഞ്ഞപോലെ മാത്രം പുതിയ തലമുറ ഓര്‍ക്കുന്ന പേര്. കേരളം 60 വര്‍ഷം ആഘോഷിക്കുമ്പോള്‍ മറന്നുപോകാന്‍ പാടില്ലാത്ത മലയാള ചെറുകഥയുടെ പിതാവ് കേസരിയുടെ ഓര്‍മകള്‍ക്ക് 102 വയസാവുകയാണ്.
1914 നവംമ്പര്‍ 14. മദ്രാസ് നിയമസഭയാണ് വേദി. മലബാര്‍, ദക്ഷിണ കര്‍ണ്ണാടകം ജില്ലകളിലെ ജന്‍മിമാരുടെ പ്രതിനിധിയായി സഭയിലെത്തിയ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുകയാണ്. ബ്രിട്ടീഷ് സംസ്കാരത്തിലെ നന്‍മകള്‍ ഉപയോഗപ്പെടുത്തി സമുദായ പരിഷ്കരണത്തിന് പുതിയ മുഖം നല്‍കിയ നായനാര്‍ ജന്‍മി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും എതിര്‍ത്ത വിപ്ലവകാരി കൂടിയാണ്. മലയാളവും കര്‍ണാടകവും ഉള്‍പെടുന്ന സഭയിലെ എല്ലാ പ്രതിനിധികളും ആ വാക്കുകള്‍ക്ക് കാതോര്‍ക്കുക പതിവായിരുന്നു. സ്ത്രീകളുള്‍പെടെ താഴെ തട്ടിലുള്ളവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നും തൊഴിലാളികളെ തറവാട്ടംഗങ്ങളെപോലെ സ്നേഹിക്കണമെന്നും 1911 മെയ് 11 ന് തിരുവല്ലയില്‍ നടന്ന ജന്‍മിസഭ സമ്മേളനത്തില്‍ ധീരമായി ഉന്നയിച്ച കേസരി ചരിത്രത്തില്‍ പുതിയമാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച വ്യക്തിത്വമാണ്.  അന്ന് നിയമസഭയില്‍ രാജ്യസ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. 102 വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസ് നിയമസഭയില്‍ രാജ്യസ്നേഹത്തെ കുറിച്ച് പറയുമ്പോള്‍ മലയാളിയായതില്‍ അഭിമാനിക്കുന്നുവെന്ന് കേസരി പറഞ്ഞു. ആ പ്രസംഗം അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല. ഹൃദയസ്തംഭനം വന്ന് സഭയില്‍ കൂഴഞ്ഞ് വീണ് മലയാളത്തിന്‍റെ ആദ്യ ചെറുകഥാകൃത്ത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ മരണപ്പെട്ടു.

4“എഴുതുമ്പോള്‍ നായനാരെ പോലെ എഴുതാന്‍ ശീലിക്കണം” – മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലെഴുതിയ ഒ ചന്തുമേനോന്‍ മലയാള ചെറുകഥാ സാഹിത്യത്തിന്‍റെ പിതാവായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെപ്പറ്റി മൂര്‍ക്കോത്ത് കുമാരനോട് പറഞ്ഞ വാക്കുകളാണിത്.

കേസരിയുടെ എഴുത്തില്‍ പ്രകടമായ ദീര്‍ഘവീക്ഷണവും സാഹിത്യബോധവും നര്‍മ്മവും പിന്നീട് ഇങ്ങോട്ട് വളര്‍ന്നുവന്ന മലയാള ചെറുകഥാ ശാഖയ്ക്ക് പിന്തുടരനായിട്ടില്ല. പല കൃതികളിലും ആ മാതൃക സ്വീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത്രത്തോളം മികച്ച് നില്‍ക്കുന്ന സ്ഥിതിയുണ്ടായില്ല. കേസരിയുടെ എഴുത്ത് കേസരിക്ക് മാത്രം സ്വന്തമായതും അതിന്‍റെ ആകര്‍ഷണീയത മറ്റെവിടെയും അനുഭവിച്ചറിയാന്‍ സാധിക്കാത്തതുമാണ്. മഹാകവി ഉള്ളൂര്‍ അമേരിക്കന്‍ ഫലിത സാഹിത്യകാരനായ മാര്‍ക്ട്വൈനോടാണ് കേസരിയെ ഉപമിച്ചത്.
മലയാളത്തെ മാതൃഭാഷയായി നിലനിര്‍ത്താനും ഭരണഭാഷയാക്കാനുമുള്ള മുറവിളികള്‍ക്ക് എത്ര വര്‍ഷം പഴക്കമുണ്ടാകും.? ഇപ്പോഴും ഈ വാദങ്ങള്‍ തുടരുകയാണ്. മലയാള ഭാഷയെ സംരക്ഷിക്കാനുള്ള മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടിട്ടില്ല. 120 വര്‍ഷങ്ങള്‍ക്ക് മുമ്പെ കോടതിയിലും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന ഭാഷ മലയാളമാക്കണമെന്ന് ലേഖനങ്ങളിലൂടെ ആവശ്യപ്പെട്ടത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരായിരുന്നു. 1861 മുതല്‍ 1914 വരെയുള്ള 53 വര്‍ഷത്തെ ജീവിത വേളയില്‍ സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, പത്രമേഖല, കൃഷി എന്നിവയില്‍ സജീവസാന്നിധ്യമായിരുന്ന നായനാര്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന അവിസ്മരണീയമാണ്.

kunhiramannair_vengayil
1879 ല്‍ തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധീകരിച്ച ‘കേരളചന്ദ്രിക’യിലൂടെയാണ് 18 ാം വയസില്‍ നായനാര്‍ സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നത്. കോഴിക്കോട് നിന്നും തുടങ്ങിയ കേരളപത്രികയില്‍ അദ്ദേഹം മുഖ്യലേഖകനായിരുന്നു. ജന്‍മികുടുംബത്തിലെ കാരണവരായിരുന്ന നായനാരുടെ എഴുത്തില്‍ നിറഞ്ഞുനിന്നത് അനാചാരങ്ങള്‍ക്കെതിരെയുള്ള ശക്തമായ ശബ്ദവും. നായര്‍ കുടുംബത്തിലെ കാരണവന്‍മാര്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയ പലര്‍ക്കും നായനാരുടെ തൂലികയുടെ പ്രഹരമേറ്റിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ശക്തമായി എഴുതിയ അദ്ദേഹം സ്വന്തം പെണ്‍മക്കളെ കോണ്‍വെന്‍റിലയച്ച് പഠിപ്പിക്കാനും തയ്യാറായി, പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മാത്രം പോരാ, അവര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കണമെന്നും നായനാര്‍ പറഞ്ഞു. എഴുത്തിന്‍റെ ലേകത്തും ജീവിതത്തിലും വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു നായനാരുടേത്. കേരള സഞ്ചാരി, കേരള പത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. കേരള സഞ്ചാരിയില്‍ നായനാര്‍ എഴുതിയ ഒന്നാമത്തെ മുഖപ്രസംഗം ‘ലോകാസമസ്താസുഖിനോ ഭവന്തു’ എന്നാണ്. 1888 ല്‍ കേരള സഞ്ചാരിയുടെ മുഖപത്രാധിപരായിരിക്കെയാണ് ‘കേസരി’യെന്ന തൂലികാ നാമം സ്വീകരിച്ചത്. ഇതിനുപുറമെ ദേശാഭിമാനി, സ്വദേശമിത്രന്‍, വജ്രബാഹു, വജ്രസൂചി എന്നീ തൂലികാനാമങ്ങളില്‍ ഭാഷാപോഷിണി, മിതവാദി, സരസ്വതി, ജനരഞ്ജിനി, കോഴിക്കോടന്‍ മനോരമ, മലയാള മനോരമ എന്നിവയിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്.
1891 ല്‍ വിദ്യാവിനോദിനിയില്‍ കേസരി നായനാര്‍ എഴുതിയ ‘വാസനാ വികൃതി’     യാണ് മലയാളത്തിലെ ആദ്യ ചെറുകഥയായി വിശേഷിപ്പിക്കുന്നത്. മോഷണം സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് കഥാനായകന്‍ ഇക്കണ്ടക്കുറുപ്പ്. കഥാപാത്ര പ്രധാനവും നര്‍മ്മരസപൂര്‍ണ്ണവുമാണ് ഈ കഥ. ചിലരുടെ വാക്കിനും എഴുത്തുകാരുടെ പേനയ്ക്കും ലൈസന്‍സ്  വേണ്ടിവരുമെന്ന് 115 വര്‍ഷങ്ങള്‍ക്ക് മുമ്പെ കേസരി കഥയിലൂടെ പറഞ്ഞുവെച്ചു. ഒരു പൊട്ടഭാഗ്യം, ദ്വാരക മദിരാശി, കഥയൊന്നുമില്ല, പിത്തലാട്ടം തുടങ്ങിയവ നായനാരുടെ കഥകളാണ്. ഓരോ സൃഷ്ടിയിലും പുതുമയുള്ള ആഖ്യാനരീതി എന്നത് കേസരിയുടെ പ്രത്യേകതയായിരുന്നു. 1892 ല്‍ പ്രസിദ്ധീകരിച്ച ‘മേനോക്കിയെ കൊന്നതാര്’ എന്നതാണ് മലയാളത്തിലെ ആദ്യ അപസര്‍പ്പക കഥയായി വിലയിരുത്തപ്പെടുന്നത്. വൈദ്യം, നാട്ടെഴുത്തച്ഛന്‍, മരിച്ചാലത്തെ സുഖം, കപടവേദാന്തികള്‍, ശീട്ടുകളി, ഭ്രമം, മഹാകവികളുടെ ജീവിതകാലം, സ്വഭാഷ ആചാരപരിഷ്കാരം, കേരള ജന്‍മിസഭ, കൃഷി പരിഷ്കാരം എന്നിവയാണ് പ്രധാന ലേഖനങ്ങള്‍.

vengayil_kunjiraman_nair
1860 ല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പറമ്പ്  ഹരിദാസ് സോമയാജിപ്പാടിന്‍റെയും, പാണപ്പുഴ വേങ്ങയില്‍ കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായണ് കുഞ്ഞിരാമന്‍ നായനാരുടെ ജനനം. സംസ്കൃതത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പിലെ ഇംഗ്ളീഷ് സ്കൂളില്‍ ചേര്‍ന്നു. കോഴിക്കോട് കേരള വിദ്യാശാലയില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസായെങ്കിലും എഫ്.എ പരീക്ഷയ്ക്ക് തോറ്റു. അന്നത്തെ മലബാര്‍ കലക്ടറായിരുന്നു ലോഗന്‍ സായിപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം സെയ്ദാപ്പേട്ട കാര്‍ഷിക കോളേജില്‍ ചേര്‍ന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേര്‍പ്പെട്ട ഒന്നാമത്തെ മലബാറുകാരന്‍, ജന്‍മി, കൃഷിക്കാരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനായി. അദ്ദേഹത്തിന്‍റെ എഴുത്തില്‍ കൃഷിക്ക് പുറമെ പരമ്പരാഗത വ്യവസായങ്ങളും, ഓട് നിര്‍മ്മാണം, നെയ്ത്ത് തുടങ്ങിയവയും കടന്നുവന്നിട്ടുണ്ട്. സംസ്കൃത പണ്ഡിതനും, ബ്രഹ്മവിദ്യാപ്രവീണനുമായ മമ്പറം കായലോടിനടുത്ത അറത്തില്‍ കണ്ടേണ്ടാത്ത് കണ്ണന്‍ നമ്പ്യാരുടെ മകള്‍ എ സി കല്ല്യാണി അമ്മയെയാണ് നായനാര്‍ വിവാഹം കഴിച്ചത്. അതോടെ തളിപ്പറമ്പ്, പാണപ്പുഴ എന്നിവയ്ക്ക് പുറമെ തലശ്ശേരിക്കും സ്വന്തക്കാരനായി വേങ്ങയില്‍ നായനാര്‍. തലശ്ശേരിക്കും കതിരൂരിനുമിടയില്‍ കൂത്തുപറമ്പ് റോഡരികില്‍ കപ്പരട്ടി എന്ന വീടുണ്ടാക്കി താമസം തുടങ്ങി. തച്ചുശാസ്ത്രത്തില്‍ അത്ഭുതം തന്നെയായിരുന്നു കപ്പരട്ടി വീട്. അദ്ദേഹത്തിന്‍റെ സ്മരണയെന്നപോലെ നായനാര്‍ റോഡ് എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.
സാഹിത്യത്തില്‍ മാത്രമല്ല പൊതുപ്രവര്‍ത്തന രംഗത്തും കാര്‍ഷിക രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു നായനാര്‍. പരമ്പരാകതവും ആധുനികവുമായ കൃഷിരീതികള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതില്‍ കേസരി മുഖ്യ പങ്ക് വഹിച്ചു. 1888 ല്‍ മുംബൈയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത നായനാര്‍ 1892 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡംഗവും 1904 മുതല്‍ 1914 വരെ പാണപ്പുഴ വേങ്ങയില്‍ തറവാട് കാരണവര്‍ സ്ഥാനവും വഹിച്ചു. കോയമ്പത്തൂര്‍ കൃഷി വിദ്യാശാലയില്‍ അനൗദ്യോഗിക അംഗവും ഇംഗ്ളണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമപ്രവര്‍ത്തനത്തിന് വേണ്ടി രൂപീകരിച്ച ഉപദേശകസമിതി അംഗവുമായിരുന്നു.ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ പട്ടാഭിഷേകോല്‍സവകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കീര്‍ത്തിമുദ്ര നല്‍കി നായനാരെ ആദരിച്ചിരുന്നു. 1912 ല്‍ മദിരാശി നിയമസഭയിലേക്ക് മല്‍സരിച്ച് വിജയിച്ചു.
എല്ലാമേഖലയിലും അറിയപ്പെട്ട നായനാര്‍ പാണപ്പുഴയിലെ വേങ്ങയില്‍ തറവാട്ടില്‍ വെച്ചാണ് തന്‍റെ തൂലികയില്‍ മഷിമുക്കിയത്. കേസരിയുടെ കഥകള്‍ പിറന്ന പാണപ്പുഴയിലെ തറവാട് മാളിക കാലപ്പഴക്കത്താല്‍ അവകാശികള്‍ ഭാഗികമായി പൊളിച്ച് നീക്കി. 29 ാം വയസില്‍ ഈ തറവാട്ടില്‍ വെച്ചാണ് മലയാളത്തിലെ ആദ്യ ചെറുകഥയ്ക്ക് കേസരി രൂപം നല്‍കിയത്. തലശ്ശേരിയിലെ കപ്പരട്ടി വീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പത്രിക്ക് കൈമാറി. അവര്‍ അത് പൊളിച്ചുനീക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഇന്നത്തെ കേരള മുഖ്യമന്ത്രി അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇടപെട്ടാണ് നിര്‍ത്തിവെച്ചത്. പിന്നീട് വലിയകപ്പരട്ടി വീട് തലശ്ശേരി ബിഷപ്പ് ഏറ്റെടുത്തു. അവരുടെ ചില സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വീട് അതേ പ്രൗഢിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേസരിയുടെ കുട്ടിക്കാലം കഴിച്ചുകൂട്ടിയ അച്ഛന്‍റെ ഇല്ലമാണ് തളിപ്പറമ്പിനടുത്തെ വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പറമ്പ് ഇല്ലം. 200 വര്‍ഷത്തിലധികം പഴക്കമുള്ള എട്ടുകെട്ട് ഇല്ലം ഇന്നും അതേപടി നിലനില്‍ക്കുന്നു. ഇവിടെ താമസിച്ചാണ് നായനാര്‍ തളിപ്പറമ്പിലെ ഇംഗ്ളീഷ് സ്കൂളില്‍ പഠനം നടത്തിയത്. നായനാരുടെ അച്ഛന്‍ ഹരിദാസന്‍ സോമയാജിപ്പാടിന്‍റെ കാലത്ത് ഇവിടെ സോമയാഗം നടത്തിയതുള്‍പെടെ പോയകാലത്തിന്‍റെ പല അപൂര്‍വ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.
കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഓര്‍മകളും ജീവിതവും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഇത്രയും വര്‍ഷക്കാലത്തിനിടയ്ക്ക് നമ്മുടെ സാഹിത്യലോകം ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടികള്‍ മാത്രമാണ് നമുക്ക് മുന്നില്‍ ലഭ്യമായിട്ടുള്ളത്. പയ്യന്നൂര്‍ മലയാളഭാഷ പാഠശാലാ ഡയറക്ടര്‍ ടി പി ഭാസ്കര പൊതുവാളിന്‍റെ നേതൃത്വത്തില്‍ വേങ്ങയില്‍ തറവാട്ടുകാരുടെ സഹയകരണത്തോടെ പാണപ്പുഴയില്‍ കേസരി അന്ത്യവിശ്രമം കൊള്ളുന്ന തറവാട് വീടിന് സമീപത്തായി സ്മൃതിമണ്‍ഡപം നിര്‍മിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. മാതമംഗലം ജ്ഞാനഭാരതി വായനശാല, ഫേസ് മാതമംഗലം തുടങ്ങിയവയും ചില സ്കൂളുകളും നടത്തുന്ന കേസരി അനുസ്മരണ ചടങ്ങുകളും മാത്രമാണ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെ സ്മരിക്കുന്നത്.
എ സി നാരായണന്‍ നമ്പ്യാര്‍, മാധവന്‍, മേജര്‍ ഗോപാലന്‍ നമ്പ്യാര്‍, ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, മാധവിയമ്മ, നാരായണിയമ്മ, രോഹിണിയമ്മ, ലക്ഷ്മിയമ്മ എന്നിവരാണ് നായനാരുടെ മക്കള്‍. സുഭാഷ് ചന്ദ്രബോസിന്‍റെ ഐഎന്‍എയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സ്വിസര്‍ലാന്‍റില്‍ അംബാസിഡറുമായ എ സി നാരായണന്‍  നമ്പ്യാര്‍ നെഹ്റുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി ‘നാണു അങ്കിള്‍’ എന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചിരുന്നത്. സരോജിനി നായിഡുവിന്‍റെ സഹോദരിയെയാണ് നാരായണന്‍ നമ്പ്യാര്‍ വിവാഹം ചെയ്തത്. ഒരുവര്‍ഷത്തിന് ശേഷം ബന്ധം പിരിഞ്ഞു. പിന്നീട് സ്വിസര്‍ലാന്‍റില്‍ കഴിഞ്ഞ നാരായണന്‍ നമ്പ്യാരെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ നേരില്‍കണ്ട് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. എ സി മാധവന്‍ എന്ന അറത്തില്‍ കണ്ടോത്ത് മാധവന്‍ ബ്രിട്ടീഷ് രേഖകളില്‍ കണ്ടോത്ത് എന്നത് കന്‍ഡത്ത് എന്നായി മാറിയതോടെ എം എ കന്‍ഡത്ത് എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി.
മലയാളത്തിന്‍റെ ആദ്യ ചെറുകഥാ കൃത്തും തൂലിക പടവാളാക്കിയ ജന്‍മി കുടുംബത്തിലെ കാരണവരുമായിരുന്ന നായനാരുടെ സൃഷ്ടികളുടെ ശൈലി ഇതുവരെ മലയാളത്തിലെ മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. ആദ്യ ചെറുകഥ  അതിന്‍റെ മേന്‍മ ഒട്ടും ചോരാതെ നിലനില്‍ക്കുമ്പോഴും നാം അറിയാതെ പോവുകയാണ് ഈ വ്യക്തിത്വത്തെ. കേരളം 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലെങ്കിലും 102 വര്‍ഷക്കാലത്തെ ഓര്‍മകള്‍ മണ്ണിലലിഞ്ഞു ചേരാതെ സംരക്ഷച്ച് നിര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.

കടപ്പാട് : ജി. വി. രാഗേഷ് , കതിരൂര്‍ ,കണ്ണൂര്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com