ഇറങ്ങണം കൃഷിയിടത്തിലേക്ക്.. പട്ടിണിയാകാതിരിക്കാന്‍ കൃഷി ചെയ്തേ പറ്റൂ
ഈ അവസ്ഥ തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കേരളം കൃഷിയിടത്തിലേക്ക് ഇറങ്ങിയേ മതിയാകു. ലോകത്താകെ കൊറോണ വൈറസ് ഭീതിതമാം വിധം പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തും വൈറസ് വ്യാപനമുണ്ട്. ഈ അവസ്ഥയില്‍ മലയാളികള്‍ വെറുതെ വീട്ടിലിരുന്നാല്‍ വരും നാളുകളില്‍ പട്ടിണിയാകും. ഇപ്പോഴത്തെ അവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള കരുതല്‍ മാത്രമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. എന്നാല്‍ കൊറോണ വ്യാപനം ലോകത്തിന്റെ സാമ്പത്തിക മേഖലയെ തകിടംമറിക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്തെ കാര്‍ഷിക മേഖല ഉലയും. ഇത് രണ്ടും മലയാളിയെ നേരിട്ട് ബാധിക്കുന്നതാണ്. അതുകൊണ്ട് വരും ദിനസങ്ങളില്‍ ഭാവിയിലേക്കുള്ള കരുതലെന്നോണം നാം കൃഷിയിടത്തിലേക്ക് ഇറങ്ങണം.

സംസ്ഥാനത്ത് നിലവില്‍ ഭക്ഷ്യസ്ഥിതി ഭദ്രമാണ്. എന്നാല്‍ കൊറോണ വ്യാപനം രാജ്യത്ത് ഇനിയും തുടര്‍ന്നുപോയാല്‍ കേരളത്തെ അത് നേരിട്ട് ബാധിക്കും. അതിനെ നേരിടാന്‍ ഇപ്പൊഴേ സജ്ജമാകണം. നാടും രാജ്യവും ലോകവും സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളില്‍ വലുതായിരിക്കും. കേരളം ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ ലോകത്തെയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നുണ്ട്. അത് നിന്നുപോയാല്‍ എന്ത് സംഭവിക്കുമെന്ന് വെറുതെയെങ്കിലും ചിന്തിക്കുക. ഉടനെ തന്നെ കൃഷിയിടത്തിലേക്ക് ഇറങ്ങുക. ഭാവിയില്‍ നമുക്ക് വേണ്ടത് നമ്മുടെ വീട്ടുവളപ്പില്‍ തന്നെ ഉണ്ടാക്കാന്‍ സാധിച്ചാല്‍ വരാന്‍പോകുന്ന പ്രതിസന്ധിയെ മറികടക്കാനാകും. സര്‍ക്കാരിന് പോലും പരിമിതികളുള്ള കാലത്തേക്ക് പോകുന്നതെന്ന് ഓര്‍ക്കുക.
213 ലോക രാഷ്ട്രങ്ങളില്‍ കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ 5,68,556 ടണ്‍ അരിയും 1,36,631 ടണ്‍ ആട്ടയും 9,231 ടണ്‍ പയര്‍ വര്‍ഗങ്ങളും 2,636 ടണ്‍ ഉള്ളിയും 30.71 ലക്ഷം ലിറ്റര്‍ സണ്‍ഫ്ളവര്‍ ഓയിലും 21.55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയും 12,652 ടണ്‍ പഞ്ചസാരയുമാണ് സ്റ്റോക്കുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസങ്ങളില്ലാതെ കടന്നുപോകാനുള്ള ധാന്യശേഖരവും മറ്റ് ഭക്ഷ്യ സാമഗ്രികളും കേരളത്തിലുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും നടക്കുന്നുണ്ട്. എന്നാല്‍, ഈ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ സ്ഥിതി മാറിയേക്കാം.

വന്നുപോയേക്കാവുന്ന പ്രതിസന്ധി മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്ത് കൃഷി വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കിയത്. ഓരോരുത്തരും അവരവരുടെ വീടുകളില്‍ കൃഷിയിലേര്പ്പെടണം. സ്ഥലമില്ലെന്ന് പറഞ്ഞ് വെറുതെയിരിക്കാനല്ല, ഉള്ള സ്ഥലത്ത് എന്ത് കൃഷി ചെയ്യും എന്ന് ആലോചിക്കാനാണ് ഇനിയുള്ള ദിവസങ്ങള്‍ ഉപയോഗിക്കേണ്ടത്. പ്രത്യേകിച്ച് യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ (എം) സ്വന്തം നിലയില്‍ പ്രവര്‍ത്തകരോട് ഇക്കാര്യം ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നതിനനുസരിച്ചിരിക്കും കാര്യങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും യോജിച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. തരിശ് ഭൂമിയെ മുഴുവന്‍ കൃഷിഭൂമിയാക്കി തിരികെ കൊണ്ടുവരാനും വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആയിരിക്കും വകുപ്പ് നടപടി സ്വീകരിക്കുക. ആധുനിക കൃഷിരീതിയിലായിരിക്കും ഇവ നടപ്പിലാക്കുക.

നെല്‍കൃഷി വ്യാപകമാക്കുന്നതിനൊപ്പം മറ്റ് ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കൃഷിക്ക് പ്രോത്സാഹനം നല്‍കും. കിഴങ്ങുവര്‍ഗങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയും വ്യാപകമാക്കും. 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് കേരളത്തിന് ആവശ്യമുള്ളത്. ഈ വര്‍ഷം ഉല്പാദനലക്ഷ്യം 14.72 മെട്രിക് ടണ്‍ മാത്രമാണ്. അത് വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളൊന്നാകെ ഇറങ്ങണം.
കേരളം മുഴുവന്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തേ പറ്റു. പട്ടിണിയാകാതിരിക്കാന്‍ കൃഷി ചെയ്തേ പറ്റൂ.