ഇനി കുറച്ചീസം എന്‍റെ സ്വപ്നങ്ങള്‍ നിന്‍റെ അധരത്തില്‍ വസിക്ക‌‍ട്ടെ..

Sharing is caring!

സാബി മുഗു
സാബി മുഗു

ആകാശം മുട്ടെ തലയുയര്‍ത്തി കാല്‍പാദം തട്ടുന്ന കാര്‍കൂന്തലിളക്കി

പുഷ്ടിച്ച മേനി കാട്ടി നീയെന്നെ
മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചൊന്നുമല്ല,
കാലം ശ്ശിയായി….
തരളിത മേനിയില്‍ ഭ്രമിപ്പിക്കാന്‍ മാത്രമായി പൊങ്ങിക്കിടകുന്ന
പാറക്കൂട്ടങ്ങളും പിന്നെ നിന്‍റെ
പൊക്കിള്‍ ചുഴിയില്‍ നിന്നാരംഭിക്കുന്ന തെളിനീരരുവിയും…
ഒക്കെ
നിന്നിലേക്കെന്നെ കൂടുതല്‍ ആകര്‍ഷിപ്പിച്ചത് ‘…
നിന്‍റുദരത്തില്‍ വസിക്കുന്ന
സസ്യ ലതാതികളുടെ വേരുകളാഴത്തിലാഴ്ന്നത് പോല്‍
എന്‍റെ മനസും ,..
District Moral Activation Club ന്‍റെ കീഴില്‍ പരിസ്ഥിതി
ക്യാമ്പ് ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴേ എന്‍റെ ലക്ഷ്യം നീയായിരുന്നു…
നിന്നിലേക്കുള്ള എന്‍റെ പ്രയാണം ഇത്ര പെട്ടെന്നാവുമെന്ന് വിചാരിച്ചതല്ല…
എങ്കിലും ….
വെപ്രാളമായിരുന്നു യാത്രാ ഒരുക്കത്തില്‍…
എല്ലാ തവണത്തെയുംപോലെ ഇപ്രാവശ്യവും മറന്നത് വേറെന്നുമായിരുന്നില്ല…
ബ്രഷും പേസ്റ്റും തന്നെ…
(മിക്ക ആള്‍ക്കാരും കൊണ്ട് വരാന്‍ മറന്നതിനാല്‍
Happy Dent വെച്ചങ്ങഡ്ജസ്റ്റ് ചെയ്തു….)
ഹാ
ഇത്രേം പറഞ്ഞിട്ടും ഒന്നും പിടി കിട്ടിക്കാണില്ല അല്ലേ…
പറഞ്ഞ് തരാം…

നുമ്മടെ കാസര്‍കോട്..
കേരളത്തില്‍ അവസാനം രൂപം കൊണ്ട സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ജില്ലയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക് കണ്ണൂര്‍ എന്നിവയാണ് ജില്ലയുടെ അതിര്‍ഥികള്‍. കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യമുണ്ട്. സംസാരഭാഷയില്‍ കന്നഡ, കൊങ്കണി, തുളു എന്നിവയുടെ സ്വാധീനവും. 1984 മെയ് 24നാണ് ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ അടങ്ങുന്നതാണ് കാസര്‍ഗോഡ് ജില്ല. 1956 നവമ്പര്‍ ഒന്നിന് സംസ്ഥാന പുനര്‍വ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാങ്കൂര്‍കൊച്ചിയിലെ മലബാര്‍ ജില്ലയും ദക്ഷിണ കന്നഡയിലെ കാസര്‍ഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ടാണ് കേരള സംസ്ഥാനം നിലവില്‍ വന്നത്. പലതും മിത്തായി പറയുന്നുണ്ടെങ്കിലും കന്നഡ വാക്കായ  കുസിരക്കൂട് അധവാ കാഞ്ഞിരക്കൂട്ടം എന്ന പേരില്‍ നിന്നാണ് കാസര്‍കോടെന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. പഴമക്കാര്‍ കാഞ്ഞിരോട് എന്ന് വിളിച്ചിരുന്നു. സംസകൃത പദങ്ങളായ കാസറ (കുളം, തടാകം), ക്രോദ (നിധി സൂക്ഷിക്കുന്നസ്ഥലം) എന്നീ വാക്കുകളില്‍ നിന്നാണ് പേര് വന്നതെന്നും വാദമുണ്ട്. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിലെ അറബി ബന്ധങ്ങള്‍ കാസര്‍കോടിനേയും സ്വാധീനിച്ചിരുന്നു. അതിന്‍റെ പിന്തുടര്‍ച്ച ഇന്നും വിവിധയിടങ്ങളിലായി കാണാം. അന്ന് അറബികള്‍ ഹാര്‍ക്ക് വില്ലിയ എന്നാണ് കാസര്‍ഗോടിനെ വിളിച്ചിരുന്നത്. 1514 ല്‍ കുംബള സന്ദര്‍ശിച്ച പോര്‍ത്തുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാര്‍ബോസ, ഇവിടെ നിന്നും മാലിദ്വീപിലേക്ക് അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800 ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്‍റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗര സാമ്രാജ്യം കാസര്‍ഗോഡ് ആക്രമിച്ചപ്പോള്‍ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്‍റെ ഭരണമായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്‍റെ പതനകാലത്ത് ഇക്കേരി നായ്ക്കന്‍മാരായിരുന്നു ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്‍റെ കാലത്ത് ഇക്കേരി വിജയനഗര സാമ്രാജ്യത്തില്‍നിന്നും സ്വതന്ത്രമായി. കുംബള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക് നിര്‍മ്മിച്ചതാണെന്നു കരുതപ്പെടുന്നു. 1763 ല്‍ ഹൈദര്‍അലി ഇക്കേരി നായ്ക്കന്‍മാരുടെ ആസ്ഥാനമായിരുന്ന ബീദനൂര്‍ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുല്‍ത്താന്‍ മലബാര്‍ മുഴുവന്‍ കീഴടക്കി. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കി. ടിപ്പുവിന്‍റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി. എന്നതാണ് കാസര്‍കോടന്‍ ചരിത്രം.

downloadആദിരാജാക്കന്മാര്‍ ഉപേക്ഷിച്ച് പോയ പൈതൃകങ്ങളുടെയും പ്രകൃതി രമണീയതയുടെയും കലവറ കണ്ടിട്ടാവണം കാസര്‍കോടിന് നിധി സൂക്ഷിക്കുന്ന സ്ഥലം (ക്രോദ) എന്നര്‍ത്ഥം വരുന്ന പേര് നല്‍കിയതും. ബേക്കല്‍, ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങള്‍, കോട്ടകള്‍ ഈ പ്രദേശത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു. കൂര്‍ഗിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്കരയില്‍ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം 12 നദികള്‍ ജില്ലയിലുണ്ട്. ചന്ദ്രഗുപ്ത സാമ്ര്യാജ്യത്തിന്‍റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്‍ കൊട്ടരം വിട്ട് ജൈനസന്യാസിയായി തന്‍റെ അവസാന നാളുകള്‍ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നെന്നും അങ്ങിനെയാണ് ചന്ദ്രഗിരിപ്പുഴയെന്ന പേര് ഉണ്ടായതെന്നും വിശ്വസിക്കുന്നു. 64 കിലോമീറ്റര്‍ നീളമുള്ള കാര്യങ്കോട് പുഴയാണ് നീളത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്ക്കു കുറുകേയാണ്. മറ്റുള്ള പുഴകള്‍ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റര്‍), ഉപ്പള പുഴ (50 കിലോമീറ്റര്‍), മൊഗ്രാല്‍ (34 കിലോമീറ്റര്‍), ചിത്താരിപ്പുഴ (25 കിലോമീറ്റര്‍), നിലേശ്വരം പുഴ (47 കിലോമീറ്റര്‍), കാവ്വായിപ്പുഴ (23 കിലോമീറ്റര്‍), മഞ്ചേശ്വരം പുഴ (16 കിലോമീറ്റര്‍), കുമ്പള പുഴ (11 കിലോമീറ്റര്‍), ബേക്കല്‍ പുഴ (11 കിലോമീറ്റര്‍) കളനാട് പുഴ (8 കിലോമീറ്റര്‍) തുടങ്ങി ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന ജില്ല എന്ന ഖ്യാദി കൂടിയുണ്ട് കാസര്‍കോടിന്. മാത്രമല്ല കാസര്‍കോടിന്‍റെ മാത്രമെന്ന് പറയാവുന്ന കലാരൂപമാണ് യക്ഷഗാനം. കഥകളിയോട് സാമ്യമുള്ള യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്ന പാര്‍ത്ഥിസുഭയുടെ മണ്ഡപവും കാസര്‍കോട്, കുംബളയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

കേരളത്തിന്‍റെ ഊട്ടി..

IMG-20160623-WA0050കേരളത്തിന്‍റെ ഊട്ടിയോ..? നിങ്ങളൊന്ന് ഞെട്ടി.. ഹേയ് അല്ല പരിഹസിച്ചതാണല്ലേ… ആദ്യം ഞാനും നിങ്ങടെ അതേ അവസ്ഥയില്‍ തന്നെ ആയിരുന്നു. ഈ കസ്തൂരി തെരെഞ്ഞ് നടക്കുന്ന കസ്തൂരി മാനിനെക്കൂറിച്ച് പലപ്പോഴും നമ്മള്‍ പലയിടങ്ങളിലായി കേട്ടിട്ടുള്ളത് പോലെത്ത അവസ്ഥയിലായിരുന്നു ഞാനും. പിന്നീടാണ് അറിയുന്നത് അത് വേറെയെവിടെയും അല്ല നുമ്മടെ കാസര്‍കോട് തന്നെയാണെന്ന്.

പനത്തടി..
കിഴക്കേയറ്റത്തായി കര്‍ണാടക സംസ്ഥാനത്തോടു ചേര്‍ന്നു നില്‍ക്കുന്ന പഞ്ചായത്താണ് പനത്തടി. തൊട്ടടുത്തുള്ള കള്ളാര്‍ പഞ്ചായത്ത് 1997 വരെ പനത്തടി പഞ്ചായത്തിന്‍റെ ഭാഗമായിരുന്നു. പനത്തടി പഞ്ചായത്തില്‍ നിന്നും വേര്‍പെട്ട് കള്ളാര്‍ പഞ്ചായത്തു രൂപം കൊണ്ടതിനു ശേഷവും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തെന്ന സ്ഥാനം ഇതിനു തന്നെയാണ്. നിറയെ മലമ്പ്രദേശങ്ങളാല്‍ നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടം. ന്യുനപക്ഷ ഗിരിവര്‍ഗമായ മറാഠികള്‍ ഏറെ താമസിക്കുന്ന പഞ്ചായത്തുകൂടിയാണിത്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലൊന്നും തന്നെ ഇക്കൂട്ടര്‍ കൂട്ടമായി അധിവസിച്ചുവരുന്നില്ല. ആദിവാസി സമൂഹങ്ങളായ ചെറവര്‍, മാവിലര്‍ എന്നിവരുടേയും കോളനികള്‍ ഈ പഞ്ചായത്തില്‍ ധാരാളമുണ്ട്. മലയോര പട്ടണമായ പാണത്തൂരിലേക്ക് കര്‍ണാടകയിലെ ബാഗമണ്ഡിലം മടിക്കേരി, പുത്തുര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും കര്‍ണാടകയുടെ ബസ്സ് സര്‍വീസുകളുണ്ട്. പാണത്തൂര്‍, പനത്തടി, കോളിച്ചാല്‍ എന്നിവയാണ് പ്രധാന ടൗണ്‍ഷിപ്പുകള്‍. ചെറിയ ചെറിയ സ്ക്കൂളുകളുണ്ടെങ്കിലും പനത്തടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളാണ് പഞ്ചായത്തിന്‍റെ വിദ്യാഭാസമേഖലയിലേക്ക് കാര്യമായ സംഭാവന ചെയ്യുന്നത്. മറ്റു പഞ്ചായത്തുകളില്‍ പോലും നിരവധി ശാഖകളുള്ള പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് സാമ്പത്തിക വികസനത്തിനു വഴികാട്ടിയാവുന്നു.

IMG-20160623-WA0046

കുന്നും മലകളും നിറഞ്ഞ മലമ്പ്രദേശമായതിനാല്‍ ഗതാഗതം അത്ര സുഖകരമല്ല. പശ്ചിമഘട്ടമലനിരകള്‍ കര്‍ണാടകയില്‍ നിന്നും പനത്തടിയെ വേര്‍തിരിക്കുന്നു. വനത്തിലൂടെ മുപ്പത്തിയെട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തലക്കാവേരി (കാവേരിനദിയുടെ ഉത്ഭവസ്ഥാനം) യെന്ന കര്‍ണാടകയിലെ സുപ്രസിദ്ധ ടൂറിസ്റ്റു കേന്ദ്രത്തിലെത്താനാവും. നിരവധി അമ്പലങ്ങളും കൃസ്ത്യന്‍, മുസ്ലീം പള്ളികളും പഞ്ചായത്തിലുണ്ട്. വളരെ പ്രസിദ്ധിയാര്‍ജിച്ച പെരുതടി മഹാദേവക്ഷേത്രവും ചെറുപനത്തടിയുള്ള പാണ്ഡ്യാലക്കാവും ഗിരി വര്‍ഗ്ഗ സമൂഹമായ മാറാട്ടികളും ഈ ഗ്രാമത്തിലാണ്. മറാഠികള്‍ക്ക് അവരുടേതായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണുള്ളത്. ഭാഷയിലും സംസ്കാരത്തിലും ഇന്നും അവര്‍ തനിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊക്കെ തന്നെയും കടുത്ത ഭീഷണിയെ നേരിടുന്നുണ്ട്. പുതിയ തലമുറ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നതാണ് പ്രധാന കാരണം

ഇനി ഊട്ടിയിലേക്ക്..
സമുദ്രനിരപ്പില്‍ നിരപ്പില്‍ നിന്ന് 780 കിമി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റാണിപുരം. പച്ചപ്പട്ട് വിരിച്ച കുന്നിന്‍ ചെരുവുകളും പാറക്കൂട്ടങ്ങളും അരുവികളുമായി വശ്യമനോഹരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മലനിരകള്‍. കോടമഞ്ഞിന്‍റെ സായാഹ്നങ്ങളില്‍ മനസുതുറക്കാന്‍ സഞ്ചാരപ്രവാഹം. കേരളത്തിന്‍റെ ഊട്ടിയാണിത്. റാണിപുരത്തു നിന്ന് കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുടക്, കുശാല്‍ നഗര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം. കര്‍ണാടക, കേരള അതിര്‍ത്തിയിലുളള ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിപുരത്തിന്‍റെ ചുറ്റളവിലാണെന്നത് പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മേല്‍ത്തട്ടിലെ വിശാലമായ പുല്‍മേടയിലത്തൊം. ഗുഹ, നീരുറവ, പാറക്കെട്ട് എന്നിവയെല്ലാം സഞ്ചാരികളുടെ മനം കവരും. ഇടക്കിടെ പഞ്ഞിക്കെട്ടുപോലെ പറന്നെത്തെുന്ന കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്‍െറ ആസ്വാദ്യത വര്‍ദ്ധിപ്പിക്കും. അപൂര്‍വ സസ്യ ജൈവസമ്പത്തുക്കളുടെ കലവറയായ റാണിപുരം വനം കാട്ടാനകള്‍, പുളളിപ്പുലി, കാട്ടുപോത്ത്, കേഴമാന്‍, മലയണ്ണാന്‍ തുടങ്ങിയവയാല്‍ സമൃദ്ധമാണ്.

IMG-20160623-WA0039

മാടത്തുമലയെന്ന പേരില്‍ അറിയപ്പെട്ടുവന്നിരുന്ന ഈ പ്രദേശം, കോട്ടയം രൂപത കുടിയേറ്റത്തിനായി കോടോത്തു കുടുംബത്തില്‍ നിന്നും വാങ്ങുകയും സ്ഥലത്തിനു റണിപുരമെന്ന പേരു നല്‍കുകയും ചെയ്തു. കുരുമുളക്, റബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണു പ്രധാന കൃഷി. വിവിധയിനം ഔഷധ സസ്യങ്ങളും ചിത്രശലഭങ്ങളുമുള്ള റാണി പുരത്തേക്ക് പഠനം നടത്തുവാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. കാഞ്ഞങ്ങാട് നിന്നും 3 മണിക്കൂര്‍ യാത്രയുണ്ട് റാണിപുരത്തേക്ക്. ബസ്സില്‍ പോകുന്നവര്‍ പനത്തടിയില്‍ ഇറങ്ങണം. പനത്തടിയില്‍ നിന്നും 9 കിലോമീറ്റര്‍ ജീപ്പ് യാത്രചെയ്താല്‍ റാണിപുരത്തെത്താം. റാണിപുരത്തു നിന്നും വാഹനത്തില്‍ ബേക്കലിലും, വലിയപറമ്പിലുമെത്താം. വിദേശികളും സ്വദേശികളുമടങ്ങിയ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് ഇവിടെ സാധ്യതയുണ്ട്. പതിനെട്ട് വര്‍ഷം മുമ്പ് കോട്ടയം രൂപത റാണിപുരത്തെ വിനോദസഞ്ചാര പദ്ധതികള്‍ക്കായി രണ്ടരഏക്കര്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്താണ് മൂന്ന് കോട്ടേജുകള്‍ പണിതിട്ടുള്ളത്. മരങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കുന്നതോടൊപ്പം റോപ്പ് വേയും ഉണ്ട്.

ഇക്കോടൂറിസത്തിന്‍റെ അനുയോജ്യത..
ഇക്കോടൂറിസത്തിന് അനുയോജ്യമായ സ്ഥലമാണ് കോട്ടഞ്ചേരി. ചെറുകുന്നുകള്‍ പരസ്പരം നോക്കി ചിരിക്കുന്ന കോട്ടഞ്ചേരിക്ക് രാജ്യാന്തരം പ്രശസതിയുണ്ട്. മാനംമുട്ടി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളുള്ള കാട്ടില്‍ വന്യമൃഗങ്ങള്‍ ധാരാളമുണ്ട്. മലയുടെ മുകളില്‍ കയറിനിന്നാല്‍ തലക്കാവേരിവരെയുള്ള പ്രദേശങ്ങള്‍ കാണാം. കരിമ്പില്‍ തറവാട്ടുകാരുടെ പിടിയാന കോട്ടഞ്ചേരിയിലെ പ്രധാന ആകര്‍ഷണമാണ്. ചങ്ങലയ്ക്കിടാതെ കാട്ടില്‍മേയാന്‍ വിടുന്ന വളര്‍ത്താനയാണിത്. തലക്കാവേരിയുമായി കോട്ടഞ്ചേരിയെയും ബന്ധിപ്പിക്കാനാകും. കൊന്നക്കാട് ബസ്സിറങ്ങി വാടകജീപ്പ് പിടിച്ച് സഞ്ചാരികള്‍ക്ക് മലയിലെത്താം. എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രകൃതിമനോഹരമായ സ്ഥലത്തെത്താം. ഇവിടെ താമസ സൗകര്യങ്ങളും കോട്ടേജുകളും പണിയാനുള്ള പദ്ധതിയാവിഷ്ക്കരിച്ചിട്ടുണ്ട്.

IMG-20160623-WA0037

ജലസഞ്ചാരികള്‍ക്കായി വലിയപറമ്പ് ദ്വീപ്
അസ്തമയ സന്ധ്യയില്‍ കടലും, പുഴയും ചുംബിക്കുന്ന അപൂര്‍വ്വ കാഴ്ച കാണമെങ്കില്‍ വലിയപറമ്പ് ദ്വീപിലെത്തിയാല്‍മതി. പുഴവഴികളിലൂടെ ബോട്ടിലും കെട്ടുവള്ളത്തിലും സഞ്ചരിക്കുന്നവര്‍ക്ക് നയനാനന്ദകരമായ വിവധകാഴ്ചകള്‍ കാണാം. തെങ്ങിന്‍തോപ്പുകള്‍ തണല്‍വിരിച്ച ഈ പ്രദേശം ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്. ഇവിടുത്തെ പക്ഷിപ്പാറയില്‍ ചേക്കേറാന്‍ വരുന്ന കിളികളെ കാണാന്‍ വിദ്യാര്‍ത്ഥികളും ഗവേഷകരും എത്താറുണ്ട്. 1996 ലാണ് ഈ പ്രദേശം പദ്ധതികളില്‍സ്ഥാനം പിടിക്കുന്നത്.

പ്രകൃതിഭംഗി
വീരമല കുന്ന് കയറിയാല്‍ വിശാലമായ പ്രദേശത്തിരുന്ന് കാറ്റ് കൊള്ളാം. പ്രകൃതിഭംഗി ആസ്വദിക്കാം. കുന്നിന്‍റെ ചുറ്റിലും വെള്ളി അരഞ്ഞാണംപോലെ തഴുകി ഒഴുകുന്ന തേജസ്വിനിപുഴ ചരിത്രകഥകള്‍ പറയും. പടിഞ്ഞാറ് അറബിക്കടലും അഴിമുഖവും കാണാം. വൈകുന്നേരത്തെ അസ്തമനദൃശ്യം ഒരിക്കലും മറക്കാത്ത മരിക്കാത്ത അനുഭവമുണ്ടാക്കും. ജൈവവൈവിധ്യമുള്ള കുന്നുകള്‍ ഏറെയും ഇടിച്ച് നിരപ്പാക്കി മണ്ണെടുപ്പ് നടത്തുന്നതിനാല്‍ ഇവിടെത്തെ പ്രകൃതി ഭംഗി അപ്പാടെ നശിച്ചു കൊണ്ടിരിക്കുകയാണ്. അപൂര്‍വ്വ ഔഷധ സസ്യങ്ങളും മറ്റു മരുന്ന് ചെടികളും ശേഖരിക്കാന്‍ നാട്ടു വൈദ്യന്‍മാര്‍ എത്തുന്നത് ഈ കുന്നിന്‍ ചെരുവിലേക്കാണ്. ഇവിടെയുള്ള ദുരിതാശ്വാസകേന്ദ്രം പുതുക്കി പണിത് ടൂറിസം പദ്ധതികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപകാര പ്രദമാക്കേണ്ടതുണ്ട്. തേജസ്വനി പുഴ വഴിയിലൂടെയുള്ള കെട്ടുവള്ള യാത്ര ഏറെ സുഖകരമാണ്.

IMG-20160623-WA0038

വാട്സാപ്പടച്ച് ഉറങ്ങാനുള്ള തത്രപ്പാടിനിടയ്ക്കാണ് ക്യാമ്പ് ഫയറിന്‍റെ കാര്യം പറഞ്ഞ് ഫാറൂഖ് സര്‍ വിളിക്കുന്നത്.

തീയ്യുടെ വെട്ടത്തിരുന്ന് അജിനോമോട്ടോയും ചക്കയും
കലപില കൂട്ടുമ്പഴൊക്കെയും എന്‍റെ മനസ്സ് മുഴുവന്‍ നീയ്യായിരുന്നു..
ക്യാമ്പ് ഫയറിന്‍റെ അവസാന നിമിഷത്തില്‍
അരിയും,അനാറും,നാരങ്ങയും, സബര്‍ജില്ലിയും
കൂട്ടത്തില്‍ മാംഗോയും
തങ്ങളുടെ അനുഭവങ്ങള്‍ വാരി വിതറുന്നത് കണ്ട്
മിണ്ടാണ്ടിരുന്ന ബനാനയ്ക്കും തോന്നിക്കാണണം താനാരാണെന്ന്
ഞങ്ങളെയൊക്കെ അറിയിക്കണമെന്ന് അവസാനം
ബനാനയുടെ കുറിപ്പടി കഴിഞ്ഞപ്പോഴേക്കും മിക്കവരും
വാ പൊളിച്ചിരുന്നു പോയി…
അമ്പട്ടയുടെ ആകാംക്ഷ കണ്ട് ചെറിയടക്കം ചിരിച്ചു പോയി..
കാരണം അത്രക്കങ്ങട് ണ്ടാര്ന്നു ബനാനയ്ക്ക് പറയാവന്‍…
അമ്പത്തഞ്ചായിരത്തോളം ലൈക്കുള്ള പേജിന്‍റുടമ,
യൂടൂബിലാണേന്‍ ലക്ഷക്കണക്കിന് വ്യൂവേര്‍സ്, അത് മാത്രമല്ല തന്‍റേതായ
കണ്ടു പിടിത്തത്തിനുള്ള പേറ്റന്‍റിനായി കാത്തിരുക്കുന്നു..

IMG-20160623-WA0041
കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇന്‍ബോക്സ് ചെയ്തിട്ടും റീപ്ലെ
തരാത്ത ജാഡ ദേണ്ടെ മുമ്പില്‍ എന്ന അവസ്ഥയിലായി നുമ്മടെ അമ്പട്ട..
(മെമ്മറി ഗൈമില്‍ ഓരോ അംഗങ്ങള്‍ക്കും നല്‍കിയ പേരുകളാണ് )
അവസാനം പിന്നെ തരം പോലെ കാണാമെന്ന് പറഞ്ഞ് അതങ്ങട് വിട്ടു..
അങ്ങനെ ക്യാമ്പ് ഫയറും കഴിഞ്ഞ് ഉറങ്ങാന്‍
കിടക്കുമ്പഴേക്കും ഏകദേശം 1 മണി ആയിക്കാണും…
പക്ഷെ എന്തോ ഉറക്കം വന്നില്ല..
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നിതിനിടയിലാണ്
നുമ്മടെ അജിനോ മോട്ടോയുടെ കച്ചേരി തുടങ്ങുന്നത്…
തക്തസാക്ഷിയില്‍ തുടങ്ങി യാത്രാ മൊഴിയുമായി പ്രണയ സത്യങ്ങള്‍ക്കിടയിലൂടെ
രേണുകയേയും കൂട്ടി
ആശാന്‍റെ വീണപ്പൂ വരികളക്കം ചെയ്ത മണ്ണിലേക്ക്‌
അവിടെ നിന്ന് നിന്ന് ചങ്ങമ്പുഴയുടെ മാമ്പഴത്തെ
പൊടിതട്ടിയെടുത്ത് വീണ്ടും മുളപ്പിക്കാനുള്ള
ശ്രമത്തിനിടയിലെപ്പഴോ ഞാനുറങ്ങിപ്പോയി…
ചക്കയുടെ ഓര്‍മ്മകള്‍ തിരതല്ലിത്തുടങ്ങുന്നതിന് മുമ്പേ മറ്റുള്ളവരും ഉറങ്ങിക്കഴിഞ്ഞിരുന്നു
ജിനുച്ചേട്ടനേം കൂട്ടി 10.30 ന് ട്രക്കിംഗ് തുടങ്ങി…
ഓരോ ചവിട്ടടികളിലും ഞാനുത്സാഹം കാണുമ്പേള്‍ നിന്നിലേക്കുള്ള ദൂരം കൂട്ടി നീ
എന്നെ കൊതിപ്പിച്ച് കൊണ്ടേയിരുന്നു..
കല്ലും മുള്ളും പാമ്പും തേളും അട്ടകളും
നിറഞ്ഞ വഴികളിലൂടെ നിന്‍റ അധരങ്ങള്‍ തേടിയലഞ്ഞു..
ആനപ്പിണ്ടങ്ങളും പോത്തിന്‍ കാട്ടങ്ങളും താണ്ടിത്തീരും മുമ്പേ
കയ്യിലുള്ള വെള്ളം തീര്‍ന്നു കഴിഞ്ഞിരുന്നു…
കാലിന്നൊലിക്കുന്ന ചോരകള്‍ ഞാന്‍ മുന്നില്‍ എന്ന് പോല്‍
അട്ടകളോട് മത്സരിച്ച് കൊണ്ടേയിരുന്നു
എന്നാലും പകുതിക്ക് വെച്ച് മടങ്ങാന്‍ ഒരുക്കമല്ലായിരുന്നു..
മലകളും കാടും കയറിയിറങ്ങി അവസാനം
ഒരു നീരുറവ കണ്ടു അതില്‍ നിന്നും വെള്ളം
ശേഖരിച്ച് വീണ്ടും നിന്‍റെ അധരങ്ങള്‍ തേടിയുള്ള യാത്ര…

IMG-20160623-WA0042
നിന്‍റെ വശ്യ മനോഹാരിതയ്ക്ക് മുന്നില്‍
എന്‍റെ കാലുകളുടെ തളര്‍ച്ച പോലും ഞാനറിയുന്നില്ല..
നിന്നിലേക്ക് അടുക്കുന്തോറും ഞാന്‍ ഏറെ സന്തോഷവാനാവുന്നു…
കയ്യിലുള്ള എസ് എല്‍ ആറില്‍ നിന്‍റെ
നഗ്നമേനി പകര്‍ത്താനായി പലരും മത്സരിക്കുന്നു…
തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ വേറെ ചിലരും…
ചവച്ചു തുപ്പിയ എച്ചില്‍ കഷ്ണങ്ങളും
പേറി നീ കാത്തിരുന്നത് എന്നെ ആയിരുന്നോ…?
നിന്‍റെ ദേഹത്ത് ഉറഞ്ഞ് തുള്ളുന്ന പേക്കോലങ്ങളെ വകച്ചു മാറ്റി
നിന്‍റെ അധരങ്ങളില്‍ മുത്തമിടുമ്പോള്‍ മൂന്ന് മണിയോടടുത്തിരുക്കും..
പ്രണയാതുരനായ ആകാശം മഞ്ഞു പൊഴിച്ച് തുടങ്ങിയിരുന്നു..
അഗാത ഗര്‍ത്തങ്ങളായി നീ ഒളിപ്പിച്ച്
വെച്ച കുഴിത്തടങ്ങളും ഗുഹകളും കയറിയിറങ്ങി അവസാനം
വിടപറായാന്‍ വാക്കുകളില്ലായിരുന്നു..
നിന്നോട് എങ്ങനെ യാത്ര പറയണമെന്നറിയില്ലായിരുന്നു..
ഇന്‍റെ സ്വപ്നങ്ങളെ നിന്‍റെ അധരത്തില്‍ ഉപേക്ഷിച്ചാണ് ഞാന്‍ മടങ്ങിയത്..
വീണ്ടും വരും എല്ലാം നീ ഭദ്രമായി കാത്തു സൂക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ…?

– സാബി മുഗു

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com