ഇന്ത്യയുടെ ജീവിതങ്ങള്‍, ഡോ. ബിജുവിന്‍റെ യാത്ര

Sharing is caring!

14322636_1254531237927097_8769168128448621031_n

യാത്രാ അനുഭവങ്ങള്‍ എഴുതുന്നവര്‍ നിരവധിയാണെങ്കിലും, ആ നിരയില്‍ സിനിമാക്കാര്‍ കുറവായിരിക്കും. സിനിമയില്‍ തന്നെ കണ്‍മുന്നില്‍ കാണുന്ന പച്ചയായ ജീവിതാവിഷ്കാരങ്ങളെ എഴുതുന്നവര്‍ വളരെ വിരളം. അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ഡോ. ബിജു. തന്‍റെ സിനിമകള്‍ കൊണ്ട് വ്യത്യസ്തനായ  അദ്ദേഹം ഇവിടെയും നല്ലൊരു മാതൃക കാണിക്കുകയാണ്. പച്ചയായ മനുഷ്യ ജീവിതങ്ങളെ സ്ക്രീനിലെത്തിക്കാന്‍ ബിജു കാണിക്കുന്ന ആത്മധൈര്യം എവിടുന്ന് ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം തന്‍റെ രണ്ട് കണ്ണുകളും എന്നായിരിക്കും. സിനിമാ യാത്രയിലും അല്ലാതെയും കണ്‍മുന്നില്‍ കണ്ട കാഴ്ചകളും കഷ്ടതയനുഭവിക്കുന്ന ഇന്ത്യന്‍ ജീവിതങ്ങളുമാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളായിട്ടുള്ളത്. ഇന്ത്യയെ അറിയാന്‍ ഈ വാക്കുകള്‍ ധാരാളം.. തന്‍റെ പുതിയ സിനിമ സൗണ്ട് ഓഫ് സൈലന്‍സ്  ഷൂട്ടിനായുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ നമുക്ക് വായിക്കാം..  അതിന് മുമ്പ് ഓണ്‍മലയാളത്തിന് ഡോ. ബിജുവിനോട് ഒരപേക്ഷ, താങ്കളുടെ ഇതുവരെയുള്ള സിനിമാ യാത്രകള്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം. നീറുന്ന ജീവിതങ്ങളെ അടുത്തറിയാന്‍, ഇന്ത്യയുടെ ആത്മാവറിയാന്‍.

14291849_1255793727800848_290827513273919153_n
ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

… ഓരോ സിനിമയുടെ ചിത്രീകരണവും ഓരോ അനുഭവങ്ങളാണ് ..
നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിലൂടെ ഒട്ടേറെ അനുഭവങ്ങൾ ആണ് ലഭിക്കുന്നത് . പുതിയ കാഴ്ചകൾ, സംസ്കാരങ്ങൾ, ഭാഷകൾ, ഭൂപ്രകൃതികൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ.
അതിനുമപ്പുറം ജീവിതത്തിന്റെ വിവിധങ്ങളായ അവസ്ഥകൾ, പോരാട്ടങ്ങൾ, നിസ്സഹായതകൾ, ദയനീയത തുടങ്ങി ഒത്തിരി അനുഭവങ്ങളുടെ നേർ കാഴ്ചകൾ. ദിവസം വെറും അഞ്ച് രൂപാ മാത്രം കൂലിയിൽ മരുഭൂമിയിൽ ഒട്ടകത്തിനായി ദൂരെ നിന്നും പുല്ലറുത്ത് കൊണ്ടുവന്നു ജീവിക്കുന്ന മനുഷ്യർ , താഴ്ന്ന ജാതിയിലുള്ളവരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കരുത് എന്ന് പരസ്യമായി പറയുന്ന ഗ്രാമങ്ങൾ, സ്‌കൂളിൽ പോക്ക് നിർത്തി മാതാപിതാക്കൾക്ക് ഒപ്പം കൂലിപ്പണിക്ക് പോകേണ്ടി വരുന്ന ബാല്യങ്ങൾ, തെരുവുകളിൽ ജീവിക്കേണ്ടി വരുന്ന അനേകം നിസ്സഹായരായ മനുഷ്യർ , തൊട്ടടുത്തുള്ള ഒരു ആശുപത്രിയിൽ പോകണമെങ്കിൽ മണിക്കൂറുകളോളം ദുർഘട പാതകളിലൂടെ പോകേണ്ടി വരുന്ന ഉൾ ഗ്രാമങ്ങൾ.. അങ്ങനെ ഇന്ത്യയുടെ കാഴ്ചകൾ നമ്മുടെ പല കാഴ്ചകൾക്കും ധാരണകൾക്കും അപ്പുറമുള്ള ചില യാഥാർഥ്യങ്ങൾ ആണ്. ഒട്ടേറെ അനുഭവങ്ങൾ ഉണ്ട് .അവയൊക്കെയും പിന്നെ ഒരിക്കൽ എഴുതാം എന്ന് കരുതുന്നു.

14322281_1263829746982153_5029190552888003489_nസിനിമയുടെ ചിത്രീകരണത്തിനായി ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ യാത്ര ചെയ്തത് വീട്ടിലേക്കുള്ള വഴിക്ക് വേണ്ടിയാണ് . ലഡാക്ക് , രാജസ്ഥാൻ , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് വീട്ടിലേക്കുള്ള വഴി ചിത്രീകരിച്ചത് . ലഡാക്കിൽ മൈനസ് 18 ഡിഗ്രി തണുപ്പിൽ കർദുങ് ലാ പാസ്സിലും രാജസ്ഥാനിൽ ജയ്സാൽമീർ മരുഭൂമിയിലെ കനത്ത ചൂടിലും ഉള്ള ചിത്രീകരണം . ആകാശത്തിന്റെ നിറം ചിത്രീകരിച്ചത് ആൻഡമാനിലെ നീൽ എന്ന ചെറിയൊരു ദ്വീപിലായിരുന്നു . പോർട്ട് ബ്ലെയറിൽ നിന്നും 2 മണിക്കൂർ കപ്പൽ സഞ്ചാരം നടത്തി എത്തുന്ന വെറും 500 പേർ മാത്രം താമസിക്കുന്ന ഒരു കുഞ്ഞൻ ദ്വീപ്. പത്രവും ഫോണും ഇന്റർനെറ്റും ടി വി യും ഒന്നും ഇല്ലാത്ത ഒരു ദ്വീപ് .കടലിലേക്കിറങ്ങി നിൽക്കുന്ന ഒരു വീടിന്റെ സെറ്റ് ഇടുക എന്ന ദുഷ്കരമായ കാര്യവും കടലിനു നടുവിൽ രണ്ടു ചെറിയ ബോട്ടുകളിൽ സഞ്ചരിച്ചുള്ള അപകടകരമായ ചിത്രീകരണവും ആണ് ആ സിനിമയുടെ അനുഭവങ്ങൾ. വലിയ ചിറകുള്ള പക്ഷികളുടെ ഒരു ഷെഡ്യൂൾ ചിത്രീകരിച്ചത് കാനഡയിൽ ആയിരുന്നു. ഡിസംബർ മാസത്തിൽ മൈനസ് 20 ലധികം കടുത്ത കൊടും മഞ്ഞിൽ. കാട് പൂക്കുന്ന നേരം ചിത്രീകരിച്ചത് വന്യ മൃഗങ്ങൾ ധാരാളമുള്ള കൊടും വനത്തിനുള്ളിലേക്ക് ഏറെ ദൂരം സഞ്ചരിച്ചാണ് .

14222104_1263826026982525_2292029312005863973_nപക്ഷേ ഈ യാത്രകളെയൊക്കെ മറികടക്കുന്നു പുതിയ സിനിമയുടെ ചിത്രീകരണം. ഹിമാചൽ പ്രദേശിൽ സമുദ്ര നിരപ്പിൽ നിന്നും 6500 അടി ഉയരത്തിലുള്ള ഷാങ്ഗാഡ് എന്ന അതി മനോഹരമായ ഒരു ചെറു ഗ്രാമത്തിലാണ് ചിത്രീകരണം. വെറും 1200 പേരോളം മാത്രം താമസിക്കുന്ന ഹിമാലയൻ ഗ്രാമം. വാലി ഓഫ് ഗോഡ്, ദേവ ഭൂമി എന്നൊക്കെ വിശേഷണങ്ങൾ ഉള്ള ഗ്രാമമാണ് ഇത് . അവിടേക്ക് ചെന്നെത്തുക എന്നത് തന്നെ ഏറെ ദുഷ്കരമായ യാത്ര ആണ്. റോഡ് എന്ന് വിശേഷിപ്പിക്കാൻ പറ്റാത്ത പാതകളിലൂടെ ദിവസവും അപകടകരമായി ട്രാക്ടറിൽ സഞ്ചരിച്ചും നടന്നും ഒക്കെയാണ് ചിത്രീകരണം. കണ്ണൊന്നു തെറ്റിയാൽ അഗാധമായ താഴ്ച, ഏതു നിമിഷവും റോഡിലേക്ക് ഇടിഞ്ഞു വീഴുന്ന മലനിരകൾ .ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും അപകടകരമായ ചിത്രീകരണം സൗണ്ട് ഓഫ് സൈലന്സിന്റെതാണ് ..അത് ഏതാണ്ട് മുക്കാൽ ഭാഗവും പൂർത്തിയായി . ചില ഭ്രാന്തൻ സ്വപ്നങ്ങളിൽ എഴുതുന്ന തിരക്കഥകൾ ചിത്രീകരിക്കാൻ എന്നോടൊപ്പം എവിടേക്കും ഏത് ദുർഘടങ്ങളിലേക്കും ഏത് അപകടങ്ങളിലേക്കും ഏത് സാഹങ്ങളിലേക്കും മറുത്ത് ഒരു വാക്ക് പോലും പറയാതെ ഒരു അന്വേഷണം പോലുമില്ലാതെ ഒപ്പം വരുന്ന എന്റെ സാങ്കേതിക പ്രവർത്തകരോടാണ് ഏറെ നന്ദി.

14322254_1263825126982615_6381747408313557962_n

ശാരീരികമായി ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ഈ ചിത്രീകരണങ്ങളിൽ വളരെ ചെറിയ ഒരു ക്രൂവുമായി അപരിചിതവും അപകടകരവുമായ ഭൂപ്രകൃതികളിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ ഈ സഹപ്രവർത്തകർ ആണ് എന്റെ വിശ്വാസവും ധൈര്യവും ..ഒപ്പം ഇത്തരം സാഹസികമായ ചിന്തകൾക്ക് കൂടെ നിൽക്കാൻ പിന്തുണ നൽകുന്ന നിർമാതാക്കൾക്കും ….നന്ദി പ്രിയരേ …..

 

എന്റെ പ്രിയ സംവിധായകരിൽ ഒരാളായ ഇനാരിറ്റുവിന്റെ വാക്കുകൾ കടമെടുക്കട്ടെ .
pain is temporary, But film is for ever….

(Photos by Arun Punalur)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com