ഇണചേരുന്ന കോടതി, ഇഴയകലുന്ന ജനാധിപത്യം : എം അബ്ദുൾ റഷീദ്

Sharing is caring!

എം അബ്ദുൾ റഷീദ് എഴുതുന്നു.. 

“ഉയര്‍ന്ന ധാര്‍മികതയുള്ള സ്വതന്ത്രമായൊരു ജുഡീഷ്യറിയാല്‍ സംരക്ഷിക്കപ്പെടാത്തിടത്തോളം കാലം, ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശങ്ങളും പൊള്ളയും വിലയില്ലാത്തതുമാകും…” എന്നു പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ആന്‍ഡ്രൂ ജാക്സണ്‍ ആണ്.
അഭിഭാഷകനും സൈനികനുമായി ജീവിതം തുടങ്ങി പിന്നീട് രാഷ്ട്രീയനേതാവും രാഷ്ട്രത്തലവനുമായി മാറിയ അദ്ദേഹത്തിനറിയാമായിരുന്നു, പൗരാവകാശങ്ങള്‍ ഭരണഘടനാപുസ്തകത്തിൽ എഴുതിവെച്ചാൽമാത്രം കിട്ടുന്ന ഒന്നല്ല എന്ന്. ഏതു മഹത്തായ ഭരണഘടനയേയും അശ്‌ളീലമാക്കാൻ ഒരു ന്യായാധിപൻ മതി.

ജുഡീഷ്യറി രാഷ്ട്രീയാധികാരത്തോട് ഇണചേരുന്നത് ജനാധിപത്യത്തിന്‍റെ മരണസൂചനയാണ്. ഇന്ത്യയില്‍ ഇപ്പോഴത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മുഹൂര്‍ത്തം ഏറെ നിര്‍ണായകവുമാണ്.

പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും വിധി പുറപ്പെടുവിച്ച ആ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഭൂതകാലത്തിലേക്ക് നിങ്ങളൊന്ന് പോയി നോക്കിയോ? ‘ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു’ എന്ന് പറയുന്ന അയാളുടെ ആദ്യ സർവകലാശാലാ ബിരുദം ശാസ്ത്രത്തിലാണ്!

പിന്നീട് നിയമബിരുദമെടുത്തു അഭിഭാഷകനായ കാലത്ത് കേസുകള്‍ വാദിച്ചതു ഭൂരിപക്ഷവും മഹാരാജാ സ്വാമി മൻസിങ് ട്രസ്റ്റ്, ശ്രീ ഷീലാ മാതാജി ട്രസ്റ്റ് തുടങ്ങിയ ‘സന്നദ്ധ സംഘടന’കളുടേത്. പിന്നെ ചില പത്രങ്ങളുടെ കേസുകളും. പക്ഷെ, അതുകൊണ്ട് വളർച്ച മാത്രമേ ഉണ്ടായുള്ളൂ. 1979-ൽ ജയ്പ്പൂർ ജില്ലാ കോടതിയിൽ തുടങ്ങി പിന്നീട് ഹൈക്കോടതിയുടെ ജയ്‌പുർ ബെഞ്ചിലെത്തി ഒടുവിൽ രാജസ്ഥാൻ സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി വരെ വളർന്നു ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ. സുപ്രീംകോടതിയിൽ രാജസ്ഥാൻ സർക്കാരിന്റെ കേസുകളുടെ നടത്തിപ്പുകാരനായി ദീർഘകാലം.

മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അതുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ മയിൽപ്പീലി ചൂടുന്നതെന്നും പറയുന്ന ഈ ന്യായാധിപൻ അഭിഭാഷകൻ എന്ന നിലയിൽ സ്പെഷ്യെെലെസ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലാണ്! തമാശയല്ല. രാജസ്ഥാന്‍ ഹൈക്കോടതിയുടെ വെബ്സൈറ്റിലുള്ള ജഡ്ജിയുടെ മഹത്തായ കരിയർ പ്രൊഫയിലിൽ എഴുതിവെച്ചിരിക്കുന്നതാണ്, അദ്ദേഹമൊരു ഭരണഘടനാവിദഗ്ധൻ ആണെന്ന്!

പഴയ വാർത്തകൾ തിരഞ്ഞുനോക്കിയാൽ മനസ്സിലാവും, രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യക്ക് എതിരായ അഴിമതി കേസുകളിൽനിന്നെല്ലാം അവരെ രക്ഷപ്പെടുത്തിയ വിധിന്യായങ്ങൾ മിക്കതും എഴുതിയത് ഇതേ ജഡ്ജിയാണ്. കോടികളുടെ അഴിമതി നടന്ന ജൽമഹൽ ടൂറിസം പദ്ധതി കേസിൽ വസുന്ധര രാജെയെ 2012-ൽ കുറ്റവിമുക്തയാക്കിയത് ഈ ജഡ്ജിയാണ്. വസുന്ധര രാജേയ്‌ക്കൊപ്പം അഴിമതിയിൽ പങ്കുകാരായ മൂന്നു മുൻ ഹൈക്കോടതി ജഡ്ജിമാരെ തെളിവില്ലെന്ന് കാരണം പറഞ്ഞു പുല്ലുപോലെ രക്ഷിച്ചു കൊടുത്തതും ഇതേ ജഡ്ജിയാണ്.
ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്തത് സംബന്ധിച്ച കേസിലെ വിധിന്യായത്തില്‍ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ എടുത്തുപറഞ്ഞതും ഇതേ ജഡ്ജിയാണ്!

കാൽ നൂറ്റാണ്ടിലേറെ നീണ്ട ന്യായാധിപ പദവികൊണ്ട് അയാൾ ആരെയൊക്കെ രക്ഷിച്ചെടുത്തു, എന്തൊക്കെ വിഡ്ഢിത്തങ്ങൾ വിധിന്യായമായി എഴുതി എന്നതൊക്കെ അവിടെ നിൽക്കട്ടെ.
താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും പറയുന്ന അയാൾ തന്റെ ആത്മാവിന്റെ ആ ശബ്ദംകൊണ്ട് എത്രയെത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാവും? അതാണ് നാം ആലോചിച്ചുനോക്കേണ്ടത്.

ആ ‘ഓണറബിൾ ജഡ്ജിക്കു’ മുന്നില്‍ എത്രയെത്ര സാധുക്കള്‍ നീതിതേടി തൊഴുതു നിന്നിട്ടുണ്ടാവും? ഇത്ര പരിതാപകരമായ നിരക്ഷര മനസ്സുകൊണ്ട് അയാള്‍ എത്രയെത്ര വിധിന്യായങ്ങള്‍ എഴുതിയൊപ്പുവച്ചിട്ടുണ്ടാവും? എത്രയെത്ര അന്യായങ്ങൾ തീർപ്പാക്കിയിട്ടുണ്ടാവും? അതിലൂടെ എത്രയെത്ര മനുഷ്യര്‍ തടവറയിലേക്കോ കഴുമരത്തിലേക്കോ പോയിട്ടുണ്ടാവും? ഇപ്പോഴും കുറ്റവാളികളായി തടവിൽ കഴിയുന്നുണ്ടാവും? പശുവിനെ ദേശീയ മൃഗമാക്കുകയും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും പശുവിന്റെ സംരക്ഷകരാകണമെന്നും വിധിന്യായത്തില്‍ എഴുതിവെച്ച ഈ ജഡ്ജിയുടെ മുൻ വിധിന്യായങ്ങൾ എത്രയോ സാധുക്കളുടെ ജീവിതം ഭ്രാന്തമായി അട്ടിമറിച്ചിട്ടുണ്ടാകും?

ഇയാളെപ്പോലെ എത്രയോ ജഡ്ജിമാര്‍ ഇപ്പോഴും നമ്മുടെ നീതിന്യായ സംവിധാനത്തില്‍ ചോദ്യംചെയ്യപ്പെടാത്തവരായി വാഴുന്നുണ്ടാകും?

“The judiciary is the least dangerous branch of our government” എന്ന് പണ്ടു പറഞ്ഞത് അമേരിക്കൻ ഭരണഘടനാ വിദഗ്ധനായ അലക്‌സാണ്ടർ ബിക്കൽ ആണ്. ഇന്നത്തെ ഇന്ത്യയിൽ നമുക്കത് “The Most Dangerous Branch…” എന്ന് തിരുത്താം.

One thought on “ഇണചേരുന്ന കോടതി, ഇഴയകലുന്ന ജനാധിപത്യം : എം അബ്ദുൾ റഷീദ്

  • July 28, 2018 at 3:29 AM
    Permalink

    Hi there, all the time i used to check website posts here early in the daylight, because i love
    to gain knowledge of more and more. – Zelda

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com