എനിക്കിപ്പോൾ എന്നെ കാണാം… മെഹറൂഫ് ഇന്ത്യ ചുറ്റുകയാണ്


മലയാളിയെന്ന അഭിമാനത്തോടെ കോഴിക്കോട് കൊടുവള്ളി സ്വദേശി ഇന്ത്യ ചുറ്റുകയാണ്. മണിമാളികകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തേടിയുള്ള യാത്രയല്ല. ഗ്രാമങ്ങൾ തേടി, ചരിത്രം തേടി, മനുഷ്യരെ തേടിയുള്ള യാത്ര.  ഒടുവിൽ സ്വയം കണ്ടെത്തിയ മനുഷ്യ ജീവിയായി യാത്രയുടെ മൂന്നാം ഘട്ടത്തിലേക്ക്.. യാത്രാനുഭവവുമായി മെഹ്റൂഫ് ഓണ്മലയാളത്തോടൊപ്പം…

IMG-20160813-WA0013

 

 

 

 

 

“കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളില്‍
നിന്ന് പ്രത്യേക പരിഗണനയും ബഹുമാനവും ലഭിക്കുന്നുവെന്നത് എന്നിലെ മലയാളിയുടെ ആത്മാഭിമാനമുയര്‍ത്തുന്നു”. പറയുന്നത് മൂന്ന് ഘട്ടങ്ങളിലായി തന്റെ
നിസ്സാന്‍ ടാറ്റ്സണ്‍ കാറില്‍ ഇന്ത്യ ചുറ്റാനിറങ്ങിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മഹറൂഫ് നാസിം.

സഞ്ചാരപ്രിയനായ മെഹറൂഫ് കൂട്ടുകാര്‍ക്കൊപ്പം നടത്തിയ പല യാത്രകളിലും തന്റേതായ കണ്ടെത്തലുകളും ആസ്വാദനവും ലഭിക്കാത്തതില്‍ നിരാശനായിരുന്നു. തുടർന്നാണ്  ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ഒരുങ്ങിയത്.

IMG-20160813-WA0014

76-ദിവസം കൊണ്ട് 22 സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടിരിക്കുകയാണ് മഹറൂഫ് നാസിം. പിന്നിട്ട സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം നാടിന്റെ മഹത്വത്തെ തിരിച്ചറിയുകയായിരുന്നു ഈ ചെറുപ്പക്കാരൻ.  കേരളം തന്നെയാണ് എല്ലാം കൊണ്ടും വേറിട്ട് നില്‍ക്കുന്നത് – മെഹറൂഫ് പറയുന്നു.  ആറുമാസം വേനലും ആറുമാസം മഴയുമെന്നത് കേരളത്തെ വ്യത്യസ്ഥമാക്കുന്നു. മദ്ധ്യ ഇന്ത്യയിലെ രാജസ്ഥാന്‍, മഹാരാഷ്ട്ര, യുപി, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിരമായ ചൂട് തന്നെയാണ് നിലനില്‍ക്കുന്നത്. കശ്മീര്‍, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊടും തണുപ്പും, ഹിമാചല്‍ പ്രദേശ്, സിംല തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായ മഴയും ലഭിച്ച് കൊണ്ടിരിക്കുന്നു. ഭൂമിശാസ്ത്ര പരമായ വൈവിധ്യത്തില്‍ കേരളം മുന്നിലാണ്.

IMG-20160813-WA0012

ഏറ്റവും ദയനീയമായ കാഴ്ച്ച പല സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ സിസ്റ്റമാണ്. വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് പോകുന്നത് വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയാണ്. ദുര്‍ഘടമായ പാതയിലൂടെയുള്ള യാത്രകള്‍ പലപ്പോഴും അപകടങ്ങള്‍ വരുത്താറുണ്ടെന്ന് നാട്ടുകാ‍ർക്ക്  പരാതിയുണ്ട്. കുട്ടികളെ വിദ്യ അഭ്യസിപ്പിക്കണമോ എന്ന് ചിന്തിക്കാന്‍ പോലും അറിയാത്ത രക്ഷിതാക്കളുള്ള പല ഗ്രാമങ്ങളും ഇവിടങ്ങളിലുണ്ട് (രാജസ്ഥാന്‍, ബീഹാര്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സ്റ്റേറ്റുകളുടെ പല ഭാഗങ്ങളിലും). ഗുജറാത്തിലെ വഡോദരയിലെ ഒരു ഗ്രാമത്തില്‍ വെച്ച് ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ അവിടത്തെ ഗ്രാമീണര്‍ കൗതുകത്തോടെ
എന്നെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഒരു കാലത്ത് കേട്ടറിഞ്ഞ നമ്മുടെ പഴയ കേരളത്തെ നേരിൽ കാണുകയായിരുന്നു ഇവിടങ്ങളിൽ.

ഒരു നല്ല വസ്ത്രം ജന്മത്തില്‍ ധരിച്ചിട്ടില്ലാത്ത രാജസ്ഥാനിലെ ഗ്രാമീണരുടെ യാതനകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. നല്ല ഭക്ഷണവും വെള്ളവും ലഭിക്കാത്ത മെലിഞ്ഞൊട്ടിയ ശരീരവുമായി ജീവിക്കുന്ന മനുഷ്യജന്മങ്ങള്‍ മരുഭൂമിയിലെ കണ്ണുനീരാണ്. അവിടത്തുകാരുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ജീവിത രീതിളേയും ഗോത്ര സംസ്കാരങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ‘ശില്‍പ്പി ഗ്രാം’ എന്ന പദ്ധതി തയ്യാറാക്കി സംരക്ഷിച്ച് വരുന്നുണ്ട്. പട്ടിണിയും ദാരിദ്ര്യവുമുണ്ടെങ്കിലും രാജസ്ഥാനി സംഗീതത്തിനും മറ്റും ഇപ്പോഴും ഒരു കുറവുമില്ല. അതിഥികളെ സല്‍ക്കരിക്കാനും തങ്ങളുടെ കലാ രൂപങ്ങളെ കാണിക്കുവാനും ഇവര്‍ക്ക് പ്രത്യേം താല്‍പ്പര്യമാണ്.

IMG-20160813-WA0015

സബര്‍മതി ആശ്രമവും, സുവര്‍ണ്ണ ക്ഷേത്രവും, താജ്മഹലും, ഇന്ത്യാ ഗേറ്റും, വാഗാ അതിര്‍ത്തിയും, ചാര്‍മിനാറുമെല്ലാം ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളാണ്.

തെരുവുകളില്‍ സിറ്റിയില്ല, എന്നാല്‍ എല്ലാ സിറ്റികളിലും കുറെ തെരുവുകളുണ്ട്. ഇതാണ് ഇന്ത്യ.
സിനിമകളില്‍ കാണുന്ന ചേരികളല്ല യാഥാര്‍ത്ഥ്യങ്ങളിലെ ചേരികള്‍. അത് വിവരിക്കാന്‍ കഴിയാത്തതിനേക്കാളും ഭീകരമാണ്. വികസനത്തിന്റെ പേരിൽ ചൂഷണം നടത്തുന്നവർ നേരിൽ  കാണണം ഈ ചേരികൾ.

മുംബെയില്‍ വെച്ച് എനിക്ക് നേരെ  അക്രമം ഉണ്ടായി. പണം  തട്ടാനുമുള്ള ശ്രമം നടന്നു. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പുലര്‍ത്തുന്ന സ്നേഹ പ്രകടനങ്ങളും, ഗസലുകളുമൊക്കെ കാണുമ്പോള്‍ പത്രങ്ങളില്‍ വായിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടെ അതിര്‍ത്തി തന്നെയാണോ ഇതെന്ന് സംശയിച്ച് പോകും.

IMG-20160813-WA0014

ഉഡ്താപഞ്ചാബ് സിനിമ കണ്ടപ്പോൾ  പഞ്ചാബിനെ ഇങ്ങനെ കാണരുതെയെന്നായിരുന്നു പ്രാർത്ഥന. എന്നാൽ ഈ സിനിമയുടെ  പച്ചയായ മുഖമായിരുന്നു  സാക്ഷാല്‍ പഞ്ചാബ്. വൈകാതെ ആ സംസ്ഥാനം തന്നെ ഇല്ലാതാകുമെന്ന് വാര്‍ത്തകൾ  കേട്ടേക്കാം, അത്ര ഭീകരമാണ് അവിടത്തെ ലഹരിയുടെ ഉപയോഗം.

ഹിമാചല്‍ പ്രദേശില്‍ വെച്ച് പനി ബാധിച്ചു. 200km സഞ്ചരിച്ച് മണാലിയിലെത്തിയാല്‍
മാത്രമേ ഒരു ആശുപത്രിയില്‍ എത്താന്‍ കഴിയൂ. പ്രയാസങ്ങൾ തളർത്തിയില്ല. പനിയെക്കാളുപരി കണ്മുന്നിലെ കാഴ്ചകളും ചരിത്രങ്ങളുമാണ് എന്നെ തളർത്താതിരുന്നത്.

IMG-20160813-WA0011IMG-20160813-WA0019ഇന്ത്യയെ അറിയണമെങ്കില്‍ ഇന്ത്യയെ കാണണം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ തന്നെയാണ്. അത് തൊട്ടറിഞ്ഞ് മനസ്സിലാക്കേണ്ടതാണ്. അപ്പോഴേ നമ്മൾ  എവിടെയാണ് ജീവിക്കുന്നതെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നും മനസിലാക്കാൻ സാധിക്കു. ചരിത്രത്തിന്റെ ഏടുകളിൽ പറഞ്ഞുകേട്ട ഓർമകളിലേക്ക് നമ്മെ എത്തിക്കണമെങ്കിൽ ഇന്ത്യയെ അറിയണം.

IMG-20160813-WA0020

തന്റെ മൂന്നാം ഘട്ട യാത്ര ഉടനുണ്ടാകുമെന്ന് പറയുന്ന മഹറൂഫ് നാസിം സ്കൂളുകളിൽ നടത്തുന്ന യാത്രകൾ ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാകരുതെന്നും ചേരികളിലേക്കും ഗ്രാമങ്ങളിലേക്കും ആക്കണമെന്നും കേരളത്തിലെ അധികാരികളോട് അഭ്യർത്ഥിക്കുന്നുണ്ട്. മലയാളി എന്ന അഭിമാനവും ചരിത്രബോധവും രാജ്യത്തിന്റെ നല്ല  പൗരന്മാരുമായി കുട്ടികൾ വളരാൻ ഈ  യാത്രകൾ ഉപകരിക്കുമെന്ന് മെഹറൂഫ് ഉറപ്പുതരുന്നു…

മെഹറൂഫ് തന്നെ പകർത്തിയ ചിത്രങ്ങളാണ് ഇവിടെ ഉൾപെടുത്തിയിട്ടുള്ളത്..

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *