കൃഷിയോടൊപ്പം നാടകവും : പുതുചരിത്രമെഴുതാന്‍ സാംസ്കാരിക വകുപ്പ്
വെബ് ഡസ്ക്
ഇന്ത്യന്‍ സാംസ്കാരിക ചരിത്രത്തില്‍ തന്നെ പുതുചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്. സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തില്‍ കാര്‍ഷികസംസ്കൃതിക്ക് രംഗഭാഷ ഒരുക്കിയാണ് പുതിയചരിത്രം രചിക്കുന്നത്. ഓര്‍ഗാനിക് തിയേറ്റര്‍ അഥവാ അഗ്രി-കള്‍ച്ചര്‍ എന്നാണ് പദ്ധതിയുടെ പേര്.
കൃഷി ഒരു സംസ്കാരം മാത്രമല്ല, ഒരു കല കൂടിയാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഭാരത് ഭവന്റെ ഓര്‍ഗാനിക് തിയേറ്റര്‍ എന്ന പദ്ധതി. അധ്വാനം കലാത്മകവും ആനന്ദകരവുമാക്കി ജൈവകൃഷിക്കും നാടകത്തിനും ഒരേ സമയം വിത്തുപാകി വിളവെടുക്കുന്ന ഒരു പ്രക്രിയയാണിത്. വയലില്‍ കൃഷി ഇറക്കി അതിനോടടുത്ത് വേദിയൊരുക്കി നാടക പരിശീലനവും നടത്തുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കൃഷി വിളവെടുപ്പിന് പാകമാകുമ്പോള്‍ നാടകവും അവതരണത്തിന് ഒരുങ്ങിയിട്ടുണ്ടാകും. ജൈവകാര്ഷികതയുടെയും ഗ്രാമീണ നാടകത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പായിരിക്കും ഈ പദ്ധതി. ഒരു പുതിയ കാര്‍ഷിക, തൊഴില്‍, ഭക്ഷ്യ, ആരോഗ്യ, കലാ സംസ്കാരം ഇതിലൂടെ രൂപപ്പെടും.
ജനകീയ കലാരൂപമായ നാടകത്തെ കാര്‍ഷിക സംസ്കൃതിയുമായി സമുന്നയിപ്പിച്ച് ഗ്രാമീണ നാടകവേദിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള സര്‍ഗാത്മകമായ ഒരു സംരംഭത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രകൃതിക്കിണങ്ങിയ ജീവിതശൈലി ഉള്‍ക്കൊള്ളുക, ഗ്രാമങ്ങളെ ജൈവഗ്രാമങ്ങളാക്കി വിഷവിമുക്ത ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, സര്‍വോപരി നമ്മുടെ കാര്‍ഷിക സംസ്കൃതിയെ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയവയും ഈ നവ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്.
മലയാളിയുടെ ജീവിതരീതികളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് നമ്മുടെ സംസ്കാരം. കാര്‍ഷികസംസ്കൃതിയില്‍ നിന്നാണ് മലയാളികള്‍ സാംസ്കാരിക ഉന്നതിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. കൊയ്ത്തുപാടത്തെ നാടന്‍പാട്ടുകള്‍ ഉദാഹരണങ്ങളാണ്. മലയാളിയുടെ വിശ്വാസപ്രമാണങ്ങളിലെ ആചാര അനുഷ്ഠാനങ്ങളെല്ലാം തന്നെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓണവും വിഷുവും തെയ്യങ്ങളും കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമാണ്. എന്നാല്‍ ഒരേ സമയം കാര്‍ഷിക സംസ്കൃതിയും സാംസ്കാരിക സംസ്കൃതിയും മലയാളിക്ക് കൈമോശം വന്നിരിക്കുന്നു. അവിടെയാണ് ഭാരത് ഭവന്റെ പുതിയ പദ്ധതി ശ്രദ്ധേയമാകുന്നത്.
ജൂലൈ 11 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം വാമനപുരം കളമച്ചല്‍ പാടത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ ശില്പശാല സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനും 10 ഏക്കറിലെ ജൈവകാര്‍ഷിക നടീല്‍ ഉയല്സവം കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും ഉദ്ഘാടനം ചെയ്യും. ഡോ. എ സമ്പത്ത് എംപി വിശിഷ്ടാതിഥിയാകും.