ഈ പുഴ തിരിച്ചുവരും

Sharing is caring!

തെളിനീരിനും കുടിനീരിനുമായി നെട്ടോട്ടമോടുന്നവര്‍ക്ക്‌ മുന്നില്‍ മഹാമാതൃകയുടെ ചുവടുവെയ്‌പ്‌ പങ്കുവെച്ച്‌ ഡോ. തോമസ്‌ ഐസക്‌..വരട്ടാര്‍ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്ന തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വായിക്കാം : 

“പുനരുജ്ജീവിപ്പിക്കപ്പെടുന്ന വരട്ടാറില്‍ തിരിച്ചെത്തുന്ന തെളിനീരില്‍ പ്രതിഫലിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും മുന്‍ഗണനകളുമായിരിക്കുമെന്നു അഭിമാനത്തോടെ ഞാന്‍ പ്രവചിക്കട്ടെ. വറ്റി വരണ്ടുപോയൊരു നദിയെ വീണ്ടും ജലസമൃദ്ധമാക്കുമ്പോള്‍ പ്രകൃതിയോടുള്ള കടമയാണ് നിര്‍വഹിക്കപ്പെടുന്നത്. നദികളും കുളങ്ങളും ജലാശയങ്ങളുമില്ലാതെ മനുഷ്യന്റെ അതിജീവനം സാധ്യമല്ലെന്ന പാഠം സ്വന്തം ജീവിതം കൊണ്ടുപഠിച്ച ഒരു ജനതയുടെ നേതൃത്വത്തിലാണ് ഈ യത്നം. അതു വിജയിക്കുക തന്നെ ചെയ്യും. ഈ സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ട്.

18740624_1745636948785772_4015671929889440091_n

നൂറ്റാണ്ടുകളുടെ പഴക്കമുള്ള വരട്ടാര്‍ ഇന്നൊരു കരഭൂമിയാണ്. മണിമലയാറിനെയും പമ്പാനദിയെയും ബന്ധിപ്പിക്കുന്ന ഈ നദിയെക്കുറിച്ച് താളിയോല ഗ്രന്ഥങ്ങളില്‍പ്പോലും പരാമര്‍ശമുണ്ടത്രേ. അങ്ങനെയൊരു നദിയാണ് കക്കൂസ് മാലിന്യവും കോഴിവേസ്റ്റും നിറഞ്ഞ് ഒഴുക്കടഞ്ഞ് നിര്‍ജീവമായത്. മഴക്കാലത്തും വേനല്‍ക്കാലത്തും വെള്ളമില്ലാത്ത അവസ്ഥ. പതിനാലു കിലോമീറ്റര്‍ നീളമുള്ള നദിയുടെ ഇരുകരയിലും ജീവിക്കുന്നവര്‍ കുടിവെള്ളത്തിനു കിലോമീറ്ററുകളാണ് അലയുന്നത്.

ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയേ തീരൂവെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിലുറപ്പും സന്നദ്ധ സേവനവും സമന്വയിപ്പിച്ച് പുഴയിലെ കളകളും പായലും പോളയും നീക്കം ചെയ്ത് നദിയിലൂടെ നീരൊഴുക്കു സാധ്യമാക്കും. തുടര്‍ന്ന് സര്‍വെ നടത്തി പുഴയുടെ അതിരുകള്‍ നിശ്ചയിച്ച് കല്ലു സ്ഥാപിക്കും. നദിയുടെ വൃഷ്ടിപ്രദേശത്തെ ജലസ്രോതസുകള്‍ കൂടി സംരക്ഷിക്കപ്പെടുന്നതോടെ മൂന്നുവര്‍ഷത്തിനുള്ളില്‍ വരട്ടാര്‍ പൂര്‍വസ്ഥിതിയിലാകും. പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും നീര്‍ത്തടവികസന പ്ലാന്‍ അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

18765950_1745636968785770_8992359682546196417_n

പദ്ധതിയെ ഉറ്റുനോക്കുന്ന ജനങ്ങള്‍ക്കൊപ്പം മന്ത്രിമാരും എംഎല്‍എമാരും പഞ്ചായത്ത് ജനപ്രതിനിധികളുമെല്ലാം ആവേശത്തോടെ അണിചേര്‍ന്ന പുഴനടത്തം പൊതുപ്രവര്‍ത്തനജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. വറ്റിയ വരട്ടാറിന്റെ ഓരത്തുകൂടി വരട്ടെ ആറ് എന്ന പ്രതീക്ഷ വിളംബരം ചെയ്ത് മാത്യു ടി തോമസിനും എംഎല്‍എമാരായ വീണ ജോര്‍ജിനും രാജു എബ്രഹാമിനും മറ്റു ജനപ്രതിനിധികള്‍ക്കുമൊപ്പം ഞാനും നടന്നു.പതിനാലു കിലോമീറ്ററാണ് ഞങ്ങള്‍ താണ്ടിയത്.

മന്ത്രി മാത്യു ടി തോമസ്, കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ, വീണാ ജോര്‍ജ്ജ് എംഎല്‍എ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് വരട്ടാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. പൂര്‍ണപിന്തുണയുമായി സംസ്ഥാന സര്‍ക്കാരും ഹരിത കേരളാ മിഷനും ഒപ്പമുണ്ട്. പുഴ കടന്നു പോകുന്ന സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ സ്വപ്ന പദ്ധതി ഏറ്റെടുക്കാന്‍ മുന്നിലുണ്ട്. വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളും പുഴ വീണ്ടെടുക്കാന്‍ ഉറച്ച മനസോടെ പ്രവര്‍ത്തനരംഗത്തുണ്ട്.

ഉറപ്പാണ്. ഈ പുഴ മടങ്ങി വരും….”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com