മറന്നുപോയ നാടന്കളികള് പരിചയപ്പെടുത്തി ഉണ്ണിരാജിന്റെ ലോക്ക്ഡൗണ്‍ കാലം..
എത്രയോതലമുറകള്‍ കൈമാറിവന്നതും മണ്മറഞ്ഞുപോയതുമായ നിരവധി കളികളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിരക്കുകള്ക്കിടയില് മറന്നുപോയ ഇത്തരം കളികളെല്ലാം ഓര്‍ത്തെടുക്കാന്‍ ഈ ലോക്ക്ഡൗണ്‍ കാലത്തെ ഉപയോഗപ്പെടുത്താം. നാട്ടിന്‍പുറങ്ങളില്‍ നിന്നും മണ്‍മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കളികള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് നടന് ഉണ്ണിരാജ് ഈ ലോക്ക്ഡൗണ്‍ കാലത്തെ ഉപയോഗപ്പെടുത്തുന്നത്.
"ലോക്ക്ഡൗണ്‍ വന്നതോടെ പരിപാടികള്‍ മുഴുവന്‍ നിര്‍ത്തി വെച്ചു. ചാനലിലെ പരിപാടികളും സിനിമകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വീട്ടില്‍ തന്നെ കഴിയുകയാണ്. പക്ഷെ കലാകാരന് അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ. വാട്സാപ്പിലൂടെയും വീഡിയോയിലൂടെയും ഉദ്ഘാടനങ്ങള്‍ ചെയ്യുന്നുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ഒരുപാട് ബോധവല്‍ക്കരണ വീഡിയോ ആശംസകള്‍ അയച്ചുകൊടുത്തു. എങ്കിലും കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികള്‍ക്കായി പലതരം കളികള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിലാണ്. ബാലസംഘത്തിന്റെ സംസ്ഥാനതല വേനല്‍തുമ്പി പരിശീലകനായി കുറെ വര്‍ഷം ഉണ്ടായിരുന്നു. പഴയ നാടന്‍ കളികള്‍ വീട്ടിലിരുന്ന് കൊണ്ട് കുട്ടികളെ പരിശീലിപ്പിക്കുകയും ശേഷം വീഡിയോ എടുത്ത് അയച്ചുകൊടുക്കുകയുമാണ് ചെയ്യുന്നത്. അവര്‍ അത് കണ്ട് കളിക്കുന്നുണ്ട്. പഴയകാല കളികള്‍ പുതിയ തലമുറയ്ക്ക് നല്കനായത് വലിയ സന്തോഷമുള്ള കാര്യമാണ്." - ഉണ്ണിരാജ് പറഞ്ഞു..
തീപ്പെട്ടി കളി, ഈര്‍ക്കിലി കളി എന്നിങ്ങനെ ഒരുപാട് കളികളുണ്ട്. നമ്മുടെ കുട്ടിക്കാലത്ത് കളിച്ച പലതും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും കുട്ടികള്‍ കൂട്ടുകൂടി പുതിയ കളികളില്‍ വ്യാപൃതരാവുന്നുണ്ട്. എന്നാല്‍ നഗരങ്ങളിലെ കുട്ടികള്‍ വീട്ടിലെ വീഡിയോഗെയിമിനും ടിവി ഗെയിമുകള്‍ക്ക് മുന്നിലും ആയി ചെലവഴിക്കുകയാണ്. പറഞ്ഞുകൊടുക്കാന്‍ മുതിര്‍ന്നവര്‍ക്ക് സമയവും ഇല്ല.
എന്നാല്‍ ലോക്ക്ഡൗണ്‍ കാലം അങ്ങനെയല്ലെന്ന് ഉണ്ണിരാജ് പറയുന്നു. വീട്ടിലിരുന്നും നാട്ടിലിറങ്ങിയും കളിക്കാവുന്ന പലതരം കളികള്‍ പഴയകാലത്തേതായുണ്ട്. മുതിര്‍ന്നവര്‍ ഇത് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും അവരോടൊപ്പം കളിക്കാനുമുള്ള സമയമായി ഈ കാലത്തെ മാറ്റണം. അതോടൊപ്പം മണ്മറഞ്ഞുപോയ നിങ്ങളുടെ ഓര്‍മ്മകളിലെ നാടന്കളികള് ഉണ്ണിരാജിന്റെ വാട്സ് നമ്പറിലൂടെ ലോകത്തെ അറിയിക്കാനും സാധിക്കും. ഉണ്ണിരാജിനൊപ്പം ചേര്‍ന്ന് നാടന്‍കളികളുടെ വലിയൊരു ശേഖരം ഉണ്ടാക്കി പുതിയ തലമുറയ്ക്ക് നല്കാന് സാധിക്കുന്നതാകട്ടെ ഈ ലോക്ക്ഡൗണ്‍ കാലം.