പാമ്പിന്റെ പിത്താശയം വിഴുങ്ങി ശ്വാസകോശത്തില്‍ പുഴുക്കളുമായി ആശുപത്രിയില്‍
ചൈനയിലെ ആളുകളുടെ പാമ്പിന് പ്രിയം പ്രസിദ്ധമാണ്. ഇത്തരം മാംസങ്ങളുടെ വ്യാപാരവും ഭക്ഷണവുമാണ് ചൈനയില്‍ നിന്നും മാരകമായ വൈറസ് വ്യാപിക്കുന്നതിന് കാരണമെന്ന് കോവിഡ് 19 കാലത്തെ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന പുതിയ വാര്‍ത്ത വന്നത്. ചൈനയില്‍ പാമ്പിന്റെ പിത്തസഞ്ചി കഴിച്ച് ഒരാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പാമ്പിന്റെ പിത്താശയം വിഴുങ്ങിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വാങ് എന്നാണ് ഇയാളുടെ പേര്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ പുഴുക്കളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ സുകിയാനിലെ ഒരു ആശുപത്രിയില്‍ വാങ് പോയതിനെത്തുടര്‍ന്നാണ് കേസ് പുറത്തായത്. ഭക്ഷണക്രമത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍, താന്‍ ക്രേഫിഷ്, ഒച്ച് എന്നിവ കഴിക്കുന്നത് ആസ്വദിക്കുന്നുവെന്നും ഒരു പാമ്പിന്റെ പിത്താശയത്തെ ഒരിക്കല്‍ വിഴുങ്ങിയതായും പറഞ്ഞു.

വിശദമായ പരിശോധനയ്ക്ക് ശേഷം പരാഗോണിമിയാസിസ് എന്ന രോഗം കണ്ടെത്തി. അസംസ്കൃത സമുദ്രവിഭവങ്ങള്‍ കഴിക്കുന്നതിലൂടെയോ നാടവിരയുടെ മുട്ടകള്‍ അടങ്ങിയതോ അശുദ്ധമായതോ ആയ വെള്ളം കുടിക്കുന്നതോ മൂലമുണ്ടാകുന്ന പുഴുക്കള്‍ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയാണ് ഇയാള്‍ക്ക് രോഗം വന്നത്. മാംസം കഴിക്കുന്നതിനുമുമ്പ് എല്ലായ്പ്പോഴും വേവിക്കണം എന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമയത്താണ് ഈ വാര്‍ത്ത വരുന്നത്. കൊറോണ ഉത്ഭവകേന്ദ്രമായി കണക്കാക്കുന്ന ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റ് വിദേശ മാംസങ്ങള്‍ക്ക് പേരുകേട്ടതാണ്. അളകരടി, ചെന്നായ്ക്കുട്ടികള്‍, പാമ്പുകള്‍, മുള എലികള്‍, പന്നിയിറച്ചി എന്നിവ ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളെ വില്‍ക്കുന്ന ഒരു വിഭാഗം ഇവിടെ പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു.
കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം മാംസ വിപണികള്‍ അടയ്ക്കണമെന്ന് പല രാജ്യങ്ങളും ചൈനയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വന്യജീവി വ്യാപാരം ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ നിര്‍ബാധം തുടരുന്നതിന്റെ ഉദാഹരണമാണ് ശ്വാസകോശത്തില്‍ പുഴുക്കള്‍ നിറഞ്ഞ മനുഷ്യന്റെ വാര്‍ത്ത.