വിഷുക്കഞ്ഞിക്കൊപ്പം ചക്കപ്പുഴുക്കും ചുട്ടരച്ച ചമ്മന്തിയും.. വൃന്ദാമ്മ സ്പെഷ്യൽ

ലോക്ക്ഡൗണില്‍ പെട്ടുകിട്ടക്കുന്ന മലയാളി വിഷു എങ്ങനെ ആഘോഷിക്കും എന്ന ആശങ്കയിലാണ്. പലര്‍ക്കും നാട്ടില്‍ പോകാനോ നല്ല വസ്ത്രങ്ങള്‍ വാങ്ങാനോ സാധിക്കുന്നില്ല. നില്ക്കുന്ന സ്ഥലത്ത് തന്നെ നല്ല വിഷു ഒരുക്കിയാലാ.? നല്ല നാടന്‍ വിഷു.. ചക്കപ്പുഴുക്കും ചുട്ടരച്ച ചമ്മന്തിയുമാണ് വൃന്ദാമ്മയുടെ വിഷുക്കഞ്ഞി സ്പെഷ്യല്‍.
ഒരുകാലത്ത് മലയാളി വിശപ്പടക്കിയിരുന്ന ചക്ക പിന്നീട് ജീവിതത്തിരക്കുകള്ക്കിടയില് ആരും നോക്കാനില്ലാതെ നിലത്ത് വീണ് നശിക്കുകയായിരുന്നു. ഇപ്പോള്‍ ചക്ക കണ്ടാല്‍ മലയാളിക്ക് ആക്രാന്തമാണ്. ചക്കകൊണ്ട് എന്തുണ്ടാക്കിയാലും കഴിക്കും. ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഉത്തമഔധമാണ് ചക്കയെന്ന തിരിച്ചറിവാണ് മലയാളിയെ വീണ്ടും ചക്ക അടിമകളാക്കിയത്.
വൃന്ദാമ്മയുടെ സ്പെഷ്യല്‍ ചക്കപ്പുഴുക്ക് പരിചയപ്പെടാം..
ചക്കപ്പുഴുക്ക്
ആശ്യമായ സാധനങ്ങള്‍
വിളഞ്ഞ ചക്ക – 1
മുളകുപൊടി – 2 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
തേങ്ങ – 1/2 ഭാഗം
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നല്ലപോലെ വിളഞ്ഞ ചക്കയില്‍ നിന്നും ചുളയും കുരുവും എടുക്കുക. ചുള ചെറുതായി അരിയുക. കുരു എടുത്ത് ചതയ്ക്കുക. ഇവ ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരവിയതും ജീരകവും വെളുത്തുള്ളിയും ചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. നല്ലപോലെ അരയേണ്ട ആവശ്യമില്ല. ഇത് വെന്ത കഷ്ണത്തിലേക്ക് ചേര്‍ക്കുക. വെള്ളമില്ലാതെ വറ്റിവന്നതിന് ശേഷം അതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇറക്കിവെക്കുക. ചക്കപ്പുഴുക്ക് റെഡി.

ചക്കയുടെ കൂടെ മലയാളിക്ക് പ്രിയപ്പെട്ട കറികള്‍ ഒരുപാടുണ്ട്. കാന്താരി മുളക് ചതച്ചതും കൂട്ടി ചക്കയും കപ്പയും കഴിക്കുന്നവരാണ് മലയോരക്കാര്‍. മലബാറുകാര്‍ക്ക് ചക്കയുടെ കൂടെ നല്ല മത്തിക്കറി മുളകിട്ട് വറ്റിച്ചത് വേണം. ഇതിന് പുറമെ ബീഫും ചിക്കനും കൂട്ടി ചക്ക കഴിക്കുന്നവരും ഉണ്ട്. എന്നാല്‍ എല്ലാവര്ക്കും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും നല്ല രുചിയുള്ളതും തേങ്ങാച്ചമ്മന്തിയാണ്. നല്ല അടിപൊളി തേങ്ങാച്ചമ്മന്തിയുടെ രുചിക്കൂട്ടും വൃന്ദാമ്മയ്ക്ക് അറിയാം.
തേങ്ങാക്കൊത്ത് അടുപ്പിലിട്ട് ചൂട്ട് എടുക്കുക. വറ്റല്‍മുളക് ചൂടാക്കി എടുക്കുക. (ചുട്ടെടുക്കാന്‍ സാധിക്കാത്തവര്‍ തേങ്ങ ചിരകി എടുത്താലും മതി). ഇവയോടൊപ്പം മുളകും വാളന്‍പുളി ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിലും ഉപ്പും കറിവേപ്പിലയും കൂടി ഇട്ട് അരയ്ക്കുക. വെള്ളം ചേര്‍ക്കാതെ നല്ലപോലെ അരയ്ക്കണം. ചമ്മന്തി പരുവത്തില്‍ അരച്ചെടുത്ത ശേഷം വാങ്ങിവെക്കുക. നല്ല രുചിയുള്ള ചമ്മന്തി റെഡി.
ചക്കപ്പുഴുക്കും ചമ്മന്തിയും വിഷുക്കഞ്ഞി കുടിക്കുവാന്‍ നല്ല രുചിയുണ്ടാകും.