വനിതാദിനത്തില്‍ നാടകവുമായി രജീഷ വിജയനും ജിലു ജോസഫും
കഥ കണ്ട് അഭിരമിക്കുന്ന കാണികളെ ചോദ്യങ്ങള്‍കൊണ്ട് അസ്വസ്ഥരാക്കുന്ന ബ്രെഹ്തിയന്‍ ശൈലിയുടെ രീതിയില്‍ വനിതാ ദിനത്തില്‍ ചില അസ്വസ്ഥതകള്‍ തൊടുത്തുവിടാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സംവിധാനയകന് പി ആര് അരുണ്‍ പറഞ്ഞു
വെബ് ഡസ്ക്
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജീഷ വിജയനും പ്രശസ്ത മോഡലും അഭിനേത്രിയുമായ ജിലു ജോസഫും വനിതാ ദിനത്തില്‍ കൊച്ചിയില്‍ നാടകം അവതരിപ്പിക്കുന്നു. നാടക, സിനിമാ പ്രവര്ത്തകന് പി ആര് അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന Hand of God എന്ന നാടകത്തിലെ കഥാപാത്രങ്ങളായാണ് ഇരുവരും തൃപ്പൂണിത്തുറയിലെ റിവര്‍ ബോണ്‍ സെന്റര്‍ വേദിയിലെത്തുന്നത്.
സ്ത്രീപുരുഷ സമത്വം എന്ന മുദ്രാവാക്യം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറെ ആയെങ്കിലും മുഖ്യധാരയിലേക്ക് സ്ത്രീകള്‍ ഇനിയും എത്തിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ചില തുറന്നുപറച്ചിലും പുതിയകാലത്തിന്റെ പുരോഗമന ആശയവുമായി ഹാന്റ് ഓഫ് ഗോഡ് എത്തുന്നത്. കുടുംബ ബന്ധങ്ങള്‍, ലൈംഗികത, ഉഭയകക്ഷി സമ്മതം തുടങ്ങി അടുത്തകാലത്തായി കേരളം ചര്‍ച്ചചെയ്ത സ്ത്രീകളുടെ വിഷയങ്ങളിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. നാടകങ്ങള്‍ മലയാളിയുടെ സാംസ്കാരിക ബോധത്തിന്റെ പരിഛേദമാണ്. തമിഴ്നാട്ടില്‍ നിന്നും കടംകൊണ്ട പുരാണ നാടകങ്ങളില്‍ നിന്നും സാമൂഹ്യഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന വിപ്ലവ നാടകങ്ങളിലേക്ക് കലാകാരന്മാര് ചേക്കേറിയപ്പോഴാണ് കേരളത്തില്‍ പുരോഗമന ആശയങ്ങളുടെ വിപ്ലവം ഉണ്ടായത്. സമൂഹവുമായി സംവദിക്കുന്ന അവതരണ ശൈലിയിലാണ് പി ആര് അരുണ്‍ നാടകത്തില്‍ ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാര്‍ കാഴ്ചയുടെ ഭാഗമാവുകയും ആ കാഴ്ചകളുടെ ഭാഗധേയം അവര്‍ തന്നെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള നാടകമാണ് ഹാന്റ് ഓഫ് ഗോഡ്.
പുതിയകാലത്തോട് സംവദിക്കുന്ന നാടകത്തിന്റെ ആശയം തിരിച്ചറിയുകയും അതിന്റെ രാഷ്ട്രീയ പ്രധാന്യം ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടാണ് രജീഷ വിജയന് അഭിനയിക്കാനായി മുന്നോട്ട് വന്നത്. ഗൃഹലക്ഷ്മിയുടെ മുഖചിത്രമായി വന്ന് ലോകം മുഴുവന്‍ സ്ത്രീസുരക്ഷിതത്വത്തിന്റെ ചര്‍ച്ചകള്‍ ഉണ്ടാക്കിയ ജിലു ജോസഫ് ഒരു കഥാപാത്രമായി വരുന്നതും നാടകത്തിന്റെ പ്രത്യേകതയാണ്. രാജ്യം മുഴുവന്‍ നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫ്ത്ത് എസ്റ്റേറ്റ് (Fifth Estate) എന്ന ഇവരുടെ നാടക സംഘം. നാടകത്തിലൂടെ ഇത്തരം വിഷയങ്ങളിലുള്ള സാമൂഹ്യ-രാഷ്ട്രീയ ചര്‍ച്ചകളും നിലപാടുകളും പഠിക്കുക എന്ന ലക്ഷ്യം കൂടി ഫിഫ്ത്ത് എസ്റ്റേറ്റിനുണ്ട്.
ഒരു രാഷ്ട്രീയ തുടര്‍ച്ച തന്നെയാണ് ലക്ഷ്യം. ഒരു കലാസൃഷ്ടിക്ക് സമൂഹത്തിനോട് ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. കഥ കണ്ട് അഭിരമിക്കുന്ന കാണികളെ ചോദ്യങ്ങള്‍കൊണ്ട് അസ്വസ്ഥരാക്കുന്ന ബ്രെഹ്തിയന്‍ ശൈലിയുടെ രീതിയില്‍ വനിതാ ദിനത്തില്‍ ചില അസ്വസ്ഥതകള്‍ തൊടുത്തുവിടാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സംവിധാനയകന് പി ആര് അരുണ്‍ പറഞ്ഞു.
അഭിനേത്രി അതുല്യ, നാടകപ്രവര്‍ത്തകരായ ശ്രീകാന്ത്, പ്രവീണ്‍ തുടങ്ങിയവരും അരങ്ങിലെത്തുന്നുണ്ട്. തൈക്കുടം ബ്രിഡ്ജിലൂടെ പ്രശസ്തനായ സിനിമ സംഗീത സംവിധായകന് ഗോവിന്ദ് മേനോനാണ് നാടകത്തിന്റെ സംഗീതം ഒരുക്കുന്നത്. മാര്‍ച്ച് 8, 9, 10 തീയ്യതികളില്‍ വൈകുന്നേരം 7.30 ന് നാടകം അരങ്ങേറും.