അബുദാബിയിലെ ഹോളിഡേ ഹോമുകള്‍ക്ക് പുതിയ നിയന്ത്രണം
അവധിക്കാല വസതികളുടെ ലൈസന്‍സ് സംബന്ധിച്ച് അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ പ്രമേയം പുറത്തിറക്കി. മികച്ച ആതിഥ്യമര്യാദയുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അബുദാബിയുടെ പ്രശസ്തി നിലനിര്‍ത്തുക, ടൂറിസം ദാതാക്കളില്‍ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് ഹോളിഡേ ഹോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പുതിയ പ്രമേയം.
എമിറേറ്റിലെ ഹോളിഡേ ഹോമുകളുടെ നിരീക്ഷണം, ലൈസന്‍സിംഗ്, വര്‍ഗ്ഗീകരണം, നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് മേല്‍നോട്ടം വഹിക്കുമെന്നാണ് അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ പുതിയ പ്രമേയത്തില്‍ പറയുന്നത്. ഇനിമുതല്‍ അബുദാബിയിലെ എല്ലാ ഹോളിഡേ ഹോമുകളെയും അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് നേരിട്ട് നിയന്ത്രിക്കും. എമിറേറ്റിലെ എല്ലാ ഹോളിഡേ ഹോം ബുക്കിംഗുകളിലും 6 ശതമാനം ടൂറിസം ഫീസ് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഭരണം ഉറപ്പാക്കുകയാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.
അബുദാബി ടൂറിസം മേഖലയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള നീക്കമായാണ് ബിസിനസ് ലോകം ഇതിനെ നിരീക്ഷിക്കുന്നത്. ടൂറിസം രംഗത്തെ സാധ്യതകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്ന രാജ്യമാണ് അബുദാബി. അവധിക്കാല ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ അബുദാബിയിലെത്താറുണ്ട്. അവരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.