ചരിത്രം തേടി റാസ് അല്‍ ഖൈമ : 4000 വര്‍ഷം പഴക്കമുള്ള അസ്ഥികള്‍ കണ്ടെത്തി..
യുഎഇയുടെ പുരാതന ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഗവേഷണത്തിനൊരുങ്ങിയിരിക്കുകയാണ് റാസ് അല്‍ ഖൈമ. എമിറേറ്റിലെ രണ്ട് പുരാതന ശവകുടീരങ്ങളില്‍ നിന്ന് കണ്ടെത്തിയ 4,000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികളെക്കുറിച്ച് പഠിക്കാന്‍ രണ്ട് പ്രമുഖ യുഎസ് സര്‍വകലാശാലകളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഉമ്മ അല്‍ നാര് സംസ്കാരത്തിന്റെ (ബിസി 2,600 മുതല്‍ 2,000 ബിസി വരെ) പുരാവസ്തു മേഖലയായ ഷിമാലിലാണ് നാലായിരം വര്‍ഷത്തോളം പഴക്കമുള്ള മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയത്. കൂടുതല്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി ഇവ യുഎസിലേക്ക് മാറ്റും. വെങ്കലയുഗത്തില്‍ താമസിച്ചിരുന്ന ആളുകളുടെ കൂടുതല്‍ പൂര്‍ണ്ണമായ ചിത്രം സമാഹരിക്കാനാണ് ഗവേഷണ പദ്ധതി ലക്ഷ്യമിടുന്നത്. ചരിത്രാതീതകാലത്തെ ശവകുടീരങ്ങള്‍, വാസസ്ഥലങ്ങള്‍, ഒരു മധ്യകാല കോട്ട എന്നിവ ഗവേഷണ വിധേയമാക്കും.

റാസ് അല്‍ ഖൈമയിലെ ഏറ്റവും വലിയ ഇസ്ലാമിക മേഖലയാണ് കുറഞ്ഞത് 4,500 വര്‍ഷത്തോളമായി സ്ഥിതി ചെയ്യുന്ന ഷിമല്‍ പ്രദേശം. ആധുനിക ഗ്രാമമായ ഷിമാലിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വടക്കന്‍ യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ ഷിഹു ഗോത്രവുമായി ഈ വാസസ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി വാസസ്ഥലങ്ങള്‍, വിപുലമായ സെമിത്തേരി, മധ്യകാല കോട്ട എന്നിവ ഇവിടെയുണ്ട്. നേരത്തെ ഒരു ഖനനം നടത്തിയപ്പോള്‍ മണ്‍പാത്രങ്ങള്‍, മൃദുവായ കല്ലുകള്‍, മൃഗങ്ങള്‍, വെങ്കലം, ചെമ്പ് എന്നിവകൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുള്ള ശവകുടീരങ്ങളുടെ ഘടനാപരമായ വ്യത്യാസവും ഗവേഷണവിധേയമാക്കുകയാണ്.
ഗവേഷണത്തിന്റെ ഭാഗമായി ഇതുവരെ കണ്ടെത്തിയ എല്ലുകള്‍ കൂടുതലും ശകലങ്ങളാണ്. 2019 ല്‍ ആരംഭിച്ച ഗവേഷണ പദ്ധതി 2021 വരെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. റാസ് അല്‍ ഖൈമ-യുഎസ് ഗവേഷണ പദ്ധതി ജനങ്ങളുടെ ആരോഗ്യം, ഭക്ഷണം, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ പുതിയ വെളിച്ചം വീശുമെന്നാണ് വിലയിരുത്തുന്നത്. വര്‍ഷങ്ങളായി എമിറേറ്റ്സില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ മണ്‍പാത്രങ്ങളും മറ്റും ഖനനം ചെയ്ത് കണ്ടെത്തിയെങ്കിലും മനുഷ്യഅസ്ഥികള്‍ കണ്ടെത്തിയത് പഠനങ്ങള്‍ക്ക് പുതിയ ദിശ പകരും.
ഗവേഷണത്തിന്റെ വിവരങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഇവ വീഡിയോ ക്ലിപ്പുകളായി റാസ് അല്‍ ഖൈമയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുരാവസ്തു, മ്യൂസിയങ്ങളുടെ വകുപ്പുമായി സഹകരിച്ച് പ്രദര്‍ശിപ്പിക്കും. എമിറേറ്റിന്റെ പുരാവസ്തു സമ്പത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി അവ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഭരണാധികാരികള്‍ പൊതുപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.