ബഹുമാനപ്പെട്ട സക്കറിയ സർ.. : മനില സി മോഹന്‍ എഴുതുന്നു..

Sharing is caring!

മനില സി മോഹന്‍

ബഹുമാനപ്പെട്ട സക്കറിയ സർ,

ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍- എന്ന വാചകത്തോടെ ആരംഭിച്ച താങ്കളുടെ കുറിപ്പ് വായിച്ചു. ഒന്ന് വ്യക്തമായി ഓർമിപ്പിക്കട്ടെ ആ നടി അപമാനിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെടുകയാണ് ചെയ്തത്. ആക്രമിക്കപ്പെടുന്ന സ്ത്രീ അപമാനിക്കപ്പെട്ടു എന്ന പൊതുബോധത്തിൽ നിന്ന് താങ്കൾ പുറത്തു വരണം.

നിഷ്പക്ഷത എന്നത് എത്രമാത്രം കപടവും വ്യാജവുമായ വാക്കും നിലപാടുമാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായിരുന്ന താങ്കളുടെ വാക്കുകൾ. ‘ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കും വരെ അയാളെ നിഷ്കളങ്കനായി കരുതണമെന്നത് ധാർമിക നിയമമാ’ണെന്നാണല്ലോ താങ്കൾ പറയുന്നത്? ശരി. എങ്കിൽ അതേ കേസിൽ അറസ്റ്റിലുള്ള പൾസർ സുനിയുടെ നിഷ്കളങ്കതാ സാധ്യതയെ താങ്കൾ കുറിപ്പിൽ പരാമർശിക്കാതെ പോയതെന്തുകൊണ്ടാണ്? മനുഷ്യാവകാശങ്ങൾക്ക് സിനിമാനടൻ, ഡ്രൈവർ എന്ന വേർതിരിവൊന്നും പാടില്ലല്ലോ?

അറസ്റ്റിലായ സൂപ്പർ സ്റ്റാർ മാധ്യമങ്ങൾക്ക് വാർത്ത തന്നെയാണ്. എന്തുകൊണ്ട് അതല്ലാതിരിക്കണം? അറസ്റ്റിലായ സഞ്ജയ് ദത്തും അറസ്റ്റിലായ സൽമാൻ ഖാനും അറസ്റ്റിലായ ജയലളിതയും വലിയ വാർത്തകൾ തന്നെയായിരുന്നല്ലോ?
അറസ്റ്റിലാവുമ്പോൾ മാത്രമല്ല, കല്യാണം കഴിക്കുമ്പോഴും കുട്ടിയുണ്ടാവുമ്പോഴും തുലാഭാരം നടത്തുമ്പോഴും വിഷുവും ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കുമ്പോഴും ഉത്ഘാടനം ചെയ്യുമ്പോഴും പുതിയ സിനിമയിറങ്ങുമ്പോഴും സംഘടനയുടെ ഭാരവാഹികളാവുമ്പോഴും സംഘടന പൊളിയുമ്പോഴും രാഷ്ട്രീയ അഭിപ്രായം പറയുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമ്പോഴും ചാരിറ്റി ചെയ്യുമ്പോഴുമൊക്കെ അത് വാർത്ത തന്നെയാണ്. എഴുത്തുകാർക്കോ രാഷ്ട്രീയക്കാർക്കോ കിട്ടുന്നതിനേക്കാൾ പ്രാധാന്യം സിനിമാക്കാർക്ക് കിട്ടുന്നുണ്ട് ഇന്ത്യയിൽ. അത് സിനിമാക്കാരും നാട്ടുകാരും ഒരുപോലെ ആസ്വദിക്കുന്നുമുണ്ട്. അപ്പോൾ തോന്നാത്ത അസ്വാഭാവികത അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കിട്ടുന്ന വാർത്താപ്രാധാന്യത്തിനു മാത്രം തോന്നുന്നത് ഇരട്ടത്താപ്പല്ലേ? ഇപ്പോൾ കിട്ടുന്ന വാർത്താപ്രാധാന്യം സിനിമാ നടൻ എന്നതു മാത്രമല്ല. അയാൾക്കു മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ലൈംഗികാക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ്. ഗോവിന്ദച്ചാമി കുറ്റാരോപിതനായിരുന്നപ്പോൾ നമുക്കയാളുടെ മനുഷ്യാവകാശത്തേക്കാൾ പ്രാധാനം സൗമ്യയുടെ മനുഷ്യാവകാശമാണ് എന്ന് തീരുമാനമെടുക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ? കുറ്റാരോപിതൻ സിനിമാനടനാവുമ്പോൾ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾക്ക് മാറ്റ് കുറയുന്നത്? അമീറുൾ ഇസ്ലാമിനെ കൂവിയ ആൾക്കൂട്ടത്തിന്റെ “ഫാസിസ്റ്റ് മനശാസ്ത്ര” ത്തോട് നമ്മൾ ഒരിക്കൽപ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ? മറുവശത്ത്, തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റി ആകുലതകളില്ലാതിരുന്നതിനെപ്പറ്റിയും സങ്കടത്തോടെ ഓർത്തു പോവുന്നു.

“ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുമ്പോള്‍ തന്നെ “…. താങ്കളുടെ വാചകമാണ്.
നിലനിർത്തുന്നുണ്ടെങ്കിൽ മറ്റൊന്നും തോന്നാനില്ല സാർ, നിലനിർത്തുക എന്നല്ലാതെ.
സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട് സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്. സംഘടിത സംരക്ഷണ യജ്ഞം. താങ്കൾ ആ യജ്ഞത്തിൽ പങ്കാളിയാണെന്ന് കരുതാൻ പ്രയാസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com