കോവിഡ് കാലത്ത് കുട്ടികള്‍ക്കായി പൗലോ കൊയ്ലോയുടെ കഥ
‘ആല്‍ക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ കുട്ടികള്‍ക്കുള്ള കഥകളുമായി എത്തുന്നു. പ്രതീക്ഷ, വിശ്വാസം, സഹാനുഭൂതി എന്നീ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകരുന്ന രണ്ട് കഥാപുസ്തകങ്ങളാണ് കോവിഡ് വൈറസ് പ്രതിസന്ധിയുടെ കാലത്ത് പൗലോ പുറത്തിറക്കിയത്.
‘എ,ബി,സി,ഡി’, ‘ദി മീനിങ് ഓഫ് പീസ്’ എന്നിവയാണ് പുറത്തിറക്കിയ രണ്ട് പുസ്തകങ്ങൾ. മാതാപിതാക്കള്‍ കുട്ടികള്‍ക്കായി വായിച്ചുകൊടുക്കുന്ന രീതിയിലാണ് ഇവ കഥകൾ എഴുതിയിരിക്കുന്നത്. ലോകമെങ്ങുമുള്ള കുട്ടികളുടെ സൗഖ്യമാണ് എഴുത്തുകാരൻ കഥകളിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
‘റിയോ ഡി ജനൈറോ’യിലെ ദരിദ്ര പ്രദേശത്തിലെ ഒരു പള്ളിയില്‍ ഈസ്റ്റര്‍ കുര്‍ബാനയ്ക്കായി ഒരുമിച്ചുകൂടിയ തൊഴിലാളികള്‍ക്ക് ഒരു പുരോഹിതന് നല്കുന്ന സന്ദേശത്തിന്റെ രൂപത്തിലാണ് ‘എ,ബി,സി,ഡി’ എഴുതിയിട്ടുള്ളത്. ജനങ്ങളെല്ലാം സന്തോഷവാന്മാരായ ഒരു രാജ്യത്തെ രാജാവ് കലഹപ്രിയരായ മറ്റുരാജ്യക്കാര്ക്കായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ കഥയാണ് പറയുന്നത് ‘ദി മീനിങ് ഓഫ് പീസ്’ പറയുന്നത്.
പോര്‍ച്ചുഗീസ് ഭാഷയിലെഴുതിയ രണ്ടുപുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയവയാണ്. എഴുത്തുകാരന്റെ വെബ്സൈറ്റിലും (https://paulocoelhoblog.com/) ഈ കഥകള്‍ ലഭ്യമാണ്.
2007 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ മെസഞ്ചര്‍ ഓഫ് പീസ് പദവി വഹിക്കുന്നയാളാണ് പൗലോ കൊയ്ലോ .